ബാങ്കിങ് മേഖലയില്‍ തട്ടിപ്പുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ബാങ്കേഴ്‌സ് ബുക്ക് എവിഡന്‍സ് ആക്ടില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തുന്നു. ഇതിനുള്ള ബില്‍ നമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബാങ്ക് തട്ടിപ്പുകേസുകളില്‍ ഡിജിറ്റല്‍, വെര്‍ച്വല്‍ രേഖകളും കോടതിയില്‍ തെളിവുകളായി അനുവദിക്കുന്നതിന് വ്യവസ്ഥചെയ്യുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ധധനകാര്യമേഖലയിലെ ഏതു സ്ഥാപനത്തെയും ഉപാധികളോടെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നതുമാണ് ഈ ബില്‍. അതിനാല്‍, സഹകരണ ബാങ്കുകളെയും സംഘങ്ങളെയും കേന്ദ്രസര്‍ക്കാരിന് വേണമെങ്കില്‍ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാകും.
1891 മുതല്‍ നിലവിലിരിക്കുന്ന നിയമം മാറ്റിയാണ് പുതിയ ബില്‍. ഡിജിറ്റല്‍ ബാങ്കിങ് സംവിധാനം വന്‍തോതില്‍ വളര്‍ന്ന സാഹചര്യത്തില്‍ ബാങ്ക് രേഖകളെല്ലാം ഡിജിറ്റല്‍ശേഖരത്തിലേക്ക് മാറികഴിഞ്ഞിട്ടുണ്ട്. അതിനാല്‍, നിയമസംവിധാനവും പരിഷ്‌ക്കരിക്കണ്ടതിനാലാണ് പുതിയ ബില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. പഴയ ബില്ലില്‍ ബാങ്കേഴ്‌സ് ബുക്‌സ് എവിഡന്‍സ് ആക്ടിന്റെ പരിധിയില്‍ ബാങ്ക് രേഖകളായ ലെഡ്ജര്‍ ഉപഭോക്താക്കളുടെയടക്കം ഒപ്പുകള്‍ പതിപ്പിച്ച കടലാസുകളും മാത്രമായി പരിമിതപ്പെട്ടിരുന്നു. ഇതിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.
പുതിയ ബില്ലിലെ നിര്‍വചനപ്രകാരം ബാങ്കുകളില്‍ സൂക്ഷിക്കുന്ന നേരിട്ട് സമര്‍പ്പിക്കപ്പെട്ട രേഖകളും ഇലക്ട്രോണിക്, ഡിജിറ്റല്‍, വെര്‍ച്വല്‍, ക്ലൗഡ് സ്റ്റോറേജ് രേഖകളും ഉള്‍പ്പെടും. കേസുകളില്‍ ബാങ്ക് മാനേജര്‍മാര്‍ നേരിട്ടെത്തി ഒപ്പിട്ടുനല്‍കുന്നതിനുപകരം അവരുടെ ഡിജിറ്റല്‍, ഇലക്ട്രോണിക് ഒപ്പുകള്‍ നിശ്ചിത ഫോര്‍മാറ്റില്‍ ലഭ്യമാക്കാനും അനുവാദമുണ്ടാകും. ബാങ്കുദ്യോഗസ്ഥരെ ആവശ്യമില്ലാതെ കോടതി കയറ്റുന്ന തൊഴിവാക്കാനാണിത്. അതേസമയം, കോടതിയില്‍ നേരിട്ടുഹാജരാകേണ്ടതുണ്ടെങ്കില്‍ അത് ഈ നിയമപ്രകാരം ഒഴിവാക്കുന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ കോടതിയില്‍ നേരിട്ടു ഹാജരാകണം.
