രാജ്യത്തെ ആയിരത്തിയഞ്ഞൂറോളം വരുന്ന അര്‍ബന്‍ സഹകരണബാങ്കുകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ദീര്‍ഘകാല പരിശീലനപദ്ധതിയായ സാക്ഷം മിഷനു റിസര്‍വ് ബാങ്ക് തുടക്കം കുറിച്ചു. അര്‍ബന്‍ബാങ്കുകളിലെ ഏതാണ്ട് 1.4 ലക്ഷം ആളുകളെ ഇതിന്റെ ഭാഗമായി പരിശീലിപ്പിക്കും. ബാങ്ക് ഭരണസമിതിയംഗങ്ങള്‍ക്കും ഡയറക്ടര്‍മാര്‍ക്കും പരിശീലനം നല്‍കും. കാര്യക്ഷമതാവികസനസംരംഭം എന്നതാണു മിഷന്‍ സാക്ഷം കൊണ്ടുദ്ദേശിക്കുന്നത്. ഏപ്രില്‍ 28 നു റിസര്‍വ് ബാങ്ക് ഈ പരിശീലനപദ്ധതിക്കു തുടക്കമിട്ടുകഴിഞ്ഞു.
വലിയ തോതിലുള്ള ഈ പരിശീലനപദ്ധതിയിലൂടെ ജീവനക്കാരുടെ നൈപുണ്യവികസനം, ഭരണനിര്‍വഹണശേഷി കൂട്ടല്‍, ബാങ്കിന്റെ പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കല്‍ എന്നിവയാണു ലക്ഷ്യമിടുന്നത്. ‘ സഹകാരി ബാങ്ക് ക്ഷമതാ നിര്‍മാണ്‍ ‘ എന്നതിന്റെ ചുരുക്കമാണു സാക്ഷം. ഇതു വെറുമൊരു പരിശീലനപദ്ധതി മാത്രമല്ലെന്നാണു റിസര്‍വ് ബാങ്ക് പറയുന്നത്. അര്‍ബന്‍ബാങ്കുകളുടെ പ്രവര്‍ത്തനം ദീര്‍ഘകാലപദ്ധതിയിലൂടെ പുതുകാലത്തിനനുസരിച്ചു രൂപാന്തരപ്പെടുത്തുക എന്നതാണു ലക്ഷ്യമിടുന്നത്. അര്‍ബന്‍ബാങ്ക് ഭരണസമിതിയംഗങ്ങള്‍, ഡയറക്ടര്‍മാര്‍, സീനിയര്‍ മാനേജര്‍മാര്‍, റിസ്‌ക്- കംപ്ലയന്‍സ്- ഓഡിറ്റ് വിഭാഗം മേധാവികള്‍, ഐ.ടി – ടെക്‌നിക്കല്‍ സ്റ്റാഫ്, നിര്‍ണായകപ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കുന്ന ജീവനക്കാര്‍ എന്നിവരൊക്കെ സാക്ഷം ദൗത്യത്തിന്റെ കീഴില്‍ വരും. നേതൃതലത്തിലും നടപ്പാക്കല്‍തലത്തിലും ഒരേസമയം ശേഷി മെച്ചപ്പെടുത്തുകവഴി മൊത്തത്തില്‍ സ്ഥാപനത്തിനുതന്നെ കരുത്തുണ്ടാകുമെന്നു റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നു.
ചെറുകിട ബിസിനസ്സുകാര്‍, പ്രാദേശിക സമൂഹങ്ങള്‍, ഇടത്തരം വരുമാനക്കാര്‍ എന്നിവര്‍ക്കിടയില്‍ ബാങ്കിങ്‌സേവനം നിര്‍വഹിക്കുന്ന അര്‍ബന്‍ സഹകരണബാങ്കുകള്‍ രാജ്യത്തിന്റെ സാമ്പത്തികസംവിധാനത്തില്‍ പ്രധാനപങ്കാണു നിര്‍വഹിക്കുന്നതെന്നു റിസര്‍വ് ബാങ്ക് കരുതുന്നു. എങ്കിലും, ഈ മേഖല ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ബാങ്കുകളിലെ ദുര്‍ബലമായ ഭരണനിര്‍വഹണസംവിധാനം, പ്രൊഫഷണലുകളുടെ അഭാവം, സാങ്കേതികപരമായ പരിമിതികള്‍ എന്നിവയാണു പ്രധാനപ്രശ്‌നങ്ങള്‍. ഇവയെ നേരിട്ട് ബാങ്കിങ്‌സംവിധാനത്തില്‍ അറിവിന്റെയും നൈപുണ്യത്തിന്റെയും വിശ്വാസ്യതയുടെയും ബലവത്തായ അടിത്തറ കെട്ടിപ്പടുക്കുകയാണു ലക്ഷ്യം. ഹ്രസ്വകാല പരിശീലനപരിപാടികളില്‍നിന്നു വ്യത്യസ്തമായി നിരന്തരമായ പഠനത്തിലൂടെ സുസ്ഥിരമായൊരു സംവിധാനം സൃഷ്ടിക്കുകയാണു മിഷന്‍ സാക്ഷം കൊണ്ടുദ്ദേശിക്കുന്നത്. പരിശീലനവും നൈപുണ്യവികസനവും ഒറ്റത്തവണത്തെ ശ്രമങ്ങളേക്കാളുപരി ഒരു തുടര്‍പ്രക്രിയയായി കാണാനാണു റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത്. ഈ പ്രക്രിയയിലൂടെ സാമ്പത്തികനിയന്ത്രണവും സാങ്കേതികമായ കുതിപ്പും വിപണിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള രീതികള്‍ സ്വായത്തമാക്കാനുള്ള കഴിവും അര്‍ബന്‍ബാങ്കുകള്‍ കൈവരിക്കുമെന്നു റിസര്‍വ് ബാങ്ക് കരുതുന്നു.
അര്‍ബന്‍ സഹകരണബാങ്കുകളുടെ അംബ്രല്ല സംഘടന, സഹകരണരംഗത്തെ വിവിധ ഫെഡറേഷനുകള്‍ എന്നിവയുമായി നടത്തിയ ഒട്ടേറെ കൂടിയാലോചനകള്‍ക്കുശേഷമാണു മിഷന്‍ സാക്ഷത്തിനു റിസര്‍വ് ബാങ്ക് രൂപം കൊടുത്തത്. അര്‍ബന്‍ സഹകരണമേഖല അഭിമുഖീകരിക്കുന്ന യഥാര്‍ഥ വെല്ലുവിളികള്‍ എന്തെന്നു ഉറപ്പുവരുത്തിയശേഷമാണു പരിശീലനപദ്ധതികള്‍ ആവിഷ്‌കരിച്ചത്. നിയമങ്ങളും ചട്ടങ്ങളും നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും കൃത്യമായി അനുസരിക്കുന്ന ( കംപ്ലയന്‍സ് ) ഒരു സംസ്‌കാരം ശക്തിപ്പെടുത്താനും ബാങ്കിങ് നിയന്ത്രണ മാനദണ്ഡങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താനും റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നു.
രാജ്യത്തു മൊത്തം നിലവിലുള്ളതു 1457 അര്‍ബന്‍ സഹകരണബാങ്കുകളാണ്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ബാങ്കുകളില്‍ ഭൂരിഭാഗവും മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണു കേന്ദ്രീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയാണ് ഏറ്റവും മുന്നില്‍ – 453 അര്‍ബന്‍ബാങ്കുകള്‍. തൊട്ടുപിന്നില്‍ കര്‍ണാടക – 279, ഗുജറാത്ത് – 211, തമിഴ്‌നാട് – 102 എന്നിവയാണ്. കേരളത്തില്‍ 45 അര്‍ബന്‍ബാങ്കുകളാണുള്ളത്. ഉത്തര്‍പ്രദേശില്‍ 56, ബംഗാളില്‍ 43, തെലങ്കാനയില്‍ 71, രാജസ്ഥാനില്‍ 39, മധ്യപ്രദേശില്‍ 38, ആന്ധ്രയില്‍ 39, ഡല്‍ഹിയില്‍ 17 എന്നിങ്ങനെയാണു കണക്ക്. അര്‍ബന്‍ബാങ്കുകളിലെ മൊത്തം നിക്ഷേപം 5.84 ലക്ഷം കോടി രൂപയാണ്. 11,000 ശാഖകളാണു രാജ്യത്താകെ അര്‍ബന്‍ ബാങ്കുകള്‍ക്കുള്ളത്.
