Indian Cooperator

സഹകരണമികവിന്റെലോകത്തെപ്പറ്റിഐ.സി.എ. പ്രസിഡന്റിന്റെപുതിയ പുസ്തകം വരുന്നു

ഐ.സി.എ. ( അന്താരാഷ്ട്ര സഹകരണ സഖ്യം ) പ്രസിഡന്റ് ഏരിയല്‍ ഗ്വാര്‍കോ മൂന്നാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. സാമൂഹിക-സാമ്പത്തികരംഗങ്ങളില്‍ ലോകമെങ്ങും സഹകരണപ്രസ്ഥാനം കൈവരിച്ചിട്ടുള്ള നേട്ടങ്ങളുടെ സാക്ഷ്യപത്രമായിരിക്കും ഈ പുസ്തകം. ആഗോളതലത്തിലെ വെല്ലുവിളികള്‍ക്കു പ്രാദേശികതലത്തില്‍ സഹകരണമേഖല എങ്ങനെയെല്ലാം പരിഹാരം കണ്ടെത്തിയെന്ന് ഈ പുസ്തകം ലോകത്തോട് പറയും. താന്‍ സന്ദര്‍ശിച്ച എഴുപതിലധികം രാജ്യങ്ങളിലെ സഹകാരികളുമായി നടത്തിയ കൂടിക്കാഴ്ചകളില്‍നിന്നും അതതിടത്തെ സഹകരണപ്രസ്ഥാനത്തെ അടുത്തറിഞ്ഞ ഒരു സഹകാരി എന്ന നിലയിലുള്ള നേരനുഭവങ്ങളില്‍നിന്നുമായിരിക്കും ഈ പുസ്തകം രൂപംകൊള്ളുക.

നൂറിലധികം രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന മുന്നൂറിലധികം സഹകരണസംഘടനകളെ പ്രതിനിധാനം ചെയ്യുന്ന വലിയൊരു പ്രസ്ഥാനമാണ് ഐ.സി.എ. അതിന്റെ നായകന്‍ ഇരുപത്തിയെട്ടോളം കേസ് സ്റ്റഡികളെ ആധാരമാക്കിയാണു പുസ്തകം തയ്യാറാക്കുന്നത്. സഹകരണസംഘങ്ങള്‍ എങ്ങനെയാണു വിവിധ ഭൂഭാഗങ്ങളിലെ ജനജീവിതങ്ങളെ മെച്ചപ്പെടുത്തിയതെന്നും സുസ്ഥിരവികസനത്തിനു എന്തു സംഭാവനയാണ് അവ നല്‍കിയതെന്നും ഗ്വാര്‍കോയുടെ പുസ്തകം വിശദീകരിക്കും. ഈ ഉദാഹരണങ്ങളിലൂടെ, ജനാധിപത്യപങ്കാളിത്തവും സമത്വവും ഐക്യദാര്‍ഢ്യവുംപോലുള്ള സഹകരണമൂല്യങ്ങളെ എങ്ങനെ പ്രായോഗികതലങ്ങളിലെത്തിച്ചു എന്ന് അദ്ദേഹം ലോകത്തിനു പറഞ്ഞുകൊടുക്കും.

കാലാവസ്ഥാവ്യതിയാനം, അസമത്വം, മാന്യമായ തൊഴില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം ആഗോളസ്വഭാവമാണെങ്കിലും ഇവയ്‌ക്കെല്ലാം സമൂഹത്താല്‍ നയിക്കപ്പെടുന്ന സഹകരണമാതൃകകളിലൂടെ പ്രാദേശികതലത്തില്‍ പരിഹാരം ഉയര്‍ന്നുവരുന്നുണ്ടെന്നു ഗ്വാര്‍കോ വിശ്വസിക്കുന്നു. തൊഴിലാളികളെ ശാക്തീകരിക്കുകയും തദ്ദേശീയസമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും അവശ്യസേവനരംഗങ്ങളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുകയും  ചെയ്തിട്ടുള്ള സഹകരണപ്രസ്ഥാനത്തിന്റെ വിജയകഥകളിലൂടെ ഈ തത്വമാണ് അദ്ദേഹം അടിവരയിട്ടു പറയുന്നത്.

2017 ല്‍ മലേഷ്യയിലെ കോലാലംപൂരില്‍ നടന്ന ഐ.സി.എ. ജനറല്‍ അസംബ്ലിയിലാണ് അര്‍ജന്റീനക്കാരനായ ഏരിയല്‍ ഗ്വാര്‍കോ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സ്വന്തം രാജ്യത്തെ അറിയപ്പെടുന്ന സഹകരണപ്രസ്ഥാനനേതാവായിരുന്ന ഗ്വാര്‍കോ അമേരിക്കന്‍ ഭൂഖണ്ഡത്തിലും പിന്നീട് ലോകമെങ്ങുമുള്ള സഹകരണമേഖലയുമായി അഭേദ്യമായ അടുപ്പം പുലര്‍ത്തിപ്പോന്നു. അര്‍ജന്റീനയിലെ സഹകരണസംഘങ്ങളുടെ കോണ്‍ഫെഡറേഷനായ കോ-ഓപറാറിന്റെ പ്രസിഡന്റായിരുന്ന ഗ്വാര്‍കോ 2013 ല്‍ ഐ.സി.എ.യുടെ ബോര്‍ഡംഗമായി. 74 സഹകരണഫെഡറേഷനുകളുടെ കൂട്ടായ്മയായ കോ-ഓപറാറില്‍ 5000 സഹകരണസംഘങ്ങളും ഒരു കോടി അംഗങ്ങളുമാണുള്ളത്. ബ്യൂണസ്അയേഴ്‌സിലെ വൈദ്യുത-പൊതുസേവന സഹകരണസംഘങ്ങളുടെ ഫെഡറേഷന്റെ പ്രസിഡന്റുകൂടിയായിരുന്ന ഗ്വാര്‍കോ ‘  അര്‍ജന്റീനയിലെ സഹകരണപ്രസ്ഥാനം- ഭാവിയിലേക്കുള്ള പ്രതീക്ഷാനിര്‍ഭരമായ നോട്ടം ‘  എന്ന പുസ്തകമാണ് ആദ്യം എഴുതിയത്. രണ്ടാമത്തെ പുസ്തകം 2020 ലാണിറങ്ങിയത്. സഹകരണതത്വങ്ങളുടെ കര്‍മപഥത്തെക്കുറിച്ചാണിതില്‍ പ്രതിപാദിച്ചിരുന്നത്. മൂന്നാമത്തെ പുസ്തകത്തില്‍ ഇന്ത്യയിലെ പ്രമുഖ സഹകരണസ്ഥാപനങ്ങളായ അമുല്‍, ഇഫ്‌കോ, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം എന്നിവയെക്കുറിച്ചും ഗ്വാര്‍കോയുടെ വിലയിരുത്തലുണ്ടാകും എന്നു നമുക്കു പ്രതീക്ഷിക്കാം.

Related posts

ട്രംപ് അയയുന്നു;  തേങ്ങ, തേയില,മാമ്പഴം തുടങ്ങിയവയുടെഅധികത്തീരുവ നീക്കി

Indian Cooperator

സ്വതന്ത്രവ്യാപാരക്കരാറില്‍ വിയറ്റ്‌നാം സഹകരണമേഖലയും; സ്ഥാപനങ്ങള്‍ക്ക് പരിശീലനം

Indian Cooperator

സംഘങ്ങള്‍വഴി പാലുത്പാദനം കൂട്ടാന്‍ ഇന്‍ഡോനേഷ്യയില്‍ തീവ്രയജ്ഞം

Indian Cooperator