Indian Cooperator

കറന്‍സിനോട്ടിനു ക്ഷാമം:സഹകരണബാങ്കുകള്‍പെടാപ്പാട് പെടുന്നു

ഹാരാഷ്ട്രയിലെ കോലാപ്പൂര്‍, സാംഗ്ലി ജില്ലാ കേന്ദ്ര സഹകരണബാങ്കുകള്‍ കറന്‍സിക്ഷാമത്താല്‍ വലയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കുകളുടെ ശാഖകളിലും എ.ടി.എമ്മുകളിലും വേണ്ടത്ര പണം കിട്ടുന്നില്ല. ഉത്സവകാലമായതിനാല്‍ കര്‍ഷകര്‍ നന്നായി ബുദ്ധിമുട്ടുന്നുണ്ട്. കറന്‍സിചെസ്റ്റുകളില്‍നിന്നുള്ള പണംവിതരണം കുറച്ചതാണു നോട്ടുകളുടെ ക്ഷാമത്തിനു കാരണമായി പറയുന്നത്. കാഷ്‌സപ്ലൈ സാധാരണനിലയിലാക്കണമെന്ന് അഭ്യര്‍ഥിച്ച് റിസര്‍വ് ബാങ്കിനു സഹകരണബാങ്കുകള്‍ എഴുതിയിട്ടുണ്ട്.

ഡിജിറ്റല്‍ പേമെന്റ്‌സും ചെക്ക് ക്ലിയറിങ്ങും മൊബെല്‍ബാങ്കിങ്ങും യു.പി.ഐ. പേമെന്റ് സൗകര്യങ്ങളുമൊക്കെ ഉപയോഗിച്ച് പണമിടപാട് നടത്തണമെന്നു ബാങ്കുകള്‍ ഇടപാടുകാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ ഉത്സവമായതിനാല്‍ കര്‍ഷകര്‍ക്കു പണത്തിന്റെ ആവശ്യം കൂടുന്ന കാലമാണിത്. കാഷ്‌കൗണ്ടറുകളിലും എ.ടി.എമ്മുകളിലും ഇടപാടുകാര്‍ക്കു നല്‍കാനായി കോലാപ്പൂര്‍ ജില്ലാബാങ്കിനു പ്രതിദിനം ആവശ്യമായിവരുന്നത് 15-20 കോടി രൂപയാണ്. ഇടപാടുകാരെ ഡിജിറ്റല്‍ പേമെന്റിലേക്കു വഴിതിരിച്ചുവിടാന്‍ ബോധപൂര്‍വം കാഷ് സപ്ലൈ കുറച്ചതാണെന്നും ചില ഉദ്യോഗസ്ഥര്‍ കരുതുന്നുണ്ട്. തങ്ങളുടെ മിക്ക ഇടപാടുകാരും ഗ്രാമീണമേഖലയില്‍നിന്നായതിനാല്‍ ഡിജിറ്റല്‍ പേമെന്റിനെ ആശ്രയിക്കുന്നില്ലെന്നു കോലാപ്പൂര്‍ ജില്ലാബാങ്ക് റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്കു നേരിട്ട് അക്കൗണ്ടിലേക്ക് പണമയക്കുന്ന പദ്ധതിയിലെ ( ഡി.ബി.ടി ) വലിയൊരു വിഭാഗം ഗുണഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നു കോലാപ്പൂര്‍ ജില്ലാബാങ്ക് പറയുന്നു. സഞ്ജയ് ഗാന്ധി നിരധര്‍ യോജനയിലെ പ്രായംചെന്ന ഗുണഭോക്താക്കളും ഡിജിറ്റല്‍ ഇടപാട് നടത്തുന്നവരല്ല. അവര്‍ക്കു കാഷാണു വേണ്ടത്.

ഈയാഴ്ചയുടെ തുടക്കത്തില്‍ കോലാപ്പൂരിലെ ഒരു ദേശസാത്കൃത ബാങ്കിന്റെ രണ്ട് എ.ടി.എമ്മുകള്‍ പണമില്ലാതെ വരണ്ടുകിടന്നു. കഴിഞ്ഞ രണ്ടു മാസമായി തങ്ങളും പണക്ഷാമത്താല്‍ ബുദ്ധിമുട്ടുകയാണെന്നു സാംഗ്ലി ജില്ലാ കേന്ദ്ര സഹകരണബാങ്ക് അറിയിച്ചു. മറ്റു ബാങ്കുകളില്‍നിന്നു പണം വാങ്ങിയാണു പ്രശ്‌നം തീര്‍ക്കുന്നത്. കഴിഞ്ഞ മാസം സാംഗ്ലി ജീല്ലാബാങ്ക് ഗോവയിലെ ഒരു സ്വകാര്യബാങ്കില്‍നിന്നാണു പണമെത്തിച്ചത്. ഇന്നതാധികാരികളില്‍നിന്നുള്ള വാക്കാല്‍നിര്‍ദേശം കാരണം ബാങ്കില്‍നിന്നു നല്‍കുന്ന കാഷിന്റെ പരിധി 25,000 രൂപയാക്കിയിട്ടുണ്ടെന്നു സാംഗ്ലിബാങ്ക് അറിയിച്ചു. എന്താണ് ആവശ്യമെന്നു ആദ്യം ചോദിക്കും. ചികിത്സയ്ക്കും കല്യാണാവശ്യത്തിനുമാണെങ്കില്‍ പണം നല്‍കും. മറ്റാവശ്യങ്ങള്‍ക്കാണെങ്കില്‍ ഇലക്ട്രോണിക് രീതിയില്‍ ഇടപാട് നടത്താന്‍ പറയും.

വ്യപാരികളും കച്ചവടക്കാരും ഏറെ വന്നുചേരുന്ന ഒരു വിപണിയുടെ സ്ഥലത്തു പ്രവര്‍ത്തിക്കുന്ന ലാത്തൂര്‍ അര്‍ബന്‍ബാങ്കും പണം കൊടുക്കുന്നതില്‍ നിയന്ത്രണം വെച്ചിട്ടുണ്ട്. പത്തു ലക്ഷത്തിലധികം രൂപ വരുന്ന വലിയ ഇടപാടുകാരോട് ഒരു ദേശസാത്കൃതബാങ്ക് ഒരു ദിവസംമുമ്പേ ഇക്കാര്യം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts

ചട്ടം പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്; 15 ദിവസത്തിനകം തുക കൈമാറിയില്ലെങ്കില്‍ ബാങ്ക് പിഴ പലിശ നല്‍കണം.

Indian Cooperator

എല്‍.ഐ.സി. അടക്കമുള്ള സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

Indian Cooperator

അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ തിരിച്ചുനല്‍കാന്‍ ഊര്‍ജിത ശ്രമവുമായി റിസര്‍വ് ബാങ്ക്

Indian Cooperator