2026 അന്താരാഷ്ട്ര വനിതാകര്‍ഷക വര്‍ഷമായാണ് ഐക്യരാഷ്ട്രസംഘടന ആഘോഷിക്കുന്നതെങ്കിലും ഈ വര്‍ഷം ടെക്‌നോളജിരംഗത്ത് ഏറെ കുതിച്ചുചാട്ടമുണ്ടാകുമെന്നാണു കരിയര്‍വിദഗ്ധര്‍ കരുതുന്നത്.
എ.ഐ.യും മെഷീന്‍ ലേണിങ്ങും കരുത്താര്‍ജിക്കും. റോബോട്ടിക്‌സ്, ഓട്ടമേഷന്‍, ക്ലൗഡ് സിസ്റ്റം തുടങ്ങിയവ വിപുലപ്പെടും. ഒരു കോടി പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള മൈക്രോസോഫ്റ്റിന്റെ എ.ഐ.പ്രൊജക്ട് ഇന്ത്യയില്‍ വന്‍മാറ്റങ്ങളുണ്ടാക്കും. ഡോ.ടി.പി. സേതുമാധവന്‍ എഴുതുന്നു.
2026 ടെക്‌നോളജി വര്‍ഷം
പുതുവര്‍ഷം വനിതാകര്‍ഷകരുടെ അന്താരാഷ്ട്രവര്‍ഷമായാണ് ഐക്യരാഷ്ട്ര സംഘടന ആഘോഷിക്കുന്നത്. ഭക്ഷ്യോത്പാദനത്തിലെ വനിതകളുടെ പങ്ക് 2026 ല്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഭക്ഷ്യസുരക്ഷ, പോഷണം, ദാരിദ്ര്യലഘൂകരണം, ലിംഗസമത്വം എന്നീ മേഖലകളില്‍ വനിതാകര്‍ഷകരുടെ സംഭാവനയ്ക്ക് ഏറെ ഊന്നല്‍ നല്‍കുന്ന വര്‍ഷമാണിത്. 2026 ല്‍ സുസ്ഥിരവികസനത്തിനു കൂടുതല്‍ പ്രാധാന്യം കിട്ടും.
വനിതാകര്‍ഷക വര്‍ഷമായിരിക്കുമെങ്കിലും ടെക്‌നോളജിക്കു കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന വര്‍ഷമായിരിക്കും 2026 എന്നാണു കരിയര്‍വിദഗ്ധര്‍ കരുതുന്നത്. സഹകരണമേഖലയുടെ വര്‍ഷമായിരുന്നു 2025. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവ 2026 ല്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണു പ്രതീക്ഷ. ഇതിനാനുപാതികമായി തൊഴില്‍മേഖലയിലും ഉന്നതവിദ്യാഭ്യാസമേഖലയിലും മാറ്റങ്ങളുണ്ടാകും. സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ ലിറ്ററസി, ക്രിയേറ്റിവിറ്റി, സംരംഭകത്വം, ഓണ്‍ലൈന്‍ ലേണിംഗ്, ഹൈബ്രിഡ് ലേണിംഗ് എന്നിവയില്‍ വലിയ വളര്‍ച്ച പ്രതീക്ഷിക്കുന്നു. റോബോട്ടിക്‌സ്, ഓട്ടമേഷന്‍, ഡിസൈന്‍, എഞ്ചിനീയറിംഗ്, ക്ലൗഡ് സിസ്റ്റം എന്നിവ വിപുലപ്പെടാന്‍ സാധ്യതകളേറെയാണ്. ഡേറ്റ സയന്റിസ്റ്റുകള്‍ക്കും പരിസ്ഥിതി, കാലാവസ്ഥാമാറ്റം എന്നിവയില്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും. പാരമ്പര്യേതര ഊര്‍ജം, അഗ്രിബിസിനസ്, അഗ്രിടെക്‌നോളജി, ഹെല്‍ത്ത് കെയര്‍, ബയോമെഡിക്കല്‍ സിസ്റ്റം, വ്യക്തിഗത ജനറ്റിക്സ് നഴ്‌സിംഗ്, ബയോടെക്‌നോളജി എന്നിവ വളര്‍ച്ച കൈവരിക്കും. ബിസിനസ് ആന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇ-കൊമേഴ്സ്, ഫിന്‍ടെക്, നഴ്സിംഗ്, പാരാമെഡിക്കല്‍ സിസ്റ്റംസ് എന്നിവയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ രൂപപ്പെടാനിടയുണ്ട്. കണ്ടന്റ് ക്രിയേഷന്‍, അനിമേഷന്‍, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, കോമിക്സ്, ഗെയിമിംഗ്, ഗെയിമിംഗ് ടെക്‌നോളജി എന്നിവയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ 2026 ലുണ്ടാകും.
മീഡിയ, ഡിജിറ്റല്‍മേഖല
കരുത്താര്‍ജിക്കും
രാജ്യത്തെ മീഡിയ, എന്റര്‍ടെയിന്‍മെന്റ് മേഖല പുതുവര്‍ഷത്തില്‍ കരുത്താര്‍ജിക്കാനാണു സാധ്യത. 2028 ആകുമ്പോഴേക്കും 8.3 ശതമാനം CAGR ( Compound Annual Grow Rate ) കൈവരിച്ച് 3,65,000 കോടി രൂപയുടെ വളര്‍ച്ച ഇന്ത്യ കൈവരിക്കുമെന്നാണു കണക്കാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ ഇന്ത്യ ഈ രംഗത്ത് എട്ടാം സ്ഥാനത്തെത്തും. ഡിജിറ്റല്‍ അഡ്വര്‍ടൈസിങ് വന്‍വളര്‍ച്ച നേടും. ഒ.ടി.ടി. പ്ലാറ്റുഫോമുകള്‍, ഓണ്‍ലൈന്‍ ഗെയിമിംഗ്, ജനറേറ്റീവ് എ.ഐ, വീഡിയോ ഓണ്‍ ഡിമാന്റ് സേവനം എന്നിവയിലും റീറ്റെയ്ല്‍ രംഗത്തും രാജ്യം 2026 അവസാനമാകുമ്പോഴേക്കും കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് അനുമാനിക്കുന്നത്. ഇതിനാനുപാതികമായി ക്രിയേറ്റിവിറ്റി, ഡിസൈന്‍കോഴ്‌സുകള്‍ ശക്തിപ്പെടും.
2026 ല്‍ എ.ഐ. തന്നെയാകും താരം. ഐ.ടി. കമ്പനികള്‍ ജനറേറ്റീവ് എ.ഐ. പരീക്ഷണത്തില്‍നിന്നും പദ്ധതിനടത്തിപ്പിലേക്കാണു പ്രാധാന്യം നല്‍കുന്നത്. എ.ഐ.ക്കുവേണ്ടി കോര്‍പറേറ്റുകള്‍ ചെലവാക്കുന്ന തുകയില്‍ ആറിരട്ടി വര്‍ധനവുണ്ടാകും. ഗൂഗിള്‍ ക്ലൗഡ്, ക്യാപ് ജമിനി, ഐ.ബി.എം. മുതലായ കമ്പനികള്‍ 2026 ല്‍ കൂടുതല്‍ മുതല്‍മുടക്കും.
മൈക്രോസോഫ്റ്റ്
എ.ഐ. പ്രൊജക്ട്
മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ നടപ്പാക്കുന്ന മെഗാ എ.ഐ. പ്രൊജക്ട് ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് ഏറെ ഗുണകരമാകും. എ.ഐ. ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ക്ലൗഡ് കമ്പ്യൂട്ടിങ്, എ.ഐ. അധിഷ്ഠിത സ്‌കില്‍വികസനം എന്നിവയില്‍ 2030 ആകുമ്പോഴേക്കും ഒരു കോടി പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടാണു പദ്ധതി ഇന്ത്യയില്‍ നടപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്കും ഈ പ്രൊജക്ട് ഏറെ പ്രയോജനപ്പെടും. എ.ഐ.മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയില്‍ മുന്തിയ പരിഗണന ലഭിക്കും.
മൂന്നു ബില്യണ്‍ അമേരിക്കന്‍ ഡോളറാണു മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ മുതല്‍മുടക്കുന്നത്. എ.ഐ. റിസര്ച്ച്ലാബുകള്, ഡേറ്റ സെന്ററുകള്‍ എന്നിവ രാജ്യത്തു കൂടുതലായി വിപുലപ്പെടും.
എച്ച് 1 ബി വിസയിലെ പ്രതിസന്ധിമൂലം ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ കുറയുമ്പോള്‍ മൈക്രോസോഫ്റ്റിന്റെ എ.ഐ. പ്രൊജക്ട് മൂലം പ്രതിവര്‍ഷം രണ്ടു ലക്ഷത്തോളം ബിരുദധാരികള്‍ക്കു രാജ്യത്തെ ഐ.ടി.സേവനമേഖലയില്‍ തൊഴിലവസരം ലഭിക്കും.
ഉപരിപഠനം: ഇന്ത്യക്കാരുടെ
എണ്ണം 12 ലക്ഷമാകും
മികച്ച തൊഴില്‍ ലഭിക്കാന്‍ മികവുറ്റ സ്‌കില്ലുകള്‍ ആവശ്യമായി വരും. അപ് സ്‌കില്ലിങ്, റീ സ്‌കില്ലിങ് എന്നിവ വിപുലപ്പെടും. ബിരുദത്തിനുശേഷം വിദേശത്തു ഉപരിപഠനം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം പ്രതിവര്‍ഷം 12 ലക്ഷമായി ഉയരും. ന്യൂ ജനറേഷന്‍കോഴ്‌സ് തേടി വിദേശത്തേക്കുള്ള ഒഴുക്ക് വര്‍ധിക്കും. ടെക്‌നോളജി, പരിസ്ഥിതി, സുസ്ഥിരവികസനം, കാലാവസ്ഥാമാറ്റം എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകളില്‍ ചേരാന്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ താത്പര്യം പ്രകടിപ്പിക്കും. അമേരിക്ക, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനു പോകാനായിരിക്കും കൂടുതല്‍ വിദ്യാര്‍ഥികള്‍ താത്പര്യപ്പെടുക. 2026 ല്‍ ഇന്ത്യയില്‍ കൂടുതല്‍ സ്വകാര്യ, ഡീംഡ് യൂണിവേഴ്‌സിറ്റികള്‍ രൂപംകൊള്ളാനിടയുണ്ട്. കൂടുതല്‍ വിദേശയൂണിവേഴ്‌സിറ്റി കാമ്പസുകള്‍ ഇവിടേക്കു വരാനും സാധ്യത ഏറെയാണ്.
2026 ല്‍ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്, ലിബറല്‍ ആര്‍ട്‌സ്, സോഷ്യല്‍ സയന്‍സസ്, മാനേജ്മെന്റ് എന്നിവയില്‍ വന്‍വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. സേവനമേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കും. വിദേശത്തേക്കു പോകുന്ന വിദ്യാര്‍ഥികള്‍ കൂടുതലും മാനേജ്‌മെന്റ്്, എ.ഐ.കോഴ്‌സുകളാവും ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കായി തിരഞ്ഞെടുക്കുക. പ്ലസ് ടു വിനുശേഷം അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമിനു വിദേശത്തു പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും നല്ല വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്.
ആര്‍.പി.എല്‍. കരട്
നിര്‍ദേശങ്ങള്‍
പഠിച്ച മേഖലകളെ അംഗീകരിക്കുന്ന Recognition of Prior Learning (RPL) കരടുനിര്‍ദേശങ്ങള്‍ യു.ജി.സി. പുറത്തിറക്കി. നിലവിലുള്ള അറിവ്, തൊഴില്‍നൈപുണ്യം, പ്രവൃത്തിപരിചയം എന്നിവ വിലയിരുത്തിയാണു കരട് പ്രസിദ്ധീകരിച്ചത്. ഫോര്‍മല്‍, നോണ്‍ ഫോര്‍മല്‍, ഇന്‍ഫോര്‍മല്‍ അടക്കമുള്ള ആര്‍ജിതപഠനവും സ്‌കില്ലും ഇതില്‍പെടുന്നു. ആര്‍ജിതകഴിവുകളും അറിവും സ്‌കില്ലുകളും വിലയിരുത്തി കോഴ്‌സുകളും തൊഴിലിലെ പുരോഗതിയും കണ്ടെത്താന്‍ ഇതുപകരിക്കും. ദേശീയ വിദ്യാഭ്യാസനയം 2020 ല്‍ തൊഴില്‍ലഭ്യതാമികവിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇതിനായി നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്കില്‍ അക്കാഡമിക്, വൊക്കേഷണല്‍, എക്‌സ്പീരിയന്‍ഷ്യല്‍ ക്രെഡിറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണനിര്‍വഹണം, ഗുണമേന്മ, സഹകരണം, തൊഴില്‍ലഭ്യതാമികവ് എന്നിവയ്ക്ക് ആര്‍.പി.എല്ലില്‍ പ്രാധാന്യം ഉറപ്പുവരുത്തിയീട്ടുണ്ട്.
