രാജ്യത്തെ എല്ലാ സഹകരണ അര്‍ബന്‍ ബാങ്കുകള്‍ക്കും പണമിടപാടിന് ഏകീകൃത സാങ്കേതിക സംവിധാനം വരുന്നു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ രണ്ട് ആപ്പുകള്‍ പുറത്തിറക്കി. ‘സഹകാര്‍ ഡിജിപേ’, ‘സഹകാര്‍ ഡിജിലോണ്‍’ എന്ന പേരുകളിലാണ് രണ്ട് ആപ്പുകളുള്ളത്. അര്‍ബന്‍ ബാങ്കുകള്‍ക്കുവേണ്ടി രാജ്യത്ത് നിലവില്‍വന്ന അബ്രല്ല ഓര്‍ഗനൈസേഷനാണ് ഈ ഡിജിറ്റല്‍ ഏകോപനത്തിന്റെ ചുമതല. സഹകാര്‍ ഡിജിപേ ആപ്പ് വഴി ഏറ്റവും ചെറിയ അര്‍ബന്‍ ബാങ്കുകള്‍ക്കും ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.
വായ്പാവിതരണത്തിനും തിരിച്ചടവിനുമുള്ള സൗകര്യമാണ് ഡിജി ലോണ്‍ ആപ്പിലൂടെ നല്‍കുന്നത്. നഗരങ്ങളിലുള്ള യുവാക്കള്‍ക്ക് അടക്കം വായ്പയ്ക്ക് എളുപ്പത്തില്‍ ആശ്രയിക്കാവുന്ന കേന്ദ്രമായി അര്‍ബന്‍ ബാങ്കുകളെ മാറ്റുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സഹകരണ ബാങ്കുകള്‍ക്ക് വാണിജ്യ ബാങ്കുകളുടേതിന് സമാനമായി മെച്ചപ്പെട്ട സേവനം എളുപ്പത്തില്‍ നല്‍കാനുള്ള സാങ്കേതികമാറ്റം എന്നാണ് ഇതിനെ കേന്ദ്രസഹകരണ മന്ത്രാലയം വിശേഷിപ്പിക്കുന്നത്.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ രണ്ടുലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും ഒരു അര്‍ബന്‍ സഹകരണ ബാങ്ക് സ്ഥാപിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം അര്‍ബന്‍ ബാങ്കുകളെ സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍നിന്ന് മാറ്റുക എന്ന ലക്ഷ്യവും കേന്ദ്രത്തിനുണ്ട്. ഇതിന് കൂടി വേണ്ടിയാണ് കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ അര്‍ബന്‍ ബാങ്കുകള്‍ക്കുവേണ്ടി അംബ്രല്ല ഓര്‍ഗനൈസേഷന്‍ സ്ഥാപിച്ചത്. പുതിയ അര്‍ബന്‍ ബാങ്കുകളെയെല്ലാം ഈ ദേശീയ സ്ഥാപനത്തിന് കീഴിലാക്കി നിയന്ത്രണം പൂര്‍ണമായി കേന്ദ്രസര്‍ക്കാരിലാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാന തലത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളെ അര്‍ബന്‍ ബാങ്കുകളാക്കി മാറ്റാനുള്ള നീക്കവും കേന്ദ്രത്തിനുണ്ട്. സഹകരണ സംഘങ്ങളെ ബാങ്കുകളാക്കി മാറ്റുന്നതിനായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ എല്ലാ നഗരങ്ങളിലും ഒരു അര്‍ബന്‍ സഹകരണ ബാങ്ക് സ്ഥാപിക്കുക സാധ്യമാകൂവെന്നാണ് കേന്ദ്രമന്ത്രി അമിത്ഷാ പറഞ്ഞത്. ദേശീയതലത്തില്‍ അര്‍ബന്‍ ബാങ്കുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ മെച്ചപ്പെട്ടുവരുന്നുണ്ട്. നിഷ്‌ക്രിയ ആസ്തികള്‍ (എന്‍.പി.എ.) 2.8 ശതമാനത്തില്‍നിന്ന് 0.06 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
