‘
മാധ്യമവാര്‍ത്തകള്‍ക്ക് പിന്നില്‍ കൃത്യമായ സാമ്പത്തിക താല്‍പര്യങ്ങളുണ്ടെന്ന് സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായി എളമരം കരീം പറഞ്ഞു. ‘ഇന്ത്യന്‍ കോഓപ്പറേറ്റര്‍’ indiancooperator എന്ന പുതിയ ഓണ്‍ലൈന്‍ വാര്‍ത്താചാനലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയുടെ ശക്തി സാധാരണക്കാരുടെയും തൊഴിലാളികളുടെയും കൂട്ടായ്മയാണ്. അതിന്റെ സാമ്പത്തിക ഉള്ളടക്കം കോര്‍പ്പറേറ്റ് വിരുദ്ധ രീതിയുമാണ്. അതുകൊണ്ട്, സഹകരണ മേഖലയ്‌ക്കെതിരെയുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയകാലത്ത് ഒരു മാധ്യമം നടത്തിക്കൊണ്ടുപോകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, ചില കാര്യങ്ങള്‍ അനിവാര്യമാകാറുണ്ട്. അത്തരമൊരു അനിവാര്യതയാണ് ‘ഇന്ത്യന്‍ കോഓപ്പറേറ്ററി’നുള്ളത്. സഹകരണ മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കുന്നത് തെറ്റായ പ്രചരണങ്ങളാണ്.

‘ഇന്ത്യന്‍ കോഓപ്പറേറ്റര്‍’ ഓണ്‍ലൈന്‍ വാര്‍ത്താചാനല്‍ സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു
വലിയ പ്രചാരമുള്ള അച്ചട-ദൃശ്യ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് പൂര്‍ണമായും സത്യമല്ല. തെറ്റായതും ഊതിപ്പെരുപ്പിച്ചതുമായ വാര്‍ത്തകളാണ് ഈ മേഖലയ്‌ക്കെതിരെ ഉയരുന്നത്. ഇതിനെ പ്രതിരോധിക്കണമെങ്കില്‍ സത്യം വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്.
അത്തരത്തില്‍ സഹകരണ മേഖലയിലെ സത്യം വിളിച്ചുപറയാനുള്ള ഉത്തരവാദിത്തമാണ് ‘ഇന്ത്യന്‍ കോഓപ്പറേറ്റര്‍’ ഏറ്റെടുക്കേണ്ടത്. ആ സത്യം വീണ്ടും സമൂഹമാധ്യമങ്ങളിലടക്കം ആര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുക എന്നത് സഹകരണ ജീവനക്കാരും സഹകാരികളുമെല്ലാം ഏറ്റെടുക്കേണ്ട ദൗത്യവുമാണ്. കോര്‍പ്പറേറ്റ് അജണ്ടയെ നേരിടാന്‍ കൂട്ടായ്മയോടെ ഇത്തരം കാര്യങ്ങള്‍ക്ക് എതിരെ ശബ്ദിക്കുക എന്നത് മാത്രമാണ് പോംവഴി എന്നും അദ്ദേഹം പറഞ്ഞു.
പാക്‌സ് അസോസിയേഷനും ഒപ്പമുണ്ട്
സഹകരണ മേഖലയുടെ ശബ്ദമായി ഇന്ത്യന്‍ കോഓപ്പറേറ്ററിനെ മാറ്റുവാന്‍ പാക്‌സ് അസോസിയേഷനും ഒപ്പമുണ്ടാകുമെന്ന് ഭാരവാഹികളായി വി.നിര്‍മ്മലനും അഡ്വ.ജി.സി. പ്രശാന്ത് കുമാറും ചടങ്ങില്‍ പറഞ്ഞു. സഹകരണ പ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചുപറയാന്‍ കഴിയുന്ന വിധത്തിലുള്ള വളര്‍ച്ച ഇന്ത്യന്‍ കോഓപ്പറേറ്ററിനുണ്ടാകട്ടെയെന്നും അതിന് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഇ.പ്രേം കുമാര്‍ പറഞ്ഞു. സഹകരണ വകുപ്പ് കോഴിക്കോട് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എന്‍.എം.ഷീജ, കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ രാമചന്ദ്രന്‍, പ്രസിഡന്റ് പി.എം.വഹീദ, ട്രഷറര്‍ പി.എസ്. ജയചന്ദ്രന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുനില്‍കുമാര്‍, സെക്രട്ടറി എം.കെ.ശശി, കെ.ബൈജു, മീഡിയ കണ്‍വീനര്‍ എ.ജി.വിനീത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
