Indian Cooperator

നീലഗിരി സഹകരണ സംഘം വഴി ഊട്ടിഉരുളക്കിഴങ്ങ് ശ്രീലങ്കയിലേക്ക്

നീലഗിരി മാര്‍ക്കറ്റിങ് സഹകരണസംഘത്തിന്റെ കോയമ്പത്തൂര്‍ജില്ലയിലെ മേട്ടുപ്പാളയം ശാഖയില്‍ കഴിഞ്ഞ പത്തു മാസത്തിനുള്ളില്‍ ലേലത്തില്‍ വിറ്റുപോയത് 21,000 ടണ്‍ ഊട്ടിഉരുളക്കിഴങ്ങ്. ഇതില്‍നിന്നുള്ള വരുമാനം 57.58 കോടി രൂപ. കര്‍ഷകരോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഒരു സഹകരണസംഘത്തിന്റെ വിജയഗാഥയാണിത്.

1935 മുതല്‍ മേട്ടുപ്പാളയത്തെ നെല്ലിത്തുറൈ റോഡിലാണു മാര്‍ക്കറ്റിങ് സഹകരണസംഘത്തിന്റെ ശാഖ പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്നു വ്യാപാരികള്‍ ശേഖരിക്കുന്ന ഉരുളക്കിഴങ്ങ് ശ്രീലങ്കയിലേക്കും മാലെദ്വീപുകളിലേക്കും ആന്‍ഡമാന്‍ ദ്വീപുകളിലേക്കുമാണു കയറ്റിയയക്കുന്നത്. ഊട്ടിയിലെ തണുത്ത കാലാവസ്ഥയില്‍ വളരുന്ന ഉരുളക്കിഴങ്ങ് മാര്‍ക്കറ്റിങ് സഹകരണസംഘത്തില്‍നിന്നു ലേലത്തിലൂടെയാണു വ്യാപാരികള്‍ വാങ്ങുന്നത്. ലേലത്തില്‍ പങ്കെടുക്കുന്ന കര്‍ഷകനില്‍നിന്ന് ഏഴു ശതമാനം സര്‍വീസ് ചാര്‍ജാണു സംഘം ഈടാക്കുന്നത്. ഇടനിലക്കാരാരുമില്ലാത്തതിനാല്‍ കര്‍ഷകര്‍ക്കും ഇതു ഗുണമാണ്. ഇടത്തട്ടുകാരനുള്ള കമ്മീഷന്‍ കൊടുക്കേണ്ടതില്ല.

സംഘത്തില്‍ ഏതുസമയത്തും കര്‍ഷകനു ഉരുളക്കിഴങ്ങുമായി ചെല്ലാം. ഉത്പന്നം വിറ്റുതീരുന്നതുവരെ അവിടെ താമസിക്കാനും സൗകര്യമുണ്ട്. മുറിക്ക് ഒരു ദിവസം കൊടുക്കേണ്ട വാടക 200 രൂപ. ഉരുളക്കിഴങ്ങ് പൊതുവിപണിയില്‍ വില്‍ക്കുന്നതിനേക്കാള്‍ കര്‍ഷകര്‍ ഇഷ്ടപ്പെടുന്നതു മേട്ടുപ്പാളയത്തെ സംഘത്തില്‍ കൊടുക്കാനാണ്. കാര്യങ്ങള്‍ സുതാര്യമാണ് എന്നതുകൊണ്ട് കര്‍ഷകരില്‍ 90 ശതമാനവും മേട്ടുപ്പാളയത്തെ സംഘത്തിലേക്കാണു ഉരുളക്കിഴങ്ങ് കൊണ്ടുപോകുന്നത്. വിളവെടുത്തു ലേലത്തിന് എത്തിക്കുന്നതിനുമുമ്പുതന്നെ കര്‍ഷകര്‍ക്കു മേട്ടുപ്പാളയംസംഘം വായ്പയും നല്‍കാറുണ്ട്.

ഓരോ വര്‍ഷവും സംഘത്തില്‍നിന്നുള്ള ഉരുളക്കിഴങ്ങുവില്‍പ്പന വര്‍ധിച്ചുവരികയാണ്. 2021-22 ല്‍ 15,436 ടണ്‍ ഉരുളക്കിഴങ്ങാണു വിറ്റുപോയത്. ഇതിനു 37 കോടി രൂപ വരും. 2022-23 ല്‍മാത്രം വില്‍പ്പന 13,089 ടണ്ണായി കുറഞ്ഞു. വരുമാനം 32 കോടിയായി. എന്നാല്‍, 2023-24 ല്‍ 56 കോടി രൂപയ്ക്കുള്ള 21,750 ടണ്‍ ഉരുളക്കിഴങ്ങ് വിറ്റു. അടുത്ത വര്‍ഷം വില്‍പ്പന 20,890 ടണ്ണായി ഉയര്‍ന്നു. വരുമാനം 75 കോടി രൂപയായി. നീലഗിരിജില്ലയില്‍ വിളയുന്ന ഉരുളക്കിഴങ്ങ് നിത്യവും ലേലം ചെയ്തു വില്‍ക്കുന്നത് ഈ സംഘത്തിലാണ്. ഡിമാന്റ് കൂടുന്ന സീസണുകളില്‍ കൂനൂര്‍, കോതഗിരി, കെത്തി എന്നിവിടങ്ങളില്‍നിന്നുള്ള നൂറിലധികം കര്‍ഷകര്‍ നിത്യവും ഇവിടെ ഉരുളക്കിഴങ്ങ് വില്‍ക്കാനെത്തുന്നു.

നീലഗിരി മാര്‍ക്കറ്റിങ് സഹകരണസംഘത്തിന്റെ മേട്ടുപ്പാളയംശാഖ ഉരുളക്കിഴങ്ങ് മാത്രമേ ലേലംചെയ്തു വില്‍ക്കുന്നുള്ളു. വലിപ്പം, നിറം എന്നിവ നോക്കിയാണ് ഉരുളക്കിഴങ്ങ് തരംതിരിക്കുന്നത്. ഇക്കഴിഞ്ഞ പത്തു മാസത്തിനുള്ളില്‍ 8,153 കര്‍ഷകര്‍ മേട്ടുപ്പാളയം ശാഖയില്‍ ഉരുളക്കിഴങ്ങ് വിറ്റിട്ടുണ്ട്. കോയമ്പത്തൂര്‍ നഗരത്തില്‍നിന്നു 34 കി.മീ. വടക്കാണു മേട്ടുപ്പാളയം. നീലഗിരിക്കുന്നുകളുടെ അടിവാരത്തിലുള്ള മേട്ടുപ്പാളയം ഊട്ടിയിലേക്കുള്ള മുഖ്യ പ്രവേശനകവാടമാണ്.

രാജ്യത്ത് ഉരുളക്കിഴങ്ങ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത് ഉത്തര്‍പ്രദേശ്, ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലാണ്. ആഗ്ര ( യു.പി ), ലുധിയാന ( പഞ്ചാബ് ), അഹമ്മദാബാദ് ( ഗുജറാത്ത് ), ഡല്‍ഹി എന്നിവിടങ്ങളിലാണു പ്രധാന ലേലകേന്ദ്രങ്ങള്‍. ഉരുളക്കിഴങ്ങിന്റെ ഉത്പാദനത്തില്‍ ഒന്നാംസ്ഥാനത്തുള്ള ഉത്തര്‍പ്രദേശില്‍ 2022-23 ല്‍ 20.12 ദശലക്ഷം ടണ്‍ ഉരുളക്കിഴങ്ങാണ് ഉത്പാദിപ്പിച്ചത്. ഇതു രാജ്യത്തു മൊത്തം ഉത്പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങിന്റെ 34 ശതമാനം വരും. യു.പി.യിലെ ഫറൂഖാബാദ് ഉരുളക്കിഴങ്ങ്നഗരം എന്നാണറിയപ്പെടുന്നത്.

ലോകത്ത് ഏറ്റവുമധികം ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. പ്രതിവര്‍ഷം 95 ദശലക്ഷം ടണ്‍ ഉരുളക്കിഴങ്ങാണ് ചൈന ഉത്പാദിപ്പിക്കുന്നത്. ഇതു ലോകത്തെ മൊത്തം ഉരുളക്കിഴങ്ങുത്പാദനത്തിന്റെ 25 ശതമാനം വരും. രണ്ടാംസ്ഥാനത്തുള്ള ഇന്ത്യ 60 ദശലക്ഷം ടണ്‍ ഉത്പാദിപ്പിക്കുന്നു. യുക്രൈന്‍, റഷ്യ, അമേരിക്ക എന്നിവയാണു തൊട്ടുപിറകില്‍ വരുന്ന രാജ്യങ്ങള്‍.

Related posts

25,000 കോടി രൂപയുടെസഹകരണവായ്പാ ക്രമക്കേട്:അജിത് പവാറിനും മറ്റുമെതിരായ കേസ്പോലീസ് അവസാനിപ്പിച്ചു

Indian Cooperator

ക്ഷീരസംഘങ്ങളിലെ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിക്ക് ഈ മാസം മുതല്‍ അംഗീകാരം; പുതിയ ചട്ടം വിജ്ഞാപനം ചെയ്തു

Indian Cooperator

ക്ഷീരസംഘങ്ങള്‍ക്ക് എല്ലാജില്ലകളിലും അപ്പക്‌സ് യൂണിയനുകള്‍; കേരളത്തിലെ മേഖലായൂണിയന്റെ ഘടനയെ ബാധിക്കും

Indian Cooperator