Indian Cooperator

പാലുല്‍പാദനം കൂട്ടാന്‍ ക്ഷീരസംഘങ്ങളെ സജീവമാക്കി നിലനിര്‍ത്തണമെന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

കര്‍ഷകരില്‍നിന്നു വേണ്ടത്ര പാല്‍ കിട്ടാതെ വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ചുപോയ ആറു ക്ഷീരോത്പാദക സഹകരണസംഘങ്ങളെ ക്ഷീരസഹകരണവകുപ്പ് പുനരുജ്ജീവിപ്പിച്ച കഥയാണു
പുതുവര്‍ഷത്തില്‍ തമിഴ്‌നാട്ടില്‍നിന്നു വരുന്നത്. 2025 ഡിസംബര്‍വരെയുള്ള ആറു മാസത്തിനുള്ളിലാണ് ആറു ക്ഷീരസംഘങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ പുതുജീവന്‍ നല്‍കിയത്. എവിടെനിന്നും സാമ്പത്തികസഹായം കിട്ടാതെ മുരടിച്ചുപോയ ആറു സംഘങ്ങള്‍ക്കും ആറു ലക്ഷം രൂപവീതം വായ്പ കൊടുത്താണ് ഈ നേട്ടം കൈവരിച്ചത്.

മധുര ജില്ലയില്‍നിന്നാണു വാര്‍ത്ത. അവിടത്തെ നക്കലപ്പട്ടി ക്ഷീരസംഘം, കിലപ്പട്ടി ക്ഷീരസംഘം, സമനിലൈപ്പട്ടി ക്ഷീരസംഘം, അനൈകറുപ്പട്ടി ക്ഷീരസംഘം, തച്ചിപ്പട്ടി ക്ഷീരസംഘം, എസ്. വേലപ്പട്ടി
ക്ഷീരസംഘം എന്നിവയുടെ പ്രവര്‍ത്തനമാണു കര്‍ഷകര്‍ പാലളക്കാത്തതിനാല്‍ നിലച്ചുപോയിരുന്നത്. ഓരോ സംഘത്തില്‍നിന്നും പത്തു ക്ഷീരകര്‍ഷകരെ തിരഞ്ഞെടുത്താണു വായ്പത്തുക നല്‍കിയത്. അങ്ങനെ ആറു സംഘങ്ങള്‍ക്ക് മൊത്തം 36 ലക്ഷം രൂപ വായ്പയായി കൊടുത്തു. കര്‍ഷകര്‍ വീണ്ടും സംഘങ്ങളിലേക്കുപാലളക്കാന്‍ തുടങ്ങി. തത്കാലം 60 കുടുംബങ്ങളിലെങ്കിലും ഈ നടപടി ആശ്വാസമെത്തിച്ചു.

മധുര ജില്ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 576 ക്ഷീരോത്പാദക സഹകരണസംഘങ്ങളുണ്ടെന്നാണു ക്ഷീരവികസന വകുപ്പിന്റെ കണക്ക്. ഇവയിലെല്ലാംകൂടി നാല്‍പതിനായിരത്തോളം അംഗങ്ങളുണ്ട്. ഇവിടെനിന്നു ആവിന്റെ ( തമിഴ്‌നാട്ടിലെ സഹകരണ ക്ഷീരോത്പാദക ഫെഡറേഷന്റെ ബ്രാന്റ് നാമമാണ് ആവിന്‍. ചെറുകിട ഉത്പാദകരില്‍നിന്നു പാല്‍ ശേഖരിക്കുന്നതും സംസ്‌കരിക്കുന്നതും വിപണനം നടത്തുന്നതും 1958 ല്‍ സ്ഥാപിതമായ ആവിനാണ് ) മധുര ഡിവിഷനിലേക്കു നിത്യേന അളക്കുന്ന പാല്‍ 1.65 ലക്ഷം ലിറ്ററാണ്. ഗ്രാമീണതലത്തിലെ ചെറുകിട പാല്‍ക്കര്‍ഷകരെ ഉത്തേജിപ്പിച്ചു ക്ഷീരമേഖലയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തനം നിലച്ച ക്ഷീരോത്പാദക സഹകരണസംഘങ്ങളെ പുനരുജ്ജീവിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നു ജില്ലാ ക്ഷീരസഹകരണവകുപ്പിലെ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി. താഴെത്തട്ടു മുതല്‍ പാലുത്പാദനം വര്‍ധിപ്പിക്കുന്നതില്‍ ക്ഷീരോത്പാദക സഹകരണസംഘങ്ങള്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് സംഘങ്ങള്‍ പൂര്‍ണമായി അടച്ചുപൂട്ടുന്നതിനോട് ഉദ്യോഗസ്ഥര്‍ യോജിച്ചില്ല.

പരിശോധനയില്‍ രണ്ടു കാര്യങ്ങളാണു അവര്‍ക്കു മനസ്സിലായത്. ഈ ക്ഷീരസംഘങ്ങളെല്ലാം സാമ്പത്തികബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതുപോലെ, സംഘത്തിലേക്കു പാല്‍ നല്‍കാന്‍ കര്‍ഷകര്‍ക്കു
വേണ്ടത്ര പശുക്കളില്ല. ഓരോ സംഘത്തിലെയും പത്തു സജീവാംഗങ്ങളെ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എന്നിട്ട് വായ്പ നല്‍കി. ഓരോ സംഘത്തിനും ആറു ലക്ഷം രൂപവീതം. പൂട്ടിപ്പോയ ക്ഷീരസംഘങ്ങളിലെ ഭൂരിപക്ഷം കര്‍ഷകരും ചെറുകിടക്കാരാണ്. എല്ലാവര്‍ക്കും ഒന്നോ രണ്ടോ പശുക്കളുണ്ടാകും. അവയ്ക്കു രോഗംവന്നാല്‍ കര്‍ഷകരുടെ അന്നം മുട്ടും. ചെറുകിടകര്‍ഷകര്‍ക്ക് കാലിത്തീറ്റയില്‍ സബ്‌സിഡി അനുവദിക്കണമെന്നതാണ് ഇവിടെനിന്നുയരുന്ന മറ്റൊരാവശ്യം.

Related posts

സഹാറഗ്രൂപ്പിന്റെ സഹകരണസംഘങ്ങളിലെ നിക്ഷേപകര്‍ക്ക് 8,800 കോടി രൂപ തിരിച്ചുനല്‍കി

Indian Cooperator

തമിഴ്‌നാട്ടില്‍ സംഘങ്ങളില്‍ നിന്നെടുത്ത എല്ലാ കാര്‍ഷികവായ്പകളും എഴുതിത്തള്ളണമെന്നു കര്‍ഷകര്‍

Indian Cooperator

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തി; ഇന്‍ഷുറന്‍സ് പോളിസികള്‍ ഈടായി സ്വീകരിക്കാം

Indian Cooperator
error: Content is protected !!