Indian Cooperator

56,000 ഡ്രൈവര്‍മാര്‍രജിസ്റ്റര്‍ ചെയ്തു; തുടക്കം ജനുവരി ഒന്നിന് ഡല്‍ഹിയില്‍

സ ഹകാര്‍ ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ മാനേജ്മെന്റിലുള്ള ഭാരത് ടാക്സി പുതുവര്‍ഷപ്പുലരിയില്‍ നിരത്തിലിറങ്ങും. 2026 ജനുവരി ഒന്നിനു രാജ്യതലസ്ഥാനമായ ഡല്‍ഹിയിലായിരിക്കും ആദ്യത്തെ സര്‍വീസ് ആരംഭിക്കുക. കമ്മീഷന്‍രഹിത മാതൃകയിലാണു സര്‍വീസ് നടത്തുക. മഴയത്തും ഏറ്റവുമധികം ഡിമാന്റുള്ള സമയങ്ങളിലും ചാര്‍ജ്കൂട്ടി കൊള്ളയടിക്കുന്ന ആപ്പധിഷ്ഠിത കാബുകളില്‍നിന്നു നഗരവാസികള്‍ക്ക് ഇതോടെ മോചനമാകും. ഭാരത് ടാക്സിയുടെ സര്‍വീസിനായി മൊബൈലില്‍നിന്നു വിളിച്ചാല്‍ മതി. ലാഭത്തില്‍മാത്രം കണ്ണുവെക്കുന്ന മറ്റു ടാക്സിസര്‍വീസുകളില്‍നിന്നു വ്യത്യസ്തമായിരിക്കും ഡ്രൈവര്‍മാരുടെമാത്രം നിയന്ത്രണത്തില്‍ ഓടുന്ന ഭാരത് ടാക്സി.

കാര്‍, ഓട്ടോറിക്ഷ, ടൂവീലര്‍ സര്‍വീസുകളാണു ഭാരത് ടാക്സി നല്‍കുന്നത്. യാത്രക്കാര്‍ക്കു മൊബൈല്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഇതുവരെയായി 56,000 ഡ്രൈവര്‍മാര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഇവരുടെ സേവനം എളുപ്പം ബുക്ക് ചെയ്യാം. ന്യായമായ ചാര്‍ജില്‍ 24 മണിക്കൂറും ഭാരത് ടാക്സിയുടെ സേവനമുണ്ടാകും. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നവിധത്തിലുള്ള സംവിധാനങ്ങള്‍ ഈ ടാക്സിസര്‍വീസിന്റെ പ്രത്യകതയാണ്. ഡല്‍ഹി പോലീസുമായി ടൈ അപ്പുള്ളതിനാല്‍ യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷിതത്വം ഉറപ്പാകും.

ഡ്രൈവര്‍മാര്‍ക്കു മെച്ചപ്പെട്ട ജോലി നല്‍കുന്നരീതിയിലാവും ഭാരത് ടാക്സി പ്രവര്‍ത്തിക്കുക. കമ്മീഷനില്ലാത്ത സര്‍വീസായതിനാല്‍ ഓരോ യാത്രയിലും യാത്രക്കൂലിയുടെ 80 ശതമാനത്തിലധികവും ഡ്രൈവര്‍ക്കു നേരിട്ടു കിട്ടും. അവരെ ഉടമകളായി പരിഗണിക്കുന്ന മാതൃകയിലാണു ഭാരത് ടാക്സി പ്രവര്‍ത്തിക്കുക. 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭാരത് ടാക്സിയുടെ ഭരണസമിതിയില്‍ ഡ്രൈവര്‍മാരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തും. ന്യൂയോര്‍ക്കില്‍ ഡ്രൈവര്‍മാരുടെ ഉടമസ്ഥതയിലുള്ള ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവിന്റെ മാതൃകയിലാണു ഭാരത് ടാക്സി രൂപപ്പെടുത്തിയിരിക്കുന്നത്.

Related posts

സഹകരണ സംഘത്തിലെ അംഗങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ വാഹനങ്ങള്‍ വാങ്ങാനുള്ള പദ്ധതിക്കായെന്ന് വിശദീകരണം

Indian Cooperator

രണ്ടുലക്ഷം ജനസംഖ്യയുള്ള എല്ലാനഗരങ്ങളിലും അര്‍ബന്‍ ബാങ്ക് രൂപീകരിക്കാന്‍ കേന്ദ്രം

Indian Cooperator

മഹാരാഷ്ട്രയിലെമത്സ്യത്തൊഴിലാളിസംഘങ്ങളെശാക്തീകരിക്കാന്‍ വാമ്‌നികോം രംഗത്ത്

Indian Cooperator
error: Content is protected !!