Indian Cooperator

കാര്‍ഷികരംഗത്ത്സഹകരണ വിപ്ലവം

കാര്‍ഷികമേഖലയില്‍ സഹകരണ സംഘങ്ങളുടെ വളര്‍ച്ച സാധ്യമാക്കുക എന്നതാണ് ബജറ്റില്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികളുടെ പ്രധാന ഊന്നല്‍. കാര്‍ഷിക വിളകളുടെ ഉല്‍പാദനം, സംഭരണം, സംസ്‌കരണം, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനം, വിപണനം എന്നിങ്ങനെ പലതലങ്ങളിലുള്ള പദ്ധതിക്ക് ബജറ്റില്‍ നീക്കിയിരിപ്പുണ്ട്. സഹകരണ സംഘങ്ങള്‍ നേരിട്ട് കൃഷിയിലേക്കിറങ്ങുന്ന പദ്ധതിക്കൊപ്പം, കര്‍ഷകര്‍ക്ക് സഹായകേന്ദ്രങ്ങളായി സഹകരണ സംഘങ്ങളെ മാറ്റുക എന്നതും ഈ പദ്ധതികളുടെ പ്രത്യകതയാണ്. ഇതിനായി, സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ കര്‍ഷക സേവന കേന്ദ്രങ്ങള്‍ (എഫ്.എസ്.സി) രൂപവത്കരിക്കുമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ സാമ്പത്തിക സഹായം ഉറപ്പാക്കും.
കൃഷിയിലും അനുബന്ധ മേഖലകളിലും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് പുതിയ എഫ്.എസ്.സികള്‍ സ്ഥാപിക്കുകയും നിലവിലുള്ള എഫ്.എസ്.സികളെ ശാക്തീകരിക്കുകയും ചെയ്യുമെന്ന് ബജറ്റ് നിര്‍ദ്ദേശിക്കുന്നു.


കര്‍ഷക സേവന കേന്ദ്രങ്ങളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തായിരിക്കണമെന്ന കാഴ്ചപ്പാടും ബജറ്റില്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇനിപ്പറയുന്നവയാണ്. മൂന്നുലക്ഷ്യങ്ങളാണ് ഇവയ്ക്ക് പ്രധാനമായും വേണ്ടത്. സഹകരണ സംഘങ്ങളിലെ കാര്‍ഷിക സേവനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുക എന്നതാണ് ഒന്നാമത്തേത്. കാര്‍ഷിക വായ്പ, പലിശ നിരക്ക്, കടം എഴുതിത്തള്ളല്‍ തുടങ്ങിവയ്ക്ക് കര്‍ഷകരെ സഹായിക്കുക എന്നിവയാണ് രണ്ടാമത്തേത്. കാര്‍ഷിക വായ്പയ്ക്കുള്ള പലിശ സബ്‌സിഡി അടക്കം നിലവില്‍ കര്‍ഷകര്‍ക്ക് ലഭിക്കാതെ പോകുന്നുണ്ട്. വായ്പയുടെ തിരിച്ചടവ് കൃത്യമാക്കിയാലേ ഈ പലിശയിളവ് ലഭിക്കുകയുള്ളൂ. കര്‍ഷകര്‍ക്കുള്ള അജ്ഞതയാണ് ഇത്തരം ഇളവുകള്‍ ലഭിക്കാതിരിക്കാന്‍ കാരണം.

കര്‍ഷകര്‍ക്ക് സഹ ആവശ്യകത അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ സമയബന്ധിതമായി കര്‍ഷകര്‍ക്ക് നല്‍കുക.


കര്‍ഷക സേവന കേന്ദ്രങ്ങള്‍ കാര്‍ഷിക മേഖലയുടെ യന്ത്രവല്‍ക്കരണ കേന്ദ്രമായി പ്രവര്‍ത്തിക്കുകയെന്നതാണ് മൂന്നാമത്തെ ലക്ഷ്യമായി പറയുന്നത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളും പ്രാഥമിക സഹകരണ സംഘളും അവ സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ കാര്‍ഷിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രമായി മാറണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. ഇത് പഞ്ചായത്ത്, ബ്ലോക്ക്, കോര്‍പ്പറേഷന്‍ എന്നിങ്ങനെയുള്ള തദ്ദേശ പരിധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാം. കൃഷിക്ക് ആവശ്യമായ തൊഴിലാളികളെ നല്‍കല്‍, വിത്ത്, ജൈവവളം, രാസവളം, കീടനാശിനികള്‍, ജലസേചന ഉപകരണങ്ങള്‍, പ്രിസിഷന്‍ ഫാമിംഗിനുള്ള ഉപകരണങ്ങള്‍, കര്‍ഷകര്‍ക്കുള്ള ശരിയായ പരിശീലനം നടത്തുക, ട്രാക്ടര്‍, ടില്ലര്‍ തുടങ്ങിയ കാര്‍ഷിക യന്ത്രങ്ങള്‍ ലഭ്യമാക്കുക, കാര്‍ഷിക യന്ത്രങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ്, അറ്റകുറ്റപ്പണികള്‍ എന്നിവ ചെയ്യുന്നതിനുള്ള സൗകര്യങ്ങളും സഹായങ്ങളും കര്‍ഷകര്‍ക്ക് ഒരുക്കികൊടുക്കുകയാണ് കര്‍ഷക സേവന കേന്ദ്രങ്ങള്‍ ചെയ്യേണ്ടത്.

കര്‍ഷക സേവനകേന്ദ്രങ്ങള്‍ ഏതൊക്കെ സംഘങ്ങള്‍ക്ക് തുടങ്ങാമെന്നും അവയ്ക്ക് ഏതൊക്കെ രീതിയില്‍ പ്രവര്‍ത്തിക്കാമെന്നുമുള്ള വിശദമായ പദ്ധതി രേഖയും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ബാലന്‍സ് ഷീറ്റ് പ്രകാരം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് തെളിയിക്കപ്പെട്ടതോ, അല്ലെങ്കില്‍ അത്തരത്തില്‍ ട്രാക്ക് റെക്കോര്‍ഡുള്ളതുമായ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കും മറ്റ് സഹകരണ സ്ഥാപനങ്ങള്‍ക്കുമാണ് കര്‍ഷക സേവന കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള സഹായം ലഭിക്കുക. നിലവില്‍ സ്ഥാപിതമായിട്ടുള്ള കര്‍ഷക സേവന കേന്ദ്രങ്ങള്‍ക്ക് നൂതന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോജക്റ്റ് അധിഷ്ഠിത സഹായം ലഭിക്കും. നഴ്‌സറികള്‍ സ്ഥാപിക്കുന്നതിനുള്ള സഹായം, കാര്‍ഷിക ബയോ ഫാര്‍മസി, ജൈവ കാര്‍ഷിക യൂണിറ്റുകള്‍, സേവന യൂണിറ്റുകള്‍, കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രവല്‍ക്കരണ സേവനങ്ങള്‍ നല്‍കുക തുടങ്ങിയവക്കുള്ള സഹായം എന്നിവയാണ് പ്രധാനമായും നല്‍കുന്നത്.
പുതിയ കര്‍ഷക സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും സര്‍ക്കാരില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കും.

കര്‍ഷകര്‍ക്ക് കാര്‍ഷിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ‘ഹരിതസേന’ രൂപവത്കരിക്കാനാകും. ഈ ഹരിത സേനയെ ഉപയോഗിച്ച് കാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കാണ് ഇതിനുള്ള സഹായത്തിന് മുന്‍ഗണനയുള്ളത്. എത് രീതിയലുള്ള പദ്ധതിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്ന പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ സഹകരണ സംഘങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കണം. വ്യക്തിഗത പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തതുമായ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിക്ക് കീഴില്‍ ഉള്‍പെടുത്താനാവില്ല.


പദ്ധതിരേഖ തയ്യാറാക്കുന്നത് എങ്ങനെയായിരിക്കണമെന്നതും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക ജനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനായി, പ്രാദേശിക അവസരങ്ങളും ആവശ്യകതകളും മനസ്സിലാക്കിക്കൊണ്ടായിരിക്കണം ഈ പദ്ധതിയില്‍ പ്രോജക്ടുകള്‍ തയ്യാറാക്കേണ്ടതെന്നാണ് നിര്‍ദ്ദേശിക്കുന്നത്. വിദഗ്ധരുടെ സഹായത്തോടെയും ജനകേന്ദ്രീകൃത സമീപനത്തിലൂടെയുമായിരിക്കും പ്രാഥമിക സഹകരണ സംഘങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കുക. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക തലത്തിലുള്ള സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചായിരിക്കും സി.ഐ.ടി.എ. യില്‍ പദ്ധതികള്‍ കണ്ടെത്തുക. പ്രോജക്റ്റുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി കണ്‍സള്‍ട്ടന്റുകളുടെ സഹായം ഉപയോഗപ്പെടുത്താം. കണ്‍സള്‍ട്ടേഷനും അതോടൊപ്പം പ്രോജക്ട് തയ്യാറാക്കുന്നതിനുമായി ഓരോ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും 50,000 രൂപ വീതം പദ്ധതി വിഹിതത്തില്‍ നിന്ന് കണ്ടെത്താവുന്നതാണ്. അത്തരത്തിലുള്ള ബില്ലുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ചെലവായ തുക തിരികെ നല്‍കും. പ്രോജക്റ്റുകള്‍ അതിന്റെ പൂര്‍ത്തികരണ ഘട്ടം വരെ, തെളിയിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ പദ്ധതി സഹായത്തിനായി പരിഗണിക്കപ്പെടുകയുള്ളൂ.


സഹകരണ സംഘങ്ങളുടെ പദ്ധതി രേഖ സമര്‍പ്പിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കീഴില്‍ ഒരു പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കും. ഈ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സഹകരണ സംഘങ്ങള്‍ക്ക് പദ്ധതി സമര്‍പ്പിക്കാം. ഈ പോര്‍ട്ടല്‍ തയ്യാറാക്കുന്നതുവരെ പ്രോജക്റ്റുകള്‍ സഹകരണ രജിസ്ട്രാറുടെ ഓഫീസിലേക്ക് മെയില്‍ വഴി സമര്‍പ്പിക്കാവുന്നതാണെന്നും ബജറ്റ് നിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്. പൂര്‍ണ സജ്ജമായ ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ, ഈ പോര്‍ട്ടല്‍ ഒരു പ്രോജക്ട് സമര്‍പ്പണ പ്ലാറ്റ്‌ഫോമായും പ്രോജക്ട് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമായും പ്രവര്‍ത്തിക്കും. ഈ പോര്‍ട്ടലില്‍ നിന്ന് ജില്ലകളില്‍ നിന്നുള്ള പ്രോജക്ടുകളുടെ തുടര്‍ച്ചയായ സ്ഥിതിവിവരങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. എം.ഐ.എസ്. സോഫ്റ്റ് വെയര്‍, ഹാര്‍ഡ്വെയര്‍ എന്നിവ ഒരുക്കുന്നതിനായി ഈ പദ്ധതിയില്‍ 50.00 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

കേരളത്തെ ഒരു ഹോര്‍ട്ടി കള്‍ച്ചര്‍ ഹബ്ബായി മാറ്റാനുള്ള പദ്ധതി സഹകരണ വകുപ്പ് നേരത്തെ തയ്യാറാക്കിയിരുന്നു. അതിനുള്ള കാര്‍ഷിക പദ്ധതികള്‍ ഓരോ മേഖലകളാക്കി തിരിച്ച് നടപ്പാക്കി വരികയാണ്. പഴങ്ങളില്‍നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കാനുള്ള ശ്രമവും ഇതിന്റെ ഭാഗമായി തുടങ്ങിയിരുന്നു. കശുമാങ്ങയില്‍നിന്ന് ഫെനി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. അബ്കാരി നിയമത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ ഇത് സഹകരണ സംഘങ്ങള്‍ക്ക് ഏറ്റെടുക്കാവുന്ന നിയമപരമായ സാഹചര്യവും സംസ്ഥാനത്തുണ്ടായിട്ടുണ്ട്.
കശുമാങ്ങ ഉപയോഗിച്ച് ഫെനി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന ബജറ്റില്‍ പ്രഖ്യാപിച്ചു. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ വഴിയാകും ഈ ഫെനി വിപണനം നടത്തുക. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കാണ് ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള സഹായം നല്‍കുക.

കേരളത്തിന്റെ കാര്‍ഷിക-കാലാവസ്ഥാ വൈവിധ്യം കണക്കിലെടുത്ത് കേരളത്തെ ‘ഉയര്‍ന്ന മൂല്യമുള്ള ഹോര്‍ട്ടികള്‍ച്ചര്‍ ഹബ് ആക്കാന്‍ വിഭാവനം ചെയ്യുന്ന ഈ പദ്ധതിക്ക് സഹായം നല്‍കും. നടീല്‍ വസ്തുക്കളുടെ വിതരണം, പഴവര്‍ഗങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കല്‍, മൂല്യവര്‍ധിത യൂണിറ്റുകളുടെ രൂപവതകരണം എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. ശേഷിയുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ മുഖേന പദ്ധതി നടപ്പാക്കും.

നാളികേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നിലവിലുള്ളവയെ ശക്തിപ്പെടുത്തുന്നതുമായി പ്രഖ്യാപിച്ച പുതിയ പദ്ധതിയാണ് പ്ലസ് വണ്‍. കേരളത്തിലെ നാളികേര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുക, ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക, സുസ്ഥിര കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്ലസ് വണ്‍ പദ്ധതി ലക്ഷ്യമിടുന്നത്. സഹകരണ സംഘങ്ങളില്‍ നിന്നുള്ള ധനസഹായവും സര്‍ക്കാര്‍ സബ്സിഡിയും സംയോജിപ്പിച്ചാണ് പദ്ധതിയുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നത്. തെങ്ങ് തൈകള്‍ പുനര്‍നടുന്നതിനുള്ള സാങ്കേതിക പരിപാടി പ്രാദേശിക കൃഷി ഭവനുമായി കൂടിയാലോചിച്ച് വികസിപ്പിക്കും. ‘സാങ്കേതിക വിദ്യാധിഷ്ഠിതമായ കൃഷി’ ( സി.ഐ.റ്റി.എ.) നേരത്തെ സഹകരണ മേഖലയില്‍ നടപ്പാക്കിതുടങ്ങിയതാണ്. ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് നാളീകേരകൃഷിക്കുള്ള പ്ലസ് വണ്‍ പദ്ധതിക്ക് പ്രത്യേകമായി സഹായം നല്‍കുന്നത്. 35 കോടിരൂപയാണ് ഇതിനായി മാറ്റിവെച്ചിട്ടുള്ളത്.

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ പദ്ധതിയാണ് ‘സാങ്കേതിക വിദ്യാധിഷ്ടിതമായ കൃഷിയ്ക്കായുള്ള സഹകരണ സംരംഭം (സി.ഐ.റ്റി.എ). കൃഷിയുടെയും അനുബന്ധ മേഖലകളുടെയും മത്സരക്ഷമതയും നിലനില്‍പ്പും വര്‍ദ്ധിപ്പിക്കുന്നതിന്, സാങ്കേതികവിദ്യാപ്രയോഗത്തിനും കൃഷിയിലെ കൂട്ടായ പരിശ്രമങ്ങള്‍ക്കും ഊന്നല്‍ നല്‍കകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2022-23 മുതല്‍ നടപ്പാക്കിവരുന്ന ഈ സംരംഭം 2026-27 സാമ്പത്തിക വര്‍ഷത്തിലും തുടരും. സഹകരണ സംഘങ്ങളുടെ കാര്‍ഷിക പദ്ധതികള്‍ ആധുനിക കാലത്തെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തി മാറ്റിയെടുക്കുകയാണ് ഇതിലൂടെ സഹകരണവകുപ്പ് ലക്ഷ്യമിടുന്നത്.
സഹകരണ മേഖലയുടെ പിന്തുണയോടെ കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനായി കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഉല്‍പ്പാദനം, സംയോജനം, സംഭരണം, മൂല്യവര്‍ദ്ധന, വിപണനം എന്നിവയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഉല്‍പ്പാദനത്തിലും, സംഭരണത്തിലും വിപണനത്തിലുമുള്ള ഇടപെടലിനൊപ്പം കൃഷി ചെയ്യുന്നതു മുതല്‍ വിപണനം നടത്തുന്നതുവരെയുള്ള എല്ലാ പ്രവൃത്തികളേയും പരിപോഷിപ്പിക്കുക എന്നതാണ് ആത്യന്തികമായി ഈ പദ്ധതിയുടെ ഉദ്ദേശലക്ഷ്യം. ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്കുള്ളില്‍ നിര്‍ത്തികൊണ്ട് പ്രവര്‍ത്തനം സുഗമമാക്കുന്നതിന്, നേരത്തെയുണ്ടായിരുന്ന പദ്ധതിയുടെ ഘടകങ്ങള്‍ ഒരുമിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അഞ്ചുവര്‍ഷം സാമ്പത്തിക അടിത്തറയോടെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കുമാണ് ഈ പദ്ധതിയില്‍നിന്ന് പണം അനുവദിക്കുക. ചെറുതും ചെറുതുമായ പച്ചക്കറിത്തോട്ടങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, അടുക്കളത്തോട്ടങ്ങള്‍, ടെറസ് ഫാമുകള്‍ എന്നിവയില്‍ കാര്‍ഷിക വിളകളുടെ കാര്യക്ഷമമായ ഉല്‍പ്പാദനം, സംഭരണം, വിപണനം എന്നിവയും, അതോടൊപ്പം മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ മറ്റ് കാര്‍ഷിക സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച സംയോജിത കൃഷി സമ്പ്രദായം അടിസ്ഥാനമാക്കിയും അതിനെ പിന്തുടര്‍ന്നുമായിരിക്കും ഈ പദ്ധതി നടപ്പാക്കുക. ഈ പദ്ധതിയിലൂടെ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് വിത്ത് വിതയ്ക്കല്‍ മുതല്‍ മൂല്യവര്‍ദ്ധനവ് വരെ എല്ലാ മേഖലകളിലും സഹായം ലഭിക്കുന്നു. സംസ്ഥാനത്ത് ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പദ്ധതിയുടെ ആത്യന്തിക ഗുണഭോക്താക്കളില്‍ 25 ശതമാനം സ്ത്രീകളായിരിക്കണമെന്ന വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സഹകരണ സംഘങ്ങള്‍ തയ്യാറാക്കുന്ന പദ്ധതിക്ക് പണം ഉപയോഗിക്കുന്നതിനും വ്യവസ്ഥയുണ്ട്. ഒരു സാമ്പത്തിക വര്‍ഷത്തേക്കാണ് ഇതില്‍നിന്നുള്ള പണം അനുവദിക്കുക. അതിനാല്‍, മുന്‍ വര്‍ഷങ്ങളിലെ തുടര്‍ച്ചയെന്നോണമുള്ള ചെലവിന് പണം അനുവദിക്കില്ല. ഒറ്റത്തവണ സഹായമായാതിനാല്‍ ആദ്യ വര്‍ഷം തന്നെ പ്രോജക്റ്റില്‍ വ്യക്തമാക്കിയിട്ടില്ലെങ്കില്‍, വരും സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രോജക്റ്റിന്റെ തുടര്‍ച്ചയായുള്ള ചെലവുകള്‍ അനുവദിക്കുന്നതല്ല. പ്രവര്‍ത്തന മൂലധന സബ്സിഡി ലക്ഷ്യമിടുന്ന പ്രോജക്റ്റുകള്‍ മറ്റ് വകുപ്പുകളുടെ സംസ്ഥാന പദ്ധതികള്‍ക്ക് കീഴില്‍ ഏറ്റെടുക്കാവുന്നതിനാല്‍, സി.ഐ.റ്റിഎ യ്ക്ക് കീഴില്‍ അനുവദനീയമല്ല. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ അറ്റാദായമുള്ള സഹകരണ സ്ഥാപനങ്ങള്‍ക്കാണ് ഇതില്‍ പരിഗണന നല്‍കുന്നത്. സംഘങ്ങള്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തില്‍ കൃത്യമായ പണവരവ് ഉണ്ടായിരിക്കണമെന്നാണ് വസ്ഥ. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, മറ്റ് സഹകരണ സംഘങ്ങള്‍, ഫാര്‍മര്‍ കളക്ടീവ് ഓര്‍ഗനൈസേഷനുകള്‍ എന്നിവ വഴിയാണ് നടപ്പിലാക്കുന്നത്. സംസ്ഥാനതല പ്രോജക്ട് സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ തിരഞ്ഞെടുക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി സംഘങ്ങളെ തെരഞ്ഞെടുക്കുമ്പോഴുള്ള മാനദണ്ഡങ്ങള്‍ ഇവയാണ്.

‘സാങ്കേതിക വിദ്യാധിഷ്ടിതമായ കൃഷിയ്ക്കായുള്ള സഹകരണ സംരംഭം (സി.ഐ.റ്റി.എ). എന്ന പദ്ധതിയിലൂടെ കാര്‍ഷിക ഉത്പാദനത്തിന് മുന്‍പും ഉത്പാദന സമയത്തുമുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കൂട്ടായ പരിശ്രമങ്ങള്‍ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് സഹായം ലഭിക്കും. യന്ത്ര ഉപകരണങ്ങള്‍ ഉപയോഗിച്ച് നിലമൊരുക്കല്‍, വിത്ത് വിതരണം, ജൈവ വളം, രാസവളങ്ങളുടെ വിതരണം, കാര്‍ഷിക ഉപകരണങ്ങളുടെ വാടക, ചെറുകിട ജലസേചന സൗകര്യങ്ങള്‍ തുടങ്ങിയവ ഈ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുന്നു. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘത്തിന് സാങ്കേതിക ഏജന്‍സികളില്‍ നിന്നും മറ്റ് കാര്‍ഷിക അനുബന്ധ സൗകര്യങ്ങളില്‍ നിന്നും മാര്‍ഗ്ഗ നിര്‍ദ്ദേശവും സഹായവും ലഭിക്കും. കൂടാതെ പ്രാദേശിക സഹായത്തിനായി യോഗ്യതയുള്ള വിദഗ്ദ്ധരെ കൊണ്ടുവരുന്നതിനുള്ള സ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ട്. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ ഫാം പ്ലാന്‍ അധിഷ്ഠിത പദ്ധതികളില്‍ ഈ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കും. ഈ പദ്ധതിയിലുടനീളമുള്ള കാര്‍ഷിക, കാര്‍ഷികേതര പ്രവര്‍ത്തനങ്ങളിലെല്ലാം തന്നെ അക്കാദമിത് യോഗ്യതയുള്ള ഒരു മുഴുവന്‍ സമയ വിദഗ്ദ്ധന്റെ സഹായം ലഭ്യമാക്കേണ്ടതാണ്. ഇതിനായുള്ള കരാര്‍ വേതനം സാങ്കേതിക വിദഗ്ധ സമിതിയുടെ അനുമതിക്ക് വിധേയമായി പദ്ധതി വിഹിതത്തില്‍ നിന്ന് കണ്ടെത്താം.


കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്ന പ്രത്യേക ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ട് സംഭരിക്കുകയോ വിപണനം ചെയ്യുകയോ സംസ്‌കരിച്ചു വിപണനം ചെയ്യുകയോ ചെയ്യാം. സഹകരണ സംഘങ്ങളുടെ കര്‍ഷക സേവന കേന്ദ്രങ്ങളാണ് ഇതിനുള്ള സൗകര്യം കര്‍ഷകര്‍ക്ക് ഒരുക്കേണ്ടത്. ഒരു സഹകരണ സംഘത്തിന് മാത്രം സംഭരണവും സംസ്‌കരണവുമെല്ലാം ഏറ്റെടുക്കുമ്പോള്‍ സാമ്പത്തിമായി മെച്ചമുണ്ടാകണമെന്നില്ല. അത്തരം ഘട്ടത്തില്‍ ഒന്നിലേറെ സംഘങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കാം. ഇവിടെയെല്ലാം തന്നെ ആത്യന്തിക ഗുണഭോക്താക്കള്‍ കര്‍ഷകരായിരിക്കും. ഉല്‍പന്നങ്ങള്‍ വിപണി സാധ്യത അടിസ്ഥാനമാക്കി വിറ്റഴിക്കുക എന്നതാണ് പ്രധാന കാര്യം. ഇതിന് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗപ്പെടുത്താമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പ്രാദേശിക ഇ-കൊമേഴ്‌സ് വിപണി സഹകരണ സംഘങ്ങള്‍ക്ക് സാധ്യമാകുമെന്ന് ഒട്ടേറെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിരേഖയില്‍ ഇത്തരമൊരു നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയത്. ഇതിന് പുറമെ, സംഭരണം, സംസ്‌കരണം, വിപണന സൗകര്യങ്ങളുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍, മാര്‍ക്കറ്റിംഗ് സഹകരണ സംഘങ്ങള്‍ എന്നിവ വഴിയും ഉല്‍പ്പന്നങ്ങള്‍ സംസ്‌കരിക്കാനും വിപണനം ചെയ്യാനും കഴിയും.


കാര്‍ഷികോല്‍പന്നങ്ങള്‍ നശിച്ചുപോകാതെ വിപണനം നടത്തുക എന്നത് പ്രധാനമാണ്. ഉല്‍പാദനം കൂടുതലുള്ള മേഖലയില്‍നിന്ന് ആവശ്യക്കാര്‍ കൂടുതലുള്ള മേഖലയിലേക്ക് കേടുകൂടാതെ സാധനങ്ങള്‍ എത്തിച്ച് വിപണനം നടത്തുമ്പോഴാണ് നല്ല വിലലഭിക്കുന്നത്. ഇതിന് ശീതീകരണ സംവിധാനമുള്ള വാഹനങ്ങള്‍ ആവശ്യമാണ്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്തരം വാഹനങ്ങള്‍ ഒരുക്കുന്നതിന് തുക അനുവദിക്കും. വീട്ടുപടിക്കല്‍ സാധനങ്ങളെത്തിക്കുക എന്ന ലക്ഷ്യം നേടുന്നതിന് പ്രാദേശിക ഇ-കൊമേഴ്‌സ് സംരംഭങ്ങളൊരുക്കുന്നതിനും സാമ്പത്തിക സഹായം ലഭിക്കും. സംഭരണ സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും വിപണനം ചെയ്യാന്‍ കഴിയാത്ത ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചുവെക്കാനുള്ള സംഭരണശാലകള്‍ സ്ഥാപിക്കുന്നതിനും ഈ പദ്ധതിയില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കും. ഇതിനായി നിലവിലുള്ള സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയും തേടാവുന്നതാണെന്ന് ഇതില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അരി, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുടെ സംഭരണം, തരംതിരിക്കല്‍, ഗ്രേഡിംഗ്, വിപണനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.

സഹകരണ സംഘങ്ങളില്‍ പുതിയ കാലത്തിനനുസരിച്ച് പ്രവര്‍ത്തന രീതി കൊണ്ടുവരിക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. ക്ലസ്റ്റര്‍ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍, സാങ്കേതിക സംവിധാനം കൂടി ഉറപ്പാക്കിയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെല്ലാം സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ നടപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സഹകരണ മേഖലയിലെ മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയുള്‍പ്പെടെ കൃഷിയുടെയും കാര്‍ഷിക അനുബന്ധ ഉല്‍പന്നങ്ങളുടെയും മൂല്യവര്‍ദ്ധനയ്ക്കായി എല്ലാ ജില്ലകളിലും സഹകരണ സംഘങ്ങളുടെ സംരംഭങ്ങള്‍ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. ഇത് സംഘങ്ങള്‍ നേരിട്ട് തുടങ്ങണമെന്ന് നിര്‍ദ്ദേശിക്കുന്നില്ല. സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യവര്‍ദ്ധിത ക്ലസ്റ്റര്‍ വികസിപ്പിക്കുക എന്നാണ് ശുപാര്‍ശ ചെയ്യുന്നത്. ഇതിന് അഞ്ചുവര്‍ഷം നല്ലരീതിയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് പ്രപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിക്കാം. കൃത്യമായ മൂല്യനിര്‍ണ്ണയത്തിന് ശേഷം ഓരോ ജില്ലയിലും പ്രവര്‍ത്തനക്ഷമമായ സഹകരണ സംഘങ്ങളുടെ ക്ലസ്റ്ററുകള്‍ അല്ലെങ്കില്‍ സഹകരണ ബന്ധമുള്ള കാര്‍ഷികോത്പാദന സംഘടനകള്‍ എന്നിവയെ പദ്ധതി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുക്കും. പ്രാദേശികമായി ലഭ്യമായ കാര്‍ഷിക, കാര്‍ഷികാനുബന്ധ ഉല്‍പ്പന്നങ്ങളും അടിസ്ഥാനമാക്കിയാണ് ക്ലസ്റ്ററുകള്‍ രൂപവത്കരിക്കുക. കൃഷിയുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും മൂല്യവര്‍ദ്ധന, സംസ്‌കരണം, വിപണനം എന്നീ വിഭാഗങ്ങളിലാണ് പ്രധാനമായും ക്ലസ്റ്ററുകള്‍ പ്രവര്‍ത്തിക്കുക. മൂല്യവര്‍ദ്ധിത യൂണിറ്റുകള്‍ സ്ഥാപിച്ച് അവയെ വ്യവസായങ്ങളുമായി ബന്ധപ്പെടുത്തികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സഹകരണ സംഘങ്ങളെ സന്നദ്ധരാക്കും. ഈ പദ്ധതിയിലൂടെ പ്രാഥമിക മേഖലയിലെ മൂല്യവര്‍ദ്ധിത പദ്ധതികളുടെ പ്രോത്സാഹനത്തിനായി ക്ലസ്റ്ററുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് സബ്‌സിഡി, ഓഹരി മൂലധനം എന്നീ സഹായവും നല്‍കും.

കാര്‍ഷികോല്‍പന്നങ്ങള്‍ നേരിട്ട് സംഭരിക്കുന്നതിന് പ്രാദേശിക വിപണനകേന്ദ്രം ഒരുക്കുക എന്നതാണ് മറ്റൊരുനിര്‍ദ്ദേശം. ഇതിനുള്ള പ്രധാന ചുമതല സഹകരണ സംഘങ്ങള്‍ തുടങ്ങുന്ന കര്‍ഷക സേവന കേന്ദ്രങ്ങള്‍ക്കാണ്. ഈ സേവനകേന്ദ്രം വിളവെടുപ്പ് സമയത്ത് കര്‍ഷകരില്‍ നിന്ന് നേരിട്ട് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കും. കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംസ്‌കരിച്ച് സംഭരണ-സംസ്‌കരണ കേന്ദ്രങ്ങളില്‍ സംഭരിക്കും. ഇതിനപുറമെ, ഉല്‍പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനുമായി ഗ്രാമീണ ചന്തകള്‍ തുടങ്ങും. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ഭൗതിക സാഹചര്യങ്ങള്‍ ഉള്ള പ്രാഥമിക സഹകരണ സംഘത്തിന്റെ നേതൃത്വത്തിലായിരിക്കും ഗ്രാമീണ ചന്തകള്‍ സ്ഥാപിക്കുക. നിലവില്‍ ചെറിയ വിപണന കേന്ദ്രങ്ങള്‍ നടത്തുന്ന സ്ഥലങ്ങളെ ഗ്രാമീണ ചന്തകളായി വികസിപ്പിക്കുകയുമാകാം. ഇതിലൂടെ കര്‍ഷകര്‍ക്ക് കൃഷിയിടത്തിന് സമീപം വിപണനത്തിനുള്ള വഴിയും വില്‍പന എളുപ്പമാക്കലും സാധ്യമാകും. സഹകരണ സംഘങ്ങളുടെ ഗ്രാമീണ മാര്‍ക്കറ്റുകള്‍ കര്‍ഷകന് ചൂഷണമില്ലാത്ത വിപണി ലഭ്യമാകും. ഈ പദ്ധതിയിലൂടെ ഗ്രാമീണ്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ വീതം സബ്‌സിഡി സഹായം നല്‍കും. വിപണനത്തിനുള്ള സഹായം അതിന്റെ ചെലവിന്റെ പരമാവധി 50 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു സഹകരണ സംഘത്തിന് പരമാവധി 25 ലക്ഷം രൂപയാണ് സാമ്പത്തിക സഹായം ലഭിക്കുക. പുരോഗതി വിലയിരുത്തിയ ശേഷം ഘട്ടം ഘട്ടമായി മാത്രമേ ഈ ഇനത്തിലുള്ള തുക അനുവദിക്കുകയുള്ളൂ. വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സഹകരണ രജിസ്ട്രാര്‍ പുറപ്പെടുവിക്കും. പ്രഥമിക സഹകരണ സംഘങ്ങള്‍ ഇതിനനുബന്ധമായ തുക (മാച്ചിംഗ് ഗ്രാന്റ്) നല്‍കുകയും, അതിന്റെ വിവരങ്ങള്‍ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുമ്പോഴാണ് ഇതിനായുള്ള പദ്ധതി വിഹിതം അനുവദിക്കുക.

സി.ഐ.റ്റി.എ യുടെ കീഴിലുള്ള നിലവിലുള്ള പ്രോജക്റ്റുകളെ നയിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി സഹകരണ രജിസ്റ്റാറുടെ ഓഫീസില്‍ പ്രത്യേകമായി ഒരു സംസ്ഥാന തല സെല്‍ രൂപവത്കരിക്കുമെന്നാണ് പുതിയ പ്രഖ്യാപനം. ഈ സെല്‍ സംസ്ഥാനതല നിരീക്ഷണം, പദ്ധതിയുടെ വിലയിരുത്തല്‍, പദ്ധതി അംഗീകരിക്കല്‍ എന്നിവയ്ക്കുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കും. നിലവിലുള്ള സംവിധാനം പുനഃസ്ഥാപിച്ചുകൊണ്ടായിരിക്കും ഈ സംവിധാനം പ്രവര്‍ത്തിക്കുക. അഡീഷണല്‍ രജിസ്ട്രാര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍ ഈ സെല്ലിന്റെ ചുമതല വഹിക്കും. ഈ പദ്ധതിയിന്‍ കിഴില്‍ നിലവില്‍ തുടരുന്നതും പുതുതായി തയ്യാറാക്കുന്നതുമായ പ്രോജക്ടുകളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കും. പദ്ധതിയുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനായി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളതും കുറഞ്ഞത് 10 വര്‍ഷത്തെ സേവനം അവശേഷിക്കുന്നതുമായ ഉദ്യോഗസ്ഥരെ ഈ സെല്ലില്‍ നിയമിക്കും. ഈ സെല്ലിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി അഞ്ചു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുകൂടാതെ സംസ്ഥാനതല നിരീക്ഷണ സന്ദര്‍ശനങ്ങള്‍ക്കും ഡോക്യുമെന്റേഷനും അനുബന്ധ ചെലവുകള്‍ക്കുമായി പത്തുലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. സംസ്ഥാന സെല്ലിന്റെ പ്രവര്‍ത്തനവും റിപ്പോര്‍ട്ടുകളും ത്രൈമാസ അടിസ്ഥാനത്തില്‍ സഹകരണ രജിസ്ട്രാറും സംസ്ഥാന ആസൂത്രണ ബോര്‍ഡ് കൃഷി വിഭാഗം മേധാവിയും ചേര്‍ന്ന് അവലോകനം ചെയ്യും.

ജില്ലാതലത്തില്‍, 2022-23 മുതല്‍ നടപ്പിലായ പദ്ധതികള്‍ ഉള്‍പ്പെടെ ഇനി നടപ്പാക്കാനിരിക്കുന്ന പദ്ധതികളുടേയും പുരോഗതി വിലയിരുത്തുന്നതിന് ത്രൈമാസ ഇടവേളകളില്‍ ജോയിന്റ് രജിസ്ട്രാര്‍ തലത്തില്‍ അവലോകനം നടത്തും. ഈ പദ്ധതിയിന്‍കീഴില്‍ പ്രോജക്റ്റുകള്‍ നടപ്പാക്കുന്നതിനായി എല്ലാവിധ സഹായ സഹകരണങ്ങളും ഉറപ്പുവരുത്തുന്നതിനായി ഒരു സമഗ്ര നിരീക്ഷണ ജില്ലാതല വിദഗ്ധ സംഘം സഹകരണ രജിസ്ട്രാര്‍ രൂപവത്കരിക്കും. ഈ ജില്ലാതല വിദഗ്ധ സംഘം ത്രൈമാസ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സെല്ലിലേക്ക് അയയ്ക്കും. സെല്ലിനെ ശക്തിപ്പെടുത്തുന്നതിന് ഒറ്റത്തവണ വിഹിതമായി ഒരു ജില്ലയ്ക്ക് 100 ലക്ഷം രൂപ എന്ന കണക്കില്‍ ഈ പദ്ധതിയിന്‍ കീഴില്‍ നീക്കിവച്ചിട്ടുണ്ട്. വില്ലേജ് പ്രാഥമിക സഹകരണ സംഘങ്ങളുടെ തലത്തില്‍, പ്രാദേശിക നിരീക്ഷണത്തിനായി പ്രാഥമിക സഹകരണ സംഘം സെക്രട്ടറി കണ്‍വീനറായി ഒരു കമ്മിറ്റി രൂപവത്കരിക്കും. തദ്ദേശസ്വയംഭരണ പ്രതിനിധികളും പ്രാദേശികതല ഉദ്യോഗസ്ഥരും അടങ്ങുന്നതായിരിക്കും ഈ സമിതി. ഈ സമിതി രണ്ടു മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് ജില്ലാതലത്തിലെ സംവിധാനത്തിലേക്ക് മാനേജെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലൂടെ റിപ്പോര്‍ട്ടുകള്‍ കൈമാറും. 202627 ബജറ്റില്‍ ഈ പദ്ധതിക്കായി 35 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.

Related posts

സഹകരണവാരാഘോഷം ഞായറാഴ്ച സമാപിക്കും; ആലപ്പുഴയില്‍ സഹകരണ മന്ത്രി ഉദ്ഘാടനം ചെയ്യും

Indian Cooperator

മെലിഞ്ഞു പോകുന്ന ഇന്ത്യന്‍ രൂപ

Indian Cooperator

കെ.കെ.സഹകാരിയായസഖാവ് – കെ.കെ.നാരായണനെക്കുറിച്ചുള്ള അനുസ്മരണം

Indian Cooperator