2026 ലെ അന്തർദേശീയ സഹകരണ ദിനാഘോഷം നാളെ തിരുവനന്തപുരത്ത്
സഹകരണ മേഖലയെയും സമ്പദ് വ്യവസ്ഥയെയും ശക്തിപ്പെടുത്തുകയാണ് സർക്കാർ നയമെന്ന് മന്ത്രി എം ലിജു. സഹകരണ മേഖലയ്ക്ക് ഗുണകരമാകുന്ന തീരുമാനങ്ങൾ മാത്രമേ സർക്കാർ സ്വീകരിക്കുകയുള്ളൂവെന്നും ഏത് തീരുമാനമെടുക്കുമ്പോഴും സമ്പദ് വ്യവസ്ഥയ്ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 2025 വർഷത്തെ വിവിധ വിഭാഗങ്ങളിൽപ്പെട്ട സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഏതൊരു രാഷ്ട്രീയ പ്രസ്ഥാനവും സഹകരണ മേഖലയിൽ പങ്കാളിത്തം വർധിപ്പിക്കാൻ ശ്രമിക്കുന്നത് കൂടുതൽലാളുകളെ സഹകരണ മേഖലയിലേക്ക് ആകർഷിക്കും. എന്നാൽ, സഹകരണ പ്രസ്ഥാനങ്ങൾ പിടിച്ചെടുക്കാനുള്ളതാകരുത്. സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനുള്ള ഏത് നീക്കത്തെയും സ്വാഗതം ചെയ്യുന്നു. അത് സഹകരണ ജനാധിപത്യം ഉറപ്പുവരുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
2026 ലെ അന്തർദേശീയ സഹകരണ ദിനാഘോഷം സഹകരണ വകുപ്പിൻറെ മേൽനോട്ടത്തിൽ ജൂലൈ നാലിന് സമുചിതമായി നടത്തുകയാണ്. “Cooperatives for a peaceful world ” എന്നതാണ് ഈ വർഷത്തെ അന്തർദേശീയ സഹകരണ ദിനാഘോഷത്തിൻറെ തീം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇൻറർനാഷണൽ സ്റ്റേഡിയത്തിലുള്ള ട്രാവൻകൂർ ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ വെച്ചാണ് സഹകരണ ദിനാഘോഷ പരിപാടികൾ നടക്കുക.
രാവിലെ 9 മണിക്ക് സഹകരണ സംഘം രജിസ്ട്രാർ ശ്രീ. പ്രേം കൃഷ്ണൻ. എസ് ഐഎഎസ് പതാകയുയർത്തി ആരംഭിക്കുന്ന പരിപാടിയിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കും. സഹകരണ – എക്സൈസ് വകുപ്പ് മന്ത്രി എം ലിജു ഉദ്ഘാടനം നടത്തുകയും . ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.
യോഗത്തിൽ തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ സാമാജികരും സഹകരണ രംഗത്തെ വിശിഷ്ട വ്യക്തികളും പങ്കെടുക്കും. സമ്മേളനത്തിൽ വെച്ച് 2025 വർഷത്തെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ട മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് ദാനവും നിർവഹിക്കും.
