സംഘങ്ങളിലെ നിക്ഷേപകര്‍ക്കും
വായ്പക്കാര്‍ക്കും സഹകാരികള്‍ക്കും
ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ പറഞ്ഞു.
സഹകരണസംഘങ്ങളിലെ നിക്ഷേപകര്‍ക്കും വായ്പയെടുക്കുന്നവര്‍ക്കും സഹകാരികള്‍ക്കും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഇതിനാവശ്യമായ ഭേദഗതി 1969 ലെ കേരള സഹകരണസംഘംനിയമത്തില്‍ വരുത്തുമെന്നും യു.ഡി.എഫ്.സര്‍ക്കാരിൻ്റെ ആദ്യത്തെ നയപ്രഖ്യാപനത്തില്‍ അറിയിച്ചു.
സഹകരണസ്ഥാപനങ്ങളുടെ ജനാധിപത്യസ്വഭാവവും വിശ്വാസ്യതയും പുന:സ്ഥാപിച്ചുകൊണ്ടും നിലവിലുള്ള പോരായ്മകളെ സമഗ്രമായി സംബോധന ചെയ്തുകൊണ്ടും സഹകരണമേഖലയെ ശക്തിപ്പെടുത്തുമെന്നു നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അഴിമതിരഹിതവും സുതാര്യവുമാണെന്ന് ഉറപ്പാക്കാന്‍ സഹകരണവിജിലന്‍സ് വിങ്ങിനെ ശ്ക്തിപ്പെടുത്തും. സഹകരണസംഘങ്ങളിലെ എല്ലാ നിക്ഷേപകര്‍ക്കും നിയന്ത്രണവ്യവസ്ഥകളില്ലാതെ മതിയായ നിക്ഷേപഗാരന്റി നല്‍കാന്‍ നടപടിയെടുക്കും. നിക്ഷേപങ്ങള്‍ കൃത്യസമയത്തു തിരിച്ചുനല്‍കാന്‍ സഹകരണസംഘങ്ങളെ പ്രാപ്തമാക്കാനും നിക്ഷേപഗാരന്റിപദ്ധതിയില്‍ മാറ്റം വരുത്താനും നിക്ഷേപസംരക്ഷണം ശക്തിപ്പെടുത്താനും സഹകരണസ്ഥാപനങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം പുന:സ്ഥാപിക്കാനും പദ്ധതി നടപ്പാക്കും. ദുര്‍വിനിയോഗത്തിനും വഞ്ചനയ്ക്കും വിധേയമായ സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ സത്വരനടപടിയെടുക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയും സ്വീകരിക്കും. വായ്പാവിതരണം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്ന സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ സാമ്പത്തികഅച്ചടക്കം ഉറപ്പാക്കാന്‍ ശരിയായ നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തുമെന്നും നയപ്രഖ്യാപനപ്രസംഗത്തില്‍ പറഞ്ഞു.
പ്രവാസിസഹകരണ
സംഘങ്ങളെ ശക്തിപ്പെടുത്തും
മടങ്ങിവരുന്ന പ്രവാസികള്‍ക്കു പുനരധിവാസപദ്ധതികള്‍ നടപ്പാക്കാനും സാമ്പത്തികസുരക്ഷ നല്‍കാനും പ്രവാസിസഹകരണസംഘങ്ങളെ ശക്തിപ്പെടുത്തുമെന്നു നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. വായ്പയെടുത്തവര്‍ക്കു ഗുരുതരരോഗമോ മരണമോ ഉണ്ടായാല്‍ അവരുടെ വായ്പാബാധ്യതകള്‍ തീര്‍പ്പാക്കുന്നതിനു സഹായകമായി റിസ്‌ക്ഫണ്ട് പദ്ധതി വിപുലീകരിക്കും. സഹകരണസ്ഥാപനങ്ങള്‍ക്കിടയിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും സർക്കാർ വാഗ്ദാനം ചെയ്യുന്നു.
