Indian Cooperator

റസിഡന്‍ഷ്യല്‍ കോംപ്ലക്സിലെഷോപ്പുകള്‍ക്കു മാത്രമായി പ്രത്യേകംസഹകരണസംഘമുണ്ടാക്കാനാവില്ല

സഹകരണം സംസ്ഥാന വിഷയമാണെങ്കിലും രജിസ്ട്രാറുടെ അധികാരം പരിധിവിട്ടുള്ളതല്ലെന്ന വിലയിരുത്തലുമായി ബോംബെ ഹൈക്കോടതി. മറ്റ് സഹകരണ സംഘങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലത്തെ ഒരു പ്രത്യേക ഗ്രൂപ്പിന് പുതിയ സഹകരണ സംഘം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. നവിമുംബൈയിലെ ഉള്‍വെയിലുള്ള റസിഡന്‍ഷ്യല്‍ കോംപ്ലക്സിനുള്ളിലെ 14 ഷോപ്പുകള്‍ക്ക് ഒരു പ്രത്യേക സഹകരണസംഘം രൂപവത്കരിക്കാന്‍ കെട്ടിടനിര്‍മാതാവിനു സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ നല്‍കിയ അനുമതി ബോംബെ ഹൈക്കോടതി റദ്ദാക്കി. നിയമത്തിലില്ലാത്ത അവകാശമൊന്നും സൃഷ്ടിക്കാന്‍ രജിസ്ട്രാര്‍ക്കു കഴിയില്ല. ഒരു പ്രൊമോട്ടര്‍ക്കുവേണ്ടിയുള്ള ഈ സംവരണം നിയമപരിധിക്കപ്പുറത്താണ് – ജസ്റ്റിസ് അമിത് ബോര്‍ക്കര്‍ അഭിപ്രായപ്പെട്ടു.

ബോംബെ കണ്‍സ്ട്രക്ഷന്‍ ആന്റ് എന്‍ജിനിയറിങ് കമ്പനിക്കു സിഡ്കോ പാട്ടത്തിനു നല്‍കിയതാണു ഭൂമി. അതില്‍ മൂന്നു കെട്ടിടങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. താഴെനിലയിലെ പാര്‍ക്കിങ്ങിനു മുകളിലുള്ള ഒന്നാംനിലയില്‍ 120 ഫ്ളാറ്റുകള്‍ക്കും 14 ഷോപ്പുകള്‍ക്കും അനുമതി നല്‍കി. സംഘത്തിന്റെ രജിസ്ട്രേഷന്‍ഉത്തരവില്‍ ഷോപ്പുകള്‍ക്കു മാത്രമായി ഒരു പ്രത്യേക സഹകരണസംഘമുണ്ടാക്കാന്‍ പ്രൊമോട്ടര്‍ക്ക് അവകാശമുണ്ടെന്ന ഒരു വ്യവസ്ഥ ജോ. രജിസ്ട്രാര്‍ ചേര്‍ത്തു. ഇതിനെ 2019 ഒക്ടോബറില്‍ കൃതിക ജുവല്‍സ് ഭവനനിര്‍മാണ സഹകരണസംഘം ചോദ്യം ചെയ്തു. സഹകരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സംഘത്തിന്റെ അപ്പീല്‍ 2024 മേയില്‍ നിരാകരിച്ചു. തുടര്‍ന്നാണു സംഘം ഹൈക്കോടതിയെ സമീപിച്ചത്.

റസിഡന്‍ഷ്യല്‍ കോംപ്ലക്സില്‍ താമസിക്കുന്നവര്‍ക്കും വാണിജ്യസ്ഥാപനങ്ങളിലുള്ളവര്‍ക്കുംകൂടി പൊതുവായ ഒരു സഹകരണസംഘം സ്ഥാപിക്കുമെന്നാണു രജിസ്റ്റര്‍ ചെയ്യപ്പെട്ട കരാറില്‍ പ്രൊമോട്ടര്‍ പറഞ്ഞിരിക്കുന്നതെന്നും അനുവദിക്കപ്പെട്ട പ്ലാനില്‍ ഷോപ്പുകള്‍ ഒരു പ്രത്യേകകെട്ടിടമായോ പ്രത്യേകവിഭാഗമായോ വിവക്ഷിക്കുന്നില്ലെന്നും കൃതിക ഭവനനിര്‍മാണസംഘം ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. മഹാരാഷ്ട്ര സഹകരണസംഘംനിയമമനുസരിച്ചു സഹകരണസംഘങ്ങളെ ക്ലാസിഫൈ ചെയ്യാന്‍ രജിസ്ട്രാര്‍ക്ക് അധികാരമുണ്ടെന്നു പ്രമോട്ടര്‍ വാദിച്ചു. താമസത്തിനും വാണിജ്യാവശ്യത്തിനുമുള്ള കെട്ടിടങ്ങളുടെ ഉപയോഗവും ബാധ്യതകളും താത്പര്യങ്ങളും വ്യത്യസ്തമാണ്. താന്‍ ഷോപ്പുകള്‍ വിറ്റിട്ടില്ല. എന്നാല്‍, ഭാവിയില്‍ അവ വില്‍ക്കാന്‍ നിയമതടസ്സവുമില്ല- പ്രമോട്ടര്‍ വാദിച്ചു. ഒരേ കെട്ടിടത്തില്‍ ഒന്നിലധികം സഹകരണസംഘങ്ങള്‍ ആവാമെന്നു ഹൈക്കോടതിയുടെ വിധികളുണ്ടെന്നും പ്രമോട്ടര്‍ ചൂണ്ടിക്കാട്ടി.

രജിസ്ട്രാര്‍ക്കു സംഘങ്ങളെ ക്ലാസിഫൈ ചെയ്യാമെന്നു ജഡ്ജി അമിത് ബോര്‍ക്കര്‍ വ്യക്തമാക്കി. എന്നാല്‍, ഒരേയിടത്ത് ഭാവിയില്‍ മറ്റൊരു സഹകരണസംഘം രൂപവത്കരിക്കാന്‍ പ്രമോട്ടര്‍ക്ക് അനുമതി നല്‍കാന്‍ രജിസ്ട്രാര്‍ക്കാവില്ല. അങ്ങനെ ചെയ്യണമെങ്കില്‍ അതൊരു പ്രത്യേക രജിസ്ട്രേഷനുള്ള സ്വതന്ത്രമായ പ്രത്യേക യൂണിറ്റായിരിക്കണം. അനുവദിക്കപ്പെട്ട പ്ലാനില്‍ പ്രമോട്ടര്‍ മാറ്റംവരുത്തുകയോ ഷോപ്പുകള്‍ക്കായി താനൊരു പ്രത്യേക സഹകരണസംഘം തുടങ്ങാനുദ്ദേശിക്കുന്നതായി വാങ്ങിയവരോട് പറയുകയോ ഉണ്ടായിട്ടില്ല. കരാറിനെപ്പറ്റി സ്വതന്ത്രമായ വിലയിരുത്തലോ പരിശോധനയോ നടത്താതെ രജിസ്ട്രാര്‍ നടത്തിയ സംവരണം അസാധുവാക്കിയ ഹൈക്കോടതി കൃതിക ജുവല്‍സ് ഭവനനിര്‍മാണ സഹകരണസംഘത്തിന്റെ രജിസ്ട്രേഷന്‍ സ്ഥിരീകരിക്കുകയും ചെയ്തു.

Related posts

ഡിജിറ്റല്‍ അറസ്റ്റ്: 30 ലക്ഷത്തിന്റെ തട്ടിപ്പ് പൊളിച്ചടുക്കി സഹകരണബാങ്ക്

Indian Cooperator

കര്‍ഷകരുടെ 70 ലക്ഷം രൂപദുരുപയോഗം ചെയ്ത കേസില്‍സഹകരണബാങ്ക്മുന്‍ എം.ഡി. അറസ്റ്റില്‍

Indian Cooperator

അര്‍ബന്‍ സഹകരണ ബാങ്കുകള്‍ കൂടുതലുള്ളത് മഹാരാഷ്ട്രയില്‍; പുതിയ ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നകാര്യത്തില്‍ തീരുമാനമായില്ല

Indian Cooperator
error: Content is protected !!