Indian Cooperator

വൈശാഖും വിഷ്ണുവും ഒരുമിച്ച് ജനിച്ച്, ഒരുമിച്ച് പഠിച്ച്, ഒന്നിച്ചെത്തി….ഒരുമയുടെ സഹകരണത്തിലേക്ക്

കോഴിക്കോട് ചാലപ്പുറം സ്വദേശികളായ പി.കെ.വൈശാഖും പി.കെ.വിഷ്ണവും ഇനി സഹകരണ വകുപ്പിലെ ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടറാണ്. അതില്‍ പ്രത്യേകിച്ച് പുതുമയൊന്നുമില്ല. പക്ഷേ, ഇരുവരുടെയും ജീവിതവഴിയില്‍ ഒട്ടേറെ പുതുമകളുണ്ട്. ഇരട്ട സഹോദരങ്ങളാണ് വൈശാഖും വിഷ്ണുവും. ഒരുമിച്ചുള്ള ജനനം, ഒരുമിച്ചുള്ള പഠനത്തിന് വഴിയൊരുക്കി. പത്താംക്ലാസുവരെ ഒരേ സ്‌കൂളിലാണ് പഠിച്ചത്. ഹയര്‍സെക്കന്‍ഡറി പഠനത്തിലേക്ക് കടന്നപ്പോഴാണ് രണ്ടിടത്തേക്ക് മാറിയത്. പക്ഷേ, രണ്ടുപേരും ഒരേവിഷയം പഠിക്കാന്‍ തിരഞ്ഞെടുത്തു. കൊമേഴ്‌സില്‍ ബിരുദവും ബിരുദാന്തര ബിരുദവും കഴിഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ പി.എച്ച്.ഡി.ക്ക് ചേര്‍ന്നു. രണ്ട് ഗൈഡിന് കീഴിലായിരുന്നു രണ്ടുപേരും ഗവേഷണം പൂര്‍ത്തിയാക്കിയത്. പ്രബന്ധം സമര്‍പ്പിച്ചതും ഗവേഷണബിരുദം നേടിയതും ഒരുമിച്ച്.

ഇത്രയും അപൂര്‍വതകളൊന്നും ഏറെയില്ലാത്ത കഥയാണ്. പഠനത്തിന് ശേഷം ജോലിക്കായുള്ള ശ്രമമായി. നിരന്തരം പി.എസ്.സി. പരീക്ഷകളെഴുതി. കുറെ റാങ്ക് പട്ടികയില്‍ ഇടം നേടി. ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടറുടെ റാങ്ക് പട്ടിക പുറത്തിറങ്ങിയപ്പോള്‍ വിഷ്ണുവിന് റാങ്ക് 58. വൈശാഖിന് 59-ാം റാങ്ക്. പിന്നാലെ അഡൈ്വസ് മെമ്മോയും അപ്പോയ്‌മെന്റ് ഓര്‍ഡറും രണ്ടുപേര്‍ക്കും ഒരുമിച്ചുതന്നെ ലഭിച്ചു. അങ്ങനെ ജനനത്തിലും പഠനത്തിലും ഒരുമിച്ചായിരുന്നവര്‍, ഒരേമനസ്സോടെ ഇക്കാലമത്രയും ജീവിച്ചവര്‍, ഒരുമയാണ് നന്മയെന്ന സന്ദേശം നല്‍കുന്ന സഹകരണമേഖലയില്‍ ജീവനക്കാരായി.

വൈശാഖിനും വിഷ്ണുവിനും കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരവ് നല്‍കി. യൂണിയന്‍ സംഘടിപ്പിച്ച പ്രതിഭാസംഗമത്തിലായിരുന്നു ആദരവ്. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ യൂണിയന്‍ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും ജനപ്രതിനിധികളെയും യൂണിയന്‍ നടത്തിയ കനല്‍ കലാ ജാഥയില്‍ പങ്കെടുത്തവരെയും അനുമോദിച്ചു.

കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഡോ. എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം ടി. വിശ്വനാഥന്‍ മുഖ്യാതിഥിയായി. കെ.സി.ഇ.യു. ജില്ലാ പ്രസിഡന്റ് ഇ. സുനില്‍ കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.കെ. ശശി, പി. പ്രബിത, കെ.ബൈജു, കനല്‍ കലാജാഥ നാടക രചയിതാവും യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റുമായ എം. പ്രമോദ്, പ്രമുഖ സിനിമ നടി ഉഷ ചന്ദ്രബാബു, ഷനിത്ത് മാധവിക, എ.പി. സുധീഷ്, ഡോ. പി.കെ. വിഷ്ണു, ജില്ലാ വൈസ് പ്രസിഡന്റ് ഇ. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

സഹകരണ രജിസ്ട്രാറും ഓഡിറ്റ് ഡയറക്ടറുമായി അനു എസ്. നായര്‍ക്ക് നിയമനം

Indian Cooperator

കുടിശ്ശിക നിവാരണ പദ്ധതിയില്‍ പരമാവധി ഇളവുകളോടെ വായ്പകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

Indian Cooperator

മില്‍മയില്‍ ജൂനിയര്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ 14 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

Indian Cooperator
error: Content is protected !!