സംസ്ഥാന സഹകരണബാങ്കുകളുടെ ദേശീയ ഫെഡറേഷനായ നാഫ്സ്കോബി ( NAFSCOB – നാഷണല് ഫെഡറേഷന് ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ലിമിറ്റഡ് ) ലേക്കുള്ള തിരഞ്ഞെടുപ്പുപ്രക്രിയക്കു തുടക്കം കുറിച്ചു. ഇരുപത്തിയൊന്നംഗ ഡയറക്ടര് ബോര്ഡിനെയാണു തിരഞ്ഞെടുക്കേണ്ടത്. നാഫ്സ്കോബില് 33 അംഗങ്ങളാണ് ആകെയുള്ളത്. എന്നാല്, ഇതില് വോട്ടവകാശമുള്ള കേരളം ഉള്പ്പെടെ 25 സംസ്ഥാനസഹകരണബാങ്കുകളുടെയും അതിന്റെ പ്രതിനിധികളുടെയും താത്കാലികപട്ടികയാണിപ്പോള് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അരുണാചല്പ്രദേശ്, ബിഹാര്, ജമ്മു ആന്റ് കശ്മീര്, മണിപ്പൂര്, നാഗാലാന്റ്, പുതുച്ചേരി, സിക്കിം, ത്രിപുര എന്നിവിടങ്ങളിലെ സംസ്ഥാനബാങ്കുകളുടെ വോട്ടര്മാര് പട്ടികയിലില്ല.
താത്കാലികലിസ്റ്റില് ആര്ക്കെങ്കിലും പരാതിയുണ്ടെങ്കില് ഒക്ടോബര് ഒമ്പതു വരെ അറിയിക്കാം. അന്തിമ വോട്ടര്പട്ടിക ഒക്ടോബര് 16 നു പുറത്തിറക്കും. തിരഞ്ഞെടുപ്പ് ആവശ്യമായി വന്നാല് നവംബര് അഞ്ചിനു നടക്കും. മുന്ഭരണസമിതിയുടെ കാലാവധി 2025 ഡിസംബര് 28നാണ് അവസാനിച്ചത്.
