Indian Cooperator

വായ്പാവിതരണത്തിലും നിക്ഷേപത്തിലും വളര്‍ച്ച പ്രകടമാക്കി പൊതുമേഖലാബാങ്കുകള്‍

ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യമൂന്നുപാദത്തിലെ കണക്കെടുമ്പോള്‍ രാജ്യത്തെ പൊതുമേഖലാബാങ്കുകളുടെ പ്രകടനം മികച്ച നിലവാരത്തില്‍. മുന്‍വര്‍ഷം ഇതേകാലത്തെക്കാള്‍ 12.59 ശതമാനമാണ് ലാഭത്തിലെ വര്‍ധന. സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ലാഭം രണ്ടുലക്ഷം കോടിരൂപ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് കേന്ദ്ര സാമ്പത്തികസേവനവകുപ്പ് സെക്രട്ടറി എം. നാഗരാജു പറയുന്നത്. നിലവില്‍ രാജ്യത്തെ പൊതുമേഖലാബാങ്കുകളുടെ വായ്പാവളര്‍ച്ച 12 ശതമാനത്തിനടുത്താണ്. മികച്ച നിലവാരമാണിത്. നിക്ഷേപവളര്‍ച്ച പത്തുശതമാനമായും തുടരുന്നു.

2025-26ല്‍ ആദ്യ ആറുമാസംകൊണ്ടുതന്നെ ബാങ്കുകളുടെ ലാഭം ഒരു ലക്ഷം കോടി രൂപയ്ക്കടുത്തെത്തിയിരുന്നു. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 12 പൊതുമേഖലാ ബാങ്കുകളും ചേര്‍ന്നുണ്ടാക്കിയ ലാഭം 52,693 കോടി രൂപയാണ്. ആദ്യപാദത്തില്‍ 44,218 കോടി രൂപയായിരുന്നു ബാങ്കുകളുടെ ലാഭമെങ്കില്‍ രണ്ടാം പാദത്തിലിത് 49,456 കോടിയായി ഉയര്‍ന്നു. ഒമ്പതുമാസത്തെ പൊതുമേഖലാബാങ്കുകളുടെ മൊത്തം ലാഭം 1,46,367 കോടി രൂപ. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 1,29,995 കോടി രൂപയായിരുന്നു ഇത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ.യുടെ കരുത്തിലാണ് ഈ മുന്നേറ്റം. അതേസമയംതന്നെ മുന്‍നിരയിലുള്ള മറ്റുബാങ്കുകള്‍ ലാഭം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു.

21,028 കോടി രൂപയുമായി എസ്.ബി.ഐ.യാണ് ലാഭത്തില്‍ മുമ്പിലുള്ളത്. കനറാ ബാങ്ക് (5155 കോടി രൂപ), യൂണിയന്‍ ബാങ്ക് (5107 കോടി രൂപ), പഞ്ചാബ് നാഷണല്‍ ബാങ്ക് (5100 കോടി രൂപ), ബാങ്ക് ഓഫ് ബറോഡ (5055 കോടി രൂപ) എന്നിങ്ങനെയാണ് ലാഭം. ഇന്ത്യന്‍ ബാങ്ക് (3061 കോടി), ബാങ്ക് ഓഫ് ഇന്ത്യ (2705 കോടി), ബാങ്ക് ഓഫ് മഹാരാഷ്ട്ര (1779 കോടി), ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (1365 കോടി), സെന്‍ട്രല്‍ ബാങ്ക് (1263 കോടി), യൂകോ ബാങ്ക് (739 കോടി), പഞ്ചാബ് സിന്ധ് ബാങ്ക് (336 കോടി) എന്നിങ്ങനെയാണ് ലാഭം.

കഴിഞ്ഞ മൂന്നുസാമ്പത്തികവര്‍ഷവും പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ലാഭം ഒരുലക്ഷം കോടി കവിഞ്ഞിരുന്നു. 2022-23 ല്‍ 1.04 ലക്ഷം കോടി രൂപയായിരുന്നു. 2023-24ലിത് 1.41 ലക്ഷം കോടിയായും 2024-25ല്‍ 1.78 ലക്ഷം കോടിയായും ഉയര്‍ന്നു. ഇത്തവണ ആദ്യ ഒമ്പതുമാസക്കായളവില്‍ത്തന്നെ 1.46 ലക്ഷം കോടിയിലെത്തി. ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തിയിലും ഗണ്യമായ കുറവുണ്ടായി. യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയ്ക്കുമാത്രമാണ് ഇത്തവണ മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ.) മൂന്നുശതമാനത്തിനുമുകളിലുള്ളത്. 2.54 ലക്ഷം കോടി രൂപയാണ് മൊത്തം നിഷ്‌ക്രിയ ആസ്തിയായുള്ളത്. സെപ്റ്റംബര്‍ 31നിത് 2.65 ലക്ഷം കോടി രൂപയായിരുന്നു. മൂലധനപര്യാപ്തതയിലും കിട്ടാക്കടത്തിനുള്ള പ്രൊവിഷനിങ്ങിലും ബാങ്കുകളെല്ലാം മികച്ച നിലയിലാണെന്നും പ്രവര്‍ത്തനഫലങ്ങള്‍ വ്യക്തമാക്കുന്നു.

Related posts

ഉപഭോക്താവിന്റെ വീഴ്ചകൊണ്ട് തട്ടിപ്പ് നടന്നാലും നഷ്ടപരിഹാരം ലഭിക്കും; പദ്ധതിയുടെ കരട് ഉടന്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും

Indian Cooperator

ചട്ടം പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്; 15 ദിവസത്തിനകം തുക കൈമാറിയില്ലെങ്കില്‍ ബാങ്ക് പിഴ പലിശ നല്‍കണം.

Indian Cooperator

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം; തിങ്കളാഴ്ച അവസാന തീയതി

Indian Cooperator
error: Content is protected !!