തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളുടെ കാലാവധി അവസാനിച്ചിട്ട് മൂന്നു വര്‍ഷത്തിലധികമായിട്ടും തമിഴ്‌നാട്ടില്‍ സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നടപടികളൊന്നുമായില്ല. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളുടെ അഭാവത്തില്‍ സര്‍ക്കാരുദ്യോഗസ്ഥരാണു സംഘങ്ങളില്‍ ഭരണം നടത്തുന്നത്. സംസ്ഥാനത്ത് 18,775 സഹകരണസംഘങ്ങളിലായി ഒന്നരക്കോടി അംഗങ്ങളാണുള്ളത്. ക്ഷീരോത്പാദനം, കൈത്തറി, ടെക്സ്റ്റയില്‍സ്, കൃഷി, ഉദ്യാനക്കൃഷി തുടങ്ങി എല്ലാ മേഖലകളിലും സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സഹകരണസംഘങ്ങളില്‍ ഭൂരിഭാഗവും എ.ഐ.എ.ഡി.എം.കെ.യുടെ നിയന്ത്രണത്തിലാണ് എന്ന കാരണത്താല്‍ മുന്‍ ഡി.എം.കെ.സര്‍ക്കാരിനു തിരഞ്ഞെടുപ്പു നടത്താന്‍ താത്പര്യമുണ്ടായിരുന്നില്ലെന്നു ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 ല്‍ ഡി.എം.കെ. സഹകരണസംഘം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. 2018 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപകമായ തിരിമറികള്‍ നടന്നതായും പാര്‍ട്ടി ആരോപിച്ചിരുന്നു. സംഘം ഭരണസമിതികളില്ലാത്തതുകാരണം അംഗങ്ങളും കര്‍ഷകരും വായ്പ അനുവദിച്ചുകിട്ടാന്‍ പാടുപെടുകയാണ്.
ആധാര്‍നമ്പറും തിരഞ്ഞെടുപ്പുപട്ടികയുമായി ബന്ധപ്പെടുത്തി വോട്ടര്‍പട്ടിക ശുദ്ധീകരിക്കാന്‍ സഹകരണസംഘം തിരഞ്ഞെടുപ്പുകമ്മീഷന്‍ 2023 ല്‍ ഒരു ശ്രമം ആരംഭിച്ചതാണ്. വ്യാജഎന്‍ട്രികള്‍ തടയാനും വോട്ടര്‍പട്ടികയില്‍നിന്നു അനര്‍ഹരെയും മരിച്ചവരെയും നീക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. 61 ലക്ഷം സംഘാംഗങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു 2025 ഏപ്രിലില്‍ അന്നത്തെ സഹകരണമന്ത്രി കെ.ആര്‍. പെരിയകറുപ്പന്‍ നിയമസഭയില്‍ വ്യക്തമാക്കുകയുണ്ടായി. ആധാര്‍നമ്പറുമായി ബന്ധപ്പെടുത്തിയ സംഘാംഗങ്ങളുടെ വിവരങ്ങള്‍ സഹകരണസംഘം തിരഞ്ഞെടുപ്പുകമ്മീഷനു കൈമാറിയതാണെന്നും ഇനി സര്‍ക്കാരാണു തിരഞ്ഞെടുപ്പ് എന്നു നടത്തണമെന്നു തീരുമാനിക്കേണ്ടതെന്നും ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2018 ല്‍ എ.ഐ.എ.ഡി.എം.കെ.യുടെ ഭരണകാലത്താണു സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനമായി നടത്തിയത്. ആ സംഘങ്ങളുടെ കാലാവധി 2023 മാര്‍ച്ചിലും സെപ്റ്റംബറിലുമായി അവസാനിച്ചു. 2021 ല്‍ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ഡി.എം.കെ.സര്‍ക്കാര്‍ സഹകരണസംഘം തിരഞ്ഞെടുപ്പ് നടത്താന്‍ താത്പര്യം കാണിച്ചില്ല. പ്രതിപക്ഷത്തുള്ള എ.ഐ.എ.ഡി.എം.കെ.യ്ക്കു തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ കിട്ടിയാലോ എന്ന സംശയത്താലാണു സ്റ്റാലിന്‍സര്‍ക്കാര്‍ തിരഞ്ഞെടുപ്പു നടത്താന്‍ മടിച്ചത്. തമിഴ്‌നാട്ടില്‍ ആകെയുള്ള 18,775 സംഘങ്ങളില്‍ 4,500 എണ്ണം പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളും 6,500 എണ്ണം ക്ഷീരോത്പാദന സഹകരണസംഘങ്ങളുമാണ്. എല്ലാ സംഘങ്ങളിലുംകൂടി രണ്ടു ലക്ഷം ഭരണസമിതിയംഗങ്ങളാണുള്ളത്. 2013 മുതല്‍ സംഘംഭരണസമിതികളില്‍ എസ്.സി / എസ്.ടി. വിഭാഗങ്ങള്‍ക്കു 18 ശതമാനവും വനിതകള്‍ക്കു 30 ശതമാനവും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പു നടക്കാത്തതിനാല്‍ ഈ വിഭാഗങ്ങള്‍ക്കൊന്നും അര്‍ഹമായ പ്രാതിനിധ്യം കിട്ടാതെ പോവുകയാണ്.
