Indian Cooperator

800 കോടി രൂപയുടെ വികസനപദ്ധതിയുമായി അമുല്‍ ബംഗാളിലേക്കും ആസാമിലേക്കും

ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട ക്ഷീരോത്പാദക സഹകരണസ്ഥാപനമായ അമുല്‍ തങ്ങളുടെ പ്രവര്‍ത്തനമേഖല വിപുലപ്പെടുത്തുകയാണ്. ഇനി ബംഗാളിലേക്കും ആസാമിലേക്കുമാണ് അമുലിന്റെ പ്രവര്‍ത്തനം നീളുന്നത്. രണ്ടു സംസ്ഥാനങ്ങളിലുമായി 800 കോടി രൂപയുടെ പദ്ധതികളാണ് അമുല്‍ നടപ്പാക്കാന്‍പോകുന്നത്. ഇതില്‍ 650 കോടി രൂപയുടെ പദ്ധതികള്‍ ബംഗാളിലായിരിക്കും. 150 കോടിയുടേത് ആസാമിലും.

അമുല്‍ബ്രാന്റിന്റെ ഉടമസ്ഥരായ ഗുജറാത്ത് സഹകരണ ക്ഷീരവിപണന ഫെഡറേഷനിലെ ( ജി.സി.എം.എം.എഫ് ) പ്രധാന അംഗയൂണിയനായ കൈറ ജില്ലാ സഹകരണ പാലുത്പാദകയൂണിയന്‍ പുതിയ പദ്ധതികള്‍സംബന്ധിച്ചു ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ബംഗാളില്‍ അമുലിന്റെ പൂര്‍ണഉടമസ്ഥതയിലുള്ള ക്ഷീര സംസ്‌കരണപ്ലാന്റ് സ്ഥാപിക്കാനാണ് 650 കോടി രൂപ മുതല്‍മുടക്കുക. ആസാമിലെ ഗുവാഹതിയില്‍ 150 കോടി രൂപ മുതല്‍മുടക്കിയും ഡെയറിപ്ലാന്റ് സ്ഥാപിക്കും. ഇതിനുള്ള സ്ഥലം ആസാംസര്‍ക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഗുവാഹതിയിലെ ഡെയറിപ്ലാന്റില്‍ ദിവസേന രണ്ടു ലക്ഷം ലിറ്റര്‍ പാലാണു അമുല്‍ സംസ്‌കരിക്കുക.

ഇതുവരെ ബംഗാളിലും ആസാമിലും മൂന്നാംകക്ഷി മുഖേനയാണ് അമുല്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇനിയതു നേരിട്ടാകും. സ്വന്തം പാല്‍സംഭരണ, വിപണനശൃംഖലയാണ് അമുല്‍ നടപ്പാക്കുക. ഇതോടെ ഉത്പാദനത്തിലും ഗുണനിലവാരത്തിലും വിതരണത്തിലും അമുലിന്റെ നേരിട്ടുള്ള നിയന്ത്രണം വരും. 2008 ലാണ് ആദ്യമായി അമുല്‍ ബംഗാളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ഇപ്പോള്‍ കൊല്‍ക്കത്തയില്‍മാത്രം 11 ലക്ഷം ലിറ്റര്‍ പാലാണ് ഒരു ദിവസം വില്‍ക്കുന്നത്. പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്കപ്പുറം, പാല്‍സംഭരണവും സംസ്‌കരണവും താരതമ്യേന കുറഞ്ഞ കിഴക്കന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്ഷീരോത്പന്നവ്യവസായം ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അമുല്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്.

Related posts

അര്‍ബന്‍ സഹകരണ ബാങ്കുകള്‍ കൂടുതലുള്ളത് മഹാരാഷ്ട്രയില്‍; പുതിയ ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നകാര്യത്തില്‍ തീരുമാനമായില്ല

Indian Cooperator

ബിഹാറില്‍സഹകരണസംഘങ്ങളെസ്റ്റാര്‍ട്ടപ്പുകളാക്കുന്നു

Indian Cooperator

മൂന്നു കുട്ടികളുള്ള അച്ഛന് സഹകരണസംഘം ഭരണസമിതിയില്‍ അയോഗ്യത

Indian Cooperator
error: Content is protected !!