പ്രത്യക്ഷത്തില്‍ സുന്ദരമെന്നുതോന്നുന്നതാണെങ്കിലും വിഷം പുരട്ടിയ മധുരമാണ് കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങള്‍. പ്രതിപക്ഷസംസ്ഥാനങ്ങളെ,
പ്രത്യേകിച്ച് കേരളത്തെ, അവഗണിക്കുക എന്നതാണ് ഈ നീക്കത്തിനു പിന്നിലുള്ളത്. സംസ്ഥാനവിഷയമായ സഹകരണത്തെ കേന്ദ്രനിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ഭരണപരമായ ക്വട്ടേഷന്‍പണിയാണു ബജറ്റ്നിര്‍ദേശത്തിനു പിന്നിലുള്ളത്.- കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറി എന്‍.കെ.രാമചന്ദ്രന് എഴുതുന്നു.
എല്ലാ മേഖലയിലും കേരളം പരിഗണിക്കപ്പെടാതെപോയ ബജറ്റാണ് 2026 ഫിബ്രവരി ഒന്നിനു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചത്. കേന്ദ്രബജറ്റിലെ അവഗണനയ്ക്കെതിരെ നിയമസഭയ്ക്കു പ്രമേയം പാസാക്കേണ്ടിവന്നതും കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. ഫെബ്രുവരി നാലിനു 15-ാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കി. ആ പ്രമേയത്തില്‍ പറയുന്ന ആദ്യ ഭാഗം ഇതാണ്: ‘ ലോകസമൂഹത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്ക്കാന് രാജ്യത്തിനു കെല്പുണ്ടാകുന്നത് അതിലെ സംസ്ഥാനങ്ങളാകെ ഭദ്രവും വികസിതവും ഐശ്വര്യപൂര്ണവുമാകുമ്പോള് മാത്രമാണ്. സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി ഒരു രാജ്യത്തിനും അഭിമാനത്തോടെ ഉയര്‍ന്നുനില്‍ക്കാനാവില്ല. ഭരണഘടന ത്രിതല ഭരണസംവിധാനത്തിലൂടെ ഉയര്‍ത്തിപ്പിടിച്ചത് ഈ ഫെഡറല്‍ തത്വമാണ്’.
ബജറ്റ്നിര്‍ദേശങ്ങളില്‍ കേരളത്തിന് ഒന്നും ലഭിച്ചില്ലെന്നതു പ്രധാനകാര്യം. അതിനൊപ്പം, സഹകരണമേഖലയിലെ ബജറ്റ്നിര്‍ദേശങ്ങള്‍ അപകടകരമായ ഒരു പ്രവണതകൂടി വ്യക്തമാക്കുന്നുണ്ട്. സഹകരണമേഖലയിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതും ഭരണഘടനാവ്യവസ്ഥ ലംഘിക്കുന്നതുമാണെന്നു കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ പലവട്ടം ചൂണ്ടിക്കാട്ടിയതാണ്. സഹകരണം ഒരു സംസ്ഥാനവിഷയമാണ്. അതിലേക്കു കടന്നുകയറുന്ന കേന്ദ്രനടപടിക്കെതിരെ സുപ്രീംകോടതിയില്‍ കേരളം പ്രത്യേകഹര്‍ജി ഫയല്‍ ചെയ്തിട്ടുമുണ്ട്. ബാങ്കിങ്നിയന്ത്രണ നിയമത്തിലെ ഭേദഗതി, സഹകരണബാങ്കുകളില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള ഒരു കൂട്ടം ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലുള്ള എല്ലാ ഹര്‍ജികളും ഒന്നിച്ചു പരിഗണിക്കാന്‍ സുപ്രീംകോടതിയാണു മദ്രാസ് ഹൈക്കോടതിയെ ചുമതലപ്പെടുത്തിയത്. ഇത്തരം നിയമപോരാട്ടങ്ങള്‍കൂടി പരിഗണിച്ചുവേണം കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങളെ വിലയിരുത്താന്‍. അതു സഹകരണമേഖലയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തികസഹായം കുറയ്ക്കുന്നതും കേന്ദ്രത്തിന്റെ ഉപാധികള്‍ അംഗീകരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു വാരിക്കോരി സഹായം നല്‍കുന്നതുമാണ്. ഇതുകൊണ്ടാണ് അപകടകരമായ പ്രവണതയെന്നു ചൂണ്ടിക്കാണിക്കേണ്ടിവരുന്നത്.
കേന്ദ്രത്തിന്റെ
സമീപനം
നാഷണല്‍ കോ-ഓപറേറ്റീവ് ഡവലപ്മെന്റ് കോര്‍പറേഷന്‍ (എന്‍.സി.ഡി.സി.) പോലുള്ള ദേശീയ ഏജന്‍സികളിലൂടെയാണു സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിസഹായം നേരത്തെ ലഭിച്ചിരുന്നത്. നബാര്‍ഡ്, നാഫെഡ് എന്നിവ കാര്‍ഷികമേഖലയിലെ സഹകരണസംഘങ്ങളെ സഹായിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. നാഷണല്‍ ഡെയറി ഡവലപ്മെന്റ് ബോര്‍ഡ് ( എന്‍.ഡി.ഡി.ബി ) ക്ഷീരസംഘങ്ങള്‍ക്കും നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡ് ഫിഷറീസ്സംഘങ്ങള്‍ക്കും സഹായം നല്‍കിയിരുന്നു. ഇത്തരം ഏജന്‍സികളുടെ പദ്ധതികള്‍ക്കൊന്നും നേരത്തെ ഭരണപരമായ ഉപാധികളുണ്ടായിരുന്നില്ല. സ്വന്തം ഫണ്ടുപയോഗിച്ച് കാര്‍ഷികവായ്പ നല്‍കുന്ന സഹകരണസംഘങ്ങള്‍ക്ക് അത്രയും തുക നബാര്‍ഡ് പുനര്‍വായ്പയായി നല്‍കുന്നതായിരുന്നു ഒരു രീതി. മാത്രവുമല്ല, കാര്‍ഷികവായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്കു നാലു ശതമാനം പലിശയിളവ് നല്‍കുന്ന പദ്ധതിയും നബാര്‍ഡിനുണ്ടായിരുന്നു. ഓരോ സംസ്ഥാനത്തെയും സഹകരണസംഘങ്ങള്‍ അവ നല്‍കിയ വായ്പയുടെയും കൃത്യമായി ലഭിച്ച തിരിച്ചടവിന്റെയും കണക്ക് നല്‍കിയാല്‍ നബാര്‍ഡിന്റെ സാമ്പത്തികസഹായം ലഭിക്കും എന്നതുമാത്രമായിരുന്നു വ്യവസ്ഥ. കാര്‍ഷികോത്പന്നങ്ങളുടെ സംഭരണത്തിലാണു നാഫെഡ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പ്രാഥമിക സഹകരണസംഘങ്ങളുടെ സംഭരണം നടത്തുകയും അതിനു താങ്ങുവില ഉറപ്പാക്കുകയും ചെയ്യുക എന്നത് കര്‍ഷകനു നഷ്ടം സംഭവിക്കാനുള്ള വിപണിസാധ്യതയെ ഇല്ലാതാക്കാനുള്ള ഇടപെടലായിരുന്നു. മാത്രവുമല്ല, കാര്‍ഷിക സംഭരണകേന്ദ്രങ്ങള്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍സംവിധാനം എന്നിവയെല്ലാം ഒരുക്കുന്നതിനും സഹകരണസംഘങ്ങള്‍ക്കു നാഫെഡ്പദ്ധതിയിലൂടെ സഹായം ലഭിച്ചിരുന്നു. എല്ലാ വിഭാഗം സഹകരണസംഘങ്ങളുടെയും അടിസ്ഥാന സൗകര്യവികസനത്തിനാണ് എന്‍.സി.ഡി.സി. ഊന്നല്‍ നല്‍കിയത്. സര്‍ക്കാര്‍ഗ്യാരന്റിയില്‍ സഹകരണസംഘങ്ങള്‍ക്കു വലിയ തുക വായ്പ നല്‍കുകയാണ് എന്‍.സി.ഡി.സി. ചെയ്തിരുന്നത്.
ദേശീയ സഹകരണഏജന്സികളുടെ പ്രവര്‍ത്തനമെല്ലാം ഇപ്പോഴും നല്ല രീതിയില്‍ത്തന്നെയാണു നടക്കുന്നത്. എന്നാല്‍, കേന്ദ്രത്തില്‍ പുതിയ സഹകരണമന്ത്രാലയം വന്നതോടെ ദേശീയഏജന്സികളുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റം വന്നു. അതായത്, കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്ന പദ്ധതികളുടെ നടത്തിപ്പുചുമതലക്കാരായാണു നബാര്‍ഡും എന്‍.സി.ഡി.സി.യും നാഫെഡുമെല്ലാം ഇപ്പോള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
കാര്‍ഷികവായ്പാ സഹകരണസംഘങ്ങളില്‍ കോമണ്‍ സോഫ്റ്റ്വെയര്‍ നടപ്പാക്കാനുള്ള കേന്ദ്രപദ്ധതിയുടെ നോഡല്‍ ഏജന്‍സിയാണു നബാര്‍ഡ്. നബാര്‍ഡിന്റെ പദ്ധതിവിഹിതത്തില്‍ 720 കോടിയോളം രൂപ ഈ പദ്ധതിയിലേക്കു മാറ്റുന്നുണ്ട്. കേരളത്തില്‍ പ്രാഥമിക സഹകരണബാങ്കുകളായാണു കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ദേശീയതലത്തില്‍ കോമണ്‍ സോഫ്റ്റ്വെയര്‍ നടപ്പാക്കുമ്പോഴുള്ള പ്രശ്നങ്ങളും സഹകരണരംഗത്ത് ഏറെ മുന്നേറ്റം നടത്തിയിട്ടുള്ള കേരളംപോലുള്ള സംസ്ഥാനത്ത് അതുണ്ടാക്കുന്ന പ്രവര്‍ത്തനമന്ദിപ്പും പ്രശ്നങ്ങളും സംസ്ഥാനം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിന്റെ കോമണ്‍ സോഫ്റ്റ്വെയര്‍പദ്ധതി കേരളത്തിന് ഏറ്റെടുക്കാന്‍ കഴിയില്ല. അതിനാല്‍, ഈ പദ്ധതിവിഹിതം കേരളത്തിനു ലഭിക്കില്ല. പകരം, കേരളം ഇവിടത്തെ സഹകരണപ്രസ്ഥാനത്തിന്റെ പ്രത്യേകതയും സാധ്യതയും അടിസ്ഥാനമാക്കി സോഫ്റ്റ്വെയര്‍ ക്രമീകരിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതിനു സാമ്പത്തികസഹായം ചെയ്യാന്‍ കേന്ദ്രം ഒരുക്കവുമല്ല.
എല്ലാ പഞ്ചായത്തിലും മള്‍ട്ടി പര്‍പസ് പാക്സ് ( പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ ) സ്ഥാപിക്കണമെന്നാണു കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. അതായത്, ഡെയറി, ഫിഷറീസ്, കാര്‍ഷികമേഖലകളിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നതിന് ഒരു മള്‍ട്ടിപര്‍പസ് കാര്‍ഷികവായ്പാ സഹകരണസംഘം എന്നതാണു കേന്ദ്രത്തിന്റെ കാഴ്ചപ്പാട്. കേരളത്തില്‍ ഈ മൂന്നു മേഖലയിലും പ്രത്യേകം സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തിലും ഒന്നിലേറെ കാര്‍ഷികവായ്പാ സഹകരണസംഘങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രപദ്ധതി നടപ്പാക്കാന്‍ കേരളത്തിനു കഴിയില്ല. മള്‍ട്ടിപര്‍പസ് പാക്സിനായി ഒരു മോഡല്‍ ബൈലോ കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. ഇത് എല്ലാ കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കും ബാധകമാക്കണമെന്നാണു കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. കേരളത്തിന്റെ സാഹചര്യത്തില്‍ ഈ മോഡല്‍ ബൈലോയും നമുക്ക് ഏറ്റെടുക്കാന്‍ കഴിയാത്തതാണ്. മോഡല്‍ ബൈലോ അംഗീകരിക്കുകയും കോമണ്‍ സോഫ്റ്റ് വെയറിന്റെ ഭാഗമാകുകയും ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സ്‌കീമില്‍നിന്നു സാമ്പത്തികസഹായം ലഭിക്കുമെന്നതാണു പുതിയ ബജറ്റ്നിര്‍ദേശത്തിലടക്കം പുലര്‍ത്തിയിട്ടുള്ള സമീപനം. നബാര്‍ഡിന്റെ സാമ്പത്തികസഹായം ഇത്തരത്തില്‍ പരിമിതപ്പെടുത്തുന്നതു കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്കു വലിയ തിരിച്ചടിയാകും. അതു കേന്ദ്ര-സംസ്ഥാന ബന്ധത്തിനു കടകവിരുദ്ധവും ഭരണഘടനാവ്യവസ്ഥയുടെ ലംഘനവുമാണ്.
ഇതേസമീപനം എന്‍.സി.ഡി.സി, നാഷണല്‍ ഡെയറി ഡവലപ്മെന്റ് ബോര്‍ഡ്, നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡ്, നാഫെഡ് എന്നിവയിലും കാണാം. സഹകരണസംഘങ്ങള്‍ക്കു കീഴില്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷന്‍ ( എഫ്.പി.ഒ ), ക്ലസ്റ്റര്‍ അധിഷ്ഠിത കൂട്ടായ്മ എന്നിവ രൂപവത്കരിക്കാന്‍ പദ്ധതിയുണ്ട്. ഇതിന്റെ ചുമതല എന്‍.സി.ഡി.സി.ക്കാണ്. ഒരു എഫ്.പി.ഒ.യ്ക്ക് 33 ലക്ഷവും ക്ലസ്റ്റര്‍ അധിഷ്ഠിത കൂട്ടായ്മയ്ക്ക് 25 ലക്ഷവുമാണു ഗ്രാന്റായി നല്‍കുന്നത്. മോഡല്‍ ബൈലോ അംഗീകരിക്കുമ്പോള്‍ മാത്രമാണ് ഈ തുക ലഭിക്കുക. ക്ഷീരസംഘങ്ങള്‍ക്കും ഫിഷറീസ്സംഘങ്ങള്‍ക്കും സമാനമായ രീതിയില്‍ മോഡല്‍ ബൈലോ തയ്യാറാക്കിയിട്ടുണ്ട്. അത് അംഗീകരിച്ചാല്‍ മാത്രമേ ഈ ദേശീയ ഏജന്‍സികളില്‍നിന്നുള്ള സഹായം സംസ്ഥാനങ്ങള്‍ക്കു ലഭിക്കുകയുള്ളൂ.
കേന്ദ്രസര്‍ക്കാരിന്റെ ഉപാധി അംഗീകരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുമാത്രം കേന്ദ്രപദ്ധതികളില്നിന്നുള്ള വിഹിതം അനുവദിക്കുക എന്ന പുതിയ കാഴ്ചപ്പാടിലേക്കു രാജ്യത്തിന്റെ ഫെഡറല്‍ ഭരണരീതി മാറുകയാണ്.
ബജറ്റിലെ
നീക്കിയിരിപ്പ്
ബജറ്റില്‍ സഹകരണമേഖലയ്ക്കുവേണ്ടിയുള്ള നീക്കിയിരിപ്പ് വിലയിരുത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യം വ്യക്തമാകും. നാഷണല്‍ കോ-ഓപറേറ്റീവ് ഡവലപ്മെന്റ് കോര്‍പറേഷനു കഴിഞ്ഞവര്‍ഷം നീക്കിവെച്ച അതേ തുകയായ 500 കോടി രൂപതന്നെയാണു മാറ്റിവെച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്നു സാമ്പത്തികവര്‍ഷമായി ഈ തുകയ്ക്കു കേന്ദ്രം മാറ്റം വരുത്തിയിട്ടില്ല. എന്‍.സി.ഡി.സി.ക്ക് അനുവദിക്കുന്ന തുകയില്‍ കേന്ദ്രസ്‌കീമുകളുടെ നിര്‍വഹണച്ചുമതലയും അതിനായി ചെലവഴിക്കേണ്ടിവരുന്ന തുകയും ഉള്‍പെടും. ഫലത്തില്‍, സ്വാഭാവികമായി രാജ്യത്തെ സഹകരണസംഘങ്ങള്‍ക്കു ലഭിക്കേണ്ടിയിരുന്ന വായ്പാവിഹിതം കുറയുമെന്നര്‍ഥം. അതേസമയം, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി ബജറ്റില്‍ അനുവദിച്ച തുക മുമ്പത്തേതിലും ഇരട്ടിയാക്കി. കഴിഞ്ഞ തവണ 981 കോടി രൂപയാണുണ്ടായിരുന്നത്. ഇത്തവണ അത് 1744 കോടിയാക്കി ഉയര്‍ത്തി. സഹകരണോത്പന്നങ്ങളുടെ കയറ്റുമതിക്കു കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘമായ നാഷണല്‍ കോ-ഓപറേറ്റീവ് എക്സ്പോര്‍ട്ട് ലിമിറ്റഡ് (എന്‍.സി.ഇ.എല്‍.) എന്ന സ്ഥാപനത്തിന് 450 കോടി രൂപയാണു മാറ്റിവെച്ചിരിക്കുന്നത്.
വിദേശ
വിപണിയില്ല
സഹകരണസംഘങ്ങളുടെ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ പ്രാദേശികവിപണിയില്‍ ഒതുങ്ങിപ്പോകുന്നുവെന്നതു രാജ്യത്താകെയുള്ള പ്രശ്നമാണ്. അത്തരം ഉത്പന്നങ്ങള്‍ പാക്കിങ്, ഗ്രേഡിങ്, ഗുണനിലവാര പരിശോധന എന്നിവയെല്ലാം നടത്തി വിദേശവിപണിയലടക്കം എത്തിക്കാനുള്ള ശ്രമം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നില്ല. കേരളത്തില്‍ ഇതിനുവേണ്ടിമാത്രം സര്‍ക്കാര്‍ ഒരു പദ്ധതി തയ്യാറാക്കുകയും സഹകരണോത്പന്നങ്ങള്‍ക്കു കോ-ഓപ് കേരള എന്ന ബ്രാന്‍ഡിങ് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. സഹകരണോത്പന്നങ്ങള്‍ക്കു കയറ്റുമതികേന്ദ്രം സ്ഥാപിക്കാനുള്ള നിര്‍ദേശം 2026-27 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഇത്തരമൊരു കേന്ദ്രമില്ലാതെതന്നെ ആറ് രാജ്യങ്ങളിലേക്കു കേരളത്തിലെ സഹകരണസംഘങ്ങളുടെ ഉത്പന്നങ്ങള്‍ ഇതിനകം കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് എല്ലാ സംസ്ഥാനങ്ങളിലുമില്ല. സഹകരണസംഘങ്ങളുടെ പരിമിതിക്കകത്തുനിന്നുകൊണ്ടുള്ള വിപണി കണ്ടെത്താനേ ഇത്തരം ഉത്പന്നങ്ങള്‍ക്ക് കഴിയാറുള്ളൂ. ഈ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സ്ഥാപനമാണ് എന്‍.സി.ഇ.എല്‍. ഇഫ്കോ, ക്രിബ്കോ, നാഫെഡ്, അമുല്‍, എന്‍.സി.ഡി.സി. എന്നിവയാണ് എന്‍.സി.ഇ.എല്‍. എന്ന സ്ഥാപനത്തിന്റെ പ്രധാന നടത്തിപ്പു ചുമതലയിലുള്ളത്. ഇതിന് 450 കോടി രൂപ മാറ്റിവെക്കുകയെന്നാല്‍ രാജ്യത്താകെയുള്ള സഹകരണസംഘങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കേണ്ടതാണ്. എന്നാല്‍, ഇതിനുപോലും ഉപാധിവെച്ചിരിക്കുകയാണു കേന്ദ്രസര്‍ക്കാര്‍ എന്നതാണു ഗൗരവമുള്ള വിഷയം.
8.52 ലക്ഷം സഹകരണസംഘങ്ങളാണു രാജ്യത്താകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ ഏതു സ്ഥാപനത്തിന്റെ ഉത്പന്നങ്ങളും എത്ര ഗുണനിലവാരമുണ്ടെങ്കിലും നേരിട്ട് എന്‍.സി.ഇ.എല്‍. മുഖേന കയറ്റുമതി ചെയ്യാനാവില്ല. സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ കേന്ദ്രത്തിന്റെ ഈ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തില്‍ അംഗമാകണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. ഇങ്ങനെ അംഗത്വമെടുക്കുന്ന സംഘങ്ങളിലൂടെ കേന്ദ്രത്തിന്റെ പദ്ധതികള്‍ നേരിട്ട് നടപ്പാക്കാനാകും. നാഫെഡിന്റെ സംഭരണങ്ങള്‍ ഈ സംഘങ്ങളിലൂടെയാക്കും.
ഫലത്തില്‍, സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളില്‍ പരോക്ഷനിയന്ത്രണം കേന്ദ്രത്തിനു ലഭിച്ചാലേ എന്‍.സി.ഇ.എല്‍. എന്ന സ്ഥാപനത്തിന്റെ സഹായം സഹകരണസംഘങ്ങള്‍ക്കു ലഭിക്കുകയുള്ളു.
കാര്‍ഷികമേഖലയ്ക്കുള്ള ഇന്റഗ്രേറ്റഡ് സ്‌കീമിന് ഇത്തവണ ബജറ്റില്‍ പണം മാറ്റിവെച്ചതേയില്ലെന്നതാണു മറ്റൊരു പ്രത്യേകത. കാര്‍ഷികസ്‌കീമിനുള്ള പണം ഒഴിവാക്കിയാണു കേന്ദ്രസ്‌കീമുകള്‍ക്കു മൊത്തത്തിലുള്ള ഫണ്ട് മാറ്റിവെച്ചിട്ടുള്ളത്. ഇത് 500 കോടിയില്‍നിന്ന് 950 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. പഞ്ചസാരമില്ലുകള്‍ക്കുള്ള സഹായവും എന്‍.സി.ഡി.സി.ക്കുള്ള ഗ്രാന്റുമെല്ലാമാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള കേന്ദ്രസഹായ പദ്ധതികള്‍ എന്ന നിലയിലാണ് 1744 കോടി രൂപ മാറ്റിവെച്ചിട്ടുള്ളത്. ഇതില്‍ പ്രധാനമായു രണ്ടു പദ്ധതികളാണു വരുന്നത്. കാര്‍ഷികവായ്പാ സഹകരണസംഘങ്ങളില്‍ കോമണ്‍ സോഫ്റ്റ്വെയര്‍ നടപ്പാക്കുന്നതും സഹകരണസംഘങ്ങളില്‍ ഐ.ടി. ഇന്റര്‍വെന്‍ഷന്‍ നടപ്പാക്കുന്നതുമാണ് ഈ രണ്ടു പദ്ധതികള്‍. സഹകരണസംഘങ്ങളുടെ ഐ.ടി. ഇന്റര്‍വെന്‍ഷനുള്ള സഹായം സഹകരണസംഘങ്ങള്‍ക്കു നേരിട്ട് ലഭിക്കുന്നതല്ല. കാര്‍ഷിക ഗ്രാമവികസന ബാങ്കുകളില്‍ കോമണ്‍ സോഫ്റ്റ്വെയര്‍ നടപ്പാക്കുന്നതും സംസ്ഥാനങ്ങളിലെ സഹകരണസംഘം രജിസ്ട്രാറുടെ ഓഫീസ് കേന്ദ്ര സഹകരണമന്ത്രാലയവുമായി ബന്ധിപ്പിക്കുന്ന വിധത്തില്‍ സോഫ്റ്റ്വെയര്‍ സ്ഥാപിക്കുന്നതും ഈ പദ്ധതികള്‍വഴിയാണ്. ഈ രണ്ടു പദ്ധതിക്കും സംസ്ഥാനങ്ങളിലെ സഹകരണമേഖലയില്‍ കേന്ദ്രം നിയന്ത്രണം കൊണ്ടുവരാനുള്ള ആസൂത്രിതസ്വഭാവം പ്രകടമായി കാണാം. ഇതിനെ നേരത്തെതന്നെ കേരളം എതിര്‍ത്തിട്ടുള്ളതുമാണ്.
കോര്പറേറ്റ്ഫണ്ടിന്
നികുതിയിളവ്
സഹകരണമേഖലയിലെ ഫണ്ട് കോര്‍പറേറ്റ്കമ്പനികള്‍ക്ക് ഉപയോഗിക്കാനാകുന്നവിധത്തില്‍ നയപരമായ മാറ്റം കൊണ്ടുവരാനുള്ള പ്രവണതയും ഈ ബജറ്റിലുണ്ട്. സഹകരണസംഘങ്ങള്‍ ഏതെങ്കിലും കമ്പനികളില്‍ നടത്തിയ നിക്ഷേപത്തിനു ലഭിക്കുന്ന ലാഭവിഹിതത്തിനു മൂന്നു വര്‍ഷത്തേക്കു നികുതിയിളവ് അനുവദിക്കുമെന്നാണു നിര്‍ദേശം. കോ-ഓപറേറ്റീവ് ഫണ്ട് കോര്‍പറേറ്റ്രീതിയിലേക്കു മാറ്റിയെടുക്കാനുള്ള ആസൂത്രിതനീക്കം ഇതിന്റെ പിന്നിലുണ്ടെന്നു സ്വാഭാവികമായും സംശയിക്കാം. നേരത്തേ പരമ്പരാഗത വ്യവസായമേഖലയില്‍ സഹകരണസംഘങ്ങളെ കോര്‍പറേറ്റ്കമ്പനികളുമായി അസോസിയേറ്റ് ചെയ്യാനുള്ള പദ്ധതിയാണു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. കയര്‍, കൈത്തറി പോലുള്ള മേഖലയിലെ സഹകരണസംഘങ്ങള്‍ക്ക് ഈ മേഖലയിലുള്ള കോര്‍പറേറ്റ്കമ്പനികളുടെ ഉത്പാദനപങ്കാളിയായി മാറാമെന്നതാണു കേന്ദ്രസര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതിന്റെ ഭാഗമായി പരമ്പരാഗതവ്യവസായ സഹകരണസംഘങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന സഹായങ്ങളെല്ലാം നിര്‍ത്തി. കോര്‍പറേറ്റ്നിയന്ത്രിത വിപണിയില്‍ പിടിച്ചുനില്‍ക്കാനാകാതെ പരമ്പരാഗതമേഖലയിലെ സഹകരണസംഘങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍മാത്രമാണു സംസ്ഥാനസര്‍ക്കാരിന്റെ സഹായത്തോടെ ഇത്തരം സംഘങ്ങള്‍ ഒരുപരിധിവരെയെങ്കിലും പിടിച്ചുനില്‍ക്കുന്നത്.
സഹകരണമേഖലയെ കോര്‍പറേറ്റ്വത്കരിക്കാനുള്ള ആസൂത്രിതനീക്കമാണിതെന്ന് ഈ ഘട്ടത്തില്‍ത്തന്നെ ആരോപണം ഉയര്‍ന്നതാണ്. അതിനു പിന്നാലെയാണു കമ്പനികളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ നികുതിയിളവും പ്രഖ്യാപിച്ചിരിക്കുന്നത്.
സഹകരണസംഘങ്ങള്‍ക്കു സഹായകമാകുന്ന ചില നികുതിനിര്‍ദേശങ്ങളും കേന്ദ്രബജറ്റിലുണ്ട്. കര്‍ഷകര്‍ ഉത്പാദിപ്പിച്ച് അവര്‍ അംഗങ്ങളായ സഹകരണസംഘത്തിനു നല്‍കുന്ന കാര്‍ഷികോത്പന്നത്തിനു ലഭിക്കുന്ന പണം ആദായനികുതിക്കു ബാധകമാക്കേണ്ടതില്ലെന്നു നേരത്തേ നിശ്ചയിച്ചതാണ്. പാല്‍, എണ്ണക്കുരുക്കള്‍, പഴങ്ങള്‍ അല്ലെങ്കില്‍ പച്ചക്കറികള്‍ എന്നിവയൊക്കെയാണു നികുതിയിളവിനായി പരിഗണിച്ചിരുന്നത്. കാലിത്തീറ്റ, പരുത്തിക്കുരു എന്നിവയെയും ഇതിലുള്‍പ്പെടുത്തി. ഒരു ഫെഡറല്‍ സഹകരണസംഘത്തിനും സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കും കാലിത്തീറ്റയും പരുത്തിക്കുരുവും വിതരണം ചെയ്യുന്ന പ്രാഥമിക സഹകരണസംഘത്തിനും ഈ കിഴിവ് ബാധകമാണ്. ഒരു സഹകരണസംഘത്തിനു മറ്റൊരു സഹകരണസംഘത്തില്‍ അംഗമാകുമ്പോള്‍ ലഭിക്കുന്ന ഡിവിഡന്റിനും നികുതിയിളവ് അനുവദിച്ചു. ഒരു സഹകരണസംഘത്തിനു മറ്റൊരു സഹകരണസംഘത്തില്‍നിന്നു ലഭിക്കുന്ന ഡിവിഡന്റ് പഴയ നികുതിവ്യവസ്ഥയില്‍ കിഴിവായി അനുവദിച്ചിരുന്നു. എന്നാല്‍, പുതിയ നികുതിവ്യവസ്ഥയില്‍ ഈ കിഴിവ് അനുവദിച്ചിരുന്നില്ല. ഇത് ഇരട്ട നികുതിക്കു കാരണമാകുന്നുവെന്ന വിമര്‍ശനമുണ്ടായിരുന്നു. അതു പരിഹരിക്കാനാണു ഡിവിഡന്റിനു നികുതി ഒഴിവാക്കിയത്. ഇനി ഡിവിഡന്റ്തുക നല്‍കേണ്ടിവരുമ്പോള്‍ സഹകരണസംഘങ്ങള്‍ ടി.ഡി.എസ്. പിടിക്കേണ്ടിവരില്ല.
അപകടകരമായ
പരീക്ഷണം
പ്ലാന്‍ഫണ്ട് കുറയ്ക്കുകയും സ്‌കീംഫണ്ട് കൂട്ടുകയും ചെയ്യുന്ന അത്യന്തം ഗൗരവമുള്ളതും അപകടകരവുമായ ഒരു പരീക്ഷണമാണു സഹകരണമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. പ്ലാന്‍ഫണ്ടില്‍ കൂടുതല്‍ തുക വയിരുത്തുമ്പോള്‍ അതിനുള്ള പൊതുമാനദണ്ഡം അടിസ്ഥാനമാക്കി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അതു ലഭ്യമാക്കാനാകും. രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ്, കൃത്യമായി പറഞ്ഞാല്‍ കേന്ദ്രത്തില്‍ പുതിയ സഹകരണമന്ത്രാലയം രൂപവത്കരിക്കുന്നതിനു മുമ്പ്, സ്‌കീം അടിസ്ഥാനമാക്കിയുള്ള ഉപാധിവെച്ച ഫണ്ട്വിതരണ രീതി കുറവായിരുന്നു. സ്‌കീംവ്യവസ്ഥകളില്‍ കേന്ദ്രസര്‍ക്കാരിന് ഏതു തരത്തിലുള്ള ഉപാധിയും കൊണ്ടുവരാനാകും. നേരത്തേ സ്‌കീമുകളില്‍നിന്നു പണം ലഭിക്കാനുള്ള ഉപാധി ആ സ്‌കീമില്‍മാത്രം ഒതുങ്ങിനിന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങളില്‍ ഭരണപരമായ നിയന്ത്രണം ഉറപ്പാക്കുന്നവിധത്തില്‍ സ്‌കീംവ്യവസ്ഥകള്‍ കൊണ്ടുവരുന്നു എന്നതാണു മാറ്റം.
63 പദ്ധതിനിര്ദേശങ്ങളാണു കേന്ദ്രത്തില്‍ സഹകരണമന്ത്രാലയം രൂപവത്കരിച്ചതിനുശേഷം തയ്യാറാക്കിയത്. ഇതിലെ ഓരോന്നിലെയും വ്യവസ്ഥകള്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
സഹകരണം ഭരണഘടന നിര്‍ദേശിക്കുന്നവിധത്തില്‍ സംസ്ഥാനവിഷയമായി നിലനിര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിനു താത്പര്യമില്ലെന്നു 97-ാം ഭരണഘടനാഭേദഗതിയുമായി ബന്ധപ്പെട്ട കേസില്‍ ബോധ്യപ്പെട്ടതാണ്. ആ നിയമഭേദഗതി സുപ്രീംകോടതി അംഗീകരിച്ചില്ലെങ്കിലും കേന്ദ്രപദ്ധതികളില്‍ ഉപാധിവെച്ച് പരോക്ഷമായി സഹകരണമേഖലയുടെ നിയന്ത്രണം കേന്ദ്രതലത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനു സഹായമാകുന്ന ബജറ്റ്നിര്‍ദേശങ്ങളാണ് ഇപ്പോഴുണ്ടായിട്ടുള്ളതും. പ്രത്യക്ഷത്തില്‍ സുന്ദരമെന്നു തോന്നുന്നതാണെങ്കിലും വിഷം പുരട്ടിയ മധുരമാണു കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങള്‍. പ്രതിപക്ഷ സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് കേരളത്തെ, അവഗണിക്കുക എന്നതാണ് ഈ നീക്കത്തിനു പിന്നിലുള്ളത്. സഹകരണവകുപ്പിനായി മാറ്റിവെച്ച മറ്റു തുക ഭരണകാര്യം, പരിശീലനം, പ്രചരണം എന്നിവയ്‌ക്കെല്ലാമാണ്. അതായത്, കേന്ദ്രസ്‌കീമുകളില്‍നിന്നുള്ള പണമാണു സംസ്ഥാനങ്ങള്‍ക്കു ലഭിക്കേണ്ടത് എന്നര്‍ഥം. അതു ലഭിക്കണമെങ്കില്‍ ഞങ്ങള്‍ പറയുന്ന ഉപാധികൂടി അംഗീകരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ രീതി ഫെഡറല്‍ സംവിധാനത്തിനു യോജിച്ചതല്ല.
നിയന്ത്രണം
റിമോട്ടിലൂടെ
കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ മോഡല്‍ ബൈലോയും കേരളത്തിലെ സംഘങ്ങളുടെ പ്രവര്‍ത്തനനിയന്ത്രണം കേന്ദ്രം റിമോര്‍ട്ടിലൂടെ ഏറ്റെടുക്കുന്ന ഒന്നാണ്. മോഡല്‍ ബൈലോ അംഗീകരിച്ചില്ലെങ്കില്‍ കേന്ദ്രപദ്ധതികളും ലഭിക്കില്ലെന്നതാണു കേന്ദ്രം നടപ്പാക്കുന്ന അപ്രഖ്യാപിതവ്യവസ്ഥ. കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കും കേന്ദ്രീകൃതനിയന്ത്രണം കൊണ്ടുവരുന്നതാണ് അവയുടെ സോഫ്റ്റ്വെയര്‍ ഏകീകരിക്കാനുള്ള നീക്കം. സംസ്ഥാന സഹകരണസംഘം ഓഫീസും കേന്ദ്ര സഹകരണമന്ത്രാലയവുമായി ബന്ധിപ്പിക്കണമെന്നതാണു മറ്റൊരു നിര്‍ദേശം. ഫലത്തില്‍, കേന്ദ്രത്തിന്റെ ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ കേന്ദ്രഫണ്ട് ലഭിക്കില്ലെന്ന സ്ഥിതി അത്യന്തം അപകടകരമാണ്. സംസ്ഥാനവിഷയമായ സഹകരണത്തെ കേന്ദ്രനിയന്ത്രണത്തിലേക്കു കൊണ്ടുവരാനുള്ള ഭരണപരമായ ക്വട്ടേഷന്‍പണിയാണു ബജറ്റ്നിര്‍ദേശത്തിനു പിന്നിലുള്ളത്.
