Indian Cooperator

മഹാത്മാഗാന്ധിയുടെ ആശയത്തില്‍ തുടങ്ങിയ സേവ വനിതാസംഘങ്ങളില്‍ പ്രൊഫഷണല്‍ രീതി ഉറപ്പാക്കാനുള്ള ദൗത്യത്തിനിറങ്ങുന്നു

പ്രാഥമിക സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്താനുള്ള കര്‍മ്മപരിപാടി തയ്യാറാക്കി രംഗത്തിറങ്ങുകയാണ് പുണെയിലെ വൈകുണ്ഠമേത്ത ദേശീയ സഹകരണ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ( വാമ്നികോം ). തീരദേശത്തുടനീളമുള്ള മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളെ ശാക്തീകരിക്കാനും നവീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത് മഹാരാഷ്ട്രയിലാണ്. ഇതിന് പിന്നാലെ, വനിതാ, തൊഴിലാളി സഹകരണസംഘങ്ങളെ ശാക്തീകരിക്കാനുള്ള നടപടികളാരംഭിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സംസ്ഥാന വനിതാ സേവ സഹകരണഫെഡറേഷനുമായി കൈകോര്‍ത്താണു വനിതാ, തൊഴിലാളിസംഘ ശാക്തീകരണത്തിനു പരിപാടികള്‍ തയാറാക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ വാമ്നികോമും സേവയും ഒപ്പുവെച്ചു. വാമ്നികോം ഡയറക്ടര്‍ ഡോ. സുവാ കാന്ത മൊഹന്തിയും സേവ ഫെഡറേഷന്‍ പ്രതിനിധി ജിഗിഷാ മഹേതയുമാണ് ഇരുകൂട്ടര്‍ക്കുംവേണ്ടി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. വനിതകളുടെയും തൊഴിലാളികളുടെയും നേതൃത്വത്തില്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളെ ശാക്തീകരിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.

വരുമാനസുരക്ഷിതത്വം, മറ്റു സ്ഥാപനങ്ങളുടെ പിന്തുണ നേടല്‍, പ്രൊഫഷണല്‍ പരിശീലനം എന്നീ കാര്യങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന സഹകരണസംഘങ്ങളുടെ ഉയര്‍ച്ച സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇരുകൂട്ടരും പ്രവര്‍ത്തിക്കുക. വനിതകളുടെ നേതൃത്വത്തിലുള്ള 112 സഹകരണസംഘങ്ങളെ സംഘടിപ്പിക്കുന്നതിലും അവയെ മുന്നോട്ടു നയിക്കുന്നതിലും അഞ്ചു പതിറ്റാണ്ടിലധികം കാലത്തെ അനുഭവസമ്പത്തുണ്ട് സേവയ്ക്ക്.

ഏറ്റവും താഴെത്തട്ടിലുള്ള യാഥാര്‍ഥ്യവും നേരിടുന്ന വെല്ലുവിളികളും നന്നായി അറിയാവുന്ന സേവയ്ക്കു സാമൂഹികാടിസ്ഥാനത്തില്‍ വിജയകരമായ പദ്ധതികള്‍ ആവിഷ്‌കരിച്ചുള്ള പരിചയവും ഏറെയാണ്. ഗുജറാത്തിലുള്ള ആയിരക്കണക്കിനു അസംഘടിത സ്ത്രീത്തൊഴിലാളികള്‍ക്കു മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ കൂട്ടായ ശക്തിയും സാമ്പത്തികസ്വാതന്ത്ര്യവും നേടിക്കൊടുക്കുന്നതില്‍ വിജയിച്ച സംഘടനയാണു സേവ.

രാജ്യത്തെ സഹകരണ മാനേജ്മെന്റ്്സ്ഥാപനങ്ങളില്‍ മുന്‍നിരയിലുള്ള വാമ്നികോമിനു തങ്ങളുടെ അക്കാദമികമികവും ഗവേഷണരംഗത്തെ കരുത്തും ഭരണനിര്‍വഹണത്തിലെ പരിചയവും സഹകരണസംഘങ്ങളുടെ ഉന്നമനത്തിന് ഏറെ പ്രയോജനപ്പെടുത്താനാവും. സഹകരണമേഖലയിലെ ഭരണനിര്‍വഹണം, സാമ്പത്തികസാക്ഷരത, സംരംഭവികസനം, ഡിജിറ്റലൈസേഷന്‍ തുടങ്ങിയവയില്‍ ഊന്നിക്കൊണ്ടുള്ള പരിശീലനപരിപാടികള്‍ക്കും വാമ്നികോം രൂപം നല്‍കും. വാമ്നികോമിലെ വിദ്യാര്‍ഥികള്‍ക്കും ഈ സഹകരണപദ്ധതി ഏറെ ഗുണം ചെയ്യും. സേവയുടെ നേതൃത്വത്തിലുള്ള സംഘങ്ങളെപ്പറ്റി നേരിട്ടു പഠിക്കാനും താഴെത്തട്ടിലുള്ള സഹകരണസംരംഭങ്ങളെ കൂടുതല്‍ മനസ്സിലാക്കാനും അവര്‍ക്ക് അവസരം കിട്ടും.

പ്രമുഖ ഗാന്ധിയനായ ഇളബെന്‍ ഭട്ട് 1972 ല്‍ രൂപംകൊടുത്ത സേവ ( സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ – SEWA ) രാജ്യത്തെ സ്ത്രീത്തൊഴിലാളികളുടെ ഏറ്റവും വലിയ ട്രേഡ് യൂണിയനാണ്. 18 സംസ്ഥാനങ്ങളിലായി പടര്‍ന്നുകിടക്കുന്ന ഈ പ്രസ്ഥാനത്തില്‍ പാവപ്പെട്ട 32 ലക്ഷം വനിതകള്‍ അംഗങ്ങളാണ്. എല്ലാവര്‍ക്കും തൊഴിലും സ്വാശ്രയത്വവുമാണു സേവയുടെ ലക്ഷ്യം.

മഹാരാഷ്ട്രയിലെ ആറു തീരദേശജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 266 മത്സ്യത്തൊഴിലാളിസഹകരണസംഘങ്ങളിലെ 1,14,000 അംഗങ്ങളെ ശാക്തീകരിക്കാനാണു വാമ്നികോം മുന്നോട്ടുവന്നിരിക്കുന്നത്. മത്സ്യത്തൊഴിലാളിസംഘങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി വാമ്നികോം ഇക്കഴിഞ്ഞ നവംബര്‍ ഏഴു മുതല്‍ പതിമൂന്നു വരെ തീരദേശങ്ങളില്‍ ബോധവത്കരണ, പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. മത്സ്യത്തൊഴിലാളിസംഘങ്ങളെ വിവിധോദ്ദേശ്യ ( മള്‍ട്ടി പര്‍പ്പസ് ) സഹകരണസംഘങ്ങളാക്കിമാറ്റി മത്സ്യത്തൊഴിലാളികളുടെ വരുമാനവും സംഘങ്ങളിലെ ഭരണനിര്‍വഹണശേഷിയും വര്‍ധിപ്പിക്കുകയും സഹകരണരംഗത്തെ പുത്തന്‍രീതികളോട് സംഘാംഗങ്ങള്‍ക്കു താത്പര്യമുണ്ടാക്കുകയുമാണു പരിശീലനപരിപാടിയിലൂടെ വാമ്‌നികോം ലക്ഷ്യമിടുന്നത്.

Related posts

കോടതി വിധിക്ക് കാത്തുനില്‍ക്കാതെ നിയമഭേദഗതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഭരണസമതി അംഗങ്ങളുടെ അയോഗ്യത പ്രാബല്യത്തിലാക്കി

Indian Cooperator

അര്‍ബന്‍, റൂറല്‍ ബാങ്കുകള്‍ക്ക്കടിഞ്ഞാണുമായി റിസര്‍വ് ബാങ്ക്; ഹിഡന്‍ അജണ്ട പാടില്ല

Indian Cooperator

ആന്ധ്രയില്‍ പ്രാഥമിക വായ്പാസംഘങ്ങളിലെജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പളവര്‍ധന

Indian Cooperator
error: Content is protected !!