Indian Cooperator

കേരള എന്ന പേരുമാറ്റാന്‍ നിര്‍ദ്ദേശം; പണച്ചെലവില്ലാതെ കേരളം എന്നു മാറ്റണം

സംസ്ഥാനത്തിന്റെ പേരിലെ മാറ്റം ഘട്ടംഘട്ടമായി സാമ്പത്തികബാധ്യതയില്ലാതെ നടപ്പാക്കിയാല്‍ മതിയെന്നു പൊതുഭരണവകുപ്പ് നിര്‍ദേശിച്ചു. പേരു മാറ്റുന്നതുവഴി സര്‍ക്കാരിന് അനാവശ്യമായ സാമ്പത്തികബാധ്യതയുണ്ടാക്കരുതെന്നും പൊതുഭരണവകുപ്പിന്റെ പേരില്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ പേര് കേരളം എന്നു മാറ്റിയതിനാല്‍ എല്ലാ വകുപ്പുകളും വകുപ്പുമേധാവികളും അതനുസരിച്ചു സ്ഥാപനങ്ങളുടെ നെയിംബോര്‍ഡിലും അച്ചടിച്ച രേഖകളിലും മാറ്റം വരുത്തണമെന്നു സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍, ഇതിന്റെ പേരില്‍ പാഴ്‌ച്ചെലവുകള്‍ ഒഴിവാക്കണം. അതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കുലറില്‍ നല്‍കിയിട്ടുണ്ട്. പ്രധാനനിര്‍ദേശങ്ങള്‍ ഇവയാണ്:

  1. കേരള എന്നു രേഖപ്പെടുത്തിയ നിലവിലുള്ള ലറ്റര്‍ഹെഡ്ഡുകള്‍, ഫോമുകള്‍, രജിസ്റ്ററുകള്‍, ഫയലുകള്‍, പ്രസിദ്ധീകരണങ്ങള്‍, അച്ചടിച്ച മറ്റു സ്റ്റേഷനറിസാമഗ്രികള്‍ എന്നിവയുടെ നിലവിലുള്ള സ്റ്റോക്ക് മുഴുവനായും തീരുന്നതുവരെ മഷികൊണ്ട് കേരളം എന്നു തിരുത്തി ഉപയോഗിച്ചാല്‍ മതി. പേരു മാറ്റാന്‍വേണ്ടിമാത്രം നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കരുത്. പുതുതായി അച്ചടിക്കുകയും ചെയ്യരുത്.
  2. കേരള എന്നു രേഖപ്പെടുത്തിയിട്ടുള്ള നിലവിലുള്ള ഔദ്യോഗികമുദ്രകളും റബ്ബര്‍സ്റ്റാമ്പുകളും സമാനഉപകരണങ്ങളും മഷികൊണ്ട് തിരുത്തി ഉപയോഗിക്കണം.
  3. നിലവിലുള്ള സൈന്‍ബോര്‍ഡുകളും ഓഫീസ് നെയിംബോര്‍ഡുകളും ദിശാസൂചികാബോര്‍ഡുകളും മറ്റും സാധ്യമായിടത്തെല്ലാം തിരുത്താം. ഇംഗ്ലീഷില്‍ Kerala എന്നിടത്ത് m കൂടി ചേര്‍ക്കാം. മലയാളത്തില്‍ കേരള എന്നതിനൊപ്പം ം കൂടി ചേര്‍ക്കാം.
  4. ഇനി വരുന്ന എല്ലാ അച്ചടിജോലികളിലും സ്റ്റേഷനറി, ഫോമുകള്‍, സൈന്‍ബോര്‍ഡുകള്‍, നെയിംബോര്‍ഡുകള്‍, ഔദ്യോഗികമുദ്രകള്‍ എന്നിവയുണ്ടാക്കുമ്പോഴും വാങ്ങുമ്പോഴും Keralam / കേരളം എന്നുപയോഗിക്കണം.
  5. സര്‍ക്കാര്‍വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെ ഐ.ടി.സഹായത്തോടെയുള്ള എല്ലാ സംവിധാനങ്ങളിലും കേരളം എന്നാക്കണം.

Related posts

പാവപ്പെട്ടവര്‍ക്ക് ഇനികിടപ്പാടം നഷ്ടമാവില്ല

Indian Cooperator

സഹകരണസംഘം ജീവനക്കാര്‍ സെലീനയുടെ കുടുംബത്തിന്അഞ്ചു ലക്ഷം രൂപ കൈമാറി

Indian Cooperator

കേന്ദ്രബജറ്റില്‍ സഹകരണത്തിനായി മാറ്റിവെച്ചത് എന്ത്? അത് കേരളത്തെ എങ്ങനെ ബാധിക്കും. വിശദമായ അവലോകനം

Indian Cooperator
error: Content is protected !!