Indian Cooperator

200 കോടി രൂപ വിറ്റുവരവുള്ളസഹകരണസംഘങ്ങള്‍ക്കുംസ്റ്റാര്‍ട്ടപ്പ് പദവി

ജിസ്റ്റര്‍ ചെയ്ത് പത്തു വര്‍ഷം പിന്നിട്ടിട്ടുള്ളതും രജിസ്‌ട്രേഷനുശേഷം ഏതെങ്കിലും സാമ്പത്തികവര്‍ഷം 200 കോടി രൂപ വിറ്റുവരവുള്ളതുമായ സഹകരണസംഘങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പായി അംഗീകാരം ലഭിക്കും. സ്റ്റാര്‍ട്ടപ്പുകളുടെ നിര്‍വചനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതിയെത്തുടര്‍ന്നാണു സഹകരണസംഘങ്ങളും സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ ഔപചാരികമായി ഉള്‍പ്പെട്ടത്. സ്റ്റാര്‍ട്ടപ്പുകളില്‍ ഡീപ് ടെക് സ്റ്റാര്‍ട്ടപ്പ് എന്ന പുതിയൊരു വിഭാഗവും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യയുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന, ഇരുപതു വര്‍ഷം പ്രവര്‍ത്തനപരിചയമുള്ള സ്ഥാപനങ്ങളാണു ഡീപ് ടെക് സ്റ്റാര്‍ട്ടപ്പ് വിഭാഗത്തിലുള്‍പ്പെടുക. ഇവയുടെ വിറ്റുവരവ് 300 കോടി രൂപയായിരിക്കണം. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ പ്രോത്സാഹന-ആഭ്യന്തരവ്യാപാര വകുപ്പാണു ( DPIIT )  സ്റ്റാര്‍ട്ടപ്പ്‌സംബന്ധിച്ച 2019  ഫെബ്രുവരി 19 ലെ വിജ്ഞാപനത്തിനു പകരം പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതിമുതല്‍ പുതിയ ഭേദഗതി നിലവില്‍ വരും. കേന്ദ്ര വ്യവസായ പ്രോത്സാഹന-ആഭ്യന്തരവ്യാപാര വകുപ്പിന്റെ പോര്‍ട്ടലിലാണു യോഗ്യതയുള്ള സ്ഥാപനങ്ങള്‍ സ്റ്റാര്‍ട്ടപ്പ്പദവിക്കായി അപേക്ഷിക്കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ബിസിനസ്സിന്റെ വിശദവിവരങ്ങളും നല്‍കണം. ഡീപ് ടെക് സ്റ്റാര്‍ട്ടപ്പിനായി അപേക്ഷിക്കുന്ന സ്ഥാപനങ്ങള്‍ അംഗീകാരത്തിനായി വേണ്ട കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കണം.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ലിമിറ്റഡ് കമ്പനി, പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനം, ക്ലിപ്തബാധ്യതയുള്ള പാര്‍ട്ട്ണര്‍ഷിപ്പ്, മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം എന്നിവയെയും അതതു സംസ്ഥാന / കേന്ദ്രഭരണപ്രദേശങ്ങളിലെ സഹകരണസംഘംനിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സഹകരണസംഘങ്ങളെയും പുതിയ വിജ്ഞാപനപ്രകാരം സ്റ്റാര്‍ട്ടപ്പുകളായി അംഗീകരിക്കും. പുതുമയുള്ള ഉത്പന്നങ്ങളുടെ നിര്‍മാണമോ സംസ്‌കരണമോ സേവനമോ നടത്തുന്ന സ്ഥാപനങ്ങളായിരിക്കണം. അതുപോലെ, തൊഴില്‍സാധ്യത സൃഷ്ടിക്കുന്നവിധത്തിലോ സമ്പത്തുണ്ടാക്കുന്ന വിധത്തിലോ വളര്‍ച്ച പ്രാപിക്കാന്‍ സാധ്യതയുള്ള മാതൃകാബിസിനസ് നടത്തുന്നവരുമാകണം. സ്റ്റാര്‍ട്ടപ്പ് പദവി ദുരുപയോഗം ചെയ്യുന്നതു തടയാനും വ്യവസ്ഥയുണ്ട്. നിലവിലുള്ള ബിസിനസ് വിഭജിച്ചോ അഴിച്ചുപണിതോ ഉണ്ടാക്കുന്ന സ്ഥാപനങ്ങളെ സ്റ്റാര്‍ട്ടപ്പായി പരിഗണിക്കുന്നതല്ല. ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളുള്‍പ്പെടെ സ്റ്റാര്‍ട്ടപ്പുകളൊന്നും റിയല്‍ എസ്റ്റേറ്റിലോ വാഹനവ്യവസായത്തിലോ ജ്വല്ലറിയിലോ നിക്ഷേപം നടത്താന്‍ പാടില്ല. വായ്പാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ പാടില്ല.  

സഹകരണസംഘങ്ങളുടെ നേതൃത്വത്തില്‍ കാര്‍ഷിക- ഗ്രാമവികസനരംഗങ്ങളിലും അനുബന്ധമേഖലകളിലും നവസംരംഭങ്ങള്‍ തുടങ്ങാന്‍ സ്റ്റാര്‍ട്ടപ്പുകള്‍വഴി സാധിക്കും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയനുസരിച്ചു പുതിയ സംരംഭങ്ങള്‍ക്ക് ആദ്യവര്‍ഷങ്ങളില്‍ നികുതിയില്‍ ഇളവുകള്‍ കിട്ടും. കൂടാതെ, സര്‍ക്കാരില്‍നിന്നു സാമ്പത്തികസഹായവും വായ്പയും പേറ്റന്റ് രജിസ്‌ട്രേഷനില്‍ ഇളവും കിട്ടും.

ലോകത്ത് ഏറ്റവുമധികം സ്റ്റാര്‍ട്ടപ്പുകളുള്ള രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാംസ്ഥാനത്താണ്. അമേരിക്കയാണ് ഒന്നാംസ്ഥാനത്ത്. ചൈന രണ്ടാംസ്ഥാനത്തും. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ പ്രോത്സാഹന-ആഭ്യന്തരവ്യാപാര വകുപ്പിന്റെ 2025 ഡിസംബര്‍വരെയുള്ള കണക്കനുസരിച്ചു രണ്ടു ലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്.

Related posts

മഹാത്മാഗാന്ധിയുടെ ആശയത്തില്‍ തുടങ്ങിയ സേവ വനിതാസംഘങ്ങളില്‍ പ്രൊഫഷണല്‍ രീതി ഉറപ്പാക്കാനുള്ള ദൗത്യത്തിനിറങ്ങുന്നു

Indian Cooperator

വിരമിക്കല്‍ആനുകൂല്യങ്ങള്‍ ജീവനക്കാരന്റെ അവകാശമെന്ന് ആന്ധ്ര ഹൈക്കോടതി

Indian Cooperator

കര്‍ണാടകയില്‍ സംഘത്തില്‍നിന്നു 65 കോടി തട്ടി സ്വത്ത് വാങ്ങിക്കൂട്ടിയ പ്രസിഡന്റിനെയും ഭര്‍ത്താവിനെയും ഇ.ഡി. പൂട്ടി

Indian Cooperator
error: Content is protected !!