Indian Cooperator

സാമ്പത്തിക ക്രമക്കേട് മൂലം സെയില്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം അടച്ചുപൂട്ടുന്നു

364 കോടി രൂപ കമ്മിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കൊല്‍ക്കത്തയിലെ സെയില്‍ ( സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് ) എംപ്ലോയീസ് മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം അടച്ചുപൂട്ടുന്നു. 62 വര്‍ഷം മുമ്പു സഹകരണ വായ്പാസംഘമായി പ്രവര്‍ത്തനമാരംഭിച്ച സെയില്‍ എംപ്ലോയീസ് മള്‍ട്ടി സ്റ്റേറ്റ് സംഘം ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് അടച്ചുപൂട്ടുന്നത്. ധനകാര്യ കെടുകാര്യസ്ഥത മൂലം നഷ്ടത്തിലായ സംഘം അടച്ചുപൂട്ടിക്കൊണ്ടും ആസ്തികളും മറ്റും ഏറ്റെടുക്കാന്‍ ലിക്വിഡേറ്ററെ നിയമിച്ചുകൊണ്ടും കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ ഉത്തരവിട്ടു. 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തിലെ സെക്ഷന്‍ 86 അനുസരിച്ചാണു രജിസ്ട്രാര്‍ നടപടികള്‍ കൈക്കൊണ്ടിരിക്കുന്നത്.

അംഗങ്ങളുടെ കാലാവധിയെത്തിയ നിക്ഷേപം തിരിച്ചുകൊടുക്കുന്നില്ലെന്നും അനധികൃതമായി നിക്ഷേപം നടത്തിയെന്നുമൊക്കെ ഒട്ടേറെ പരാതികള്‍ സെയില്‍ സംഘത്തിനെതിരെ ഉയര്‍ന്നിരുന്നു. സംഘത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് 2026 ജൂണ്‍ പതിനഞ്ചോടെ ലിക്വിഡേറ്ററെ നിയമിക്കണമെന്നു ഡല്‍ഹി ഹൈക്കോടതി മെയ് പത്തൊമ്പതിനാണ് ഉത്തരവിട്ടത്. പല ഏജന്‍സികളുംവഴി നടത്തിയ പരിശോധനകളില്‍ സംഘം വ്യാപകമായി സഹകരണനിയമം ലംഘിച്ചതായി തെളിഞ്ഞെന്നു കേന്ദ്ര സഹകരണരജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു. നിയമവിരുദ്ധമായി അംഗത്വം നല്‍കുക, അപകടസാധ്യത പരിഗണിക്കാതെ അനധികൃതമായി നിക്ഷേപം നടത്തുക, സംശയകരമായ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുക, തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടുക തുടങ്ങിയ കുറ്റങ്ങളാണു പശ്ചിമബംഗാള്‍ സഹകരണസംഘം രജിസ്ട്രാര്‍ കേന്ദ്രരജിസ്ട്രാര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംഘത്തിനെതിരെ ആരോപിച്ചിരുന്നത്. കാലാവധിയെത്തിയ നിക്ഷേപങ്ങള്‍ പലിശസഹിതം തിരിച്ചുകൊടുക്കണമെന്നു കേന്ദ്ര സഹകരണ ഓംബുഡ്‌സ്മാന്‍വരെ നിര്‍ദേശിച്ചിട്ടും സംഘം അനുസരിക്കുകയുണ്ടായില്ല. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്‍ചെയര്‍മാനായ ജ്യോതിമോയ് ചക്രവര്‍ത്തി ഏറെക്കാലം സ്വാധീനം ചെലുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.

സംഘത്തിന്റെ ബാങ്ക്അക്കൗണ്ടുകള്‍, സ്ഥാവര-ജംഗമവസ്തുക്കള്‍, സംഘം നടത്തിയ നിക്ഷേപം, ഫിക്‌സഡ് നിക്ഷേപം, മ്യൂച്വല്‍ഫണ്ടുകള്‍ എന്നിവ ഏറ്റെടുക്കാന്‍ ലിക്വിഡേറ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമാപ്തീകരണനടപടികള്‍ ആറു മാസത്തിനകം പൂര്‍ത്തിയാക്കാനാണു ലിക്വിഡേറ്ററോട് നിര്‍ദേശിച്ചിരിക്കുന്നത്.

1964 മാര്‍ച്ച് 19ന് കൊല്‍ക്കത്ത ആസ്ഥാനമായി ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ എംപ്ലോയീസ് സഹകരണ വായ്പാസംഘം എന്ന പേരിലാണ് ഈ സംഘം പ്രവര്‍ത്തനമാരംഭിച്ചത്. 1980 ല്‍ പേര് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ എംപ്ലോയീസ് സഹകരണ വായ്പാസംഘം എന്നാക്കി. 1992 ജനുവരി 17 ന് മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സെയില്‍ ജീവനക്കാര്‍ക്കു സ്വര്‍ണപ്പണയവായ്പ, മെഡിക്ലെയിം പോളിസികള്‍, നിക്ഷേപപദ്ധതികള്‍ തുടങ്ങിയവ സംഘം നടത്തിപ്പോന്നിരുന്നു. രണ്ടായിരത്തിയഞ്ഞൂറോളം അംഗങ്ങളാണു സംഘത്തിലുണ്ടായിരുന്നത്.

Related posts

പിന്തുടര്‍ച്ചാവകാശത്തര്‍ക്കത്തില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് ഇടപെടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി

Indian Cooperator

ഡേറ്റ ഫയല്‍ ചെയ്യുന്നതിലെപിഴവു കാരണം കര്‍ഷകരുടെവിള ഇന്‍ഷുറന്‍സ്തുകപിടിച്ചുവെക്കാനാവില്ല-രാജസ്ഥാന്‍ ഹൈക്കോടതി

Indian Cooperator

300 കോടിരൂപ മൂലധനവും പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സിന് അപേക്ഷിക്കാം

Indian Cooperator
error: Content is protected !!