- പുതിയ ചട്ടങ്ങള്‍ക്ക്
15 മുതല്‍ പ്രാബല്യം - ഡയറക്ടര്‍മാര്‍ക്ക് സവിശേഷമേഖലയില്‍
അറിവോ പ്രായോഗിക പരിചയമോ വേണം - ഡയറക്ടര്‍മാരുടെ കാലാവധി
പത്തുവര്‍ഷം മാത്രം - ജില്ലാബാങ്കിലും സംസ്ഥാന സഹകരണ ബാങ്കിലും
ഒരേസമയം ഡയറക്ടറാവാം
യോഗ്യതയില്ലാത്ത ഡയറക്ടര്‍മാരെ സഹകരണബാങ്കുകളില്‍നിന്നു നീക്കം ചെയ്യാനുള്ള സുപ്രധാന നിയമഭേദഗതിയുമായി കേന്ദ്രധനകാര്യമന്ത്രാലയം. 1966 ലെ ബാങ്കിങ് നിയന്ത്രണച്ചട്ടങ്ങളില്‍ സഹകരണ ബാങ്കുകളെ ബാധിക്കുന്ന വ്യവസ്ഥകളില്‍ ഇതിനാവശ്യമായ ഭേദഗതികള്‍ മന്ത്രാലയം വിജ്ഞാപനം ചെയ്തു. ബാങ്കിങ്നിയന്ത്രണ ( സഹകരണസംഘങ്ങള്‍ ) ഭേദഗതിച്ചട്ടങ്ങള്‍-2025 എന്ന പേരിലാണു പുതിയ ചട്ടങ്ങള്‍ ഡിസംബര്‍ 15 മുതല്‍ നടപ്പാക്കുന്നത്. 1949 ലെ ബാങ്കിങ്നിയന്ത്രണ നിയമത്തിന്‍കീഴിലുള്ള അര്‍ബന്‍, സംസ്ഥാന, ജില്ലാ സഹകരണബാങ്കുകള്‍ക്കാണിത് ബാധകമാവുക.
യോഗ്യതയില്ലാത്ത ഡയറക്ടര്‍ക്കു പുതിയ നിര്‍വചനം ഭേദഗതിയില്‍ നല്‍കിയിട്ടുണ്ട്. ബാങ്കിങ്നിയന്ത്രണനിയമത്തിലെ 10 എ (2) (എ) (ബി) സെക്ഷനില്‍ പറയുന്ന യോഗ്യതയില്ലാത്തവരെയാണ് അയോഗ്യരായി പ്രഖ്യാപിച്ചു പുറന്തള്ളുക. ബാങ്കിങ്നിയന്ത്രണനിയമത്തിലെ 10 എ (2) (എ) സെക്ഷന്‍പ്രകാരം ഒരു സഹകരണബാങ്കിലെ കുറഞ്ഞത് 51 ശതമാനം ഡയറക്ടര്‍മാരെങ്കിലും ചില സവിശേഷമേഖലകളില്‍ പ്രത്യേക അറിവോ പ്രായോഗികപരിചയമോ ഉള്ളവരാകണം. അക്കൗണ്ടന്‍സി, കാര്‍ഷിക-ഗ്രാമീണ സമ്പദ്വ്യവസ്ഥ, ബാങ്കിങ്, സഹകരണം, സാമ്പത്തികശാസ്ത്രം, ഫിനാന്‍സ്, നിയമം, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളെയാണു പ്രത്യേകമേഖലകളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ, ബാങ്കിനു ഗുണകരമായേക്കാവുന്ന മറ്റുചില മേഖലകളെ റിസര്‍വ് ബാങ്കും ഈ പട്ടികയിലുള്‍പ്പെടുത്തും.
അയോഗ്യരായ ഡയറക്ടര്‍മാരെ പുറന്തള്ളുന്നതിനുള്ള വിശദമായ വ്യവസ്ഥകളടങ്ങിയ 5 എ എന്നൊരു പുതിയ ചട്ടം ഭേദഗതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ധനമന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് ഡയറക്ടര്‍ബോര്‍ഡും റിസര്‍വ്ബാങ്കും ചേര്‍ന്നു 10 എ പ്രകാരം നീക്കംചെയ്യേണ്ട ഡയറക്ടര്‍മാരുടെ എണ്ണം നിശ്ചയിക്കും. ഒന്നിലധികം ഡയറക്ടര്‍മാരെ ഒഴിവാക്കേണ്ടിവരികയാണെങ്കില്‍ അന്തിമമായി തീരുമാനിക്കുന്നതു നറുക്കിട്ടെടുത്താവും. ഭരണസമിതിയിലിരുന്ന കാലം കണക്കാക്കി ആദ്യം ഈ ഡയറക്ടര്‍മാരെ ഗ്രൂപ്പാക്കി തിരിക്കും. ഇങ്ങനെ രണ്ടു ഗ്രൂപ്പുണ്ടാവുകയാണെങ്കില്‍ അക്കൂട്ടത്തില്‍ കുറഞ്ഞകാലം ഡയറക്ടറായി ഇരുന്നിട്ടുള്ളവരെ ഒഴിവാക്കും. അഥവാ രണ്ടിലധികം ഗ്രൂപ്പുണ്ടായാല്‍ ഏറ്റവും കുറഞ്ഞകാലം ഡയറക്ടര്‍മാരായി ഇരുന്നിട്ടുള്ളവരുടെ ഗ്രൂപ്പിനെ പുറന്തള്ളും. ഒഴിവാക്കാനുള്ളവരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതു ഡയറക്ടര്‍ബോര്‍ഡോ അതിനു ചുമതലപ്പെടുത്തിയ ആര്‍.ബി.ഐ. ഓഫീസറോ ആയിരിക്കും. സഹകരണബാങ്കിന്റെ ഒരു പ്രതിനിധിയെ നറുക്കെടുപ്പിനു സാക്ഷിയാവാന്‍ അനുവദിക്കും.
സഹകരണബാങ്കിന്റെ ചെയര്‍പേഴ്സന്‍, ആജീവനാന്തഡയറക്ടര്‍ എന്നീ സ്ഥാനങ്ങളിലുള്ളവരൊഴികെ മറ്റാര്‍ക്കും ഇനി പത്തു വര്‍ഷത്തിലധികംകാലം തുടര്‍ച്ചയായി ഡയറക്ടറായി പ്രവര്‍ത്തിക്കാന്‍ അര്‍ഹതയുണ്ടാവില്ല. 2025 ആഗസ്റ്റ് ഒന്നു മുതല്‍ ഇതു പ്രബല്യത്തില്‍വന്നു. ജില്ലാ സഹകരണബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്ക്, തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, ഇനി സംസ്ഥാന സഹകരണബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡിലും ഒരേസമയം സേവനമനുഷ്ഠിക്കാം. സഹകരണബാങ്കുകള്‍ പുതിയ ചട്ടങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ഡയറക്ടര്‍ബോര്‍ഡ് പുനസ്സംഘടിപ്പിക്കാനും ബോര്‍ഡംഗങ്ങളെ മാറ്റി പകരം ആളെ നിയമിക്കാനും റിസര്‍വ് ബാങ്കിന് അധികാരമുണ്ടായിരിക്കും.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ വ്യവസ്ഥ കേരളാബാങ്കിനെ എങ്ങനെ ബാധിക്കുമെന്നത് നിര്‍ണായകമാണ്. കേരളത്തില്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ കേരളാബാങ്കിന്റെ അംഗങ്ങളായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളാബാങ്കിന്റെ ഭരണസമിതിയില്‍ അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധിയും അംഗമാണ്. എന്നാല്‍, കേന്ദ്ര ചട്ടത്തിലും നേരത്തെ ഭേദഗതി ചെയ്ത ബാങ്കിങ് നിയന്ത്രണ നിയമത്തിലും ഇതിന് വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടില്ല. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ സ്വതന്ത്ര വ്യക്തിത്വമുള്ള ബാങ്കുകളായാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും കണക്കാക്കിയിട്ടുള്ളത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക് എന്നിങ്ങനെയാണ് സഹകരണ വായ്പാഘടനയെ രാജ്യത്താകെ അംഗീകരിച്ചിട്ടുള്ളത്. ഒരേസമയം, രണ്ട് ബാങ്കുകളുടെ ഭരണസമിതിയില്‍ അംഗമാകുന്നത് അയോഗ്യതയാണെന്നാണ് കേന്ദ്രത്തിന്റെ പുതിയ വ്യവസ്ഥ. അര്‍ബന്‍ ബാങ്കുകളെ സ്വതന്ത്ര ബാങ്കുകളായി കണക്കാകുന്നതിനാല്‍, അര്‍ബന്‍ ബാങ്കുകളുടെ ഭരണസമിതി അംഗത്തിന് കേരളാബാങ്കില്‍ ഭരണസമിതി അംഗമാകുന്നതിന് അയോഗ്യതയുണ്ടാകും.
ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളുടെ അയോഗ്യത നിശ്ചയിച്ച ഘട്ടത്തില്‍തന്നെ കേരളാബാങ്കിന്റെ ഭരണസമിതിയുടെ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. നിയമഭേദഗതി വരുന്ന ഘട്ടത്തില്‍ കേരളാബാങ്ക് പ്രസിഡന്റ്, അര്‍ബന്‍ ബാങ്കിന്റെ പ്രതിനിധിയായിരുന്നു. ഈ ഘട്ടത്തില്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് ആ ഭരണസമതി തുടര്‍ന്നത്. രണ്ട് കാരണങ്ങളാലാണ് ഈ ഇളവ് റിസര്‍വ് ബാങ്ക് അനുവദിച്ചത്. ഒന്ന്, ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി വ്യവസ്ഥകള്‍ക്കെതിരെയുള്ള കേസ് മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. രണ്ടാമത്തേത്, നിയമഭേദഗതിക്ക് അനുസരിച്ച് കേന്ദ്രം പുതിയ ചട്ടം തയ്യാറാക്കിയിരുന്നില്ല. നിയമഭേദഗതി നടപ്പാക്കുന്നതിന് മദ്രാസ് ഹൈക്കോടതി തടസ്സം പറയാത്തതതും ചട്ടം ഭേദഗതി വിജ്ഞാപനം ചെയ്തതും കേരളാബാങ്കിന് റിസര്‍വ് ബാങ്ക് നല്‍കിയ ഇളവ് തുടരുമോയെന്നതാണ് ആശങ്കയായി നില്‍ക്കുന്നത്.
സ്റ്റാറ്റിയൂട്ടറി റിപ്പോര്‍ട്ടിങ്ങിനുപയോഗിക്കുന്ന ഫോര്‍മാറ്റിലും കേന്ദ്ര ചട്ടത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒന്നിടവിട്ടുള്ള വെള്ളിയാഴ്ചകള്‍ എന്നതിനു പകരം ഓരോ മാസത്തെയും പതിനഞ്ചാം ദിവസം എന്നും അവസാനദിവസം എന്നുമായിരിക്കും പരാമര്‍ശിക്കുക. സ്റ്റാന്റിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി സ്‌കീമിനുകീഴിലെ നിക്ഷേപങ്ങളെ ഉള്‍പ്പെടുത്താനായി പുതിയൊരു എന്‍ട്രികൂടി ചേര്‍ത്തിട്ടുണ്ട്. ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശാലിനി പണ്ഡിറ്റാണു ഭേദഗതിച്ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്. 1966 ലെ ചട്ടങ്ങളില്‍ 1967 മുതല്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളും വിജ്ഞാപനത്തില്‍ ചേര്‍ത്തിട്ടുണ്ട്.
