Indian Cooperator

അമുല്‍ പാലിന്ലിറ്ററിന് രണ്ടു രൂപ കൂട്ടി

അമുല്‍ ഫ്രഷ് മില്‍ക്കിന്റെ വില ലിറ്ററിനു രണ്ടു രൂപ വര്‍ധിപ്പിച്ചു. മെയ് 14 നു വിലവര്‍ധന രാജ്യമെങ്ങും നിലവില്‍ വന്നു. പ്രവര്‍ത്തനച്ചെലവും പാലിന്റെ ഉത്പാദനച്ചെലവും വര്‍ധിച്ചതിനാലാണു വില കൂട്ടിയതെന്നു അമുല്‍ ബ്രാന്റിന്റെ ഉടമസ്ഥരായ ഗുജറാത്ത് സഹകരണ മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( ജി.സി.എം.എം.എഫ് ) അറിയിച്ചു. 2025 മെയ്മാസത്തിനുശേഷം ഇതാദ്യമായാണു അമുല്‍ പാല്‍വില കൂട്ടുന്നത്. അമുല്‍ ഗോള്‍ഡ്, ശക്തി, ടാസ ബ്രാന്റുകള്‍ക്കും വിലവര്‍ധന ബാധകമാണ്. അതേസമയം, കേരളത്തില്‍ മില്‍മ ഒരു ലിറ്റര്‍ പാലിനു നാലു രൂപ കൂട്ടാനെടുത്ത തീരുമാനം ഇതുവരെ നടപ്പാക്കിയിട്ടില്ല.

കാലിത്തീറ്റ, പാല്‍ പാക്കേജിങ് ഫിലിം, ഇന്ധനം എന്നിവയുടെ വില ഇക്കൊല്ലം വലിയ തോതില്‍ വര്‍ധിച്ചതിനാലാണു പാല്‍വില കൂട്ടേണ്ടിവന്നതെന്നു ജി.സി.എം.എം.എഫ്. അറിയിച്ചു. അമുലിന്റെ അംഗയൂണിയനുകള്‍ ക്ഷീരകര്‍ഷകരുടെ പാല്‍സംഭരണവില വര്‍ധിപ്പിച്ചിട്ടുണ്ട്. 2025 മെയ്മാസത്തെ വിലയേക്കാള്‍ 3.7 ശതമാനം കൂടുതലാണിത്. ലിറ്ററിനു 68 രൂപയായിരുന്ന അമുല്‍ ഗോള്‍ഡിനും 55 രൂപയായിരുന്ന അമുല്‍ ടാസയ്ക്കും രണ്ടു രൂപവീതം കൂടും.

ഒരു സഹകരണസ്ഥാപനം എന്ന നിലയില്‍ അമുലിന്റെ വരുമാനത്തില്‍ വലിയൊരു ഭാഗം ക്ഷീരകര്‍ഷകര്‍ക്കാണു നല്‍കുന്നതെന്നു ജി.സി.എം.എം.എഫ്. അറിയിച്ചു. ഉപഭോക്താവ് നല്‍കുന്ന ഓരോ രൂപയില്‍നിന്നും ഏതാണ്ട് 80 പൈസ ക്ഷീരകര്‍ഷകര്‍ക്കു തിരിച്ചുനല്‍കുകയാണ്. അതേസമയം, മില്‍മപാലിന്റെ വില ലിറ്ററിനു നാലു രൂപ വര്‍ധിപ്പിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡെടുത്ത തീരുമാനം മെയ് 20 നു നടപ്പാക്കുമെന്നാണു കരുതുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ടം കാരണമാണു വിലവര്‍ധന നടപ്പാക്കാന്‍ വൈകിയത്.

Related posts

പത്ത് ജില്ലകളില്‍ സഹകരണ മേധാവികളെ മാറ്റി; 45 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

Indian Cooperator

സഹകരണ ജീവനക്കാരുടെ സംഘടനാചരിത്രം പുസ്തകമായി പുറത്തിറങ്ങുന്നു; കവര്‍ പ്രകാശനം ചെയ്തു

Indian Cooperator

സര്‍ക്കാര്‍ ജീവനക്കാര്‍ വായ്പയെടുത്ത് മുങ്ങിയാല്‍ പെന്‍ഷനില്‍ നിന്ന് പിടിക്കും

Indian Cooperator
error: Content is protected !!