വിതയിറക്കിയ കര്‍ഷകന് വിളവെടുത്തതിന്റെ പണം കിട്ടാതെ വലയുന്ന പ്രശ്‌നത്തിനും സഹകരണ മേഖല തന്നെ പരിഹാരമുണ്ടാക്കുന്നു. നെല്ല് സംഭരണം സഹകരണ സംഘങ്ങളിലൂടെയാക്കാനുള്ള നടപടിയിലേക്ക് സഹകരണ വകുപ്പ് കടക്കുകയാണ്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളാണ് നെല്ല് സംഭരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ആദ്യ പരീക്ഷണം പാലക്കാട്ട് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കൂടുതല്‍ നെല്ല് ഉല്‍പാദിപ്പിക്കുന്ന ജില്ലകളിലൊന്നാണ് പാലക്കാട്.
രണ്ടാം വിള നെല്ല് സഹകരണ സംഘങ്ങള്‍ സംഭരിക്കും. ഇതിനായുള്ള സഹകരണ സംഘങ്ങളെ തയ്യാറാക്കിയിട്ടുണ്ട്. സംഭരണ വില അപ്പപ്പോള്‍ കര്‍ഷകര്‍ക്ക് കിട്ടുന്ന വിധത്തിലാണ് ക്രമീകരണം. പണത്തിന് ബുദ്ധിമുട്ടുള്ള സഹകരണ സംഘങ്ങളാണെങ്കില്‍ കേരള ബാങ്കിന്റെ സഹായം ഉറപ്പാക്കാനും സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയുണ്ട്
പാലക്കാട്ട് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാത്തിയ ശേഷം മറ്റ് ജില്ലകളില്‍ സ്വകാര്യ മില്ലുടമകളെ കൂടി സഹകരിപ്പിക്കാനും സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങി. സഹകരണ സംഘങ്ങളെ സഹകരിപ്പിച്ചുള്ള നെല്ലെടുപ്പ് കുറ്റമറ്റ നിലയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്. സംഭരിക്കുന്ന നെല്ല് എവിടെ ശേഖരിച്ച് വക്കും എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം ഉള്ളത്. അരി കമ്പനികളെ സഹകരിപ്പിക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിന് മില്ലുടമകളുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയിലും ആശാവഹമായ പുരോഗതിയാണ്.
ഇതിനിടെ ഒന്നാം വിള സീസണില്‍ മുഴുവന്‍ കര്‍ഷകര്‍ക്കും ഉയര്‍ന്ന സംഭരണ വില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. ഒക്ടോബര്‍ 20 മുതല്‍ നെല്ല് നല്‍കിയ കര്‍ഷകര്‍ക്ക് 30 രൂപ വീതം കൊടുക്കാനാണ് തീരുമാനം. സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് കിട്ടാന്‍ വൈകുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ പണം അനുവദിക്കാത്തതാണ് സംഭരണത്തുക വൈകാനിടയായത്. ഇതിന് പരിഹാരമുണ്ടാക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് വായ്പ എടുത്ത് കര്‍ഷകര്‍ക്ക് പണം നല്‍കുന്ന രീതിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. അളന്ന നെല്ലിന്റെ അളവിനനുസരിച്ചുള്ള റസീപ്റ്റ് (പി.ആര്‍.എസ്.) കണക്കാക്കി ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പണം കൊടുക്കുകയായിരുന്നു ചെയ്തത്. ഇതിനും കാലതാമസമുണ്ടായി. ഇതോടെയാണ്, സഹകരണ സംഘങ്ങളിലൂടെ നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

