Indian Cooperator

ക്ഷീരസംഘങ്ങളില്‍ കണക്ക് ശുദ്ധീകരണം; ഭൂമിവാങ്ങിയതിനും കെട്ടിടം നിര്‍മ്മിച്ചതിനുമുള്ള ‘എതിര്‍പ്പുകള്‍’ ഒഴിവാക്കി

ക്ഷീരസംഘങ്ങളുടെ കണക്കുകള്‍ ശുദ്ധീകരിക്കാന്‍ സര്‍ക്കാരിന്റെ അനുമതി. പ്രാഥമിക ക്ഷീര സഹകരണസംഘങ്ങള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വ്യാപാരാവശ്യത്തിനായി ഭൂമി വാങ്ങുകയോ കെട്ടിടം നിര്‍മിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവയ്ക്കു അന്തിമാംഗീകാരം നല്‍കാന്‍ ക്ഷീര സഹകരണസംഘം രജിസ്ട്രാര്‍ക്കു സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കി.

2019 മാര്‍ച്ച് 31വരെയുള്ള ഇത്തരം ‘തടഞ്ഞുവെക്കലുകള്‍’ നേരത്തെ ഒഴിവാക്കി നല്‍കിയിരുന്നു. 2019ന് ശേഷമുള്ള ഇടപാടുകള്‍ക്കും ഈ ഇളവ് നല്‍കണമെന്ന് കാണിച്ച് ക്ഷീരവികസന ഡയറക്ടറേറ്റ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. അതനുസരിച്ചാണ് ഇപ്പോഴത്തെ നടപടി. 2026 ഫിബ്രവരി 27വരെയുള്ള എല്ലാ തടഞ്ഞുവെക്കലുകളും ഇതോടെ ഒഴിവാകും. ക്ഷീരസംഘങ്ങളുടെ നടപടിക്ക് ഔദ്യോഗിക അംഗീകാരം നല്‍കും.

മുന്‍കൂര്‍ അനുമതി വാങ്ങാതെ ക്ഷീര സഹകരണസംഘങ്ങള്‍ വ്യാപാരാവശ്യത്തിനായി ഭൂമി വാങ്ങുകയോ പാട്ടത്തിനെടുക്കുകയോ കെട്ടിടം പണിയുകയോ പുതുക്കുകയോ വസ്തു പാട്ടത്തിനെടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഇനി അന്തിമ അംഗീകാരം ലഭിക്കും. ഇതിനൊരു വ്യവസ്ഥയുണ്ട്. ഇങ്ങനെ ഭൂമിയോ കെട്ടിടമോ വസ്തുവോ വാങ്ങിയിട്ടുണ്ടെങ്കില്‍ അതുമൂലം സംഘത്തിന് ഒരുതരത്തിലുള്ള സാമ്പത്തികനഷ്ടവും സംഭവിച്ചിട്ടില്ലെന്നും സംഘം സമര്‍പ്പിച്ച രേഖകളെല്ലാം കൃത്യമാണെന്നും പരിശോധിച്ചു ബോധ്യപ്പെടണം. അങ്ങനെയാണെങ്കില്‍, സംഘം രജിസ്റ്റര്‍ ചെയ്ത തീയതി മുതല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച തീയതിയായ 2026 ഫെബ്രുവരി 27 വരെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ അംഗീകാരം നല്‍കാന്‍ ക്ഷീര സഹകരണസംഘം രജിസ്ട്രാര്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

മുന്‍കൂര്‍ അനുമതിയില്ലാതെ സംഘത്തിന്റെ വ്യാപാരാവശ്യത്തിനായി വാങ്ങിയ ഭൂമിക്കും കെട്ടിടത്തിനും വസ്തുവിനും സംഘം രജിസ്റ്റര്‍ ചെയ്ത തീയതി മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലത്തേക്കു SRO നമ്പര്‍ 83 / 2020, തീയതി: 27.01.2020 പ്രകാരം നേരത്തേ അംഗീകാരം നല്‍കിയിരുന്നു. ഇതിനുശേഷമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുകൂടി അന്തിമാംഗീകാരം നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതിയ ഉത്തരവിലൂടെ കാലാവധി നീട്ടിയത്.

ഈയാവശ്യത്തിലേക്കായി ക്ഷീര സഹകരണസംഘങ്ങള്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ മുമ്പാകെ സമര്‍പ്പിക്കുന്ന അപേക്ഷകളുടെ നിജസ്ഥിതി പരിശോധിച്ച് സാമ്പത്തികനഷ്ടമുണ്ടായിട്ടില്ലെന്ന് ഉറപ്പാക്കി വ്യക്തമായ ശിപാര്‍ശയോടെ ഡയറക്ടറുടെ / ക്ഷീര സഹകരണസംഘം രജിസ്ട്രാറുടെ ഓഫീസിലേക്ക് അയയ്ക്കണമെന്നു ജൂലായ് മൂന്നിനു പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അപേക്ഷയോടൊപ്പം മൂല്യനിര്‍ണയ സര്‍ട്ടിഫിക്കറ്റ്, ശിപാര്‍ശ, മൂല്യനിര്‍ണയസമിതിയുടെ മിനിട്ട്സ് എന്നിവ ഉള്ളടക്കം ചെയ്യണമെന്നു ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കയച്ച ഉത്തരവില്‍ പറയുന്നു.

Related posts

നേരത്തെ രൂപവത്കരിച്ച കണ്‍സോര്‍ഷ്യം അവസാനിപ്പിച്ചു; പിരിച്ചെടുത്തത് 1881 കോടി

Indian Cooperator

എന്‍.സി.ഡി.സി. സഹായം ഇനി സഹകരണ സംഘങ്ങള്‍ക്ക് മാത്രമല്ല; നിയമം മാറ്റി കേന്ദ്രസര്‍ക്കാര്‍

Indian Cooperator

ജില്ലാബാങ്കുകളില്‍നിന്ന് വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ കിട്ടാതെ ഏഴുമാസം

Indian Cooperator
error: Content is protected !!