Indian Cooperator

മൂന്നു കുട്ടികളുള്ള അച്ഛന് സഹകരണസംഘം ഭരണസമിതിയില്‍ അയോഗ്യത

ണ്ടില്‍ക്കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ഭവനനിര്‍മാണ സഹകരണസംഘത്തിന്റെ ഭരണസമിതിയംഗത്തിനു അത് അയോഗ്യതയാകുമോ? ആകും എന്നാണ് ഒഡിഷയില്‍നിന്നുള്ള വാര്‍ത്തയില്‍ പറയുന്നത്.

ബിശ്വരഞ്ജന്‍ മൊഹന്തി എന്ന സഹകാരിയാണു മൂന്നു കുട്ടികളുടെ അച്ഛനാണ് എന്ന കാരണത്താല്‍ അയോഗ്യനാക്കപ്പെട്ടതെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2024 നവംബര്‍ 19 നാണു സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ ഭുവനേശ്വര്‍ ആസ്ഥാനമായുള്ള ഭവനനിര്‍മാണ സഹകരണസംഘം ഡയറക്ടറായ മൊഹന്തിയെ അയോഗ്യനാക്കിയത്. ഇതിനെതിരെ മൊഹന്തി ഹൈക്കോടതിയില്‍ പോയി. സിംഗിള്‍ ബെഞ്ച് 2025 ജനുവരി എട്ടിന് അപ്പീല്‍ തള്ളി. ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചും അതു ശരിവെച്ചിരിക്കുന്നു.

‘ ജനസംഖ്യാവിസ്‌ഫോടനം ആറ്റംബോംബിനേക്കാള്‍ ഭയാനകമാണെ’ ന്ന ബ്രിട്ടീഷ് ചിന്തകന്‍ ബര്‍ട്രന്റ്് റസ്സലിന്റെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ടാണു ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ചിത്തരഞ്ജന്‍ ദാസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അപ്പീലില്‍ വിധി പറഞ്ഞത്. കാപ്പിറ്റല്‍ ഭവന സഹകരണസംഘത്തിലെ ഭരണസമിതിയില്‍നിന്നാണു മൊഹന്തിയെ പുറത്താക്കിയത്. 1962 ലെ ഒറീസ സഹകരണസംഘം നിയമത്തിലെ സെക്ഷന്‍ 28 (3) (പി) പ്രകാരമാണു നടപടി.

രണ്ടിലധികം കുട്ടികളുണ്ടെങ്കില്‍ ഒരു സഹകരണസംഘത്തിന്റെ ഭരണസമിതിയംഗത്തെയോ പ്രസിഡന്റിനെയോ വൈസ് പ്രസിഡന്റിനെയോ അയോഗ്യനാക്കാമെന്നാണു ഒറീസ സഹകരണസംഘം നിയമത്തിലെ സെക്ഷന്‍ 28 (3) (പി) പറയുന്നത്. ഭരണസമിതിയംഗങ്ങള്‍ക്കു രണ്ടു കുട്ടികളിലധികം പാടില്ല എന്ന മാനദണ്ഡം വെച്ചതു ജനസംഖ്യാനിയന്ത്രണം എന്ന വിശാലമായ പൊതുതാത്പര്യം കണക്കിലെടുത്താണെന്നു ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. അനിയന്ത്രിതമായ ജനപ്പെരുപ്പം പരിസ്ഥിതിയിലും സമ്പദ്‌രംഗത്തും സാമൂഹികതലത്തിലും താങ്ങാനാവാത്തവിധം സമ്മര്‍ദങ്ങളുണ്ടാക്കുമെന്നു ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ജനസംഖ്യാനിയന്ത്രണവും കുടുംബാസൂത്രണവും കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുത്തിക്കൊണ്ടുള്ള 42ാം ഭരണഘനാഭേദഗതി ചൂണ്ടിക്കാട്ടിയ ജഡ്ജിമാര്‍ ജനസംഖ്യാനിയന്ത്രണവിഷയത്തില്‍ പാര്‍ലമെന്റിനും സംസ്ഥാനനിയമസഭകള്‍ക്കും നിയമനിര്‍മാണം നടത്താന്‍ ഈ ഭേദഗതി അധികാരം നല്‍കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഒറീസ സഹകരണസംഘംനിയമത്തിലെ 28 (3) (പി) എന്ന വ്യവസ്ഥ ജനസംഖ്യാവളര്‍ച്ച തടയാനുള്ള നല്ലൊരു നടപടിയാണെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

ജനസംഖ്യാനിയന്ത്രണവ്യവസ്ഥ നടപ്പാക്കാനുള്ള അധികാരി ആരെന്നു നിയമത്തില്‍ പറയുന്നില്ലെന്ന ഹര്‍ജിക്കാരന്റെ വാദം ഡിവിഷന്‍ബെഞ്ച് തള്ളി. അത്തരത്തിലുള്ള അധികാരം സഹകരണസംഘം രജിസ്ട്രാര്‍ക്കാണെന്നു ചൂണ്ടിക്കാട്ടിയ കോടതി നിയമത്തിലെ സെക്ഷന്‍ മൂന്ന് അനുസരിച്ചു രജിസ്ട്രാറുടെ അധികാരം നടപ്പാക്കാനുള്ള അവകാശം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്കുണ്ടെന്നു വ്യക്തമാക്കി.

Related posts

വിലയിടിഞ്ഞു; നാഫെഡും എന്‍.സി.സി.എഫും സംഭരണം തുടങ്ങി

Indian Cooperator

മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ തട്ടിപ്പുകളെ കുറിച്ച് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടും അന്വേഷണത്തിന് കാരണമായി

Indian Cooperator

മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന് 2025-26 ല്‍ 702 കോടിരൂപ അറ്റാദായം

Indian Cooperator