Indian Cooperator

മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ ഓഡിറ്റ് രീതി നടപ്പാക്കുന്നു

ഒട്ടേറെ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ കടിഞ്ഞാണിടുന്നു. സംഘങ്ങളുടെ സാമ്പത്തികഭരണകാര്യങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിന് ഏകീകൃത ഓഡിറ്റ്‌രീതി നടപ്പാക്കാനാണു തീരുമാനം. മള്‍ട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ( ഓഡിറ്റ് റിപ്പോര്‍ട്ട് 2026 ) എന്ന പുതിയ ഓഡിറ്റ് ചട്ടക്കൂടാണ് ( ഓഡിറ്റ് ഫ്രെയിംവര്‍ക്ക് ) കഴിഞ്ഞ ദിവസം പുറത്തിറക്കിയിരിക്കുന്നത്. ഘട്ടംഘട്ടമായാണു പുതിയ ഓഡിറ്റ്ചട്ടങ്ങള്‍ നടപ്പാക്കുക. ആദ്യഘട്ടത്തില്‍ ആയിരം കോടി രൂപയ്ക്കു മുകളില്‍ വിറ്റുവരവുള്ള വന്‍കിട മള്‍ട്ടിസ്‌റ്റേറ്റ് സംഘങ്ങളിലാണിതു നടപ്പാക്കുക. പിന്നീട്, 50 കോടി രൂപയ്ക്കു മുകളില്‍ വിറ്റുവരവുള്ള എല്ലാ സംഘങ്ങളിലേക്കും ചട്ടങ്ങള്‍ വ്യാപിപ്പിക്കും.

പുതിയ ചട്ടമനുസരിച്ച് ഇനി മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങളുടെ സാമ്പത്തികസുരക്ഷയും അവയുടെ മേലുള്ള നിരീക്ഷണവും ശക്തിപ്പെടുത്തും. സംഘങ്ങളുടെ നിഷ്‌ക്രിയ ആസ്തി, കുടിശ്ശികവായ്പകള്‍, വായ്പാതിരിച്ചടവിലെ വീഴ്ചകള്‍, ലിക്വിഡിറ്റി, നിക്ഷേപങ്ങള്‍ എന്നിവ ഓഡിറ്റര്‍മാര്‍ കൃത്യമായി പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യണം. സാമ്പത്തികതലത്തിലോ ഭരണതലത്തിലോ അപകടത്തിലാകാന്‍ സാധ്യതയുള്ള മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങളെ നേരത്തേത്തന്നെ കണ്ടെത്താനും തിരുത്തല്‍നടപടികള്‍ സ്വീകരിക്കാനും ഇതുവഴി കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ക്ക് അധികാരം ലഭിക്കും. രജിസ്ട്രാറുടെ CRCS പോര്‍ട്ടലിലൂടെ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ നിരീക്ഷണം ശക്തമാക്കും. സൈബര്‍സുരക്ഷ ശക്തിപ്പെടുത്തുകയും കള്ളപ്പണം വെളുപ്പിക്കല്‍തടയല്‍ ചട്ടങ്ങള്‍ നടപ്പാക്കുന്നുണ്ടെന്നു ഉറപ്പാക്കുകയും ചെയ്യും.

കോര്‍പ്പറേറ്റ്‌മേഖലയ്ക്കു ബാധകമായ കമ്പനീസ് ( ഓഡിറ്റേഴ്‌സ് റിപ്പോര്‍ട്ട് ) ഓര്‍ഡറിന്റെ മാതൃകയിലാണു മള്‍ട്ടിസ്‌റ്റേറ്റ് സംഘങ്ങള്‍ക്കുള്ള ഓഡിറ്റ് ഫ്രെയിംവര്‍ക്ക് തയ്യാറാക്കിയിരിക്കുന്നത്. 2023ലെ മള്‍ട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ( ഭേദഗതി ) നിയമത്തിലെ സെക്ഷന്‍ 73 (6) പ്രകാരം ഓഡിറ്റിങ്ങിനും അക്കൗണ്ടിങ്ങിനുമുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. റിസര്‍വ് ബാങ്ക്, കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടസ് ഓഫ് ഇന്ത്യ എന്നിവയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണു പുതിയ ചട്ടങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

പുതിയ ചട്ടങ്ങളനുസരിച്ച് മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങളുടെ സാമ്പത്തികഭരണകാര്യങ്ങളെക്കുറിച്ച് അംഗീകൃതമാതൃകയിലാണ് ഓഡിറ്റര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിവരിക. പ്രസക്തമായ രേഖകളുടെ പിന്‍ബലത്തോടെ അതെ / അല്ല എന്നു വ്യക്തമായി ഉത്തരം നല്‍കേണ്ടതായി വരും. ഇത് ഓഡിറ്റ്‌റിപ്പോര്‍ട്ടുകളുടെ ഏകീകൃതസ്വഭാവം മെച്ചപ്പെടുത്താനും ക്രമക്കേടുകള്‍ വ്യക്തമായി തിരിച്ചറിയാനും സഹായിക്കുമെന്നാണു കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. നിക്ഷേപങ്ങള്‍, ഫണ്ട്‌വിനിയോഗം, ഓഹരിമൂലധനം, അംഗത്വരേഖകള്‍ എന്നിവയുടെ പരിശോധനയിലൂടെ അംഗങ്ങളുടെ ഫണ്ടിന്റെയും സാമ്പത്തികതാത്പര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാവുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഡയറക്ടര്‍ബോര്‍ഡുകളുടെ ഘടന, ഡയറക്ടര്‍മാരുടെ യോഗ്യത / അയോഗ്യത, വാര്‍ഷികപൊതുയോഗങ്ങള്‍, ബോര്‍ഡ്‌യോഗങ്ങള്‍ എന്നിവയുടെ നിരന്തരനിരീക്ഷണവും പുതിയ ചട്ടപ്രകാരം നടക്കും. തീരുമാനമെടുക്കുന്നതിലെ സുതാര്യതയും ജനാധിപത്യരീതിയിലുള്ള പ്രവര്‍ത്തനവും ഉറപ്പാക്കാനും നിയമാനുസൃതമായ നിര്‍ദേശങ്ങള്‍ പാലിക്കുന്നതു പ്രോത്സാഹിപ്പിക്കാനും ചട്ടങ്ങള്‍ സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

Related posts

തമിഴ്നാട് ഗവര്‍ണര്‍ തിരിച്ചയച്ചസഹകരണ ( ഭേദഗതി ) ബില്‍നിയമസഭ വീണ്ടും പാസാക്കി

Indian Cooperator

മൂന്നു കുട്ടികളുള്ള അച്ഛന് സഹകരണസംഘം ഭരണസമിതിയില്‍ അയോഗ്യത

Indian Cooperator

മള്‍ട്ടി സ്റ്റേറ്റ് സംഘം വഴി 400 കോടിയുടെ തട്ടിപ്പ്: അഞ്ചു പേര്‍ അറസ്റ്റില്‍

Indian Cooperator
error: Content is protected !!