Indian Cooperator

നിക്ഷേപം തിരിച്ചു നൽകിയില്ല; 30 ദിവസത്തിനകം പലിശ സഹിതം നൽകണമെന്ന് ഓംബുഡ്സ്മാൻ്റെ ഉത്തരവ്

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തിനുകൂടി സഹകരണഓംബുഡ്‌സ്മാന്റെ കൊട്ട്. തൃശ്ശൂരിലെ തുഷാര മള്‍ട്ടി സ്‌റ്റേറ്റ് ആഗ്രോ ആന്റ് മാര്‍ക്കറ്റിങ് സഹകരണസംഘത്തിനാണു നിക്ഷേപകന്റെ പണം തിരിച്ചുകൊടുക്കാത്തതിനു ഓംബുഡ്‌സ്മാന്റെ കര്‍ശനമായ താക്കീതു കിട്ടിയത്. അയ്യപ്പന്‍ ടി. എന്ന നിക്ഷേപകന്റെ പേരിലുള്ള രണ്ടു ലക്ഷം രൂപ പലിശയോടെ മുപ്പതു ദിവസത്തിനകം തിരിച്ചുകൊടുക്കണമെന്നാണു സഹകരണഓംബുഡ്‌സ്മാന്‍ അലോക് അഗര്‍വാള്‍ ഉത്തരവിട്ടിരിക്കുന്നത്.

കോട്ടയത്തെ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘമായ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ഡവലപ്‌മെന്റ് സഹകരണസംഘത്തിനും 2025 ഡിസംബറില്‍ ഓംബുഡ്‌സ്മാന്റെ അടി കിട്ടിയിരുന്നു. രണ്ടു തവണയായി നിക്ഷേപിച്ച
പത്തു ലക്ഷം രൂപ കാലാവധിയെത്തിയിട്ടും തിരിച്ചുകൊടുത്തില്ല എന്ന പരാതിയിലാണു അന്നു സഹകരണഓംബുഡ്‌സ്മാന്‍ ഇടപെട്ടത്. തിരിച്ചുകൊടുത്ത രണ്ടു ലക്ഷം രൂപ കഴിച്ചുള്ള ബാക്കി തുക പലിശസഹിതം മുപ്പതു ദിവസത്തിനകം നല്‍കാനാണു അന്ന് ഉത്തരവിട്ടത്.

തുഷാര മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തില്‍ 2024 ജൂലായ് നാലിനാണ് അയ്യപ്പന്‍ രണ്ടു ലക്ഷം രൂപ നിക്ഷേപിച്ചത്. 2025 ജൂലായ് നാലിനു കാലാവധിയെത്തിയിട്ടും സംഘം നിക്ഷേപത്തുക തിരിച്ചുനല്‍കിയില്ല. നിക്ഷേപകന്‍ നിരന്തരം ഓര്‍മപ്പെടുത്തിയിട്ടും സംഘംഅധികൃതര്‍ അനങ്ങിയില്ല. ഒരു മറുപടിപോലും അയച്ചില്ല.  സെപ്റ്റംബര്‍ രണ്ടിനു പരാതി കിട്ടിയപ്പോള്‍ ഓംബുഡ്‌സ്മാന്‍ ഒക്ടാബര്‍ മൂന്നിനു സംഘത്തിനു നോട്ടീസയച്ചു. അതിനും മറുപടിയുണ്ടായില്ല. തന്റെ ഡെപ്പോസിറ്റിന്റെ കാലാവധി തന്റെ സമ്മതമില്ലാതെ 2025 നവംബര്‍ 20 വരെ നീട്ടിയതായി പിന്നീട് അറിയിപ്പു വന്നെന്ന് അയ്യപ്പന്‍ ഓംബുഡ്‌സ്മാനെ അറിയിച്ചു. എന്നാല്‍, ആ തീയതിവരെ കാത്തിരുന്നിട്ടും അയ്യപ്പനു തുക തിരികെ ലഭിച്ചില്ല. നിക്ഷേപകന്റെ അവകാശം ലംഘിച്ചുകൊണ്ടാണു സഹകരണസംഘം നിക്ഷേപത്തിന്റെ കാലാവധി നീട്ടിയതെന്നു പരാതിക്കാരന്‍ ആരോപിച്ചു.
തുടര്‍ന്നാണു 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമപ്രകാരം ഓംബുഡ്‌സ്മാന്‍ നടപടിയെടുത്തത്. തങ്ങളുടെ നോട്ടീസിനു മറുപടിപോലും അയക്കാതിരുന്ന മള്‍ട്ടി സ്റ്റേറ്റ് സംഘം സമാനമായ മറ്റൊരു കേസില്‍ നല്‍കിയ നിര്‍ദേശങ്ങളും പാലിക്കുകയുണ്ടായില്ലെന്നു ഓംബുഡ്‌സ്മാന്‍ കുറ്റപ്പെടുത്തി. നിക്ഷേപം തിരിച്ചുകൊടുക്കാനുള്ള വിമുഖതയാണ് ഇതിലൂടെ സംഘം പ്രകടിപ്പിക്കുന്നതെന്ന് ഓംബുഡ്‌സ്മാന്‍ അഭിപ്രായപ്പെട്ടു. നിക്ഷേപത്തുക മുപ്പതു ദിവസത്തിനകം പലിശസഹിതം തിരിച്ചുകൊടുത്തശേഷം സംഘം അക്കാര്യം അറിയിച്ചുകൊണ്ട് റിപ്പോര്‍ട്ടയക്കണമെന്നും ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചു.

2023 ജൂലായ് 25 നും 2024 മാര്‍ച്ച് എട്ടിനും അഞ്ചു ലക്ഷം രൂപവീതം ഫിക്‌സഡ് ഡെപ്പോസിറ്റായി ഇട്ട കെ.ടി. മാത്യുവിനെയാണു കോട്ടയത്തെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ബുദ്ധിമുട്ടിച്ചത്. കാലാവധിയെത്തിയപ്പോള്‍ പണം തിരിച്ചുചോദിച്ചെങ്കിലും ആകെ രണ്ടു ലക്ഷം രൂപയേ തിരിച്ചുകൊടുത്തുള്ളു. തുടര്‍ന്നാണ് ആഗസ്റ്റ് എട്ടിന് ഓംബുഡ്‌സ്മാനു പരാതി അയച്ചത്. ആ പരാതിയിലും ബാക്കിയുള്ള തുക പലിശസഹിതം മുപ്പതു ദിവസത്തിനുള്ളില്‍ നല്‍കാനാണ് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടത്.

അതിനിടെ, സാമ്പത്തികക്രമക്കേടും സഹകരണതത്വങ്ങള്‍ക്കു വിരുദ്ധമായുള്ള പ്രവര്‍ത്തനവും നടത്തിയതായി പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ നാലു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം തുടങ്ങിയതായി സഹകരണമന്ത്രി അമിത് ഷാ ഈയിടെ പാര്‍ലമെന്റില്‍ അറിയിക്കുകയുണ്ടായി. സംസ്ഥാന സഹകരണവകുപ്പടക്കം നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍, ഈ സംഘങ്ങളുടെ പേരുകള്‍ മന്ത്രി വെളിപ്പെടുത്തിയിട്ടില്ല.

Related posts

പുതിയ അര്‍ബന്‍ബാങ്കുകള്‍തത്കാലം പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Indian Cooperator

കര്‍ണാടകയില്‍ സംഘത്തില്‍നിന്നു 65 കോടി തട്ടി സ്വത്ത് വാങ്ങിക്കൂട്ടിയ പ്രസിഡന്റിനെയും ഭര്‍ത്താവിനെയും ഇ.ഡി. പൂട്ടി

Indian Cooperator

സഹകരണത്തില്‍ കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റം കേന്ദ്രവും അംഗീകരിക്കുന്നു

Indian Cooperator
error: Content is protected !!