Indian Cooperator

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ദേശീയ സഹകരണ യൂണിയനുമായി ധാരണയുണ്ടാക്കിയത് തൃശ്ശൂരിലെ മള്‍ട്ടിസ്റ്റേറ്റ് സംഘം

കേരളത്തില്‍ കാര്‍ഷിക പരിഷ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്നതിന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തെ ചുമതല ഏല്‍പിച്ച് ദേശീയ സഹകരണയൂണിയന്‍(എന്‍.സി.യു.ഐ.).കാര്‍ഷിക മേഖലയില്‍ സജീവമായി ഇടപെടുന്നത് കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘവുമായാണ് ദേശീയ സഹകരണ യൂണിയന്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുള്ളത്.

രാജ്യമെങ്ങും സുസ്ഥിരക്കൃഷി, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കല്‍, ഗ്രീന്‍ ഫിനാന്‍സ് ( ഹരിത ധനസഹായം / പാരിസ്ഥിതിക ധനസഹായം ) തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രീകരിച്ച് സഹകരണസംഘങ്ങള്‍വഴി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ സഹകരണയൂണിയന്‍ തൃശ്ശൂരിലെ കൈരളി കാര്‍ഷിക മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘവും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടത്. ന്യൂഡല്‍ഹിയിലെ എന്‍.സി.യു.ഐ. ആസ്ഥാനത്ത് നവംബര്‍ 19നാണു ധാരണാപത്രം ഒപ്പുവെച്ചത്.

കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള കൃഷിസമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുക, കര്‍ഷകരില്‍ ബോധവത്കരണമുണ്ടാക്കുക, സഹകരണഘടനയിലൂടെ കാര്‍ബണ്‍ക്രെഡിറ്റ് ഉത്പാദിപ്പിക്കുന്നതിനുള്ള ശേഷി കൂട്ടാന്‍ സഹായിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ കൂട്ടുസംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രതികൂലമായ ആഘാതം കുറയ്ക്കുന്നതിനുള്ള ദേശീയലക്ഷ്യങ്ങളുമായി കൂട്ടുചേര്‍ന്നു നവീന സമ്പ്രദായങ്ങളും കൃഷിയിലെ സുസ്ഥിരസാങ്കേതികവിദ്യകളുംവഴി പാരിസ്ഥിതികമായി മെച്ചപ്പെട്ട ഫലം ഉറപ്പാക്കുന്നതിനായി സൃഷ്ടിക്കപ്പെട്ട സാമ്പത്തികപ്രവര്‍ത്തനമായ ഗ്രീന്‍ ഫിനാന്‍ഷ്യല്‍ മെക്കാനിസത്തിലേക്കു കടന്നു കര്‍ഷകരെ ശാക്തീകരിക്കാന്‍ ഇരുസ്ഥാപനങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കുമെന്നു എന്‍.സി.യു.ഐ. പ്രസിഡന്റ് ദിലീപ് സംഘാനി അറിയിച്ചു.

ചടങ്ങില്‍ എന്‍.സി.യു.ഐ. ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സുധീര്‍ മഹാജന്‍, കൈരളി സഹകരണസംഘത്തിന്റെ ചെയര്‍മാന്‍ കെ.വി. അശോകന്‍, കാര്‍ബണ്‍ ക്രെഡിറ്റ് പ്രോജക്ടിന്റെ മേധാവി ലതീഷ് വി.കെ, സി.ഇ.ഒ. പ്രദീപ്കുമാര്‍, ചിഫ് ജനറല്‍ മാനേജര്‍ ചാള്‍സ് മാത്യൂസ്, ഡയറക്ടര്‍മാരായ നിഷാ രാജു, ജസ്ലിന്‍ ജെയിംസ്, രഞ്ജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെ അയ്യായിരത്തിലധികം കര്‍ഷകര്‍ക്കു നേരിട്ട് കാര്‍ബണ്‍ ക്രെഡിറ്റിന്റെ ഗുണംലഭിക്കുന്നതുള്‍പ്പെടെ സംഘം നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചു കൈരളി സഹകരണസംഘത്തിന്റെ സാരഥികള്‍ വിശദീകരിച്ചു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും അവര്‍ പിന്തുണ അറിയിച്ചു.

ഗ്രീന്‍ ഫിനാന്‍സ് എന്നത് പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിര്‍മാണത്തിനും വികസനത്തിനുമാവശ്യമായ സാമ്പത്തിക സഹായമാണ്. പരിസ്ഥിതി സൗഹൃദ പ്രോജക്ടുകള്‍ക്കു ധനസഹായം നല്‍കിയാല്‍ അതു സുസ്ഥിര വികസനലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും. അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്ന കാര്‍ബണിന്റെ തോത് കുറച്ചുകൊണ്ടുവന്നു പൂജ്യത്തില്‍ എത്തിക്കേണ്ടതു ഭൂമിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന അറിവില്‍നിന്നു രൂപംകൊണ്ട അനുമതിയാണു കാര്‍ബണ്‍ ക്രെഡിറ്റ്.

ഒരു കമ്പനി അതിന്റെ പരിധിയില്‍ക്കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറത്തുവിട്ടാല്‍ ആ അധികക്രെഡിറ്റുകള്‍ ആവശ്യമുള്ള മറ്റൊരു കമ്പനിക്കു വില്‍ക്കാന്‍ സാധിക്കും. ഒരു ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനു തുല്യമായ അളവ് പുറന്തള്ളാന്‍ അനുമതി നല്‍കുന്ന ഒന്നാണു കാര്‍ബണ്‍ ക്രെഡിറ്റ്. കാര്‍ബണ്‍ ക്രെഡിറ്റ് പൊതുവിപണിയില്‍ വില്‍ക്കാം. വിപണിയിലെ ആവശ്യമനുസരിച്ചാണിതിന്റെ വില. ലോകത്ത് ഏറ്റവുമധികം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന രാജ്യങ്ങളില്‍ ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നില്‍ മൂന്നാംസ്ഥാനത്താണു നമ്മുടെ രാജ്യം.

Related posts

റിട്ടേണ്‍ സമര്‍പ്പിക്കാത്ത നൂറുകണക്കിനു മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക്കേന്ദ്ര രജിസ്ട്രാറുടെ നോട്ടീസ്

Indian Cooperator

ആദര്‍ശ് മള്‍ട്ടി സ്‌റ്റേറ്റ് സംഘത്തിലെ നിക്ഷേപകര്‍ക്കാശ്വാസം; പണം തിരിച്ചുകൊടുക്കാന്‍ നടപടി തുടങ്ങുന്നു

Indian Cooperator

സാമ്പത്തികരംഗത്തുസഹകരണമേഖലയുടെപങ്ക് കണക്കാക്കാന്‍ദ്രുത സര്‍വേ വരുന്നു

Indian Cooperator
error: Content is protected !!