പ്രത്യക്ഷത്തില്‍ സുന്ദരമെന്ന് തോന്നുന്നതും അതീവഗൗരവമുള്ളതുമാണ് കേന്ദ്ര ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ സഹകരണ മേഖലയുമായി ബന്ധപ്പെട്ടുള്ളതെന്ന് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ.രാമചന്ദ്രന്‍ പറഞ്ഞു. ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നതും സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതുമായ വ്യവസ്ഥകളാണ് കേന്ദ്രബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. വിഷം പുരട്ടിയ മധുരമാണ് കേന്ദ്രബജറ്റിലെ നിര്‍ദ്ദേശങ്ങള്‍. സഹകരണ മേഖലയ്ക്ക് പൊതുവായി തുക മാറ്റിവെക്കുന്നത് കുറച്ചു. കേന്ദ്രപദ്ധതികളുടെ സ്‌കീമുകള്‍ക്കാണ് കൂടുതല്‍ പണം മാറ്റിവെച്ചിട്ടുള്ളത്. ഇത്തരം സ്‌കീമുകളില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് പണം ലഭിക്കണമെങ്കില്‍ കേന്ദ്രത്തിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നുണ്ട്. പ്രതിപക്ഷ സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് കേരളത്തെ അവഗണിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.സി.ഡി.സി.ക്കുള്ള കേന്ദ്ര വിഹിതം 500 കോടിയായി തന്നെ നിലനിര്‍ത്തി. അതേസമയം, കേന്ദ്രസ്‌കീമുകള്‍ക്ക് നീക്കിവെച്ച പണം 500 കോടിയില്‍നിന്ന് 950 കോടിയാക്കി.
കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ കോമണ്‍ സോഫ്റ്റ് വെയര്‍ നടപ്പാക്കുക, സംസ്ഥാന സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസും കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളും കേന്ദ്ര സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന വിധത്തില്‍ ഐ.ടി. ഇന്റഗ്രേഷന്‍ നടപ്പാക്കുക എന്നിവയ്ക്കാണ് കൂടുതല്‍ പണം നീക്കിവെച്ചിട്ടുള്ളത്. സഹകരണ വകുപ്പിനായി മാറ്റിവെച്ച മറ്റു തുക ഭരണകാര്യം, പരിശീലനം, പ്രചരണം എന്നിവയ്‌ക്കെല്ലാമാണ്. അതായത്, കേന്ദ്രസ്‌കീമുകളില്‍നിന്നുള്ള പണമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ടത് എന്നര്‍ത്ഥം.
കേന്ദ്രത്തിന്റെ കോമണ്‍ സോഫ്റ്റ് വെയര്‍ കേരളത്തിന് ഉപയോഗിക്കാന്‍ കഴിയാത്തതാണ്. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തന വൈപുല്യം കൊണ്ടും സേവനമികവുകൊണ്ടും മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മികച്ചവയാണ്. മറ്റ് സംസ്ഥാനങ്ങളിലുള്ള കാര്‍ഷിക സഹകരണ സംഘങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കോമണ്‍ സോഫ്റ്റ് വെയര്‍ കേരളത്തില്‍ ഉപയോഗിച്ചാല്‍ അത് പ്രാഥമിക സഹകരണ ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ മോഡല്‍ ബൈലോയും കേരളത്തിലെ സംഘങ്ങളുടെ പ്രവര്‍ത്തന നിയന്ത്രണം കേന്ദ്രം റിമോര്‍ട്ടിലൂടെ ഏറ്റെടുക്കുന്ന ഒന്നാണ്. മോഡല്‍ ബൈലോ അംഗീകരിച്ചില്ലെങ്കില്‍ കേന്ദ്രപദ്ധതികളും ലഭിക്കില്ലെന്നതാണ് കേന്ദ്രം നടപ്പാക്കുന്ന അപ്രഖ്യാപിത വ്യവസ്ഥ.
കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കും കേന്ദ്രീകൃത നിയന്ത്രണം കൊണ്ടുവരുന്നതാണ് അവയുടെ സോഫ്റ്റ് വെയര്‍ ഏകീകരിക്കാനുള്ള നീക്കം. സംസ്ഥാന സഹകരണ സംഘം ഓഫീസും കേന്ദ്ര സഹകരണ മന്ത്രാലയവുമായി ബന്ധിപ്പിക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. ഫലത്തില്‍ കേന്ദ്രത്തിന്റെ ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ കേന്ദ്രഫണ്ട് ലഭിക്കില്ലെന്ന സ്ഥിതി അത്യന്തം അപകടകരമാണ്. സംസ്ഥാന വിഷയമായ സഹകരണത്തെ കേന്ദ്രനിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള ഭരണപരമായ ക്വട്ടേഷന്‍ പണിയാണ് ബജറ്റ് നിര്‍ദ്ദേശത്തിന് പിന്നിലുള്ളത്.
