തൊഴിലാളികളെ മൂലധനശക്തികളുടെയും കോര്‍പ്പറേറ്റുകളുടെയും അടിമകളാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢാലോചനയാണ്
ലേബര്‍ കോഡുകളിലെ ഉള്ളടക്കത്തിന്റെ കാതല്‍. മിനിമംവേതനം എന്ന തത്വം രാജ്യത്തുനിന്നില്ലാതായി. ജോലിസ്ഥിരത ഇനി സ്വപ്നം കാണാന്‍പോലും കഴിയില്ല. തൊഴിലവകാശങ്ങള്‍ വീണ്ടും പൊരുതി നേടേണ്ട സാഹചര്യമാണു രാജ്യത്തുണ്ടായിരിക്കുന്നത്.
എളമരം കരീം -സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി
മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളിദിനമാണ്. ലോകത്താകെ തൊഴിലാളികളുടെ അവകാശവും അതു നേടിയെടുക്കാന്‍വേണ്ടി നടന്ന പോരാട്ടവും അനുസ്മരിക്കുന്ന ദിനമാണത്. 1886 ല്‍ അമേരിക്കയില്‍ എട്ടുമണിക്കൂര്‍ ജോലി എന്ന ആവശ്യവുമായി തൊഴിലാളികള്‍ നടത്തിയ സമരം ചിക്കാഗോവിലെ ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയായി മാറിയതിന്റെ ചരിത്രംകൂടിയാണു മെയ്ദിനത്തിനു പറയാനുള്ളത്.
അടിമക്കാലത്തുനിന്ന് അവകാശബോധത്തിലേക്കും അര്‍ഹിക്കുന്ന ആനുകൂല്യത്തിലേക്കും തൊഴിലാളിസമൂഹമെത്തിയതിനു പിന്നില്‍ ഒട്ടേറെ പോരാട്ടങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യയിലടക്കം എല്ലാ തൊഴിലവകാശങ്ങളും പൊരുതിനേടിയതാണ്. മിനിമംവേതനവും അവധിയും സുരക്ഷാചട്ടങ്ങളുമെല്ലാം ഈ രാജ്യത്തു രൂപപ്പെട്ടതു തൊഴിലാളിസംഘടനകളുടെ വീറുറ്റ പോരാട്ടത്തിന്റെ ഭാഗമായാണ്. അങ്ങനെ രാജ്യത്തുണ്ടായ 29 തൊഴില്‍നിയമങ്ങള്‍ ഇല്ലാതാക്കി നാലു ലേബര്‍ കോഡുകള്‍ നടപ്പാക്കാന്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. തൊഴിലാളികളെ മൂലധനശക്തികളുടെയും കോര്‍പ്പറേറ്റുകളുടെയും അടിമകളാക്കാനുള്ള ഗൂഢാലോചനയാണു ലേബര്‍ കോഡുകളിലെ ഉള്ളടക്കത്തിന്റെ കാതല്‍. തൊഴിലാളികള്‍ക്കു സാമൂഹികനീതിപോലും നിഷേധിക്കുന്ന ഒന്നാണിതെന്നു മാത്രമല്ല, ജനാധിപത്യത്തെ അങ്ങേയറ്റം അപകടപ്പെടുത്തുന്നവിധമാണ് അതിന്റെ നടപ്പാക്കല്‍രീതിയും. പാര്‍ലമെന്റും പാര്‍ലമെന്ററിസമിതികളും ജനപ്രതിനിധികളും നോക്കുകുത്തികളാകുന്ന സ്ഥിതി. ഏകാധിപത്യഭരണത്തിന്റെ തീഷ്ണമായ പ്രയോഗം. ലേബര്‍ കോഡുകള്‍ കൊണ്ടുവരുന്നതിനും നടപ്പാക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച രീതിയെ ഇങ്ങനെയെല്ലാം വിലയിരുത്താനാകും.
നാല് കോഡുകളാണ് ഇതിലുള്‍പ്പെടുന്നത്. 2019 ആഗസ്റ്റില്‍ ഇതില്‍ ആദ്യത്തെ കോഡായ വേജസ് കോഡ് പാര്‍ലമെന്റ് പാസാക്കി. 2019 ആഗസ്റ്റ് എട്ടിന് വേജസ് കോഡ് വിജ്ഞാപനം ചെയ്തു. മറ്റു മൂന്നു ലേബര്‍ കോഡുകളായ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്- 2020, സോഷ്യല്‍ സെക്യൂരിറ്റി കോഡ്- 2020, ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത്, വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ്- 2020 എന്നിവ 2020 സെപ്റ്റംബറില്‍ പാര്‍ലമെന്റ് പാസാക്കി. 2020 സെപ്റ്റംബര്‍ 29 നു വിജ്ഞാപനം ചെയ്തു. ഇതിന്റെ തുടക്കം മുതല്‍ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധിക്കുകയും സമരം നടത്തുകയുമെല്ലാം ചെയ്തിട്ടുണ്ട്. അതുകാരണം അഞ്ചു വര്‍ഷമായിട്ടും ഇതു നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ 2025 നവംബര്‍ 21 മുതല്‍ ഈ നാലു കോഡുകളും നിയമമായി രാജ്യത്തു നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
പാര്‍ലമെന്റ്‌സമിതി നിര്‍ദേശിച്ച ഭേദഗതികള്‍പോലും ഉള്‍പ്പെടുത്താതെ ഏകപക്ഷീയമായും കോര്‍പ്പറേറ്റ്താത്പര്യങ്ങള്‍ക്കനുസരിച്ചും തൊഴിലാളിവിരുദ്ധമായുമാണു ലേബര്‍ കോഡുകള്‍ രാജ്യത്തു നടപ്പാക്കുന്നത്.
മിനിമം കൂലിയെന്ന ആവശ്യം ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ടത് ഒട്ടേറെ ഇടപടലിന്റെ ഭാഗമായാണ്. ഒരു തൊഴിലാളിയുടെ ജീവനും ജീവിതവും കണക്കിലെടുത്താണു മിനിമംകൂലി നിശ്ചയിക്കേണ്ടതെന്ന അടിസ്ഥാനതത്വം ഇവിടെ നിലവിലുണ്ടായിരുന്നു. ഒരു തൊഴിലാളിക്കു ചുരുങ്ങിയത് 1800 കലോറി ഊര്‍ജമെങ്കിലും വേണം. അത്ര ഊര്‍ജം ലഭിക്കണമെങ്കില്‍ എത്ര ഭക്ഷണം കഴിക്കണം, ആ ആഹാരത്തിനാവശ്യമായ വിഭവങ്ങളുണ്ടാക്കാനുള്ള സാധനങ്ങള്‍ക്ക് ഇന്നത്തെ മാര്‍ക്കറ്റ്‌വില എന്താണ്. അവരുടെ ജീവിതാവശ്യത്തിനുവരുന്ന മറ്റ് അടിസ്ഥാന ചെലവുകള്‍ എന്തൊക്കെയാണ്, ഒരു തൊഴിലാളി 58-60 വയസ്സുവരെ ജോലിചെയ്താല്‍ അദ്ദേഹത്തിനു ജോലി ചെയ്യാന്‍ കഴിയാത്ത പ്രായം വരും. അപ്പോള്‍ കൂടുംബത്തിനു കഴിയാനുള്ള ചെലവ് എങ്ങനെയാകും എന്നതെല്ലാം കണക്കിലെടുത്താണു മിനിമംകൂലി നിശ്ചയിക്കുക. അല്ലാതെ ഒരാള്‍ക്ക് 500 രൂപ, 600 രൂപ എന്നിങ്ങനെ വായില്‍തോന്നുന്നതല്ല മിനിമംവേതനം. ആ തത്വം ഇന്ത്യയില്‍ ലേബര്‍ കോഡുകള്‍ വന്നതോടെ ഇല്ലാതായി.
ലേബര്‍ കോഡ് നടപ്പാക്കിയതായി ഇന്ത്യാഗവണ്‍മെന്റ് നോട്ടിഫിക്കേഷന്‍ ഇറക്കിയതുമുതല്‍ മിനിമം വേതനനിയമം ഇല്ലാതായി. ഇനി മിനിമംവേജസ് ബോര്‍ഡില്ല. മിനിമംവേജസ് കമ്മിറ്റിയില്ല. തൊഴിലാളികള്‍ക്കുവേണ്ടി വാദിക്കാന്‍ തൊഴിലാളിസംഘടനകള്ക്കു സാധ്യമല്ല.
അതിനുപകരം മോദിഗവണ്‍മെന്റ് കൊണ്ടുവന്നതു നാഷണല്‍ ഫ്ളോര്‍ വേജ് (ദേശീയ തറ കൂലി) ആണ്. ഇന്ത്യയില്‍ എല്ലായിടത്തും ഒരു കൂലി. അതു 178 രൂപയാണ്. എന്തു ക്രൂരതയാണിവര്‍ ചെയ്തത്? എന്നിട്ട് ഈ നിയമം നടപ്പാക്കിയതിനെ ആര്‍.എസ്.എസ്. നേതൃത്വം നല്‍കുന്ന ബി.എം.എസ്. സ്വാഗതം ചെയ്തു. അവരും തൊഴിലാളിയൂണിയന്‍ എന്നുപറഞ്ഞു കൊടിയും പിടിച്ചുനടക്കുന്നുണ്ട്. ലേബര്‍ കോഡ് വന്നപ്പോള്‍ ചില കോഡുകളിലെ ചില വ്യവസ്ഥകളില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നു അവര്‍ പറഞ്ഞിരുന്നു. പക്ഷേ, ഇതിനെതിരായ ഒരു സമരത്തിലും അവര്‍ പങ്കെടുത്തില്ല.
ബി.എം.എസ്സും
സമരങ്ങളും
2004 മുതല്‍ 2014 വരെ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയില്‍ ഒരുപാട് ദേശീയസമരങ്ങള്‍ നടന്നിട്ടുണ്ട്. അതിനുമുമ്പ് നരസിംഹറാവുവും വാജ്‌പേയിയും പ്രധാനമന്ത്രിമാരായിരുന്നപ്പോഴും ദേശീയസമരങ്ങള്‍ നടന്നിട്ടുണ്ട്. ആ കാലത്തു ദേശീയതലത്തിലുള്ള സമരത്തിന് ഒരു സംയുക്തകമ്മിറ്റിയുണ്ടായിരുന്നു, ഏകോപനസമിതി. അതില്‍ എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എച്ച്.എം.എസ്, ബി.എം.എസ്, യു.ടി.യു.സി., എ.ഐ.യു.ടി.യു.സി, സേവ എന്നിങ്ങനെ 12 ദേശീയ ട്രേഡ് യൂണിയനുകള്‍ ഒന്നിച്ചാണു സമരം ചെയ്തത്. അന്നു ബി.എം.എസ്സിനു ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. 2014 ല്‍ മോദി വന്നപ്പോള്‍, അതിനു മുമ്പുള്ള സര്‍ക്കാരുകളുടെ അതേനയം തൊഴിലാളികള്‍ക്കെതിരായി അവര്‍ നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍, ദേശീയസമരത്തെക്കുറിച്ചാലോചിക്കാന്‍ ട്രേഡ് യൂണിയനുകളുടെ യോഗം ചേര്‍ന്നു. തങ്ങള്‍ പങ്കെടുക്കുന്നില്ലായെന്നു ബി.എം.എസ്. പറഞ്ഞു. ആര്‍എസ്.എസ്. നേതൃത്വം നല്‍കുന്ന സര്‍ക്കാരാണു കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നത് എന്നതായിരുന്നു കാരണം. വേറെ എന്തു കാരണം? അവര്‍ മാറി. ബാക്കി സംഘടനകളാണു സമരം നടത്തിയത്. ഇപ്പോഴെന്താ സംഭവിച്ചത്?
ഈ ലേബര്‍ കോഡ് നടപ്പാക്കാനുള്ള നോട്ടിഫിക്കേഷന്‍ ഇന്ത്യാഗവണ്‍മെന്റ് ഇറക്കിയപ്പോള്‍ ബി.എം.എസ്സിന്റെ പ്രസ്താവന കണ്ട് അന്ധാളിച്ചുപോയി. അവര്‍ ഇതിനെ സ്വാഗതം ചെയ്യുകയാണുണ്ടായത്. അവര്‍ക്കു ട്രേഡ് യൂണിയന് എന്നു പറയാന്‍ അവകാശമുണ്ടോ? ഒരു ട്രേഡ് യൂണിയനായി പ്രവര്‍ത്തിക്കാനുള്ള എന്തവകാശമാണ് അവര്‍ക്കുള്ളത്?
ബാക്കി സംഘടനകള്‍ ചേര്‍ന്നാണ് ഇപ്പോഴത്തെ പ്രതിഷേധത്തെക്കുറിച്ച് ആലോചിച്ചത്. ആറു മാസം മുമ്പാണു ഈ നിയമങ്ങള്‍ക്കെതിരെ ദേശീയപണിമുടക്ക് നടത്തിയത്. 25 കോടി തൊഴിലാളികളാണ് ആ പണിമുടക്കില്‍ പങ്കെടുത്തത്. ബി.എം.എസ.് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തതായിരുന്നു ആ പണിമുടക്ക്.
ഇന്ത്യയില്‍ ദേശീയതലത്തില്‍ കേന്ദ്രഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ ഒരു ലേബര്‍ കോണ്‍ഫറന്‍സ് വിളിച്ചുകൂട്ടാറുണ്ടായിരുന്നു. ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ്. പ്രധാനമന്ത്രിയാണ് ആ സമ്മേളനം ഉദ്ഘാടനം ചെയ്യുക. അതില്‍ വ്യവസായരംഗത്തെ പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍പ്രതിനിധികള്‍, സര്‍ക്കാര്‍പ്രതിനിധികള്‍ എന്നിങ്ങനെ മൂന്നു കൂട്ടരുംകൂടി തൊഴിലാളികളുടെ കാര്യം ചര്‍ച്ച ചെയ്യും. മോദിഗവണ്‍മെന്റ് വന്നതിനുശേഷം ആ ത്രികക്ഷിസമ്മേളനം വേണ്ടെന്നുവെച്ചു. ഇപ്പോള്‍ ഈ ലേബര്‍ കോഡ് നടപ്പാക്കണമെന്ന ഗവണ്‍മെന്റിന്റെ ആലോചന വന്നപ്പോള്‍ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് വിളിച്ചു കൂട്ടണമെന്നു ഞങ്ങള്‍ പറഞ്ഞു. ഈ ലേബര്‍ കോഡ് വിശദമായി ചര്‍ച്ച ചെയ്യണം. കൂടിയാലോചനയില്ലാതെ നടപ്പാക്കരുത് എന്നാവശ്യപ്പെട്ടു. യോഗം വിളിച്ചില്ല. തൊഴിലാളിസംഘടനകളോട് അത്ര ക്രൂരമായ അവഗണനയാണു കേന്ദ്രത്തിനും ആര്‍.എസ്.എസ്സിനുമുള്ളത്. കാളയുടെ കഴുത്തില്‍ നുകം വെയ്ക്കാന്‍ കാളയോട് അനുവാദം ചോദിക്കാറുണ്ടോ? അതുപോലെയാണു തൊഴിലാളികളോടും എന്നതാണ് ആര്‍.എസ്.എസ്സിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും കാഴ്ചപ്പാട്. അതുകൊണ്ട് ‘ നിങ്ങളുടെ പ്രതിനിധികളുമായി ഒരു ചര്‍ച്ചയും വേണ്ട. മുതലാളിമാരാവശ്യപ്പെടുന്നതുപോലെ ഞങ്ങള്‍ ചെയ്യും ‘ . ഇതാണ് ഇന്ത്യാഗവണ്‍മെന്റിന്റെ നിലപാട്. അങ്ങനെയുണ്ടാക്കിയതാണീ നിയമങ്ങള്‍.
ഏകപക്ഷീയമായി
ഉണ്ടാക്കിയ നിയമം
ഇന്ത്യയിലെ കോര്‍പ്പറേറ്റുകളുടെ വിദഗ്ധര്‍ ഇരുന്നു തയാറാക്കിക്കൊടുത്ത ഡ്രാഫ്റ്റ് ഗവണ്‍മെന്റ് അംഗീകരിച്ചു നിയമമാക്കി എന്നതാണു ലേബര്‍ കോഡുകളുടെ കാര്യത്തില്‍ സംഭവിച്ചത്. ഒരു ട്രേഡ് യൂണിയനുമായും ചര്‍ച്ച ചെയ്തിട്ടില്ല. അങ്ങനെയുണ്ടാക്കിയ നിയമമാണിത്.
നിലവിലുള്ള 29 നിയമങ്ങള്‍ ക്രോഡീകരിച്ച് നാലു നിയമങ്ങളാക്കുകയാണു ചെയ്തിട്ടുള്ളത്. അതാണു ലേബര്‍ കോഡ്. അതില്‍ ആദ്യത്തെ കോഡ് കോഡ് ഓണ്‍ വേജസാണ്. കൂലിസംബന്ധമായ നിയമം. കൂലിസംബന്ധമായ നിയമത്തില്‍ മിനിമംവേജ് ആക്ടും മറ്റുചില നിയമങ്ങളുമുണ്ട്. അതെല്ലാം കൂട്ടിച്ചേര്‍ത്ത് ഒറ്റ നിയമമാക്കി. അതു 2019 ല്‍ പാര്‍ലമെന്റില്‍ വന്നു. ലോക്സഭയില്‍ ഒരെതിര്‍പ്പും ഉണ്ടായില്ല. കാരണം, അവിടെ പ്രതിപക്ഷം വളരെ ശുഷ്കമായിരുന്നു അന്ന്.
കോണ്‍ഗ്രസ് ആ ബില്ലിനെ എതിര്‍ത്തില്ല. ഇടതുപക്ഷത്ത് അന്നു ലോക്സഭയില്‍ സി.പി.ഐ.എമ്മിനു മൂന്നുപേരോ മറ്റോ ആണുണ്ടായിരുന്നത്. സി.പി.ഐ.ക്കു രണ്ടു പേര്‍. 543 അംഗങ്ങളുള്ള ലോക്സഭയില്‍ 200-250 പേരേ ഹാജരുണ്ടാവൂ. അതില്‍ രണ്ടുപേര്‍ എഴുന്നേറ്റുനിന്നാല്‍ ആരു ശ്രദ്ധിക്കാന്‍? പ്രതിപക്ഷം വോട്ടെടുപ്പു വേണമെന്നാവശ്യപ്പെട്ടു. സ്പീക്കര്‍ ആ ഭാഗത്തേക്കേ നോക്കിയില്ല. ശബ്ദവോട്ടോടെ എതിര്‍പ്പില്ലാതെ ബില്‍ പാസാക്കിയതായി പ്രഖ്യാപിച്ചു. ലോക്സഭയുടെ രേഖയില്‍ അങ്ങനെയാണുണ്ടാവുക. ബില്‍ രാജ്യസഭയില്‍ വന്നു. അന്നു ഞാന്‍ രാജ്യസഭയിലുണ്ട്. രാജ്യസഭയില്‍ അംഗങ്ങളുടെ എണ്ണം കുറവാണ്. ആകെ 245 ആണ്. ഒരു 150 പേരൊക്കെയേ വരാറുള്ളു. മുതിര്‍ന്നവരുടെ സഭയാണു രാജ്യസഭ. അവിടെ ഞങ്ങളന്ന് ഇടതുപക്ഷത്ത് എല്ലാംകൂടി ഏഴു പേരുണ്ട് കേരളത്തില്‍നിന്നുള്ളവര്‍. ഞങ്ങള്‍ ശക്തമായെതിര്‍ത്തു. ഓരോ വകുപ്പിനും ഭേദഗതി കൊടുത്ത് എല്ലാറ്റിനും വോട്ട് ചെയ്യിച്ചു. ഡി.എം.കെ.യും സമാജ് വാദി പാര്‍ട്ടിയും നമ്മളെ അനുകൂലിച്ചു. അവസാനം, രാത്രി വൈകിയും ചര്‍ച്ച നീണ്ടുനീണ്ടുപോയി. ബില്ല് വോട്ടിനിട്ട് പാസാക്കുന്ന അവസാനത്തെ വോട്ടെടുപ്പിനുള്ള സമയം വന്നപ്പോള്‍ ആ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് അതിനെ അനുകൂലിച്ചു. ഗുലാംനബി ആസാദാണ് അന്നു പ്രതിപക്ഷ നേതാവ്. ഞങ്ങള്‍ അദ്ഭുതപ്പെട്ടുപോയി. നിഷ്പക്ഷത പാലിച്ചിരുന്നെങ്കില്‍ മനസ്സിലാക്കാം. ഇതാണു കോണ്‍ഗ്രസ് എന്നു പറയുന്ന പാര്‍ട്ടി. ഞങ്ങളുടെ എതിര്‍പ്പോടെ ബി.ജെ.പി. ബില്‍ പാസാക്കി. അവര്‍ക്കു ഭൂരിപക്ഷമുണ്ടല്ലോ?
പുറത്തും
അകത്തും സമരം
അവിടന്ന് അഞ്ചാറു മാസം കഴിഞ്ഞ് 2020 ലാണു ബാക്കിയുള്ള മൂന്നു കോഡുകള്‍ വരുന്നത്. ഓക്യുപേഷണല്‍ സെയ്ഫ്റ്റി ആന്റ് ഹെല്‍ത്ത് കോഡ്, ഇന്റസ്ട്രിയല്‍ റിലേഷന്‍സ് കോഡ് എന്നിങ്ങനെ ബാക്കിയുള്ള കോഡുകള്‍ വന്ന ദിവസം പാര്‍ലമെന്റ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരിക്കുകയായിരുന്നു. അതിന്റെ ഒരാഴ്ച മുമ്പു വിവാദപരമായ മൂന്നു കാര്‍ഷികനിയമങ്ങള്‍ പാസാക്കുന്ന ഘട്ടത്തില്‍ പാര്‍ലമെന്റില്‍ വലിയ ബഹളമുണ്ടായി. പുറത്തു കൃഷിക്കാരുടെ സമരം, അകത്തു ഞങ്ങള്‍ ശക്തമായി ബഹളമുണ്ടാക്കി. പക്ഷേ, ഞങ്ങള്‍ ന്യൂനപക്ഷമായതുകൊണ്ട് അവര്‍ക്കെന്തും പാസാക്കാം. പാസാക്കുന്ന ഘട്ടം വന്നപ്പോള്‍ ഞങ്ങള്‍ – പ്രതിപക്ഷത്തുള്ള രാജ്യസഭാംഗങ്ങള്‍ – സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിന്റെ കോപ്പിയെടുത്തു വലിച്ചുകീറി സീറ്റില്‍നിന്നെഴുന്നേറ്റ് സഭാധ്യക്ഷന്റെ മുന്നില്‍ വന്നുനിന്നു മുദ്രാവാക്യം വിളിച്ച് കടുത്ത പ്രതിഷേധമുയര്‍ത്തി. അവര്‍ക്കു കയ്യേറ്റം ചെയ്യാനൊന്നും പറ്റില്ലല്ലോ?. ഞങ്ങളെ, 12 പേരെ, സഭയില്‍നിന്നു സസ്പെന്റ് ചെയ്തു. സസ്പെന്റ് ചെയ്താല്‍പ്പിന്നെ പാര്‍ലമെന്റില്‍ ഇരിക്കാന്‍ പറ്റില്ല. പുറത്തുപോയി അകത്തുവരുമ്പോള്‍ വാച്ച് ആന്റ് വാര്‍ഡ് തടയും. അതുകൊണ്ട് പിറ്റേന്നു കാലത്തു മുതല്‍ ഞങ്ങള്‍ പാര്‍ലമെന്റ്്മന്ദിരത്തിലെ ഗാന്ധിപ്രതിമക്കു മുന്നില്‍ സത്യാഗ്രഹം പ്രഖ്യാപിച്ചു. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ. ആ ദിവസമാണു ലേബര്‍ കോഡ് സഭയില്‍ വന്നത്. ഈ തക്കം നോക്കി ലേബര്‍ കോഡ് അവതരിപ്പിക്കുകയാണ്. ഞങ്ങള്‍ രാവിലെയാണ് അജണ്ട കാണുന്നത്.
എല്ലാവരും രാവിലെത്തന്നെ പ്രതിപക്ഷനേതാവിന്റെ മുറിയില്‍ ഒത്തുകൂടി ചെറുതും വലുതുമായ 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നു സംയുക്തമായി ഒരു കത്തു തയാറാക്കി. പാര്‍ലമെന്റ് പ്രതിപക്ഷം ബഹിഷ്കരിച്ച സാഹചര്യത്തില്‍ ഈ ബില്ലവതരണം മാറ്റിവെക്കണമെന്നും ഇതു സുപ്രധാനമായ നിയമനിര്‍മാണമാണെന്നും ഇന്ത്യന്തൊഴിലാളികളെ ബാധിക്കുന്ന നിയമമായതുകൊണ്ട് ചര്‍ച്ച ചെയ്യാനവസരം വേണമെന്നും ആവശ്യപ്പെട്ടുള്ള കത്തു കൊടുത്തു. രാജ്യസഭാചെയര്മാന് അതു വകവെച്ചില്ല.
പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ബില്ല് അവതരിപ്പിച്ച് ഒരു ചര്‍ച്ചയുമില്ലാതെ പാസാക്കി. ഇന്ത്യയിലെ 54 കോടി തൊഴിലാളികളുടെ ഭാവി തീരുമാനിക്കുന്ന നിയമനിര്‍മാണത്തിന്റെ രീതിയാണിത്. ഇവര്‍ക്ക,് ഈ ബി.ജെ.പി.ക്കും ആര്‍.എസ.്എസ്സിനും, തൊഴിലാളികളെക്കുറിച്ച് എന്തു വേവലാതിയാണുള്ളത്? അങ്ങനെ പാസാക്കിവന്നതാണു ലേബര്‍ കോഡുകള്‍.
മിനിമംവേതനം
ഇല്ലാതായി
2020 ലാണ് ആ മൂന്നു നിയമങ്ങള്‍ പാസാക്കിയത്. തൊഴിലാളികള്‍ക്കുവേണ്ടി സമരങ്ങള്‍ നടത്താനോ സംഘടനകള്‍ക്കു പ്രവര്‍ത്തിക്കാനോ ഒന്നും കഴിയാത്ത സാഹചര്യമാണ് ഇതുമൂലമുണ്ടാകുന്നത്.
മിനിമംവേതനം എന്ന തത്വം രാജ്യത്തുനിന്നില്ലാതായി. പകരം നാഷണല്‍ ഫ്ളോര്‍ വേജ് വന്നു. ഇപ്പോള്‍ കേരളത്തില്‍ ഒരുപാട് മിനിമംവേതനങ്ങളുണ്ട്. ആശുപത്രിജീവനക്കാരുടെയും ബീഡിത്തൊഴിലാളികളുടെയും മിനിമം വേതനംപോലെ ഒരുപാട് മിനിമംവേതനം വെച്ചിട്ടുണ്ട്. അതൊക്കെ അപ്രസക്തമാവും. വ്യവസായനിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണു കുറഞ്ഞകൂലി വ്യവസ്ഥ ചെയ്തുകൊണ്ടുളള നിയമമുണ്ടാക്കിയത് എന്നാണു സര്‍ക്കാരിന്റെ വാദം.
മുതലാളിമാര്‍ കൂടുതല്‍ ഇങ്ങോട്ടു വരാന്‍, ഇവിടെ നിക്ഷേപം നടത്താന്‍, വ്യവസായങ്ങള്‍ ആരംഭിക്കാനാണിത്. അപ്പോള്‍ ഇവിടെ ജനിച്ചുവളര്‍ന്ന മനുഷ്യന്റെ കാര്യമെന്താ? അവര്‍ക്കു ജീവിക്കാനുള്ള കൂലി വേണ്ടേ, കുടുംബം പോറ്റണ്ടേ, ആരോഗ്യം സംരക്ഷിക്കണ്ടേ? ഇതൊന്നും ഇവര്‍ക്ക് ഒരു പ്രശ്നമേയല്ല. മുതലാളിമാരുടെ താത്പര്യം സംരക്ഷിക്കണം.
മിനിമംവേതനത്തെ സംബന്ധിച്ചുള്ള മനുഷ്യരുടെ സങ്കല്‍പ്പം എന്താണെന്നറിയാമോ? ഒന്ന് മിനിമം വേജ്. ഏറ്റവും കുറഞ്ഞ കൂലി. ഒരുവിഭാഗം തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞ കൂലി നിശ്ചയിച്ചാല്‍ ആ ജോലി ചെയ്യിക്കുന്ന എല്ലാവരും ആ കുറഞ്ഞ കൂലി കൊടുക്കണം. അതു കഴിഞ്ഞാല്‍ അതിന്റെ മുകളിലുള്ള കൂലിയാണു ഫെയര്‍ വേജ്. അതായത് മെച്ചപ്പെട്ട കൂലി. കേരളത്തിലെ ബസ്, ലോറിത്തൊഴിലാളികള്‍ക്കു ഫെയര്‍വേജാണ്. കേരള ഗവണ്‍മെന്റ്് ഉണ്ടാക്കിയ നിയമമാണ്. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് പെയ്മെന്റ്് ഓഫ് ഫെയര്‍ വേജസ് ആക്ട് എന്ന നിയമം കേരളനിയമസഭ പാസാക്കിയതാണ്. ഇന്ത്യയില്‍ കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും ഇതില്ല. അങ്ങനെ രണ്ടാംഘട്ടമാണു ഫെയര്‍ വേജ്. മൂന്നാംഘട്ടം ലിവിങ് വേജ്. തൊഴിലാളികളാവശ്യപ്പെടുന്നതാണിത്. ജീവിക്കാനാവശ്യമായ വേതനം. ജീവിതം എന്നാലൊരു സങ്കല്‍പ്പമില്ലേ നമുക്കോരോരുത്തര്‍ക്കും?. താമസസ്ഥലം, വസ്ത്രം, കുടുംബം, കുറച്ച് വിനോദം, അതുപോലെ വിശ്രമിക്കാനുള്ള സൗകര്യം. ഇതെല്ലാംകൂടിയുള്ള അവസ്ഥ സൃഷ്ടിക്കാനല്ലേ മനുഷ്യര്‍ ഈ കഷ്ടപ്പെടുന്നത്? പണ്ട് അരിയില്ലാത്തതുകൊണ്ട് പട്ടിണി കിടന്നു. ഇന്ന് അരി പൂപ്പല്‍ പിടിച്ചുപോവുകയാണ്. വാങ്ങാന്‍ പണമില്ലാത്തതുകൊണ്ട് പട്ടിണി കിടക്കുകയാണ്. പണ്ട് വീടുണ്ടാക്കാന്‍ സിമന്റ്്്, കമ്പി തുടങ്ങിയ സാമഗ്രികളൊന്നും ആവശ്യത്തിനു കിട്ടാത്തതുകൊണ്ടും വരുമാനമില്ലാത്തതുകൊണ്ടും കുടില്‍വെച്ചും കാട്ടിലൊക്കെ മനുഷ്യര്‍ ജീവിച്ചു. ഇന്ന് ഏതു വിധത്തിലുള്ളു വീടുണ്ടാക്കാനുമുള്ള സാമഗ്രികള്‍ ഇവിടെ കിട്ടാനുണ്ട്. അതു വാങ്ങി ഉപയോഗിക്കാന്‍ പാവപ്പെട്ടവനു കഴിയാത്തതുകൊണ്ടാണ് അവര്‍ കുടിലുകളിലും വഴിയോരത്തു കഴിയേണ്ടിവരുന്നത്. ഈ ലൈഫ് പോലുള്ള പദ്ധതികള്‍ കേരളത്തിലേയുള്ളു. മറ്റൊരു സംസ്ഥാനത്തുമില്ല. ഇവിടത്തെ ഗവണ്‍മെന്റിന്റെ നയത്തിന്റെ ഭാഗമായി വരുന്നതാണീ പദ്ധതികള്‍. അപ്പോള്‍ ലിവിങ് വേജസിലേക്കൊന്നും നമുക്കു സങ്കല്‍പ്പിക്കാന്‍പോലുമായിട്ടില്ല. പക്ഷേ, കിട്ടിക്കൊണ്ടിരുന്ന മിനിമംവേജ് ഇല്ലാതാക്കുന്ന നിയമം പാര്‍ലമെന്റ്് പാസാക്കി.
കൂട്ടായ വിലപേശല്‍
ഇനി സാധ്യമല്ല
കൂലി ഇനി പുതുക്കുന്ന പ്രശ്നമേയില്ല. തൊഴിലാളികള്‍ സമരം ചെയ്താണു ചിലപ്പോള്‍ കൂലി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക. സമരം ചെയ്യാനുള്ള ആ അവകാശവും ഇല്ലാതായി. അതിനെ നേരിടാന്‍ നിയമങ്ങളുണ്ടാക്കിവെച്ചിട്ടുണ്ട്. കേരളത്തില്‍ നമുക്കു സംരക്ഷണം കിട്ടും എന്നതു മറ്റൊരു കാര്യം. പക്ഷേ, ഇന്ത്യയിലെ തൊഴിലാളികളെക്കുറിച്ചാണു നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. വിലപേശാനുള്ള ശക്തി ക്ഷയിക്കുമ്പോള്‍ തൊഴിലാളികളുടെ ജീവിതം അങ്ങേയറ്റം ദുഷ്‌കരമാകും. കൂട്ടായ വിലപേശല്‍, കളക്ടീവ് ബാര്‍ഗെയിനിങ്, എന്നു പറയുന്നതാണു സമരം. അതിനുള്ള സാധ്യതയാണ് ഇല്ലാതാവുന്നത്. ഈ നിയമങ്ങള്‍ വന്നതിന്റെ ഭാഗമായി ട്രേഡ് യൂണിയനുകള്‍ക്ക് ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാനുള്ള അവസരങ്ങള്‍ ഇല്ലാതാവുന്നു. തൊഴിലാളികള്‍ സംഘടിച്ച് ഒരു നിയമമനുസരിച്ചാണു സംഘടനയുണ്ടാക്കുന്നത്. ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്ട് എന്നൊരു നിയമമനുസരിച്ച് അതു രജിസ്റ്റര്‍ ചെയ്യാനുള്ള ഓഫീസറാണു ട്രേഡ് യൂണിയന്‍ രജിസ്ട്രാര്‍. ഓരോ കൊല്ലവും ഒരു ട്രേഡ് യൂണിയനിലെ അംഗങ്ങളില്‍നിന്നു പിരിക്കുന്ന വരിസംഖ്യ, മറ്റു സംഭാവനകള്‍ എന്നിവയൊക്കെ വരവുചെലവ് കണക്കുവെച്ച് തയാറാക്കി, ഇരുനൂറില്‍ക്കൂടുതല്‍ തൊഴിലാളികള്‍ അംഗങ്ങളായുള്ള യൂണിയനാണെങ്കില്‍ ആ കണക്കുകള്‍ ഒരു സി.എ.ക്കാരനെക്കൊണ്ട് ഓഡിറ്റ് ചെയ്യിച്ച്, അതിന്റെ റിപ്പോര്‍ട്ട് ട്രേഡ് യൂണിയന്‍ രജിസ്ട്രാറുടെ ഓഫീസില്‍ കൊണ്ടുപോയി കൊടുക്കണം.
അങ്ങനെയുള്ള ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഒരു ട്രേഡ് യൂണിയന്‍. അല്ലാതെ ആര്‍ക്കെങ്കിലും തോന്നുമ്പോള്‍ ട്രേഡ് യൂണിയനാണെന്നു പറഞ്ഞു നടക്കാന്‍ പറ്റില്ല.
ട്രേഡ് യൂണിയനു തൊഴിലാളികള്‍ക്കുവേണ്ടി സര്‍ക്കാരുമായും തൊഴിലുടമകളുമായും കരാറൊപ്പിടാനവകാശമുണ്ട്. അവര്‍ കരാറിലൊപ്പിട്ടാല്‍ അവരുടെ കീഴിലുള്ള എല്ലാ തൊഴിലാളികള്‍ക്കും ആ കരാര്‍ ബാധകമാണ്. മാനേജ്മെന്റിനും ബാധകമാണ്. ഇങ്ങനെ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സംഘടിതപ്രസ്ഥാനമാണു ട്രേഡ് യൂണിയന്. ആ ട്രേഡ് യൂണിയനുകള്‍ക്കു പ്രവര്‍ത്തിക്കാനുള്ള സൗകര്യവും അവകാശവുമാണ് ഇല്ലാതാകുന്നത്.
അപ്പോള്‍ തൊഴിലാളികള്‍ അവരുടെ പ്രയാസം എങ്ങനെയാണ് ഉയര്‍ത്തുക, എങ്ങനെയാണു പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുക? മുതലാളിമാര്‍ക്കു ദാക്ഷിണ്യം തോന്നിയാണോ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്? അങ്ങനെ ഒരു തോന്നല്‍ അവര്‍ക്കുണ്ടാവുമോ? അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളല്ല അത്. ഏതെങ്കിലും മുതലാളി ക്രൂരനാണെന്നു ഞാന്‍ പറയുന്നില്ല. അതൊന്നുമല്ല പ്രശ്നം. അതു മൂലധനത്തിന്റെ സ്വഭാവമാണ്. മൂലധനത്തിന്റെ ലക്ഷ്യം ലാഭമുണ്ടാക്കല്‍ മാത്രമാണ്. ലാഭമെന്നാല്‍ ചെറിയ ലാഭമല്ല. പരമാവധി ലാഭം. അതാണവരുടെ രീതി. ഇതാണു കോഡ് ഓണ്‍ വേജ് എന്ന കോഡ് നടപ്പാക്കുന്നതുമൂലം ഇന്ത്യയിലുണ്ടാകാന്‍ പോകുന്നത്.
രണ്ടാമത്തേത് ഇന്റസ്ട്രിയല്‍ റിലേഷന്‍സ് കോഡ്. വ്യവസായബന്ധ നിയമം. ഈ കോഡ് വ്യവസായത്തര്‍ക്കനിയമമുള്‍പ്പെടെ നിരവധി നിയമങ്ങള്‍ ചേര്‍ത്താണുണ്ടാക്കിയത്. ഏറ്റവും വലിയ തൊളിലാളിവിരുദ്ധനിയമമാണിത്.
തൊഴിലാളികളെ സ്ഥാപനത്തില്‍നിന്നു പിരിച്ചുവിടാന്‍ മാനേജ്മെന്റുകള്‍ക്ക് ഇനി എളുപ്പത്തില്‍ സാധിക്കും. നേരത്തേ അങ്ങനെയൊന്നും പിരിച്ചുവിടാനാവില്ലായിരുന്നു. ഒരു ഫാക്ടറിത്തൊഴിലാളിയോടോ ഒരു സ്ഥാപനത്തിലെ തൊഴിലാളിയോടോ നാളെ നീ പണിക്കു വരേണ്ട എന്നൊന്നും ആര്‍ക്കും പറയാന്‍ പറ്റില്ലായിരുന്നു. അവന്റെ പേരില്‍ നടപടിയെടുക്കണമെങ്കില്‍ ഒട്ടേറെ നടപടിക്രമങ്ങളുണ്ട്.
500 പേര്‍ പണിയെടുക്കുന്ന വ്യവസായസ്ഥാപനത്തെ ഒരു കമ്പനിയാണെന്നു വിചാരിക്കാം. നൂറുപേരെ ഒഴിവാക്കണമെന്നു കമ്പനിക്കു തോന്നുന്നു. ഇത്രയധികം ആളു വേണ്ട. പുതിയ യന്ത്രങ്ങളുണ്ട്. അതുപയോഗിക്കാം എന്നു തോന്നിയാല്‍ ഒരു ദിവസം രാവിലെ നൂറാളുകളോട് വരണ്ട എന്നു പറയാന്‍ പറ്റില്ല. അങ്ങനെ ഒഴിവാക്കണമെങ്കില്‍, ആ തൊഴിലാളികളെ പിരിച്ചുവിടാന്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങണം. സര്‍ക്കാരിന്റെ തൊഴില്‍വകുപ്പ് തൊഴിലാളിസംഘടനകളുമായി ചര്‍ച്ച ചെയ്ത് ഈയാവശ്യം ന്യായമാണോ അന്യായമാണോ എന്നു തീരുമാനിക്കും. ആവശ്യം ന്യായമാണെന്നു വിചാരിക്കുക. അതു ട്രേഡ് യൂണിയന്‍ അംഗീകരിക്കുന്നു. ഈ സ്ഥാപനം ഇങ്ങനെ നിലനില്‍ക്കാന്‍ ഇങ്ങനെയൊരു ക്രമീകരണം ഇപ്പോഴാവശ്യമാണ് എന്ന് അംഗീകരിച്ചാല്‍ത്തന്നെ പിരിച്ചുവിടാനൊരു രീതിയുണ്ട്. ആ സ്ഥാപനത്തില്‍ അവസാനം വന്നവനാണ് ആദ്യം പിരിഞ്ഞുപോകേണ്ടത്. സര്‍വീസ് കുറഞ്ഞവരെയാണു പിരിച്ചുവിടേണ്ടത്. ലാസ്റ്റ് കം ഫസ്റ്റ് ഗോ എന്നാണ് നിയമം. ഇങ്ങനെയൊക്കെയുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എണ്ണം കുറയ്ക്കല്‍. ഇനി അതൊന്നും പ്രശ്നമല്ല. ആരെയും എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം. തൊഴിലാളിസംഘടനകള്‍ക്ക് ഒരു വാദവും ഉന്നയിക്കാന്‍ കഴിയാത്തവിധത്തില്‍ അവരെ നിരായുധരാക്കിയിരിക്കുകയാണ്.
ഒരു ഫാക്ടറി ലേ ഓഫ് ചെയ്യുകയാണെങ്കില്‍ ഉത്പാദനം നിര്‍ത്തിയിട്ടാണു അതു ചെയ്യുക. പൂട്ടുന്നില്ല. എന്നാല്‍, ഉത്പാദനമില്ല. അങ്ങനെയൊരവസ്ഥ വന്നാല്‍ തൊഴിലാളിക്കു പകുതിശമ്പളം കൊടുക്കണം. പിന്നീട് പുനരാരംഭിക്കുന്ന ദിവസം മുതല്‍ ബാക്കിശമ്പളം കൊടുത്താല്‍ മതി. തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാണെന്നു കരുതുക. റിട്രഞ്ച്മെന്റ്. പിരിച്ചുവിടല്‍. നിലവിലുള്ള ആയിരം തൊഴിലാളികളില്‍ 800 പേര്‍ മതി എന്നു തീരുമാനിച്ചാല്‍ 200 പേരെ കുറയ്ക്കണം. അങ്ങനെ വന്നാല്‍ അതിനും ഗവണ്‍മെന്റിന്റെ അനുമതിവേണം. ഒരു കമ്പനി, സ്ഥാപനം, നടത്തുന്നില്ല അടച്ചുപൂട്ടണം എന്നു മുതലാളി അങ്ങ് തീരുമാനിക്കുന്നു. നൂറോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന വ്യവസായസ്ഥാപനമാണ് അടച്ചുപൂട്ടുന്നതെങ്കില്‍ സംസ്ഥാനസര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണം. കമ്പനി അപേക്ഷ കൊടുക്കണം. ഇതൊക്കെ തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കാന്‍വേണ്ടി ഉണ്ടാക്കിയ നിയമങ്ങളാണ്. അല്ലാതെ, മുതലാളിക്ക് ഇഷ്ടമുള്ളപ്പോള്‍ പൂട്ടാന്‍ പറ്റില്ല. എറണാകുളത്തു കിറ്റക്സ് മുതലാളി നേരെ തെലങ്കാനയില്‍പോയി കമ്പനി തുടങ്ങി. അങ്ങനെ മുതലാളിമാര്‍ ഇഷ്ടമുള്ളിടത്തേക്കൊക്കെ കമ്പനി പറിച്ചുനട്ടാല്‍ തൊഴില്‍ ചെയ്യുന്നവന് അതിന്റെ പിന്നാലെ പോകാന്‍ പറ്റില്ല. അഥവാ, അവിടെച്ചെന്നാല്‍ ജോലി കിട്ടണമെന്നുമില്ല. തൊഴിലാളി തൊഴില്‍ ചെയ്തുകിട്ടുന്ന വരുമാനംകൊണ്ടുമാത്രം ജീവിക്കുന്നവനാണ്. എന്നാല്‍, മുതലാളിക്ക് ആ കമ്പനി മധ്യപ്രദേശിലോ ജാര്‍ഖണ്ഡിലോ എവിടെയും കൊണ്ടുപോയി നടത്താം.
ഒരു കമ്പനിയുടെ മൂലധനം സ്വരൂപിക്കേണ്ടത് ഒരാളുടെയും തറവാട്ടില്‍നിന്നെടുത്തല്ല. അവര്‍ സംരംഭത്തിനിറങ്ങുമ്പോള്‍ കുറച്ചു പണമുണ്ടാകും. ബാക്കി ഷെയര്‍ പിരിക്കുകയാണ്. നന്നായി കമ്പനി നടത്താന്‍ പറ്റുന്ന ഒരാളാണു മുന്‍കൈയെടുക്കുന്നതെങ്കില്‍ അതിനു വരുമാനം കിട്ടുന്നനിലയ്ക്ക് എല്ലാവരും ഷെയറെടുക്കും. ഒരു നൂറു കോടി ഷെയറിലൂടെ സംഭരിച്ചാല്‍ പ്രോജക്ട് ലാഭകരമായി നടത്തുമെന്നു തോന്നിയാല്‍ ആയിരം കോടി ബാങ്കുകള്‍ ലോണ്‍ കൊടുക്കും. ബാങ്കിലുള്ള പണം ജനങ്ങളുടെ പണമാണ്. അങ്ങനെയാണിവരൊക്കെ കമ്പനികള്‍ നടത്തുന്നത്. ലാഭം കിട്ടിയാല്‍ വലിയ തുക അവരുടെ പോക്കറ്റിലാക്കും. അപ്പോള്‍ ഒരു കമ്പനി പൂട്ടിയാല്‍ നടത്തിപ്പുകാരന് ഒരു പ്രശ്നവുമില്ല. പ്രശ്നം ജോലി നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കാണ്. അവരുടെ ജീവിതം അതോടെ തകരുന്നു. പിന്നെ എവിടെപ്പോയി ജോലിയെടുക്കും? 45-50 വയസ്സിലാണു പിരിയുന്നതെങ്കില്‍ ആര്‍ക്കുവേണം ഈ മധ്യവയസ്‌കരെ? എല്ലാവര്‍ക്കും ചെറുപ്പക്കാരെയാണു വേണ്ടത്. അതുകൊണ്ട് പിരിച്ചുവിടല്‍പോലുള്ള കടുത്ത നടപടിക്കു നിയന്ത്രണം കൊണ്ടുവരാനാണു സര്‍ക്കാരിന്റെ അനുമതി വേണമെന്നു വ്യവസായത്തര്‍ക്കപരിഹാര നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവന്നത്. അതിവിടെ നടപ്പിലായിരുന്നു.
റയോണ്‍സിന്റെ
അടച്ചുപൂട്ടല്‍
കുറെകൊല്ലം മുമ്പു പൂട്ടിപ്പോയ കോഴിക്കോട്ടെ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കമ്പനിയെക്കുറിച്ച് കേട്ടിട്ടില്ലേ? 1999 ല്‍ ആ കമ്പനി അടച്ചുപൂട്ടാന്‍ ബിര്‍ള നോട്ടീസ് കൊടുത്തു. ഗ്രാസിം ഇന്റസ്ട്രീസ് ലിമിറ്റഡ് എന്നു പേരായ ഒരു കമ്പനിയായിരുന്നു അത്. അതിന് ആറോ ഏഴോ യൂണിറ്റുകളുണ്ട്. അതില്‍ രണ്ടു യൂണിറ്റാണു മാവൂരിലുണ്ടായിരുന്നത്. പള്‍പ്പ്, ഫൈബര്‍ ഡിവിഷനുകള്‍. ബാക്കിയുള്ളവ ഹരിഹര്‍, ഗ്വാളിയോര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്. ആസ്ഥാനം മധ്യപ്രദേശാണ്. വന്‍ലാഭമുണ്ടാക്കുന്ന കമ്പനിയാണ്. മാവൂരിലെ കമ്പനിയുടെ ലാഭം കുറഞ്ഞുകുറഞ്ഞുവന്നു. മരം ആവശ്യത്തിനു കിട്ടാതായി. പിന്നെ മറ്റു പല പ്രശ്നങ്ങളുമുണ്ടായി. അങ്ങനെ വന്നപ്പോള്‍ മാവൂരിലെ കമ്പനി പൂട്ടിയാല്‍ ഇവിടെയുണ്ടാക്കുന്ന ഉത്പാദനം ഹരിഹറില്‍ വര്‍ധിപ്പിച്ചാല്‍ ഒരു പ്രശ്നവുമില്ലെന്നു മനസ്സിലാക്കി കമ്പനി പൂട്ടാന്‍ തീരുമാനിച്ചു. അന്നവിടെ ആയിരത്തിനാനൂറോളം തൊഴിലാളികളുണ്ട്. നൂറില്‍ക്കൂടുതല്‍ തൊഴിലാളികളുള്ള കമ്പനി പൂട്ടണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം. അവര്‍ സര്‍ക്കാരിന് അപേക്ഷ കൊടുത്തു.
അന്ന് ഇ.കെ. നായനാരാണു മുഖ്യമന്ത്രി. വ്യവസായമന്ത്രി സുശീലാഗോപാലന്‍. പൂട്ടാന്‍ അപേക്ഷ കൊടുത്താല്‍ കമ്പനി പൂട്ടാനുള്ള അനുമതി കിട്ടുംവരെ ശമ്പളം കൊടുക്കണം. ബിര്‍ളയുടെ ഏഴു യൂണിറ്റുകളടങ്ങുന്ന കമ്പനി വന്‍ലാഭമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ശമ്പളം കൊടുക്കാതിരിക്കാന്‍ പറ്റില്ല. എല്ലാദിവസവും തൊഴിലാളികള്‍ കമ്പനിയില്‍ വരും. അവര്‍ ജോലിചെയ്യുന്നയിടത്തു പോയിരിക്കും. ഒരു ഷിഫ്റ്റ് എട്ടു മണിക്കൂര്‍ കഴിഞ്ഞാല്‍ തിരിച്ചുപോകും. പിന്നെ അടുത്ത ഷിഫ്റ്റുകാര്‍ വന്നിരിക്കും. കൃത്യമായി ശമ്പളം കിട്ടും. ഏകദേശം ഒരു മാസം രണ്ടു കോടി രൂപ ശമ്പളമായി കൊടുക്കണം. അങ്ങനെ കമ്പനി കൊടുത്തു. മൂന്നു മാസം. മൂന്നു മാസം തികയുന്നതിനു രണ്ടു ദിവസംമുമ്പു കമ്പനി അടച്ചുപൂട്ടാനുളള ബിര്‍ളയുടെ അപേക്ഷ നിരസിച്ചുകൊണ്ട് അന്നത്തെ എല്‍.ഡി.എഫ്.ഗവണ്‍മെന്റിന്റെ വ്യവസായവകുപ്പ് ബിര്‍ളക്കു മറുപടി കൊടുത്തു. നിങ്ങളുടെ കമ്പനി അടച്ചുപൂട്ടാനുള്ള അപേക്ഷ നിരസിച്ചിരിക്കുന്നു. ഒരു പ്രത്യേക ദൂതന്‍മുഖേന ഉത്തരവ് കമ്പനിയുടെ ആപ്പീസില്‍ എത്തിച്ചുകൊടുക്കുകയായിരുന്നു. തപാലില്‍ അയച്ചിട്ട് ഇനി കിട്ടിയില്ല എന്നു പറയണ്ടാ എന്നു കരുതിയാണിത്. ബിര്‍ളക്കു പിന്നെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ബിര്‍ള സര്‍ക്കാരിന്റെ ഉത്തരവിനെതിരെ അവരുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന മധ്യപ്രദേശ് ഹൈക്കോടതിയില്‍ റിട്ട് അപ്പീല്‍ കൊടുത്തു. കേരള ഗവണ്‍മെന്റിന്റെ ഉത്തരവ് അന്യായമാണെന്നായിരുന്നു ബിര്‍ളയുടെ വാദം. ആ കേസില്‍ കേരളസര്‍ക്കാരും ട്രേഡ് യൂണിയനുകളും കക്ഷി ചേര്‍ന്നു. കേസ് നീണ്ടുനീണ്ടുപോയി. ബിര്‍ള വിചാരിച്ച വേഗത്തില്‍ തീരുമാനമായില്ല. ആ മാസങ്ങളിലൊക്കെ ബിര്‍ള തൊഴിലാളികള്‍ക്കു ശമ്പളം കൊടുത്തു. അങ്ങനെയൊരു നിയമമുണ്ടായിരുന്നു ഇവിടെ. വ്യവസായത്തൊഴില്‍ത്തര്‍ക്ക നിയമം. ആ സംരക്ഷണം എന്നെന്നേക്കുമായി ഇല്ലാതായി. ഇനി ഇത്തരം പ്രക്രിയ വേണ്ടാ. മുതലാളിക്ക് ഇഷ്ടമുള്ളപ്പോള്‍ അടച്ചുപൂട്ടാം.
ഫിക്സഡ് ടേം
എംപ്ലോയി
ഇതുവരെ നൂറു തൊഴിലാളികള്‍വരെയുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ നിയന്ത്രണമുണ്ടായിരുന്നതെങ്കില്‍ പുതിയ നിയമത്തില്‍ മുന്നൂറുവരെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഒരാളുടെയും അനുമതി വേണ്ടാ. അപ്പോള്‍, 300 കഴിഞ്ഞ് അറുനൂറോ എഴുനൂറോ തൊഴിലാളികളുള്ള കമ്പനികള്‍ പൂട്ടുമ്പോള്‍ ഈ നിയന്ത്രണമുണ്ടല്ലോ എന്നാശ്വസിക്കേണ്ടാ. ഒരു കമ്പനിയിലും സ്ഥിരംജോലിക്കാര്‍ മുന്നൂറിലേറെയുണ്ടാവില്ല. 5000 പേരുണ്ടെങ്കിലും സ്ഥിരംജോലിക്കാര്‍ ഇരുനൂറോ മുന്നൂറോ മാത്രമേയുണ്ടാകൂ. ബാക്കിയുള്ളവര്‍ അപ്രന്റിസ്, കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് എന്നിവരായിരിക്കും.
ഇപ്പോള്‍ ഒരു പുതിയ തസ്തിക വന്നിരിക്കുന്നു ഫിക്സഡ് ടേം എംപ്ലോയി. ഒരു നിശ്ചിതകാലം മാത്രം തൊഴിലാളികളെ ജോലിക്കു വെക്കാം. പണ്ടൊക്കെ ഒരാളെ ജോലിക്കു സ്ഥിരമായി വെച്ചാല്‍ 58 വയസ്സുവരെ അയാള്‍ക്കു ജോലിചെയ്യാന്‍ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അമ്പത്തിയെട്ടിലാണു റിട്ടയര്‍മെന്റ്. ഇപ്പോഴത്തെ ഫിക്സഡ് ടേം അനുസരിച്ച് രണ്ടു കൊല്ലത്തേക്കും ഒരു കൊല്ലത്തേക്കും ഒരാളെ ജോലിക്കു വെക്കാം. മുന്‍കൂട്ടി നിശ്ചയിച്ച കാലാവധിയിലേക്കു ജോലിക്കുവെക്കാം എന്നര്‍ഥം.
അവരെ ഏതു നിമിഷവും പിരിച്ചുവിടാം. ഒരു കൊല്ലം കഴിഞ്ഞാല്‍, രണ്ടു കൊല്ലം കഴിഞ്ഞാല്‍ പിരിച്ചുവിടാം. അതിനിടയ്ക്കു വേണമെങ്കിലും പിരിച്ചുവിടാം. മാനേജ്മെന്റിനു താത്പര്യമുണ്ടെങ്കില്‍ അവര്‍ക്കു തുടര്‍ന്നും ജോലി കൊടുക്കാം. അങ്ങനെ നിയമിക്കപ്പെടുന്ന തൊഴിലാളിക്കു അവന്റെ കാലാവധി കഴിഞ്ഞാല്‍ പിന്നെയും ജോലി കിട്ടണമെങ്കില്‍ മാനേജ്മെന്റിനു സന്തോഷമുണ്ടാവണ്ടേ? അപ്പോള്‍ അവന്‍ കൊടി പിടിക്കാന്‍ പോവില്ല. ട്രേഡ് യൂണിയനില്‍ ചേരാനും മുദ്രാവാക്യം വിളിക്കാനും ഗെയിറ്റിനു മുന്നില്‍ സമരം ചെയ്യാനും പോവില്ല. ഒന്നും ചെയ്യാന്‍ അവനു ധൈര്യമുണ്ടാവില്ല. ജോലി പോകും. നല്ല വിദ്യാഭ്യാസമൊക്കെ നേടി പാവപ്പെട്ട കുടുംബത്തില്‍നിന്നു വരുന്ന ഒരാളാണെങ്കില്‍ ഇവനെന്നെങ്കിലും ഒരു വരുമാനം കിട്ടിയിട്ടുവേണം തങ്ങള്‍ക്കൊന്നു വിശ്രമിക്കാന്‍ എന്നാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ കുരുത്തക്കേടൊന്നുമുണ്ടാക്കാതെ ജോലിക്കു പോണേ മോനേ എന്നു പറഞ്ഞാണു ജോലിക്കു വിടുക. അത്തരം തൊഴിലാളികള്‍ ഭയത്തോടെ മാനേജ്മെന്റിനു വിധേയരായി ജോലിചെയ്യാന്‍ നിര്‍ബന്ധിതരാവും.
ഇവിടെ ഒരു തൊഴില്‍പ്രശ്നം വന്നാല്‍, ഏതു ഫാക്ടറിയിലായാലും ഏതു സ്ഥാപനത്തിലായാലും, അവിടത്തെ തൊഴിലാളികളെ സഹായിക്കാന്‍ ആയിരം തൊഴിലാളികള്‍ വെളിയിലുണ്ട്. ഓട്ടോറിക്ഷാത്തൊഴിലാളി, നിര്‍മാണത്തൊഴിലാളി, ചുമട്ടുതൊഴിലാളി എന്നിങ്ങനെ വിവിധവിഭാഗം തൊഴിലാളികളുണ്ടാകും. ഇവരെല്ലാം ഒറ്റക്കെട്ടായി വന്ന് ഒരു സ്ഥാപനത്തില്‍ തൊഴില്‍സമരമുണ്ടെങ്കില്‍ അവിടെപ്പോയി മുദ്രാവാക്യം വിളിച്ച് സഹായിക്കും. നിങ്ങള്‍ക്കു ഉത്തര്‍പ്രദേശിലോ ബീഹാറിലോ മധ്യപ്രദേശിലോ സങ്കല്‍പ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണിത്. അവിടങ്ങളിലെ തൊഴിലാളിപ്രസ്ഥാനം ദുര്‍ബലമാണ്. മുംബൈ മഹാനഗരത്തില്‍ പണ്ടൊക്കെ നല്ല ട്രേഡ് യൂണിയനുകളുണ്ടായിരുന്നു. ഇപ്പോള്‍ അവിടെ ട്രേഡ് യൂണിയന്‍പ്രവര്‍ത്തനം ദുഷ്‌കരമാണ്. മതനിരപേക്ഷരാഷ്ട്രീയം പുലര്‍ത്തുന്ന, മോദിസര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്ന, ഒരു സര്‍ക്കാരാണല്ലോ തമിഴ്നാട്സര്‍ക്കാര്‍?. നമുക്കു നല്ല ബന്ധമുള്ള സര്‍ക്കാരാണ്. പക്ഷേ, അവിടെ സാംസങ് കമ്പനിയില്‍ തൊഴിലാളികള്‍ യൂണിയനുണ്ടാക്കിയപ്പോള്‍ യൂണിയന്‍ രജിസ്റ്റര്‍ ചെയ്തുകൊടുത്തില്ല. സാംസങ് എന്ന അന്താരാഷ്ട്രകമ്പനിക്കു ലോകത്തൊരിടത്തും യൂണിയനില്ല. ഇവിടെ ഒരിടത്തുമാത്രം യൂണിയന്‍ വന്നാല്‍ അവര്‍ കമ്പനി പൂട്ടും എന്നായിരുന്നു തമിഴ്നാട് തൊഴില്‍വകുപ്പിന്റെ നിലപാട്. രണ്ടു മാസം തൊഴിലാളികള്‍ സമരം ചെയ്തതിനുശേഷമാണു യൂണിയന് അംഗീകാരം കിട്ടിയത്. ഇതാണു നമ്മുടെ രാജ്യം.
ജോലിസ്ഥിരത
ഇനിയില്ല
ഈ നാട്ടില്‍ പുതിയ ഒരു തൊഴിലാളിക്കും ജോലിസ്ഥിരത സ്വപ്നം കാണാന്‍ കഴിയില്ല. അതാണു പുതിയ നിയമം ഉണ്ടാക്കിവെച്ചിരിക്കുന്നത്. അപ്പോള്‍ മുതലാളിമാര്‍ക്ക് ഇഷ്ടംപോലെ കമ്പനികള്‍ അടച്ചുപൂട്ടാം. ഇവിടത്തെ കമ്പനി ആന്ധ്രയിലേക്കു മാറ്റാം. ആന്ധ്രയിലെ കമ്പനി തെലങ്കാനയിലേക്കു മാറ്റാം. തൊഴിലാളികള്‍ നിശ്ശബ്ദരായി മുതലാളി പറയുന്നതൊക്കെ കേട്ട്, കൊടുക്കുന്ന കൂലി സ്വീകരിച്ച് പണ്ടത്തെ അടിമകള്‍ക്കു സമാനമായ രീതിയില്‍ ജോലിചെയ്തു ജീവിക്കേണ്ട അവസ്ഥയാണു മോദിസര്‍ക്കാര്‍ നമ്മുടെ മുമ്പിലുണ്ടാക്കിയിരിക്കുന്നത്. പുതിയ നിയമത്തിന്റെ പ്രശ്നമതാണ്. ഒരു ഫാക്ടറിയിലെ തൊഴിലാളികളെ നിയമിക്കുമ്പോള്‍ സ്ഥിരംജോലിക്കാര്‍ വളരെ കുറച്ചേയുണ്ടാവൂ. ബാക്കിയുള്ളവര്‍ കാഷ്വല്‍, കോണ്‍ട്രാക്ട്, ടെമ്പററി, ഫിക്സഡ് ടേം എംപ്ലോയ്മെന്റ് വിഭാഗത്തില്‍പ്പെട്ടവരായിരിക്കും. കരാര്‍ത്തൊഴിലാളികള്‍ക്കു കമ്പനിക്കുള്ളില്‍പ്പോലും ജോലി ചെയ്യാം. കോര്‍ സെക്ടറിലെ തൊഴില്‍പോലും കരാര്‍ത്തൊഴിലാളികള്‍ക്കു കൊടുക്കുകയാണ്. കോണ്‍ട്രാക്ടര്‍ തൊഴിലാളികളെ നിയമിച്ച് ഒരു കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ ആ തൊഴിലാളി കോണ്‍ട്രാക്ടറുടെ തൊഴിലാളിയാണ്. നിയമമനുസരിച്ച് കമ്പനിയുടെ തൊഴിലാളിയല്ല. അയാള്‍ ജോലിക്കിടെ മരിച്ചാല്‍പ്പോലും നഷ്ടപരിഹാരം കൊടുക്കേണ്ടതു കമ്പനിയല്ല, കരാറുകാരനാണ്. കരാറുകാരന്‍ ചിലപ്പോള്‍ ദരിദ്രവാസിയായിരിക്കും. അപ്പോള്‍ തൊഴിലാളിക്ക് ഒന്നും കിട്ടില്ല. ഇതാണ് ഇവരുണ്ടാക്കിവെച്ച നിയമം.
ജോലിസുരക്ഷിതത്വമെന്നത് ഇന്ത്യയില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ നിയമം ഇതുപോലെ നടപ്പാവുകയാണെങ്കില്‍ ഇനി തൊഴിലാളികള്‍ക്ക് 58 വയസ്സുവരെയോ 60 വയസ്സുവരെയോ ഒരു ഫാക്ടറിയില്‍ ജോലി ചെയ്തു ജീവിക്കാം എന്ന ഒരു ചിന്ത വേണ്ട. അതുപോലെ, തൊഴിലാളിസംഘടനകളുണ്ടാകണമെങ്കില് തൊഴിലാളികള്‍ക്കു ധൈര്യമായി സംഘടിക്കാനുള്ള അന്തരീക്ഷം വേണ്ടേ? ഈ സ്ഥിതിയില്‍ ഈ ഫിക്സഡ് ടേം എംപ്ലോയിയും കരാര്ത്തൊഴിലാളിയുമൊക്കെ സംഘടിക്കാനുള്ള സാധ്യത വളരെ വിരളമാണ്.
കരാര്‍ത്തൊഴിലാളിയെ ജോലിയില്‍നിന്നു പിരിച്ചുവിടാന്‍ ഒരു നിയമത്തിന്റെയും അനുവാദം ഇനിയാവശ്യമില്ല. കരാറുകാരന്‍ നാളെ പാസ് കൊടുക്കാതിരുന്നാല്‍ ഗെയിറ്റ് കടന്നു തൊഴിലാളി കമ്പനിയിലേക്കു വരില്ല. ട്രേഡ് യൂണിയനില്ലാത്ത തൊഴില്‍സ്ഥലമായി കമ്പനികള്‍ മാറും. അപ്പോള്‍ മുതലാളിമാര്‍ക്കു വലിയ സന്തോഷമാകും. അവര്‍ കൊടുക്കുന്ന കൂലി വാങ്ങി പൊയ്ക്കോളും. ലാഭം മുഴുവന്‍ മുതലാളിക്കു പോക്കറ്റിലാക്കാം. ഇതാണ് ഇനിയുണ്ടാകാന്‍ പോകുന്നത്. പിന്നെ, അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ പിരിച്ചുവിടാം. ഹയര്‍ ആന്റ് ഫയര്‍. ജോലിക്കെടുക്കുക, ആവശ്യം കഴിഞ്ഞാല്‍ പറഞ്ഞയക്കുക. ഈ സമ്പ്രദായം വ്യാപകമായി വരും. താത്കാലികത്തൊഴിലാളികളെക്കൊണ്ട് ഭീഷണിപ്പെടുത്തി ജോലി ചെയ്യിച്ച് കൂലി കുറച്ചു കൊടുക്കുന്ന സമ്പ്രദായം എല്ലാ സ്ഥാപനത്തിലും ധാരാളമായി വരാന്‍ പോകുന്നു. കൂടിയാലോചനകളോ ട്രേഡ് യൂണിയന്‍പ്രവര്‍ത്തനമോ ഒന്നും നടക്കില്ല.
തൊഴില്‍ത്തര്‍ക്കങ്ങള്‍ കോടതികളിലേക്കു റഫര്‍ ചെയ്യാം. പക്ഷേ, തര്‍ക്കമുണ്ടായാലല്ലേ കോടതികള്‍ക്ക് ഇടപെടാന്‍ പറ്റൂ? ഈ നിലയിലുള്ള ഒരന്തരീക്ഷമാണു വരുന്നത്. ട്രേഡ് യൂണിയന്‍അവകാശം ദുര്‍ബലമാവുകയാണ്. മാത്രമല്ല, ട്രേഡ് യൂണിയനുകള്‍ എന്ന സംഘടന രൂപവത്കരിക്കാന്‍പോലും കഴിയാത്ത അവസ്ഥ വരികയാണ്. ഒരു ഫാക്ടറിയിലെ തൊഴിലാളികളില്‍ 51 ശതമാനത്തിന്റെ പിന്തുണയുള്ള സംഘടനകള്‍ക്കുമാത്രമേ പ്രിന്‍സിപ്പല്‍ ബാര്‍ഗെയിനിങ് ഏജന്റ് എന്ന പദവി കൊടുക്കുകയുള്ളു. തൊഴിലാളികള്‍ക്കുവേണ്ടി വാദിക്കാന്‍, പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇതു വേണം. നിലവില്‍ രജിസ്ട്രേഡ് ട്രേഡ് യൂണിയനുകള്‍ക്കെല്ലാം തൊഴിലാളികളുടെ കാര്യങ്ങളില്‍ ഇടപെടാനവകാശമുണ്ട്. എന്നിട്ടവര്‍ ഒരുമിച്ചു നില്‍ക്കും. ഒരുമിച്ചുനിന്നു വാദിക്കും. ഈയവസരം ഇനി നഷ്ടപ്പെടും. തൊഴിലാളിസംഘടനകളെ തമ്മിലടിപ്പിച്ച് ഒന്നും നടത്താന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കപ്പെടും.
തൊഴിലാളികളുടെ സംരക്ഷണത്തിനു വരുന്ന ഒക്യുപേഷണല്‍ സെയ്ഫ്റ്റി ആന്റ് ഹെല്‍ത്ത് കോഡ് എന്ന കോഡനുസരിച്ച് തൊഴില്‍ ചെയ്യുമ്പോള്‍ വലിയ തോതില്‍ ആരോഗ്യത്തിനും ജീവനും ആപത്ത് വന്നേക്കാവുന്ന പ്രദേശങ്ങളില്‍പ്പോലും സംരക്ഷണത്തിനു വ്യവസ്ഥയില്ല. ഉദാഹരണത്തിന്, കല്‍ക്കരിഖനി, ഇരുമ്പുഖനി എന്നിങ്ങനെ ഖനികളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി ഹൈ റിസ്‌കാണ്. എത്രയോ അടി താഴ്ചയില്‍പോയിട്ടാണ് അവര്‍ ജോലിചെയ്യുന്നത്. അതുപോലെയാണ് ഉയരങ്ങളില്‍, കെട്ടിടങ്ങളുടെ മുകളില്‍, ജോലിചെയ്യുന്നവരുടെയും സ്ഥിതി. നമ്മുടെ കയറ്റിറക്കു തൊഴിലാളികള്‍ 70-80 കിലോ ഭാരം വരുന്ന സാധനം തലയില്‍ക്കയറ്റിവെച്ച് നടക്കുന്നത് അപകടം പിടിച്ച ജോലിയാണ്. കാല്‍വഴുതി വീണുപോയാല്‍ നട്ടെല്ല് തകരും. തൊഴില്‍നിയമങ്ങളില്‍ ഇങ്ങനെ അപകടസാധ്യതയുള്ള തൊഴിലുകള്‍ ചെയ്യുന്നിടത്ത് അപകടനഷ്ടപരിഹാരം, അപകടം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍, തൊഴിലുടമകള്‍ പാലിക്കേണ്ട മര്യാദകള്‍ എന്നതിനെല്ലാം വ്യവസ്ഥകളുണ്ടായിരുന്നു. ഇപ്പോഴുണ്ടാക്കിയ നിയമത്തില്‍ ആ വ്യവസ്ഥകളൊക്കെ പോയി. ഒരു തൊഴിലാളിയുടെയും ക്ഷേമം അവര്‍ക്കു പ്രശ്നമല്ല.
ജോലിസമയം
നീട്ടുന്നു
ജോലിസമയം എട്ടു മണിക്കൂര്‍ എന്നതിനു ഫ്ളെക്സിബിള്‍ വര്‍ക്കിങ് അവേഴ്സ് എന്ന പുതിയ തത്വം കൊണ്ടുവരികയാണ്. 12 മണിക്കൂര്‍വരെ ജോലി ചെയ്യിക്കാന്‍ കഴിയാവുന്നവിധത്തില്‍ ജോലിസമയം ദീര്‍ഘിപ്പിക്കുന്നു. എട്ടു മണിക്കൂര്‍ എന്ന തത്വം ഇല്ലാതായി. നാലു ദിവസം 12 മണിക്കൂര്‍വരെയുള്ള ഷിഫ്റ്റാക്കി മാറ്റാം. ബാക്കിദിവസം പണിയെടുക്കേണ്ട എന്നത് ആശ്വാസമാണെന്നു വിചാരിക്കേണ്ട. എട്ടു മണിക്കൂറില്‍ക്കൂടുതല്‍ ഒരു തൊഴിലന്തരീക്ഷത്തില്‍, ഒരു ഫാക്ടറിയില്‍, ഒരു യന്ത്രത്തിനടുത്ത് 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവന്നാല്‍ ആ തൊഴിലാളിയുടെ ആരോഗ്യം തകരും. അയാളുടെ ആയുസ്സ് കുറയും. അതൊക്കെ പരിഗണിച്ചാണ് എട്ടു മണിക്കൂര്‍ജോലി നിശ്ചയിച്ചത്. എട്ടു മണിക്കൂര്‍ജോലി എന്നു പറഞ്ഞാല്‍ നാലു മണിക്കൂര്‍ ജോലി ചെയ്താല്‍ അര മണിക്കൂര്‍ വിശ്രമം കൊടുക്കണം. ബാക്കി നാലു മണിക്കൂര്‍ അതിനുശേഷം. ഇതെല്ലാം പോയി. തൊഴിലാളികളുടെ ആരോഗ്യം പരിഗണനയിലേയില്ല. മാടുകളെപ്പോലെ ജോലി ചെയ്യിക്കാനുള്ള അവകാശമാണ് ഈ പുതിയ നിയമം കൊടുക്കുന്നത്. തന്റെ തൊഴിലാളികള്‍ക്കു കോണ്‍ട്രാക്ടര്‍ കൂലി കൊടുത്തില്ലെങ്കില്‍ കമ്പനിയുടെ പ്രിന്‍സിപ്പല്‍ എംപ്ലോയര്‍ കൂലി കൊടുക്കണം എന്നു വ്യവസ്ഥയുണ്ടായിരുന്നു. കോണ്‍ട്രാക്ട് ലേബര്‍ റഗുലേഷന്‍ ആന്റ് അബോളിഷന്‍ ആക്ട് എന്ന പേരിലാണ് ഈ നിയമമുണ്ടായിരുന്നത്. ആ നിയമം ഇല്ലാതായി.
ഇനി വാടകക്കെടുക്കുന്ന ഒരു വാഹനം ഉപയോഗിക്കുന്നതുപോലെ, ഒരു കാളയെ ഉപയോഗിക്കുന്നതുപോലെ, തൊഴിലാളികളെ ഉപയോഗിക്കാം. അയാള്‍ ക്ഷീണിച്ചുവീണാല് എടുത്തു ദൂരെയെറിഞ്ഞു വേറെയാളെ വെക്കാം. എന്നിട്ട് പണിയെടുപ്പിക്കാം. ഒരു നഷ്ടപരിഹാരവുമില്ല. ഇതാണ് ഇന്ത്യയിലെ തൊഴില്‍മേഖലയില്‍ വരാന്‍പോകുന്ന അവസ്ഥ.
അസംഘടിതമേഖലയിലെ ക്ഷേമപദ്ധതികള്‍ ഇനി മേലില്‍ പ്രവര്‍ത്തിക്കുമോ എന്നതു സംശയമാണ്. നിര്‍മാണത്തൊഴിലാളി ക്ഷേമപദ്ധതി, മോട്ടോര്‍തൊഴിലാളി ക്ഷേമപദ്ധതി, ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി എന്നിങ്ങനെ കേരളത്തില്‍ ഒരുപാട് ക്ഷേമപദ്ധതികളുണ്ട്. പക്ഷേ, ഇന്ത്യാഗവണ്‍മെന്റ് പാസാക്കിയ നിയമത്തില്‍ ഈ ക്ഷേമപദ്ധതികളുടെ നടത്തിപ്പിനെസംബന്ധിച്ച് ഒരു വ്യവസ്ഥയും സൃഷ്ടിച്ചിട്ടില്ല. അതുകൊണ്ട് എന്തു സംഭവിക്കുമെന്ന വലിയ ആശങ്ക നിലനില്‍ക്കുകയാണ്. ജിഗ് വര്‍ക്കേഴ്സ്, പ്ലാറ്റ്ഫോം വര്‍ക്കേഴ്സ്, യൂബര്‍, ഒലെ, ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള ആപ്പധിഷ്ഠിത തൊഴിലാളികള്‍ ആയിരക്കണക്കിനുണ്ട് ഇന്ത്യ മുഴുവന്‍, ലോകം മുഴുവന്‍. അവരുടെ ക്ഷേമത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും വ്യക്തമായ ഒരു വ്യവസ്ഥയും നിയമത്തില്‍ വെച്ചിട്ടില്ല. അവര്‍ക്കു തൊഴിലുടമ ആരാണെന്നറിയില്ല. യൂബര്‍ ടാക്സി ഓടിക്കുന്ന ഡ്രൈവര്‍ ഒരു ആപ്പുപയോഗിക്കുന്നതാണ് അയാളുടെ കമ്പനിയുമായിട്ടുള്ള ബന്ധം. ആ കമ്പനി ആ ആപ്പിന്റെ ബന്ധം വേര്‍പെടുത്തിയാല്‍ ഇയാള്‍ പാതിറോഡില്‍ ഒന്നുമല്ലാതാവും. മുതലാളിയുടെ ആപ്പീസിനുമുന്നില്‍ സമരം ചെയ്യാന്‍ പറ്റില്ല. മുതലാളിയുടെ ആപ്പീസില്ല. ആമസോണിന്റെ ആപ്പീസ് അമേരിക്കയിലാ. ആമസോണിന്റെ ഏജന്റിന് അവിടെപ്പോയി സമരം ചെയ്യാന്‍ പറ്റുമോ?. ഈ മേഖലയില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിനു തൊഴിലാളികള്‍ ഇന്ത്യയിലുണ്ട്. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, യൂബര്‍തൊഴിലാളികളെ സംരക്ഷിക്കണമെങ്കില്‍ ഇന്ത്യയില്‍ കര്‍ശനമായ നിയമമുണ്ടാക്കണം. അങ്ങനെ ഒരു വ്യവസ്ഥയേ ഉണ്ടാക്കിയിട്ടില്ല. അവരുടെയൊക്കെ സ്ഥിതി അങ്ങേയറ്റം പ്രയാസകരമാണ്. തൊഴിലാളിക്ഷേമപദ്ധതിയില്‍ അവരുടെ വിഹിതം പിടിച്ചുകൊടുക്കാനുള്ള വ്യവസ്ഥകളൊന്നുമില്ല.
സാമൂഹികസുരക്ഷാ
അവകാശമില്ല
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആക്ടും സംഘടിതമേഖലയ്ക്കു ബാധകമായതാണ്. അസംഘടിതമേഖലയ്ക്കു ബാധകമല്ല. അതിന്റെയും സ്ഥിതി പരിതാപകരമാണ്. സാമൂഹികസുരക്ഷാ അവകാശം പൂര്‍ണമായും ഇല്ലാതാക്കുന്നതാണു പുതിയ നിയമം. മാത്രമല്ല, ഇത്തരം ക്ഷേമപദ്ധതികള്‍ മാനേജ് ചെയ്യാന്‍ ത്രികക്ഷിസമിതികളാണുണ്ടായിരുന്നത്. തൊഴിലുടമ, ഗവണ്‍മെന്റ്, തൊഴിലാളിസംഘടനാപ്രതിനിധി എന്നിങ്ങനെ. ആ സംവിധാനം ഇല്ലാതായി. ഇതു മര്യാദക്കു നടത്താന്‍ ഒരു സംവിധാനവുമില്ല.
ഇന്ത്യയിലെ ജേര്‍ണലിസ്റ്റുകള്‍, ന്യൂസ്പേപ്പര്‍ എംപ്ലോയീസ് തുടങ്ങിയ വിഭാഗത്തെയെടുക്കാം. അവരുടെ സേവന വേതനവ്യവസ്ഥകള്‍ക്കായുള്ള വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആന്റ് അദര്‍ ന്യൂസ്പേപ്പര്‍ എംപ്ലോയീസ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ് ആന്റ് മിസലേനിയസ് പ്രൊവിഷന്‍ ആക്ട് 1955 ലാണുണ്ടായത്. ആ നിയമപ്രകാരമുള്ള ആനുകൂല്യം നഷ്ടപ്പെട്ടു. പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ജേര്‍ണലിസ്റ്റുകള്‍ക്കും ശമ്പളം നിശ്ചയിക്കാന്‍ വേജ്ബോര്‍ഡ് കമ്മീഷനെ വെക്കാറുണ്ട്. മജീദിയ കമ്മീഷനാണ് ഏറ്റവും അവസാനമുണ്ടായിരുന്നത്- 2007 ല്‍. വേജ്ബോര്‍ഡ് കമ്മീഷന്‍ വന്നു റിപ്പോര്‍ട്ട് കൊടുത്താല്‍ത്തന്നെ പത്രസ്ഥാപനങ്ങളില്‍ ആ ശുപാര്‍ശകള്‍ നടപ്പാക്കിക്കിട്ടാന്‍ തൊഴിലാളികള്‍ വേറെ സമരം ചെയ്യണം എന്നതായിരുന്നു അവസ്ഥ. എന്നിരുന്നാലും, ഇതിനൊക്കെ ഒരടിസ്ഥാനമുണ്ടായിരുന്നു. അതൊക്കെ നഷ്ടപ്പെട്ടു. ഈ നിയമമേ ഇല്ലാതായി.
മാധ്യമമേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ എത്ര മണിക്കൂറുകളാണു പണിയെടുക്കുന്നതെന്നു അവര്‍ക്കുപോലും അറിയില്ല. എട്ടു മണിക്കൂര്‍ ജോലി എന്ന തത്വമൊന്നും അതില്‍ ഒരുകാലത്തും നടപ്പായിട്ടില്ല. ഒരുപക്ഷേ, ഓഫീസ് ജോലി ചെയ്യുന്നവര്‍ക്ക് ആ സൗകര്യമുണ്ടായേക്കാം. വര്‍ക്കിങ് ജേര്‍ണലിസ്റ്റുകള്‍ വളരെ റിസ്ക്കുള്ള ജോലിയാണു ചെയ്യുന്നത്. അതീവദുഷ്കരമായ ജോലി. ഏതെങ്കിലും മാധ്യമമുതലാളി അവരുടെ നയമനുസരിച്ച് നിങ്ങള്‍ക്കിഷ്ടമില്ലാത്ത ഏതെങ്കിലും വാര്‍ത്ത എഴുതുകയോ പറയുകയോ ചെയ്യുന്നെന്നു കരുതി ആ തൊഴിലാളികളെ ചീത്ത വിളിക്കേണ്ട. അവര്‍ ഇതിനുത്തരവാദികളല്ല.
അവര്‍ ജീവിക്കാന്‍വേണ്ടി ജോലി ചെയ്യുന്നവരാണ്. അവര്‍ക്കു ജോലിസമയം കണക്കാക്കാനോ അവരുടെ റിസ്‌ക്കിനനുസരിച്ച് വേതനം നേടാനോ കഴിയാത്തവിധത്തില്‍ ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ആക്ട് കോഡില്‍ ലയിച്ചുചേര്‍ന്നു. ഇനി വേജ്ബോര്‍ഡില്ല. ജോലിസമയം നിര്‍ണയിക്കാന്‍ കഴിയാത്ത, വേതനം നിശ്ചയിക്കാന്‍ കഴിയാത്ത സ്വഭാവത്തിലേക്ക് ആ മേഖല എത്തിക്കഴിഞ്ഞു. ഇതാണു ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയില്‍ സംഭവിക്കുന്നത്. അതുകൊണ്ട് വളരെ ഗൗരവമായ ഒരു വിഷയമായി ഇതിനെ എല്ലാവരും കാണണം.
കേരളം
പിന്തുണക്കില്ല
കേരളത്തില്‍ ഈ ലേബര്‍ കോഡ് നടപ്പാക്കാന്‍വേണ്ടി ഒരു കരടുവിജ്ഞാപനം ഇറക്കിയതിനെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. കാര്യങ്ങള്‍ മനസ്സിലാക്കാതെയോ ആശയക്കുഴപ്പമുണ്ടാക്കാനോ ഉള്ള ആരുടെയോ ശ്രമത്തിന്റെ ഭാഗമായാണിത്. പാര്‍ലമെന്റ് ഒരു നിയമം പാസാക്കിക്കഴിഞ്ഞാല്‍ ആ നിയമം സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ ചട്ടങ്ങളുണ്ടാക്കണം. എല്ലാ സംസ്ഥാനങ്ങളിലും ചട്ടങ്ങളുണ്ടാക്കാന്‍ ഡ്രാഫ്റ്റ് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനസര്‍ക്കാരുകളും ഇതു ചെയ്തിട്ടുണ്ട്. കേരളത്തില്‍ ലേബര്‍ കോഡുകള്‍ക്കു ചട്ടങ്ങള്‍ അംഗീകരിച്ച് വിജ്ഞാപനം ചെയ്യേണ്ടതില്ലായെന്നു കേരള ഗവണ്‍മെന്റ് തീരുമാനിച്ചതാണ്. ഇന്നേവരെ ഒരു വിജ്ഞാപനവും ഇറക്കിയിട്ടില്ല. അതുമാത്രവുമല്ല,
ഇപ്പോള്‍ കേന്ദ്രം നിയമം നടപ്പാക്കിയ സാഹചര്യത്തിലും കേരളത്തില്‍ അതു നടപ്പാക്കുന്നതല്ല എന്ന നിലപാട് അര്‍ഥശങ്കക്കിടയില്ലാത്തവിധം തൊഴില്‍മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് ഡ്രാഫ്റ്റ് എന്നൊക്കെപ്പറഞ്ഞ് ആശയക്കുഴപ്പുണ്ടാക്കാന്‍ ആരും ശ്രമിക്കരുത്.
കേരളത്തിലെ ട്രേഡ് യൂണിയന്‍ നേതാക്കളുമായി തൊഴില്‍മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ എങ്ങനെയാണിതിനെ നേരിടേണ്ടത് എന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. നേരത്തേ ലേബര്‍ കോഡുകള്‍ക്കു ചട്ടങ്ങള്‍ രൂപവത്കരിക്കുന്നതുസംബന്ധിച്ച് കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ വന്നപ്പോള്‍ ഒരു ചര്‍ച്ച ട്രേഡ് യൂണിയനുകളുമായി നടത്തിയിരുന്നു. അവയുടെ അഭിപ്രായംകൂടി കേട്ടാണു ചട്ടങ്ങളുടെ രൂപവത്കരണം വേണ്ടാ എന്നു അന്നു ഗവണ്‍മെന്റ് തീരുമാനിച്ചത്. ഇപ്പോള്‍ പുതിയ സാഹചര്യത്തില്‍ കേന്ദ്രം വിജ്ഞാപനം ഇറക്കിക്കഴിഞ്ഞു. ആ വിജ്ഞാപനം രാജ്യത്ത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കാനാണു കേന്ദ്രത്തിന്റെ ശ്രമം. ഭീഷണിപ്പെടുത്താനും തൊഴില്‍വകുപ്പില്‍ സമ്മര്‍ദം ചെലുത്താനും ശ്രമിക്കും. ലേബര്‍ സെക്രട്ടറി, ലേബര്‍ കമ്മീഷണര്‍ എന്നൊക്കെപ്പറഞ്ഞാല്‍ കേന്ദ്രസര്‍വീസുദ്യോഗസ്ഥരാണ്. അവരുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കും. ഒരു സാഹചര്യത്തിലും കേന്ദ്രം പാസാക്കിയ ഈ തൊഴില്‍നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു ചട്ടവും കേരളത്തില്‍ വിജ്ഞാപനം ചെയ്യാന്‍ പാടില്ല, കേരളത്തില്‍ അതു നടപ്പാക്കാന്‍ പാടില്ല എന്നുള്ളതാണു ഞങ്ങളുടെ ട്രേഡ് യൂണിയനുകളുടെ നിലപാട്. അതില്‍നിന്നു വ്യത്യസ്തമായ ഒരു നിലപാടും കേരളത്തിലെ ഗവണ്‍മെന്റ് എടുക്കുന്നതല്ല എന്ന് എല്ലാവര്‍ക്കും ഉറപ്പിക്കാം. ഇന്ത്യാ ഗവണ്‍മെന്റ് കുത്തകമുതലാളിമാരുടെ താത്പര്യത്തിനുവേണ്ടി ഉണ്ടാക്കുന്ന ഈ നിയമങ്ങളെ നേരിടാന്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണം. തൊഴിലവകാശങ്ങള്‍ വീണ്ടും പൊരുതി നേടേണ്ട സാഹചര്യമാണ് കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
