Indian Cooperator

തരളധനം സംബന്ധിച്ച് രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയത് സര്‍ക്കാര്‍ പ്രത്യേക അധികാരം നല്‍കിയതിന് പിന്നാലെ

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനായി സഹകരണ സംഘങ്ങള്‍ പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിലേക്ക് നല്‍കുന്ന വായ്പ മുഴുവനും തരളധനമായി ( fluid resourcse ) കണക്കാക്കാമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ (6/2026 ) ഇറക്കി. പ്രാഥമിക സഹകരണ ബാങ്കുകളാണ് പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിലേക്ക് പ്രധാനമായും വായ്പ നല്‍കുന്നത്. 90 കോടിരൂപവരെ വായ്പ നല്‍കിയ ബാങ്കുകളുണ്ട്. ഇത്രയും തുക തരളധനമായി പരിഗണിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നതോടെ, ബാങ്കുകള്‍ക്ക് മറ്റുവായ്പകള്‍ക്ക് പണലഭ്യത കൂടും. സഹകാരികളും സഹകരണ ജീവനക്കാരുടെ സംഘടനകളും നിരന്തരമായി ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

സഹകരണ സംഘങ്ങളില്‍ നിയമപ്രകാരം സൂക്ഷിക്കേണ്ട തരളധനം ( fluid resourcse ) വ്യവസ്ഥകളില്‍ ആവശ്യാനുസരണം മാറ്റം വരുത്താന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിലേക്ക് നല്‍കുന്ന വായ്പ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താമെന്ന് കാണിച്ച് രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കാമെന്ന് സഹകരണ നിയമത്തില്‍ വരുത്തിയ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിരുന്നു. ചട്ടത്തിലും ഇതനുസരിച്ച് മാറ്റം വരുത്തിയാണ്.

കേരള സഹകരണ സംഘം നിയമം ചട്ടം 63 പ്രകാരം, ബാങ്കുകള്‍ പ്രവര്‍ത്തനമൂലധനമായി സ്വരൂപിക്കുന്ന നിക്ഷേപ തുകയുടെ നിശ്ചിത ശതമാനം, സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിനും രീതിയ്ക്കും വിധേയമായി തരളധനമായി സൂക്ഷിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓരോ ദിവസത്തിലേയും വ്യാപാരം അവസാനിക്കുന്ന സമയത്ത് കാലാവധി പൂര്‍ത്തിയായി തിരികെ കൊടുക്കുവാന്‍ അര്‍ഹമായ സ്ഥിര നിക്ഷേപത്തിന്റെ മുഴുവന്‍ തുകയും
ഓരോ ദിവസത്തിലേയും വ്യാപാരം അവസാനിക്കുന്ന സമയത്ത് തല്‍സമയ ബാദ്ധ്യതകളുടെ മൊത്തം തുകയുടെ 20 ശതമാനം തുകയുമാണ് തരളധനമായി സഹകരണ ബാങ്കുകളും സംഘങ്ങളും സൂക്ഷിക്കേണ്ടത്. നിക്ഷേപകര്‍ എത്തുമ്പോള്‍ പണം നല്‍കാനായി, എളുപ്പത്തില്‍ പണമായി മാറ്റാന്‍ കഴിയുന്ന വിധത്തില്‍ ഇത്രയും തുക നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ.

കേരള സഹകരണ സംഘം നിയമം വകുപ്പ് 57 (C) പ്രകാരം കണ്‍സോര്‍ഷ്യം സ്‌കീം ( Consortium Lending Scheme) പ്രകാരം, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേമായിട്ടാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍, സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുള്ള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനിയിലേക്ക് തുക നിക്ഷേപിക്കുന്നത്. ഈ കുക കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് തിരികെ ലഭിക്കുന്നതാണ്. ട്രഷറികളിലെ നിക്ഷേപം എന്നതു പോലെ സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുളള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനിയിലേക്ക് സംഘങ്ങള്‍ നല്‍കുന്ന നിക്ഷേപവും തരളധനമായി സംഘങ്ങളുടെ ആഡിറ്റില്‍ കണക്കാക്കുന്നതിന് സര്‍ക്കാരിന്റെ അനുമതിക്കായി അപേക്ഷിരുന്നു. സഹകരണ നിയമം വകുപ്പ് 63(1) പ്രകാരം തരളധനം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിന്, ചട്ടം 63(2) പ്രകാരം സഹകരണ സംഘം രജിസ്ട്രാറെ ചുമതലപ്പെടുത്തി. ഇതനുസരിച്ചാണ് ഇപ്പോള്‍ തരളധനത്തിന്റെ വ്യവസ്ഥയില്‍ പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിലേക്ക് നല്‍കുന്ന വായ്പയും രജിസ്ട്രാര്‍ ഉള്‍പ്പെടുത്തിയത്.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുളള സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പദ്ധതിയിലേക്ക് കൂടുതല്‍ തുക കണ്ടെത്തേണ്ടതുണ്ട്. സുരക്ഷിതമായ നിക്ഷേപമാണ് എന്നുള്ളതിനാല്‍ ഇതിലേക്ക് പണം നല്‍കാന്‍ കൂടുതല്‍ സംഘങ്ങള്‍ തയ്യാറാവുകയും ചെയ്യുന്നുണ്ട്. സഹകരണ നിയമത്തില വകുപ്പ് 57ഇ വ്യവസ്ഥ ചെയ്തിട്ടുള്ള Consortium Lending Scheme പ്രകാരം രൂപവത്കരിച്ചിട്ടുള്ള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിലേക്ക് സംഘങ്ങള്‍ നല്‍കുന്ന തുക 100 ശതമാനവും സര്‍ക്കാര്‍ ഗ്യാരണ്ടി ഉളളതാണ്. ഈ സാഹചര്യത്തിലാണ്, കണ്‍സോര്‍ഷ്യത്തിലേക്ക് നല്‍കുന്ന പണം കേരള സഹകരണ നിയമം ചട്ടം 63(IH) (g) പ്രകാരമുളള വ്യവസ്ഥകള്‍ക്ക് വിധേയമായി തരളധനമായി കണക്കാക്കാമെന്ന് രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയത്.

ഇത് സംബന്ധിച്ചുള്ള സര്‍ക്കുലറിന് ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

കണ്ടലബാങ്കിനു കാഞ്ഞിരം ബാങ്കിനും കേരള സഹകരണ ക്ഷേമവികസന പദ്ധതി വായ്പ 

Indian Cooperator

സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത 13 മുതല്‍ 47 ശതമാനം വരെ കൂട്ടി

Indian Cooperator

സഹകരണപുനരുദ്ധാരണനിധി:തുക വകമാറ്റാനും ധനസഹായംനല്‍കാനും മാര്‍ഗനിര്‍ദേശങ്ങളായി

Indian Cooperator