Indian Cooperator

നാലു സഹകരണബാങ്കുകള്‍ക്ക് അഞ്ചര ലക്ഷം രൂപ റിസര്‍വ് ബാങ്ക് പിഴയിട്ടു

രാജ്യത്തെ ജില്ലാ കേന്ദ്രസഹകരണബാങ്കുകള്‍ക്കും അര്‍ബന്‍ബാങ്കുകള്‍ക്കുമെതിരായ റിസര്‍വ് ബാങ്കിന്റെ ശിക്ഷാനടപടികള്‍ തുടരുകയാണ്. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് നാലു സഹകരണബാങ്കുകള്‍ക്കാണ് ഇപ്പോള്‍ പിഴശിക്ഷ നല്‍കിയിരിക്കുന്നത്. ഇവയ്ക്കെല്ലാംകൂടി അഞ്ചര ലക്ഷം രൂപയാണു പിഴ ചുമത്തിയിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലാ സഹകരണബാങ്കിനു രണ്ടു ലക്ഷം രൂപയാണു പിഴ. നിങ്ങളുടെ ഉപഭോക്താവിനെ അറിയുക ( കെ.വൈ.സി ) എന്നതുസംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നതാണു കുറ്റം. 1949 ലെ ബാങ്കിങ്നിയന്ത്രണനിയമത്തിലെ 56-ാം സെക്ഷനിലെ വ്യവസ്ഥകള്‍ പാലിക്കാത്തതാണു ആന്ധ്രപ്രദേശിലെ കാക്കിനഡ ജില്ലാ കേന്ദ്ര സഹകരണബാങ്കിനു വിനയായത്. വ്യവസ്ഥ ലംഘിച്ചതിന് ഒരു ലക്ഷം രൂപ ബാങ്ക് പിഴയൊടുക്കണം. 56-ാം സെക്ഷനിലെ വ്യവസ്ഥയും കെ.വൈ.സി. മാനദണ്ഡവും പാലിക്കാത്തതിനാലാണ് ആന്ധ്രയിലെത്തന്നെ കര്‍ണൂല്‍ ജില്ലാ കേന്ദ്ര സഹകരണബാങ്കിന് ഒന്നര ലക്ഷം രൂപ പിഴയടയ്ക്കേണ്ടിവന്നത്. കര്‍ണാടക തുംകൂറിലെ ധാന്യവ്യാപാരികളുടെ സഹകരണബാങ്കിന് ഒരു ലക്ഷം രൂപയുടെ പിഴയും റിസര്‍വ് ബാങ്ക് വിധിച്ചു. സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിംവര്‍ക്കിലെ റിസര്‍വ് ബാങ്ക്നിര്‍ദേശങ്ങള്‍ പാലിച്ചില്ല എന്നതാണു ഈ സഹകരണബാങ്കിന്റെ കുറ്റം.

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു രണ്ട് അര്‍ബന്‍ബാങ്കുകള്‍ക്കും ഒരു ജില്ലാ കേന്ദ്ര സഹകരണബാങ്കിനും റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത് ദിവസങ്ങള്‍ക്കു മുമ്പാണ്. തമിഴ്നാട്ടിലെ കാഞ്ചീപുരം സഹകരണ ടൗണ്‍ബാങ്ക്, കര്‍ണാടകത്തിലെ ബഗല്‍ക്കോട്ട് ശ്രീബസവേശ്വര്‍ സഹകാരിബാങ്ക്, ബിഹാറിലെ നവാഡ കേന്ദ്ര സഹകരണബാങ്ക് എന്നിവയ്ക്കെതിരെയായിരുന്നു നടപടി. എല്ലാ ബാങ്കുകള്‍ക്കുംകൂടി ആകെ മൂന്നു ലക്ഷം രൂപ പിഴയിട്ടു. ഇതോടെ, വിവിധ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനു നവംബറില്‍മാത്രം പത്തു സഹകരണബാങ്കുകളെ റിസര്‍വ് ബാങ്ക് ശിക്ഷിച്ചുകഴിഞ്ഞു. ഇക്കൊല്ലം ഇതുവരെ പിഴശിക്ഷ വിധിക്കപ്പെട്ട സഹകരണബാങ്കുകളുടെ എണ്ണം ഇരുപത്തിനാലായി.

Related posts

അവകാശികളില്ലാതെറിസര്‍വ് ബാങ്കില്‍ കിടക്കുന്നത്72,000 കോടിയുടെ നിക്ഷേപം

Indian Cooperator

കറന്‍സിനോട്ടിനു ക്ഷാമം:സഹകരണബാങ്കുകള്‍പെടാപ്പാട് പെടുന്നു

Indian Cooperator

കേന്ദ്ര നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ കണക്ക് പുറത്തുവിട്ട് റിസര്‍വ് ബാങ്ക്

Indian Cooperator