Indian Cooperator

സഹകരണ സംഘങ്ങളില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കി കോണ്‍ഗ്രസ് നേതാക്കളെ നോമിനേറ്റ് ചെയ്ത് അധികാരം പിടിക്കുന്നരീതി നടപ്പാക്കുന്നു

ഹകരണസംഘങ്ങളില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കി നോമിനേഷനിലൂടെ പാര്‍ട്ടിനേതാക്കളെ തിരുകിക്കയറ്റാന്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ശ്രമങ്ങളാരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് ആകെയുള്ള 60,125 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളിലും ഒമ്പതു ജില്ലാ കേന്ദ്ര സഹകരണബാങ്കുകളിലും നോമിനേഷന്‍വഴി ജനാധിപത്യപ്രക്രിയ അട്ടിമറിക്കാനാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു സി.പി.ഐ.എം. അടക്കമുള്ള പാര്‍ട്ടികള്‍ ആരോപണമുന്നയിക്കുന്നു. ഇതു നടപ്പാവുകയാണെങ്കില്‍ സഹകരണപ്രസ്ഥാനത്തിന്റെ കടയ്ക്കല്‍ത്തന്നെ കത്തിവെക്കലായി മാറും.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ( ഡി.സി.സി ) പ്രസിഡന്റുമാരായി പുതുതായി നിയോഗിക്കപ്പെട്ടിട്ടുള്ളവരെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെയും ജില്ലാബാങ്കുകളുടെയും തലപ്പത്തേക്കു കൊണ്ടുവരാനാണു നീക്കമെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്ന. നിരവധി എം.എല്‍.എ.മാരെയും പാര്‍ട്ടിനേതാക്കളെയും വിവിധ കോര്‍പ്പറേഷനുകളുടെ ചെയര്‍മാന്മാരായി നിയോഗിക്കാനും ഇതോടൊപ്പം പരിപാടിയുണ്ട്. സഹകരണസംഘങ്ങളുടെ ഭരണസമിതികളിലേക്കു നടക്കുന്ന കടുത്ത മത്സരത്തില്‍ വിഭാഗീയത കടന്നുകൂടുന്നത് ഒഴിവാക്കാനാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നാണ് ഈ നടപടിയെ പിന്തുണയ്ക്കുന്നവര്‍ നല്‍കുന്ന ഭാഷ്യം. എന്നാല്‍, വിമര്‍ശകര്‍ ഇതിനെ തള്ളിക്കളയുന്നു.

നോമിനേഷന്‍നടപടിയിലൂടെ സഹകരണമേഖലയുടെ ജനാധിപത്യസംവിധാനത്തെത്തന്നെ തുരങ്കം വെയ്ക്കുകയാണെന്നു അവര്‍ പറയുന്നു. സമൂഹത്തിന്റെ അടിത്തട്ടില്‍നിന്നു വളര്‍ന്നുവന്നിട്ടുള്ള സഹകരണപ്രസ്ഥാനത്തില്‍ സാധാരണക്കാരും കര്‍ഷകരും സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുത്താണു മുന്നോട്ടുപോകുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിച്ച് നോമിനേഷന്‍സമ്പ്രദായം കൊണ്ടുവന്നാല്‍ സംഘങ്ങളിലെ അംഗങ്ങള്‍ക്കു അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശത്തില്‍ വെള്ളം ചേര്‍ക്കപ്പെടും. അംഗങ്ങളോടുള്ള ഉത്തരവാദിത്തവും നോമിനേറ്റ് ചെയ്യപ്പെടുന്നവര്‍ക്കുണ്ടാവില്ല വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്രാമീണമേഖലയില്‍ വായ്പാവിതരണത്തിലും ഉത്പന്നസംഭരണത്തിലും വളം,വിത്തു വിതരണത്തിലും ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിലും പാക്‌സുകളും ജില്ലാബാങ്കുകളും പ്രധാനപങ്കാണു വഹിക്കുന്നതെന്നു നോമിനേഷന്‍നീക്കത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. നോമിനേഷന്‍ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന നേതൃത്വഘടന സംഘാംഗങ്ങളുടെ സ്വന്തംസ്ഥാപനം എന്ന നിലയില്‍നിന്നു മാറി രാഷ്ട്രീയക്കാരുടെ സംവിധാനമായി രൂപാന്തരപ്പെടും. അതോടെ, സംഘങ്ങളുടെ സ്വയംഭരണാവകാശത്തിലും മാറ്റം വരും സഹകരണമേഖലയിലെ വിദഗ്ധരും സഹകാരികളായ നേതാക്കളും അഭിപ്രായപ്പെടുന്നു.

തിരഞ്ഞെടുപ്പ് മറികടന്നുകൊണ്ടുള്ള നോമിനേഷന്‍ വന്നാല്‍ അതൊരു അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കും. വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതി എന്ന ആശയം നഷ്ടപ്പെട്ടാല്‍ വന്‍തോതിലുള്ള രാഷ്ടീയഇടപെടലിന് ഇടവരുത്തും. അതു കാലക്രമേണ അംഗങ്ങളുടെ വിശ്വാസം നഷ്ടപ്പെടാനും സഹകരണപ്രസ്ഥാനത്തിന്റെ നാശത്തിനും വഴിയൊരുക്കും വിമര്‍ശകര്‍ പറയുന്നു.

സി.പി.ഐ.എമ്മില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കര്‍ഷകസംഘടനയായ തെലങ്കാന റെയ്ത്തുസംഘം തെലങ്കാനസര്‍ക്കാരിന്റെ നീക്കത്തിനെതിരെ സമരപരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. ഖമ്മം ജില്ലയില്‍ റെയ്ത്തുസംഘം പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. ഇത്തരമൊരു നീക്കം കര്‍ഷകര്‍ നേതൃത്വം നല്‍കുന്ന സഹകരണപ്രസ്ഥാനത്തിന്റെ ജനാധിപത്യത്തെ തുരങ്കം വെക്കുമെന്നു തെലങ്കാന റെയ്ത്തു സംഘം നേതാവായ ബൊന്തു രാംബാബു ആരോപിച്ചു. തിരഞ്ഞെടുപ്പിനു പകരം സഹകരണസംഘങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെ നോമിനേഷനിലൂടെ തിരുകിക്കയറാറാനുള്ള നീക്കത്തില്‍നിന്നു പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടു ലക്ഷം രൂപവരെയുള്ള കാര്‍ഷികവായ്പകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളാത്തതിലും യൂറിയയുടെ വിതരണം തടസ്സപ്പെട്ടതിലും സംഘടന പ്രതിഷേധിച്ചു.

Related posts

സഹകരണ ബാങ്കുകൾക്കായുള്ള കേന്ദ്ര വ്യവസ്ഥയില്‍ ഇടപെടാനാവില്ലെന്ന് മുംബൈ ഹൈക്കോടതി

Indian Cooperator

നീലഗിരി സഹകരണ സംഘം വഴി ഊട്ടിഉരുളക്കിഴങ്ങ് ശ്രീലങ്കയിലേക്ക്

Indian Cooperator

സഹകരണ സംഘം നിയമവരുദ്ധമായാണ് ഭൂമി അനുവദിച്ച് സെയില്‍ഡീഡ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ വകുപ്പ് ഉദ്യോഗസ്ഥന് തിരുത്താമെന്ന് ഹൈക്കോടതി

Indian Cooperator
error: Content is protected !!