Indian Cooperator

അര്‍ബന്‍ബാങ്കുകളില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ഡയറക്ടര്‍മാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇടവേള നിര്‍ബന്ധമാക്കി

സഹകരണബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കു തുടര്‍ച്ചയായ പത്തു വര്‍ഷത്തിനുശേഷം മൂന്നു വര്‍ഷം നിര്‍ബന്ധിത ഇടവേള ( കൂളിങ് ഓഫ് പിരീഡ് ) ഏര്‍പ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് തിങ്കളാഴ്ച ഉത്തരവിട്ടു. അര്‍ബന്‍ബാങ്കുകളിലെയും റൂറല്‍ സഹകരണബാങ്കുകളിലെയും ഡയറക്ടര്‍മാര്‍ക്കു തുടര്‍ച്ചയായി പത്തു വര്‍ഷം ഭരണസമിതിയിലിരുന്നാല്‍ പിന്നീട് മൂന്നു വര്‍ഷം കഴിഞ്ഞേ അതേ ബാങ്കിന്റെ ഭരണസമിതിയിലേക്കു തിരിച്ചുവരാനാകൂ എന്നതുസംബന്ധിച്ച അന്തിമഭേദഗതിയാണു തിങ്കളാഴ്ച റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചത്. ഈ ഭേദഗതി ഉടനെത്തന്നെ പ്രാബല്യത്തിലാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ സഹകരണമേഖലയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ തേടിക്കൊണ്ട് റിസര്‍വ് ബാങ്ക് 2026 ജനുവരി എട്ടിനു കരട് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. കിട്ടിയ നിര്‍ദേശങ്ങളെല്ലാം വിലയിരുത്തിയശേഷമാണിപ്പോള്‍ അന്തിമതീര്‍പ്പായിരിക്കുന്നത്.

1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 10 എ ( 2 എ ) യില്‍ പറയുന്ന കാര്യങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പുവരുത്തുകയാണു റിസര്‍വ് ബാങ്ക് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. നിയമത്തെ മറികടക്കാന്‍ ചില ഡയറക്ടര്‍മാര്‍ പത്തു വര്‍ഷം തികയുന്നതിനു തൊട്ടുമുമ്പു രാജിവെക്കുകയും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയോ നോമിനേറ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുള്ള സംഭവങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം വളഞ്ഞ മാര്‍ഗങ്ങളിലൂടെ നിയമപ്രകാരമുള്ള കാലാവധിയുടെ പരിധി മറികടക്കാനും നിയമത്തിന്റെ അന്തസ്സത്തയെത്തന്നെ ചോദ്യം ചെയ്യാനും ചില ഡയറക്ടര്‍മാര്‍ക്കു കഴിയുന്നുണ്ടെന്നു റിസര്‍വ് ബാങ്ക് നിരീക്ഷിക്കുന്നു. ഈ പ്രവണത തടയാനാണു പുതിയ ഭേദഗതി നടപ്പാക്കുന്നത്. പുതിയ നിബന്ധനയനുസരിച്ച് തുടര്‍ച്ചയായി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ബാങ്ക്ഡയറക്ടര്‍ക്ക് അതേബാങ്കില്‍ വീണ്ടും ഡയറക്ടറാവണമെങ്കില്‍ മൂന്നു വര്‍ഷം വിട്ടുനില്‍ക്കണം. ഇക്കാലത്തു അവര്‍ക്കു ഒരു സാധാരണഅംഗമോ ഇടപാടുകാരനോ ആയി മാത്രമേ ബാങ്കുമായി ബന്ധപ്പെടാനാവുകയുള്ളു. ഒരാള്‍ മൂന്നു വര്‍ഷത്തില്‍ കുറഞ്ഞ കാലത്തേക്ക് എന്തെങ്കിലും കാരണത്താല്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ അതു തുടര്‍ച്ചയായ പത്തു വര്‍ഷമായി കണക്കാക്കുമെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അതേസമയം, കുറഞ്ഞതു മൂന്നു വര്‍ഷം വിട്ടുനിന്നാല്‍ ആ കാലയളവ് പത്തു വര്‍ഷത്തില്‍ ഉള്‍പ്പെടുത്തില്ല.

റിസര്‍വ് ബാങ്കിന്റെ നിബന്ധന സംസ്ഥാന സഹകരണബാങ്കുകള്‍ക്കും കേന്ദ്ര സഹകരണബാങ്കുകള്‍ക്കും ബാധകമായിരിക്കും. ഒരു ബാങ്കില്‍ തുടര്‍ച്ചയായി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ഡയറക്ടര്‍മാര്‍ക്കു യോഗ്യതയുള്ളപക്ഷം മറ്റേതെങ്കിലും സഹകരണബാങ്കിന്റെ ഭരണസമിതിയില്‍ അംഗമാകാന്‍ തടസ്സമൊന്നുമില്ല. 2025 ആഗസ്റ്റ് മുതലാണു സഹകരണബാങ്ക് ഡയറക്ടര്‍മാരുടെ തുടര്‍ച്ചയായ ഭരണകാലാവധി എട്ടു വര്‍ഷത്തില്‍നിന്നു പത്തു വര്‍ഷമാക്കിയത്. പുതിയ ഭേദഗതിയോടെ പല സഹകരണബാങ്ക് ഭരണസമിതികളിലും നേതൃമാറ്റത്തിനു വഴി തെളിയും. സഹകരണബാങ്കിങ് മേഖലയിലെ ഡയറക്ടര്‍ബോര്‍ഡില്‍ കഴിവുള്ളവര്‍ മാറിമാറി വരാനും ഭരണനിര്‍വഹണം ശക്തിപ്പെടുത്താനും വിശ്വാസ്യത വര്‍ധിപ്പിക്കാനും ഈ നടപടി സഹായിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

Related posts

സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സ്വന്തം നിയമാവലിയുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

Indian Cooperator

ഓരോ പത്തു വര്‍ഷം കൂടുമ്പോഴും ഇനി അന്താരാഷ്ട്ര സഹകരണവര്‍ഷം

Indian Cooperator

അടച്ചുപൂട്ടുന്ന സഹകരണ സംഘത്തിന്റെ ഭൂമി ലേലം ചെയ്യുമ്പോള്‍ ലഭിക്കാവുന്ന പണം ചൂണ്ടിക്കാട്ടി കൈക്കൂലി ആവശ്യപ്പെട്ടു

Indian Cooperator
error: Content is protected !!