Indian Cooperator

സഹകരണ വാർത്തകൾ സമഗ്രതയോടെ വായിക്കാൻ ഇനി ഇന്ത്യൻ കോഓപ്പറേറ്റർ

സഹകരണ മേഖലയിലെ വിവരങ്ങൾക്കായി പുതിയ വേദി തുറക്കുകയാണ്. ഇന്ത്യൻ കോഓപ്പറേറ്റർ എന്ന ഓൺലൈൻ വാർത്താ ചാനൽ പിറവിയെടുത്തു. നിരവധി സഹകാരികളെയും സഹകരണ ജീവനക്കാരെയും സാക്ഷിയാക്കി മുൻ മന്ത്രിയും സി.ഐ.ടി.യു. ജനറൽ സെക്രട്ടറിയുമായ എളമരം കരീം ഉദ്ഘാടനം ചെയ്തു.

നവോത്ഥാന നായകനായ വാഗ്ഭടാനന്ദൻ സഹകരണത്തിന് തിരിതെളിയിച്ച മണ്ണാണ് കോഴിക്കോട്. അതേ മണ്ണിൽ, കോഴിക്കോട് ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് ഇന്ത്യൻ കോഓപ്പറേറ്ററിൻ്റെ ഔപചാരിക തുടക്കം.

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് പി.എം. വഹീദ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ, സഹകരണ വകുപ്പ്ജോയിൻ്റ് രജിസ്ട്രാർ എൻ.എം. ഷീജ, പി.എസ്‌ ജയചന്ദ്രൻ, അഡ്വ. പ്രശാന്ത് ബാബു തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ്റെ മുൻ കൈയിലാണ് ഈ വാർത്താ ചാനൽ പിറവിയെടുത്തത്.

സാധാരണക്കാരന്റെ ജീവിതം കൊണ്ടാണ് സഹകരണ പ്രസ്ഥാനത്തിന് ഊടും പാവും തീര്‍ത്തത്. തൊഴിലും കൂലിയും യന്ത്രം അപഹരിച്ച കാലത്ത് അരച്ചാണ്‍ വയറിന് അന്നമുറപ്പക്കാനാണ് റോച്ച്‌ഡേയിലില്‍ ഒരുകൂട്ടം തൊഴിലാളികള്‍ ഒന്നിച്ചത്. വെണ്ണയും മാവും ഒന്നിച്ചുവാങ്ങി വീതിച്ചെടുക്കാന്‍ അവര്‍ രൂപംകൊടുത്ത കൂട്ടായ്മയാണ് ആദ്യത്തെ സഹകരണ സംഘം.

ജന്മിയും വട്ടിപ്പലിശ്ശക്കാരും കര്‍ഷകന്റെയും തൊഴിലാളിയുടെയും ജീവന് വിലപറഞ്ഞപ്പോഴുണ്ടായ പ്രതിരോധത്തില്‍നിന്നാണ് കേരളത്തില്‍ സഹകരണ പ്രസ്ഥാനം പിറന്നത്. ലാഭത്തില്‍ കണ്ണുനട്ട്, ചൂഷണത്തിന്റെ വഴിതിരഞ്ഞുപോകാത്ത ജനകീയ സാമ്പത്തിക പ്രസ്ഥാനമാണത്. ഒന്നരനൂറ്റാണ്ടിന്റെ അനുഭവമുണ്ടതിന്. സാധാരണക്കാരന്റെ ജീവിതത്തിലേക്ക് കുത്തകകള്‍ക്ക് കടന്നുകയറാനാകാതെ ഒരുകോട്ടപോലെ കേരളത്തെ കാത്ത് സഹകരണ പ്രസ്ഥാനം നില്‍പുണ്ട്.

അവിടെയാണ് വ്യാജവാര്‍ത്തകള്‍ പിറക്കുന്നത്. കോര്‍പ്പറേറ്റ് ചിന്തയില്‍ ഉരുത്തിരിയുന്ന ഉല്‍പന്നമാണ് മാധ്യമങ്ങളിലെ സഹകരണ വിരുദ്ധവാര്‍ത്തകള്‍. അതിലേക്ക് നേരിന്റെ വെളിച്ചമെത്തിക്കാന്‍ ഇവിടെ ഇന്ത്യന്‍ കോഓപ്പറേറ്റര്‍ പിറക്കുകയാണ്. നേരിന്റെ ശബ്ദമാവാന്‍… നേരായ വാക്കാവാന്‍ ഇനി ഇന്ത്യൻ കോഓപ്പറേറ്ററുണ്ടാകും.

Related posts

നെല്ലിന്റെ ഗുണനിലവാരം സപ്ലൈകോ പരിശോധിക്കും; കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കേണ്ടത് സംഘങ്ങള്‍

Indian Cooperator

ഡ്യൂട്ടിസമയം എല്ലാവകുപ്പുകളിലും അടിയന്തരമായി നടപ്പാക്കണമെന്ന് സര്‍ക്കാരിന്റെ ഉത്തരവ്; പുതിയ നിയമനങ്ങള്‍ക്കും നിയന്ത്രണം

Indian Cooperator

ക്രിസ്മസ് പുതുവത്സര സഹകരണ വിപണി ഒരുക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡിന് അനുമതി

Indian Cooperator
error: Content is protected !!