കുതിച്ചുയരുന്ന പച്ചക്കറിവിലയ്ക്കു തടയിടാന്‍ സഹകരണമേഖല വീണ്ടും രംഗത്ത്. മാര്‍ക്കറ്റില്‍ കിലോവിനു 25 മുതല്‍ 35 രൂപവരെ വിലയുള്ള സവാളയാണു കുറഞ്ഞ വിലയ്ക്കു പൊതുജനങ്ങള്‍ക്കു നല്‍കുന്നത്. ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്‍ ( എന്‍.സി.സി.എഫ് ) കിലോവിനു 19 രൂപയ്ക്കാണു ഡല്‍ഹിയില്‍ സവാള വില്‍ക്കുന്നത്. കര്‍ഷകര്‍ക്കു ന്യായവില ഉറപ്പുവരുത്തിക്കൊണ്ട് വിപണിയില്‍ ഇടപെടാനുള്ള ഉപഭോക്തൃവകുപ്പിന്റെ തീരുമാനമനുസരിച്ചാണിപ്പോള്‍ എന്‍.സി.സി.എഫ്. സവാള വില്‍ക്കുന്നത്.
നാസിക്കില്‍നിന്നാണു സവാള കൊണ്ടുവരുന്നത്. അവ പുതിയ സാങ്കേതികവിദ്യകളുപയോഗിച്ചു കോള്‍ഡ് സ്റ്റോറേജില്‍ ശേഖരിക്കുന്നു. നാലു മാസം സൂക്ഷിച്ചിട്ടും റാബി വിളവെടുപ്പുകാലത്തെ സവാളയുടെ ഗുണത്തിനോ നിറത്തിനോ രുചിയ്‌ക്കോ ഒരു വ്യത്യാസവുമില്ലെന്നു എന്‍.സി.സി.എഫ്. ചെയര്‍മാന്‍ വിശാല്‍ സിങ് അറിയിച്ചു.
ആധുനികസാങ്കേതികവിദ്യകളുപയോഗിച്ചുള്ള സ്റ്റോറേജ്‌സപ്ലൈ ചെയിന്‍വഴി കാര്‍ഷികോത്പന്നങ്ങളുടെ വില നിയന്ത്രിച്ചുനിര്‍ത്തുന്നതെങ്ങനെയെന്നു എന്‍.സി.സി.എഫിന്റെ ഈ ഇടപെടല്‍ വ്യക്തമാക്കുന്നുണ്ടെന്നു മാനേജിങ് ഡയറക്ടര്‍ അനീസ് ജോസഫ് ചന്ദ്ര അഭിപ്രായപ്പെട്ടു. നേരത്തേ എന്‍.സി.സി.എഫിന്റെ ശ്രമഫലമായി തക്കാളിവില നിയന്ത്രിച്ചുനിര്‍ത്തിയ കാര്യം അവര്‍ ഓര്‍മിപ്പിച്ചു. തക്കാളി കിലോവിനു 60നും 80 നുമിടയ്ക്കു വിലയുണ്ടായിരുന്നപ്പോള്‍ 40 രൂപയ്ക്കാണ് എന്‍.സി.സി.എഫ്. വിറ്റഴിച്ചത്. വീട്ടുകാര്‍ക്കു വലിയ ആശ്വാസം പകര്‍ന്ന ഈ നടപടി വില ക്രമാതീതമായി കൂടുന്ന സമയത്തു ഉപഭോക്താക്കളുടെ താത്പര്യസംരക്ഷണത്തിനു സഹകരണമേഖല വഹിക്കുന്ന പങ്കും എടുത്തുകാട്ടി അനീസ് ജോസഫ് ചന്ദ്ര ചൂണ്ടിക്കാട്ടി.
എന്‍.സി.സി.എഫിന്റെ വാനുകളിലാണു സവാള ഡല്‍ഹിയിലെ പ്രധാനകേന്ദ്രങ്ങളില്‍ വില്‍ക്കുന്നത്. ഫെഡറേഷന്റെ നെഹ്‌റു പ്ലെയിസിലെ റീട്ടെയില്‍ കേന്ദ്രത്തിലും ഉദ്യോഗ് ഭവന്‍, രാജീവ് ചൗക്ക്, പട്ടേല്‍ ചൗക്ക്
തുടങ്ങിയ പ്രധാന മെട്രോ സ്റ്റേഷനുകളിലും സവാള വില്‍ക്കുന്നുണ്ട്. മോഡല്‍ ടൗണ്‍, യമുന വിഹാര്‍, വാസിറാബാദ്, ഷാലിമാര്‍ ബാഗ്, ഐ.എന്‍.എ. മാര്‍ക്കറ്റ്, സംഗം വിഹാര്‍, ബദര്‍പൂര്‍ ബോര്‍ഡര്‍, മോട്ടി ബാഗ്, ആര്‍.കെ. പുരം, സരോജിനി നഗര്‍, വികാസ്പുരി, കരോള്‍ ബാഗ്, കൃഷിഭവന്‍ തുടങ്ങിയ സ്ഥലങ്ങളിലും എന്‍.സി.സി.എഫിന്റെ വാനുകളില്‍ സവാള 19 രൂപയ്ക്കു വില്‍ക്കുന്നുണ്ട്.
