കോഴിക്കോട് : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് പകിട്ട് കൂട്ടി പ്രകടനവും പൊതുസമ്മേളനവും മെഗാ മ്യൂസിക്കൽ ലൈവും. ബീച്ച് ഫ്രീഡം സ്ക്വയറിൽ ഒരുക്കിയ വിഎസ് അച്യുതാനന്ദൻ നഗറിലാണ് പരിപാടികൾ നടന്നത്. പൊതുസമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം. വി ജയരാജൻ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് സർക്കാർ ജനപക്ഷത്ത് അല്ല ജനവിരുദ്ധരുടെ പക്ഷത്താണ്, നാലുമാസത്തിനകം സർക്കാർ നമ്മെ ദ്രോഹിക്കുന്നു എന്ന് തിരിച്ചറിയണം എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മുഖ്യ മന്ത്രി വി ഡി സതീശൻ മലപ്പുറത്ത് പോകാൻ ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന് 27 ലക്ഷം രൂപയിൽ അധികം ചിലവ് വരും, മുഖ്യമന്ത്രിക്ക് ഫ്ലൈറ്റിലും ഹെലികോപ്റ്ററും യാത്ര ചെയ്യാൻ പണം നൽകുന്നത് ആരാണെന്നാണ് കേരളത്തിന് അറിയേണ്ടത്. നല്ല സുഹൃത്താണ് ഫ്ലൈറ്റ് യാത്ര സ്പോൺസർ എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത് , ഏതാണ് ഈ സുഹൃത്ത് ? ആ സുഹൃത്തിനു വേണ്ടിയാണോ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വിൽക്കുന്നതിൽ കണ്ണടച്ചത് എന്ന് പറയാനുള്ള ബാധ്യത കേരളത്തിൻറെ മുഖ്യമന്ത്രിക്ക് ഇല്ലേ എന്നും എം വി ജയരാജൻ.
മുഖ്യമന്ത്രി ഇങ്ങനെ ചെയ്യുമ്പോൾ റോവറിൽ എങ്കിലും പോകണ്ടേ എന്നാണ് മന്ത്രി കെ എം ഷാജിയുടെ ആലോചന എന്നും ജയരാജൻ പരിഹസിച്ചു. മന്ത്രിക്ക് വാഹനം ഉപയോഗിക്കാൻ വാഹന ഉടമയുമായി സർക്കാർ ലീസ് കരാർ ഒപ്പുവയ്ക്കണം. അവിടെയാണ് സത്യപ്രതിജ്ഞ ലംഘനം ഉണ്ടാക്കുന്നതും പാരിതോഷികമാവുന്നതും. കേരളത്തിലെ മന്ത്രിമാർ ജനങ്ങളുടെ മന്ത്രിമാർ അല്ല സമ്പന്നന്മാരുടെ സമ്പത്ത് സൂക്ഷിക്കുന്ന കാവൽക്കാരാണ് എന്നും എം വി ജയരാജൻ വിമർശിച്ചു.
കേന്ദ്രസർക്കാർ നടപ്പാക്കാൻ പോകുന്ന ലേബർ കോഡ് തൊഴിലാളികളെ ഭിന്നിപ്പിക്കുന്നതാണ് . ഈ നയം നടപ്പാക്കുന്നതിൽ ബിജെപിയെക്കാൾ വലിയ രാജഭക്തിയാണ് കോൺഗ്രസിന് . സയാമീസ് ഇരട്ടകളെ പോലെയാണ് കോൺഗ്രസും ബിജെപിയും പെരുമാറുന്നത് ,ബിജെപിയുടെ ജനദ്രോഹനയത്തെ കേരളത്തിലെ യുഡിഎഫ് പിന്തുണക്കുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.
സിഐടിയു സംസ്ഥാന പ്രസിഡൻറ് ടി പി രാമകൃഷ്ണൻ, സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെഎൻ ഗോപിനാഥ്, യൂണിയൻ ജനറൽ സെക്രട്ടറി രാമചന്ദ്രൻ സംസ്ഥാന പ്രസിഡണ്ട് പി എം വഹീദ തുടങ്ങിയവർ പൊതു സമ്മേളനത്തിൽ പങ്കെടുത്തു. കണ്ണൂർ ഷെരീഫ് അവതരിപ്പിച്ച ഗാന മേളയോടെ ആണ് പൊതു സമ്മേളനം അവസാനിച്ചത്
