Indian Cooperator

ക്ഷീരസംഘങ്ങള്‍ക്ക് എല്ലാജില്ലകളിലും അപ്പക്‌സ് യൂണിയനുകള്‍; കേരളത്തിലെ മേഖലായൂണിയന്റെ ഘടനയെ ബാധിക്കും

രാജ്യത്തെ ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് കേന്ദ്രനിയന്ത്രണം ഉറപ്പാക്കുന്നത് മൂന്ന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ തുടങ്ങുന്നു. ഇതില്‍ എല്ലാ പ്രാഥമിക ക്ഷീരസംഘങ്ങളും മേഖലായൂണിയനുകളെയും അംഗങ്ങളാക്കാനാണ് തീരുമാനം. ഒരു ജില്ലയില്‍ ഒരു മേഖലായൂണിയന്‍ എന്ന രീതിയില്‍ ഡയറി സഹകരണ രംഗത്തിന്റെ ഘടന ഏകീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് മോഡല്‍ ബൈലോ കൊണ്ടുവന്നത് ഇതിന്റെ ആദ്യഘട്ടമായിരുന്നു.

കാലിത്തീറ്റ, ധാതുമിശ്രിതങ്ങള്‍ തുടങ്ങിയവയുടെ ഉല്‍പാദനം വിതരണം എന്നിവയ്ക്ക് വേണ്ടിയാണ് ഒരു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം. ജൈവവള ഉല്‍പാദനം, ബയോഗ്യാസ് പ്ലാന്റുകള്‍, സുസ്ഥിര മാലിന്യ സംസ്‌ക്കരണം എന്നിവയ്ക്ക് വേണ്ടിയാണ് രണ്ടാമത്തെ സംഘം. മൃഗങ്ങളുടെ തോല്‍, അസ്ഥികള്‍, കൊമ്പുകള്‍ എന്നിവയുടെ സംസ്‌കരണവും പരിപാലനവും ഉല്‍പന്ന നിര്‍മ്മാണവുമാണ് മൂന്നാമത്തെ സംഘത്തിന്റെ ലക്ഷ്യം. ഈ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് സഹായകമാകുന്ന വിധത്തിലുള്ള പദ്ധതികളും കേന്ദ്രസഹകരണ മന്ത്രാലയം ആസൂത്രണം ചെയ്യുന്നുണ്ട്.

രാജ്യത്തെ പാലുല്‍പദാനം കൂട്ടാനും ക്ഷീരകര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് ‘രണ്ടാം ധവള വിപ്ലവം’ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുതായി തുടങ്ങുന്ന മൂന്ന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലൂടെയായിരിക്കും ഈ പദ്ധതി നടപ്പാക്കുക. ഇതിനുള്ള പദ്ധതി തയ്യാറാക്കാന്‍ നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡിനോടും മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിനോടും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഓരോ പഞ്ചായത്തിലും ഒരു സഹകരണ സംഘവും മതിയായ പാല്‍ ഉല്‍പാദനമുള്ള എല്ലാ ജില്ലയിലും ഒരു ഡയറിയും സ്ഥാപിക്കുക എന്നതാണ് രണ്ടാം ധവളവിപ്ലവത്തിന്റെ ഭാഗമായി തയ്യാറാക്കിയ പദ്ധതി. ഇതിന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ക്ഷീരസംഘങ്ങളുണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍, പുതിയ സ്‌കീം അനുസരിച്ചുള്ള കേന്ദ്രപദ്ധതികളുടെ വിഹിതം കേരളത്തിന് ലഭിക്കാനിടയില്ല.

ആനന്ദില്‍ സ്ഥാപിതമായ ത്രിഭുവന്‍ സഹകരണ സര്‍വകലാശാല ക്ഷീര സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിച്ച് ഡയറി ടെക്‌നോളജിയിലും മാനേജ്മെന്റിലും ബി.എസ്സി, എം.എസ്സി കോഴ്സുകള്‍ ആരംഭിക്കാനും കേന്ദ്രസഹകരണ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഈ പഠനം പൂര്‍ത്തിയാക്കിയ ശേഷം രാജ്യത്തുടനീളമുള്ള ജില്ലകളിലും ബനാസ് ഡയറി മോഡല്‍ നടപ്പാക്കുന്നതിന് ഈ ബിരുദധാരികളെ നിയോഗിക്കാനാണ് തീരുമാനം.

Related posts

ഏഴ് നഗരങ്ങളില്‍ സൂപ്പര്‍ ഹിറ്റ്; മൂന്നു വര്‍ഷത്തിനകം ഭാരത് ടാക്സി ഇന്ത്യയിലെങ്ങും ഓടും

Indian Cooperator

റസിഡന്‍ഷ്യല്‍ കോംപ്ലക്സിലെഷോപ്പുകള്‍ക്കു മാത്രമായി പ്രത്യേകംസഹകരണസംഘമുണ്ടാക്കാനാവില്ല

Indian Cooperator

മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ തട്ടിപ്പുകളെ കുറിച്ച് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടും അന്വേഷണത്തിന് കാരണമായി

Indian Cooperator
error: Content is protected !!