Indian Cooperator

പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ് വെയര്‍ ഏകീകരിക്കുന്നത് വേഗത്തിലാക്കുന്നു

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്ന നടപടി സഹകരണ വകുപ്പ് വേഗത്തിലാക്കുന്നു. ഫിബ്രവരി അവസാനത്തോടെ ആദ്യഘട്ടത്തിലെ സഹകരണ ബാങ്കുകളില്‍ പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി ടെണ്ടര്‍ നടപടികള്‍ വേഗത്തിലാക്കി. ഫിബ്രവരിയില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞദിവസം പ്രീ ടെണ്ടര്‍ യോഗത്തില്‍ പങ്കെടുത്ത സോഫ്റ്റ് വെയര്‍ കമ്പനി പ്രതിനിധികളോട് സഹകരണ സംഘം രജിസ്ട്രാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

280 പ്രാഥമിക സഹകരണ ബാങ്കുകളാണ് ആദ്യഘട്ടത്തില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കാനുള്ള പട്ടികയിലുള്ളത്. ഇവ ഏതാണ് നിശ്ചയിക്കുന്നത് സഹകരണ സംഘം രജിസ്ട്രാറാണ്. 280 ബാങ്കുകളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കാനുള്ള ചെലവും ആ ബാങ്കുകളിലെ ഡേറ്റ മൈഗ്രേഷന്‍ അടക്കമുള്ള കാര്യങ്ങളുടെ ചെലവും ഉള്‍പ്പെടുത്തിയാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. ഇതില്‍ സ്ഥാപിക്കാനുള്ള സോഫ്റ്റ് വെയര്‍ കമ്പനികളാണ് നിര്‍ദ്ദേശിക്കുന്നത്.

ഒന്നിലേറെ കമ്പനികള്‍ അടങ്ങുന്ന കണ്‍സോര്‍ഷ്യമായിട്ടാണ് ടെണ്ടറില്‍ പങ്കെടുക്കേണ്ടത്. ആദ്യ ടെണ്ടര്‍ നോട്ടിഫിക്കേഷനില്‍ ഒരു കണ്‍സോര്‍ഷ്യത്തിന് ഒരു സോഫ്റ്റ് വെയര്‍ നിര്‍ദ്ദേശിക്കാമെന്നായിരുന്നു വ്യവസ്ഥയുണ്ടായിരുന്നത്. കമ്പനി പ്രതിനിധികളുമായുള്ള യോഗത്തിലുണ്ടായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു കണ്‍സോര്‍ഷ്യത്തിന് തന്നെ ഒന്നിലേറെ സോഫ്റ്റ് വെയര്‍ നിര്‍ദ്ദേശിക്കാം. ഇതില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് അനുയോജ്യമായത് ഏതാണ് നിശ്ചയിക്കുന്നത് സഹകരണ വകുപ്പായിരിക്കും. സര്‍ക്കാര്‍ അംഗീകരിക്കുന്ന സോഫ്റ്റ് വെയറാണ് കണ്‍സോര്‍ഷ്യം സ്ഥാപിക്കേണ്ടത്.

ഒരോ പ്രദേശത്തിന്റെയും പ്രത്യേകത അടിസ്ഥാനമാക്കി ചെറിയ മാറ്റങ്ങള്‍ സോഫ്റ്റ് വെയറില്‍ വരുത്താന്‍ സഹകരണ ബാങ്കുകള്‍ക്ക് അവസരമുണ്ട്. എന്നാല്‍, ഇത് സ്വന്തം നിലയില്‍ നിര്‍ദ്ദേശിക്കാനാവില്ല. ബാങ്കുകളുടെ ആവശ്യം സഹകരണ സംഘം രജിസ്ട്രാര്‍ അംഗീകരിച്ചാല്‍ മാത്രമാണ് പുതിയ മൊഡ്യൂള്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തി നല്‍കുക. കേരളാബാങ്ക്, നബാര്‍ഡ് എന്നിവയുമായെല്ലാം ലിങ്ക് ചെയ്യാനാകുന്നവിധത്തിലാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നത്. ക്ഷേമപെന്‍ഷന്‍ വിതരണം, സര്‍ക്കാര്‍ പദ്ധതികളിലെ പങ്കാളിത്തം, കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം എന്നിവയെല്ലാം സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കിയുള്ള മൊഡ്യൂളുകള്‍ സോഫ്റ്റ് വെയറിലുണ്ടാകും.

കേരളത്തിന് പുറത്തുള്ള സോഫ്റ്റ് വെയര്‍ കമ്പനികളും പങ്കെടുത്തിരുന്നു. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 100 എണ്ണത്തിലെങ്കിലും സോഫ്റ്റ് വെയര്‍ ചെയ്ത കമ്പനികള്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിനാണ് ടെണ്ടറില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. ഈ വ്യവസ്ഥ മാറ്റണമെന്ന് കേരളത്തിന് പുറത്തുള്ള  കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സഹകരണ സംഘം രജിസ്ട്രാര്‍ അംഗീകരിച്ചില്ല. പകരം, 100 പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നത് 50 എണ്ണമാക്കി കുറച്ചിട്ടുണ്ട്. 

Related posts

സഹകരണം സി.എം.പി.ക്ക് ഇല്ല; കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു

Indian Cooperator

സാമ്പത്തിക സഹായത്തിന് അപേക്ഷനല്‍കിയത് 93 സഹകരണ സംഘങ്ങള്‍; അര്‍ഹരായി കണ്ടെത്തിയത് 12 സംഘങ്ങള്‍

Indian Cooperator

സഹകരണമേഖലയില്‍ കടന്നുകയറാനുള്ള കേന്ദ്രനീക്കം ചെറുക്കണം- പാക്സ് അസോസിയേഷന്‍

Indian Cooperator