Indian Cooperator

സഹകരണമേഖലയില്‍ കടന്നുകയറാനുള്ള കേന്ദ്രനീക്കം ചെറുക്കണം- പാക്സ് അസോസിയേഷന്‍

കേരളത്തിലെ സഹകരണമേഖലയിലേക്കു കടന്നുകയറാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ചെറുക്കണമെന്നു പ്രാഥമിക കാര്‍ഷികസഹകരണസംഘം അസോസിയേഷന്‍ സംസ്ഥാനക്കമ്മിറ്റി സഹകരണമന്ത്രി എം. ലിജുവിനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ സംഘങ്ങള്‍ എം.എസ്.എസ്. എന്ന പേരില്‍ നടത്തിവരുന്ന പ്രതിമാസ സമ്പാദ്യപദ്ധതിയെ ചിട്ടി എന്നു വ്യാഖ്യാനിച്ച് അതിന്റെ മേല്‍ പരിശോധന നടത്താനും ജി.എസ്.ടി. ഏര്‍പ്പെടുത്താനും സി.എ.ജി.യുടെ ഭാഗത്തുനിന്നു ശ്രമം നടക്കുന്നതായി വാര്‍ത്തകളുണ്ടെന്നു അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. സഹകരണസംഘം രജിസ്ട്രാറുടെ 19 / 2024 സര്‍ക്കുലറിനു വിധേയമായാണ് ഈ സമ്പാദ്യപദ്ധതി നടപ്പാക്കുന്നത്. ദിനനിക്ഷേപം, റിക്കറിങ് നിക്ഷേപം തുടങ്ങിയ പേരുകളിലും സംഘങ്ങള്‍ നിക്ഷേപപദ്ധതികള്‍ നടത്തുന്നുണ്ട്. അവയില്‍ ഒന്നുമാത്രമാണ് എം.എസ്.എസ്. ഇതു സഹകരണവകുപ്പിന്റെ നിയമപരമായ ഓഡിറ്റിനു വിധേയമാണ് എന്നിരിക്കെ സഹകരണമേഖലയിലെ ഈ നിക്ഷേപപദ്ധതി നേരിട്ട് സി.എ.ജി.യുടെ ഓഡിറ്റിനു വിധേയമാക്കാനും ജി.എസ്.ടി. ചുമത്താനുമുള്ള നീക്കം ഫെഡറല്‍തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധമാണ്- അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന സഹകരണവകുപ്പ് അറിയാതെ കേന്ദ്രസര്‍ക്കാരിന്റെ ഒരു പ്രാദേശികഓഫീസ് മുഖേന സഹകരണസംഘങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയും നീതീകരിക്കാനാവാത്തതാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. കോട്ടയംജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഏതാനും സംഘങ്ങളിലെ 2020-21 മുതല്‍ 2023-24 വരെയുള്ള കാലത്തെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍വേ നടത്താനാണു നീക്കം. കോട്ടയത്തെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ( ഫീല്‍ഡ് ഓപ്പറേഷന്‍ ഡിവിഷന്‍ ) 2026 ജൂലായ് ആറിന് 28010 / 1 RCFC/KTM 2026-27 നമ്പറായി ഇതുസംബന്ധിച്ച് ഒരു കത്ത് കോട്ടയംജില്ലാ സഹകരണസംഘം ജോ. രജിസ്ട്രാര്‍ക്കു നല്‍കിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘങ്ങള്‍ ഒരു നോഡല്‍ ഓഫീസറെ നിശ്ചയിച്ച് സര്‍വേപ്രവര്‍ത്തനങ്ങളെ സഹായിക്കണമെന്നു കാണിച്ച് ജോ. രജിസ്ട്രാര്‍ താഴോട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനവിഷയമായ സഹകരണത്തില്‍ മേല്‍ക്കോയ്മ നേടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്ന സാഹചര്യത്തില്‍ സംസ്ഥാന സഹകരണവകുപ്പുപോലും അറിയാതെ കേന്ദ്രസര്‍ക്കാരിന്റെ ഒരു പ്രാദേശികഓഫീസ് മുഖേന ഇങ്ങനെ സംഘങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഒരുവിധത്തിലും ന്യായീകരിക്കാനാവില്ല. ഈ രണ്ടു കാര്യങ്ങളിലും മന്ത്രിയുടെ അടിയന്തരശ്രദ്ധയും തുടര്‍നടപടികളും ഉണ്ടാവണം- അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. ഹരീന്ദ്രന്‍ അഭ്യര്‍ഥിച്ചു.

Related posts

സഹകരണ പരീക്ഷ ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളും രാജിവെച്ചു

Indian Cooperator

പാതിരാസൂര്യന്റെ നാട്ടിലേക്ക് ഇനി കേരളത്തില്‍നിന്നുള്ള തേങ്ങാപ്പാല്‍

Indian Cooperator

സാമ്പത്തിക സഹായത്തിന് അപേക്ഷനല്‍കിയത് 93 സഹകരണ സംഘങ്ങള്‍; അര്‍ഹരായി കണ്ടെത്തിയത് 12 സംഘങ്ങള്‍

Indian Cooperator
error: Content is protected !!