ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു രണ്ട് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കും ഒരു ജില്ലാ കേന്ദ്ര സഹകരണബാങ്കിനും റിസര്‍വ് ബാങ്ക് പിഴ വിധിച്ചു. ഈ മാസം പുറപ്പെടുവിച്ച ഉത്തരവനുസരിച്ചു മൂന്നു ബാങ്കുകള്‍ക്കുംകൂടി മൂന്നു ലക്ഷം രൂപയാണു പിഴ. തമിഴ്നാട്ടിലെ കാഞ്ചീപുരം സഹകരണ ടൗണ്‍ ബാങ്ക്, കര്‍ണാടകത്തിലെ ബഗല്‍ക്കോട്ട് ശ്രീ ബസവേശ്വര്‍ സഹകാരിബാങ്ക്, ബിഹാറിലെ നവാഡ കേന്ദ്ര സഹകരണബാങ്ക് എന്നിവയ്ക്കെതിരെയാണു റിസര്‍വ് ബാങ്ക് ശിക്ഷാനടപടിയെടുത്തത്.
നിങ്ങളുടെ ഉപഭോക്താക്കളെ അറിയുക ( കെ.വൈ.സി ) എന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനു കാഞ്ചീപുരം ടൗണ്‍ ബാങ്കിനു അമ്പതിനായിരം രൂപയാണു പിഴ. ബഗല്‍ക്കോട്ട് ശ്രീ ബസവേശ്വരി സഹകാരി ബാങ്ക് ഒരു ലക്ഷം രൂപയാണു പിഴയൊടുക്കേണ്ടത്. വരുമാനം നിര്‍ണയിക്കുന്നതിലും ആസ്തിയുടെ ക്ലാസിഫിക്കേഷനിലും നിക്ഷേപങ്ങളുടെ പലിശനിരക്കിലുമുള്ള മാനദണ്ഡങ്ങള്‍ തെറ്റിച്ചതാണു ബാങ്കിന്റെ കുറ്റം. നവാഡ കേന്ദ്ര സഹകരണബാങ്കിനു ഒന്നര ലക്ഷം രൂപയാണു പിഴയിട്ടത്. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളുടെ അംഗത്വംസംബന്ധിച്ച റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിച്ചില്ലെന്നതാണു പിഴശിക്ഷയ്ക്കു കാരണം.
ഈ മാസം ഇതുവരെയായി ആറ് സഹകരണബാങ്കുകളെയാണു റിസര്‍വ് ബാങ്ക് പിഴയടയ്ക്കാന്‍ ശിക്ഷിച്ചത്. ഈ വര്‍ഷത്തെ കണക്കെടുത്താല്‍ പിഴശിക്ഷയ്ക്കു വിധേയമായ സഹകരണബാങ്കുകളുടെ എണ്ണം ഇരുപതാണ്. കെ.വൈ.സി, സൈബര്‍സുരക്ഷ, മൂലധന അപര്യാപ്തത തുടങ്ങിയവസംബന്ധിച്ച ചട്ടങ്ങള്‍ ലംഘിച്ചതിനാലാണു പല സ്ഥാപനങ്ങള്‍ക്കും പിഴയടയ്ക്കേണ്ടിവന്നത്.
