2002 ലെ സെക്യൂരിറ്റൈസേഷന്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്സ് ആന്റ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് (സര്‍ഫാസി ആക്ട്) പ്രകാരം ഈടുവസ്തു ലേലം ചെയ്താല്‍ 1952 ലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്സ് ആന്റ് മിസലേനിയസ് പ്രൊവിഷന്‍സ് ആക്ടിനു ( ഇ.പി.എഫ്. ആന്റ് എം.പി. ആക്ട് ) കീഴില്‍ വരുന്ന തൊഴിലാളികളുടെ പി.എഫ്.കുടിശ്ശിക തിരിച്ചുകൊടുക്കാന്‍ മുന്‍ഗണന നല്‍കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു. കഴിഞ്ഞദിവസം സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് വിനോദ്ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ സുപ്രധാനവിധി.
ഹൈക്കോടതിവിധിക്കെതിരെ മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലാ കേന്ദ്ര സഹകരണബാങ്ക് നല്‍കിയ അപ്പീല്‍ഹര്‍ജിയിലാണു സുപ്രീംകോടതിയുടെ വിധിയുണ്ടായത്. ജല്‍ഗാവ് സഹകരണബാങ്കില്‍നിന്നു വായ്പയെടുത്ത ഒരു സഹകരണ പഞ്ചസാരഫാക്ടറി അടച്ചുപൂട്ടിയതിനെത്തുടര്‍ന്നാണു ജില്ലാബാങ്ക് കേസ് കൊടുത്തത്.
പഞ്ചസാര ഉത്പാദിപ്പിക്കുന്ന സഹകരണസംഘം തങ്ങളുടെ സ്വത്തുക്കളും ചരക്കും ഈടു നല്‍കിയാണു ജല്‍ഗാവ് ജില്ലാ സഹകരണബാങ്കില്‍നിന്നു വായ്പയെടുത്തത്. എന്നാല്‍, നഷ്ടം കാരണം രണ്ടായിരത്തില്‍ പഞ്ചസാരഫാക്ടറി പൂട്ടി. ഇതേത്തുടര്‍ന്ന് അടുത്ത വര്‍ഷം ജില്ലാബാങ്ക് സഹകരണക്കോടതിയില്‍ കേസ് നല്‍കി. 30.24 കോടി രൂപ ( 30,24,32,954 രൂപ ) ബാങ്കിന് ഈടാക്കാമെന്നു കോടതി വിധിച്ചു. 2002 ല്‍ ഫാക്ടറി അടച്ചുപൂട്ടാന്‍ ലിക്വിഡേറ്ററെ വെച്ചു. സര്‍ഫാസിനിയമത്തിലെ 13 ( 2 ) വകുപ്പുപ്രകാരം 2006 ല്‍ ജില്ലാബാങ്ക് സഹകരണസംഘത്തിന്റെ സ്വത്തുക്കള്‍ സ്വന്തമാക്കി. പാട്ടക്കരാര്‍വ്യവസ്ഥയില്‍ മറ്റൊരു കമ്പനിക്കു ഒരു വര്‍ഷം പഞ്ചസാരഫാക്ടറി നടത്താന്‍ ജില്ലാബാങ്ക് വിട്ടുകൊടുത്തു. പക്ഷേ, അതു ഫലംകണ്ടില്ല. തുടര്‍ന്ന് ജില്ലാബാങ്ക്തന്നെ ഫാക്ടറി വീണ്ടും ഏറ്റെടുത്തു.
തങ്ങള്‍ക്കു കിട്ടാനുള്ള തുകകള്‍ക്കായി 2007 ല്‍ തൊഴിലാളികള്‍ വ്യവസായക്കോടതിയില്‍ കേസിനു പോയെങ്കിലും ഹര്‍ജി വൈകി എന്നുപറഞ്ഞ് തള്ളി. സഹകരണസംഘത്തിന്റെ വസ്തുക്കള്‍ വില്‍ക്കാന്‍ ജില്ലാബാങ്ക് ലേലത്തില്‍ വെച്ചു. തങ്ങള്‍ക്കു കുടിശ്ശികയായുള്ള വേതനവും പി.എഫ്.തുകയും കിട്ടാന്‍ സംഘത്തിലെ തൊഴിലാളികളും യൂണിയനും ഹൈക്കോടതിയില്‍ കേസു കൊടുത്തു. ജില്ലാബാങ്കിനു സഹകരണസംഘത്തിന്റെ സ്വത്തുക്കള്‍ ലേലം ചെയ്യാമെന്നും തുക പ്രത്യേക അക്കൗണ്ടിലിട്ട് അതില്‍നിന്നു തൊഴിലാളികള്‍ക്കു കൊടുക്കാനുള്ള ശമ്പളവും മറ്റു ബാധ്യതകളും പി.എഫ്.ബാധ്യതയും കൊടുത്തുതീര്‍ക്കണമെന്നും ഹൈക്കോടതി വിധിച്ചു. ഇതിനെതിരെയാണു ജല്‍ഗാവ് ജില്ലാ സഹകരണബാങ്ക് സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.
