Indian Cooperator

നാല് അര്‍ബന്‍ ബാങ്കുകള്‍ക്കുകൂടി ഷെഡ്യൂള്‍ഡ് ബാങ്ക് പദവി

രാജ്യത്തെ നാല് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കുകൂടി റിസര്‍വ് ബാങ്ക് ഷെഡ്യൂള്‍ഡ്ബാങ്ക് പദവി അനുവദിച്ചു. 1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യനിയമത്തിലെ രണ്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയതോടെയാണ് ഈ നാലു ബാങ്കുകള്‍ക്കും ഷെഡ്യൂള്‍ഡ് പദവി ലഭിച്ചത്. ഇവയില്‍ രണ്ട് അര്‍ബന്‍ബാങ്കുകള്‍ ഗുജറാത്തിലാണ്. ഓരോന്നുവീതം ബംഗാളിലും മഹാരാഷ്ട്രയിലും. രാജ്യത്തെ അര്‍ബന്‍ സഹകരണബാങ്കിങ് മേഖലയുടെ വളരുന്ന ശക്തിയ്ക്കും സ്ഥിരതയ്ക്കും ഭരണനിര്‍വഹണനിലവാരത്തിനും ലഭിക്കുന്ന വലിയൊരു അംഗീകാരമായാണ് ഈ നീക്കത്തെ ബാങ്കിങ്മേഖല വിശേഷിപ്പിക്കുന്നത്.

വാരാച്ച അര്‍ബന്‍ബാങ്ക്, പ്രൈം അര്‍ബന്‍ബാങ്ക് ( രണ്ടും ഗുജറാത്ത് ), കോണ്ടൈ അര്‍ബന്‍ബാങ്ക് ( ബംഗാള്‍ ), ശ്രീ വീര്‍ശൈവ അര്‍ബന്‍ബാങ്ക് ( മഹാരാഷ്ട്ര ) എന്നിവയ്ക്കാണു ഷെഡ്യൂള്‍ഡ് പദവി ലഭിച്ചിരിക്കുന്നത്. പ്രധാന അംഗീകാരമായി കരുതപ്പെടുന്ന ഷെഡ്യൂള്‍ഡ്ബാങ്ക് പദവിയോടെ ബാങ്കിന്റെ വിശ്വാസ്യത വര്‍ധിക്കുകയും സാമ്പത്തികനില ശക്തിപ്പെടുകയും ചെയ്യും. മാത്രവുമല്ല, റിസര്‍വ് ബാങ്കില്‍നിന്നുള്ള ലിക്വിഡിറ്റി പിന്തുണയും മുഖ്യ സാമ്പത്തികപ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തമുള്‍പ്പെടെയുള്ള കാര്യങ്ങളും ലഭിക്കും. ഗുജറാത്തിലെ സൂറത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൈം അര്‍ബന്‍ബാങ്കിനും വാരാച്ച അര്‍ബന്‍ബാങ്കിനും ബാങ്കിങ്മേഖലയില്‍ മൂന്നു ദശകത്തിലധികംകാലത്തെ പ്രവര്‍ത്തനപരിചയമുണ്ട്. 2026 മാര്‍ച്ച് 31 ന് രണ്ടു ബാങ്കുകളും സാമ്പത്തികനിലയില്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ട്. പ്രൈം ബാങ്കിന്റെ ബിസിനസ് 4,500 കോടി രൂപയും വാരാച്ച ബാങ്കിന്റെ ബിസിനസ് 7,000 കോടി രൂപയും കടന്നിരിക്കുകയാണ്.

79 കൊല്ലത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള ബംഗാളിലെ കോണ്ടൈ അര്‍ബന്‍ബാങ്കിന്റെ ബിസിനസ് 2,400 കോടി രൂപയും 84 കൊല്ലം പഴക്കമുള്ള മഹാരാഷ്ട്രയിലെ ശ്രീ വീര്‍ശൈവ അര്‍ബന്‍ബാങ്കിന്റെ ബിസിനസ് 2,000 കോടി രൂപയും കടന്നിരിക്കുന്നു. നിക്ഷേപകന്റെ വിശ്വാസമുയര്‍ത്താനും വളര്‍ച്ചക്കുള്ള പുതിയ അവസരമൊരുക്കാനും സഹകരണബാങ്കിങ്സംവിധാനം ശക്തിപ്പെടുത്താനും റിസര്‍വ് ബാങ്കിന്റെ ഈ നടപടി പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. അര്‍ബന്‍ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് ഷെഡ്യൂള്‍ഡ് പദവി നല്‍കിയിട്ട് രണ്ടു ദശകത്തിലധികമായി. പുണെ ആസ്ഥാനമായുള്ള വിശ്വേശ്വര്‍ സഹകാരിബാങ്കിനു ഈയിടെ ഷെഡ്യൂള്‍ഡ്പദവി കൊടുത്തുകൊണ്ടാണു റിസര്‍വ് ബാങ്ക് ആ നിലപാടില്‍ മാറ്റം വരുത്തിയത്.

2025-26 ലെ റിസര്‍വ് ബാങ്ക് ഡേറ്റയനുസരിച്ച് രാജ്യത്തിപ്പോള്‍ 121 ഷെഡ്യൂള്‍ഡ് കമേഴ്സ്യല്‍ ബാങ്കുകളും നാലു നോണ്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളുമാണുള്ളത്. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കു ബാങ്ക്നിരക്കില്‍ റിസര്‍വ് ബാങ്കില്‍നിന്നു വായ്പ ലഭിക്കും. ക്ലിയറിങ് ഹൗസില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് അംഗത്വവും കിട്ടും.

Related posts

സംസ്ഥാനത്ത് സജീവമായി വ്യാജ ട്രേഡിങ് ആപ്പുകള്‍, തട്ടിപ്പിന് നിര്‍മ്മിതബുദ്ധിയും

Indian Cooperator

എ.ടി.എമ്മുകള്‍ പൂട്ടുന്നു; പൊതുമേഖലാബാങ്കുകള്‍ പൂട്ടിയത് 1000ല്‍ അധികം

Indian Cooperator

അവകാശികളില്ലാതെറിസര്‍വ് ബാങ്കില്‍ കിടക്കുന്നത്72,000 കോടിയുടെ നിക്ഷേപം

Indian Cooperator