Indian Cooperator

സഹകരണ സംഘങ്ങളിലെ സി.എ.ജി.ഓഡിറ്റിനെതിരെ കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍

ഹകരണ സംഘങ്ങളുടെ പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റിനെതിരെ കേരള കോഓപ്പറേറ്റീവ് എപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു). നിയമവിരുദ്ധമായ സി.എ.ജി.യുടെ നീക്കം സര്‍ക്കാര്‍ തടയണമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എം. വഹീദയും ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രനും ആവശ്യപ്പെട്ടു. സി.എ.ജി. ഓഡിറ്റിനെതിരെ സഹകരണ മേഖലയില്‍നിന്നുള്ള യൂണിയിനുകളില്‍ ശക്തമായ നിലപാടുമായി രംഗത്തുവന്ന ഏകെ യൂണിയനാണ് കെ.സി.ഇ.യു.

സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ നടത്തിവരുന്ന പ്രതിമാസ സമ്പാദ്യ പദ്ധതിയിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നും സി.എ.ജി.യെ ഉപയോഗിച്ച് കൈയിട്ടുവാരാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. അതിന് തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്. സംസ്ഥാനത്തെ സഹകരണ നിയമത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളുടെ വരവ് ചെലവ് പരിശോധിക്കാന്‍ സിഎജിക്ക് അവകാശമില്ല. അതിന്റെ നിയമവശങ്ങള്‍ പോലും പരിശോധിക്കാന്‍ തയ്യാറാകാതെ ജോയിന്റ് രജിസ്ട്രാര്‍മാര്‍ വഴി സംഘങ്ങളില്‍ നിന്നും വിവരം ശേഖിക്കാനുള്ള സഹകരണ ഡിപ്പാര്‍ട്ടുമെന്റ് കാണിക്കുന്ന വ്യഗ്രത ആരെ സഹായിക്കാനാണെന്നുള്ളത് പരിശോധിക്കണം.

സഹകരണ രജിസ്ട്രാറുടെ 2024 ആഗസ്റ്റ് എട്ടിലെ 19/2024 നമ്പര്‍ സര്‍ക്കുലര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സഹകരണ സംഘങ്ങള്‍ പ്രതിമാസ സമ്പാദ്യ പദ്ധതി നടത്തിവരുന്നത്. രാജ്യത്തെ സഹകരണ മേഖലയെ മുഴുവനുമായി കൈപ്പിടിലാക്കാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. കേന്ദ്ര സഹകരണ മന്ത്രാലയ രൂപീകരണം, ബി ആര്‍ ആക്ട് ഭേദഗതി, കോടതി വിധിയെപ്പോലും ധിക്കരിച്ചുകൊണ്ട് റിസര്‍വ്വ് ബാങ്കിന്റെ പത്രപരസ്യം, കേന്ദ്ര ഏജന്‍സികളേയും ഉപയോഗിച്ച് സംഘങ്ങളുടെ വിശ്വാസ്യത തകര്‍ക്കല്‍, ദേശീയ സഹകരണ നയം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായിട്ടുള്ളതാണ്. സംസ്ഥാന സര്‍ക്കാര്‍ ഇതുവരേയും കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം ഇടപെടലുകളെ ശക്തമായി ചെറുത്തു നില്‍ക്കുയായിരുന്നു. തുടര്‍ന്നും സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എം വഹീദയും ജനറല്‍ സെക്രട്ടറി എന്‍ കെ രാമചന്ദ്രനും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Related posts

കണ്ടലബാങ്കിനു കാഞ്ഞിരം ബാങ്കിനും കേരള സഹകരണ ക്ഷേമവികസന പദ്ധതി വായ്പ 

Indian Cooperator

അരനൂറ്റാണ്ടിന്റെ സമരചരിത്രവുമായി കെ.സി.ഇ.യു. സംസ്ഥാനസമ്മേളനം സെപ്റ്റംബറില്‍ കോഴിക്കോട്ട്  

Indian Cooperator

നേരത്തെ രൂപവത്കരിച്ച കണ്‍സോര്‍ഷ്യം അവസാനിപ്പിച്ചു; പിരിച്ചെടുത്തത് 1881 കോടി

Indian Cooperator
error: Content is protected !!