Indian Cooperator

ഇന്ന് മുതല്‍ മൂന്നുദിവസം മില്‍മ പ്ലാന്റുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മില്‍മയുടെ ക്ഷീരോത്പാദനകേന്ദ്രങ്ങള്‍ ( ഡെയറികള്‍ ) സന്ദര്‍ശിക്കാനും ഡിസ്‌കൗണ്ട്നിരക്കില്‍ ഉത്പന്നങ്ങള്‍ വാങ്ങാനും ഇതാ അവസരം. ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായി നവംബര്‍ 24,25,26 തീയതികളില്‍ മില്‍മ ഡെയറികള്‍ സന്ദര്‍ശിക്കാം. രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് നാലരവരെയാണു സമയം.

ഡെയറികളുടെ പ്രവര്‍ത്തനം കണ്ടു മനസ്സിലാക്കാനും ഡിസ്‌കൗണ്ട് നിരക്കില്‍ ഇവിടങ്ങളില്‍നിന്ന് മില്‍മ ഉത്പന്നങ്ങള്‍ വാങ്ങാനും സാധിക്കുമെന്നു മലബാര്‍ മില്‍മ മാനേജിങ് ഡയറക്ടര്‍ കെ.സി. ജെയിംസ് അറിയിച്ചു. കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിനടുത്തുള്ള കാസര്‍ഗോഡ് ഡെയറി, ശ്രീകണ്ഠാപുരം മടമ്പത്തെ കണ്ണൂര്‍ ഡെയറി, കുന്നമംഗലം പെരിങ്ങൊളത്തെ കോഴിക്കോട് ഡെയറി, ബേപ്പൂരിലെ സെന്‍ട്രല്‍ പ്രോഡക്ട്സ് ഡെയറി, കല്‍പ്പറ്റ ചുഴലിയിലെ വയനാട് ഡെയറി, മലപ്പുറം മൂര്‍ക്കനാട്ടെ ഡെയറി, പാല്‍പ്പൊടിനിര്‍മാണശാല, പാലക്കാട് കല്ലേപ്പുള്ളിയിലെ പാലക്കാട് ഡെയറി എന്നിവയാണു സന്ദര്‍ശകര്‍ക്കായി തുറന്നിടുക. വിലക്കിഴിവില്‍ സാധനങ്ങള്‍ വാങ്ങാന്‍ എല്ലായിടത്തും പ്രത്യേക കൗണ്ടറുകളുണ്ടാവും.

മില്‍മ എന്നറിയപ്പെടുന്ന കേരള കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ( കെ.സി.എം.എം.എഫ് ) 2023 24 സാമ്പത്തികവര്‍ഷത്തെ വിറ്റുവരവ് 4346.67 കോടി രൂപയാണ്. മുന്‍വര്‍ഷത്തേതില്‍നിന്നുള്ള വളര്‍ച്ച 5.52 ശതമാനമാണ്. അക്കാലത്തു വിറ്റുവരവ് 4,119.25 കോടി രൂപയായിരുന്നു. തിരുവനന്തപുരം, എറണാകുളം, മലബാര്‍ എന്നിങ്ങനെ മൂന്നു മേഖലകളായാണു മില്‍മ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴജില്ലകളാണു തിരുവനന്തപുരം റീജിയന്റെ കീഴില്‍ വരിക. എറണാകുളം മേഖലയുടെ കീഴില്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കിജില്ലകളും മലബാര്‍ മേഖലയുടെ കീഴില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളുമാണുള്ളത്.

സംസ്ഥാന സഹകരണമന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള സഹകരണസ്ഥാപനമായ മില്‍മ 1980 ല്‍ ഓപ്പറേഷന്‍ ഫ്ളഡ് രണ്ടിന്റെ നടത്തിപ്പ്ഏജന്‍സിയായി തിരുവനന്തപുരം ആസ്ഥാനമായാണു രൂപംകൊണ്ടത്. ഗ്രാമതലത്തില്‍ പ്രാഥമിക ക്ഷീരോത്പാദക സഹകരണസംഘങ്ങളും മേഖലാതലത്തില്‍ റീജ്യണല്‍ ക്ഷീരോത്പാദക യൂണിയനുകളും സംസ്ഥാനതലത്തില്‍ അപക്സ് ബോഡിയായി കേരള കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷനും പ്രവര്‍ത്തിക്കുന്നു. കെ.എസ്. മണിയാണ് ഇപ്പോഴത്തെ ചെയര്‍മാന്‍.

Related posts

നേരത്തെ രൂപവത്കരിച്ച കണ്‍സോര്‍ഷ്യം അവസാനിപ്പിച്ചു; പിരിച്ചെടുത്തത് 1881 കോടി

Indian Cooperator

സഹകരണ മേഖലയില്‍ ജിമ്മും ടര്‍ഫും; യുവാക്കളെ ആകര്‍ഷിക്കാന്‍ ആശയങ്ങളേറെ

Indian Cooperator

കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശം സഹകരണ മേഖലയില്‍ അതിഗുരുതരമായ പ്രത്യാഘാതത്തിന് വഴിവെക്കുന്നത്

Indian Cooperator
error: Content is protected !!