Indian Cooperator

ക്ഷീരസംഘങ്ങളുടെ കാര്യക്ഷമത ഉയര്‍ത്താന്‍ ‘ക്ഷീരസീമ’ പദ്ധതിയുമായി പാമ്പാടി ബ്ലോക്ക്

പാമ്പാടി ക്ഷീരവികസന യൂണിറ്റു പരിധിയില്‍ വരുന്ന ക്ഷീരസംഘങ്ങളുടെ അതിരുകള്‍ ഡിജിറ്റലായി മാപ്പു ചെയ്യുന്ന ‘ക്ഷീരസീമ’ പദ്ധതിക്ക് തുടക്കം. ക്ഷീര സംഘങ്ങളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും അതിരുകള്‍ ഡിജിറ്റല്‍ മാപ്പ് ചെയ്യുന്നതിലൂടെ സാധിക്കും.

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും സഹായത്തോടെ ഈ വര്‍ഷം നടപ്പാക്കുന്ന പദ്ധതിയിലൂടെ പാമ്പാടി ക്ഷീരവികസന യൂണിറ്റു പരിധിയില്‍ വരുന്ന 28 ക്ഷീരസംഘങ്ങളുടെയും അതിരുകള്‍ ഡിജിറ്റലായി മാപ്പു ചെയ്യുകയും അത് പൊതുവിടത്തില്‍ ലഭ്യമാക്കുകയും ചെയ്യുമെന്ന് പാമ്പാടി ക്ഷീര വികസന ഓഫീസര്‍ എം.വി. കണ്ണന്‍ പറഞ്ഞു. ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തന സുതാര്യതയ്ക്കും ക്ഷീരകര്‍ഷകരുടെ അവകാശം ഉറപ്പാക്കുന്നതിനും പദ്ധതിയിലൂടെ സാധിക്കും.

ക്ഷീരസംഘം പ്രതിനിധികളെ വിളിച്ചുകൂട്ടി പദ്ധതി വിശിദീകരണം നടത്തുകയും നിലവിലെ സ്ഥിതി അവലോകനം ചെയ്യുകയുമാണ് പദ്ധതിയുടെ ആദ്യപടി. നിലവില്‍ ക്ഷീരസംഘങ്ങള്‍ പാല്‍ സംഭരിക്കുന്ന പ്രദേശങ്ങള്‍ സംഘം പ്രതിനിധികളുടെ സഹായത്തോടെ രേഖപ്പെടുത്തുകയും ബൈലോ പ്രകാരമുള്ള പ്രദേശങ്ങളും പാല്‍ സംഭരിക്കുന്ന പ്രദേശങ്ങളും താരതമ്യം ചെയ്ത് ഒരു സംഘത്തിന്റെയും പ്രവര്‍ത്തന മേഖലയല്ലാത്ത പ്രദേശങ്ങളെ രേഖപ്പെടുത്തുകയാണ് അടുത്തപടി. തുടര്‍ന്ന് സംഘം ഭരണസമിതിയുടെയും പൊതുയോഗത്തിന്റെയും അംഗീകാരത്തോടെ അതിരുകള്‍ സ്ഥിരീകരിക്കുകയും ക്ഷീര സഹകരണസംഘം രജിസ്ട്രാറുടെ അംഗീകാരത്തോടെ മാപ്പ് പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.

സംഘങ്ങളുടെ പ്രവര്‍ത്തനമില്ലാത്ത സ്ഥലങ്ങളെ ഏതെങ്കിലും സംഘത്തിന്റെ പരിധിയില്‍ ചേര്‍ക്കുകയോ പുതിയ ക്ഷീരസംഘങ്ങള്‍ രൂപീകരിക്കുകയോ ചെയ്യുന്നതിലൂടെ ക്ഷീരകര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്ന് ക്ഷീരവികസന ഓഫീസര്‍ പറഞ്ഞു. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ ക്ഷീരസംഗമത്തില്‍വച്ച് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് നിര്‍വഹിച്ചത്.

Related posts

നെല്ലുസംഭരണം സഹകരണ സംഘങ്ങളെ ഏല്‍പിച്ചുകൊണ്ട് സപ്ലൈകോ ഉടന്‍ ഉത്തരവിറക്കും

Indian Cooperator

നേരത്തെ രൂപവത്കരിച്ച കണ്‍സോര്‍ഷ്യം അവസാനിപ്പിച്ചു; പിരിച്ചെടുത്തത് 1881 കോടി

Indian Cooperator

സഹകരണ പെന്‍ഷന്‍ മൂന്നുശതമാനം കൂടി വര്‍ദ്ധിപ്പിച്ചു

Indian Cooperator
error: Content is protected !!